ലണ്ടന്‍: ന്യൂസ് നൈറ്റ് റിപ്പോര്‍ട്ടില്‍ തെറ്റായ വാര്‍ത്ത സംപ്രേഷണം ചെയ്തത് വിവാദമായതിനെ തുടര്‍ന്ന് ബിബിസിയുടെ തലപ്പത്ത് നിന്ന് ജോര്‍ജ്ജ് എന്‍ഡ്‌വിസില്‍ രാജിവച്ചു. ചാനലിന്റെ പ്രശസ്തമായ ന്യൂസ് നൈറ്റ് പരിപാടിയില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയില്‍ തെറ്റ് വന്ന സാഹചര്യത്തിലാണ് ഡയറക്ടര്‍ ജനറലിന്റെ രാജി. മാര്‍ഗററ്റ് താര്‍ച്ചറുടെ ഉപദേശകനും സുഹൃത്തുമായ ലോര്‍ഡ് മെക്കാല്‍ഫിനെതിരെയാണ് ബിബിസി തെറ്റായ വാര്‍ത്ത കൊടുത്തത്.
വെള്ളിയാഴ്ച്ച സംപ്രേഷണം ചെയ്ത ന്യൂസ് നൈറ്റ് വാര്‍ത്തയിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുണ്ടായിരുന്നത്. മെക്കാല്‍ഫി കുട്ടികളെ ലൈംഗീകമായി ഉപയോഗിച്ചിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നതായിരുന്നു വാര്‍ത്ത. റിപ്പോര്‍ട്ടില്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ട സ്റ്റീവ് മെസ്ഹാമിന്റെ അഭിമുഖവും ഉണ്ടായിരുന്നു. തന്റെ കുട്ടിക്കാലത്ത് അക്കാലത്തെ പ്രമുഖ രാഷ്ട്രീയക്കാരനാല്‍ പീഡിപ്പിക്കപ്പെട്ടുവെന്നായികുന്നു ഇയാള്‍ പ്രതികരിച്ചത്. എന്നാല്‍ ഈ രാഷ്ട്രീയക്കാരന്‍ ലോര്‍ഡ് മെക്കാല്‍ഫിയാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ഒരിക്കലും സംപ്രേഷണം ചെയ്യാന്‍ പാടില്ലാത്ത വാര്‍ത്തയായിരുന്നു അതെന്ന് ജോര്‍ജ്ജ് എന്‍ഡ്‌വിസില്‍ പറഞ്ഞു.
വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഇതിനെതിരെ ലോര്‍ഡ് മെക്കാല്‍ഫി രംഗത്ത് വന്നിരുന്നു. തീര്‍ത്തും തെറ്റായതാണ് റിപ്പോര്‍ട്ടെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുമാണ് ശ്രമമെന്നുമായിരുന്നു മെക്കാല്‍ഫിയുടെ പ്രതികരണം.
വാര്‍ത്ത വിവാദമായപ്പോള്‍ മെസ്ഹാം തനിക്ക് തെറ്റുപറ്റിയെന്നും അതില്‍ മാപ്പ് പറഞ്ഞുകൊണ്ടും രംഗത്ത് വരുകയായിരുന്നു. ഇതിന് പിന്നാലെ ബിബിസി മാപ്പ് പറയുകയും ഈ വാര്‍ത്ത ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടുകളുടെ സംപ്രേഷണം പൂര്‍ണമായി നിര്‍ത്തിവെക്കുകയും ചെയ്തു. ഈ വാര്‍ത്തക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു.
Discussion about this post