ടെല്‍അവീവ്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കനത്ത ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 കവിഞ്ഞു. ആക്രമണം തുടരുന്നതിനിടെ മൂന്ന് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഗാസ തീരം ലക്ഷ്യമാക്കി പ്രയാണം തുടങ്ങിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പൗരന്‍മാരെ രക്ഷിക്കാനായാണ് നീക്കമെന്നാണ് വിശദീകരണം. യു എസ്സ് പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ചു കൊണ്ടാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത്.
സമാധാനം പുന:സ്ഥാപിക്കണമെന്ന വിവിധ രാജ്യാന്തര സംഘടനകള്‍ നടത്തുന്ന ശ്രമങ്ങള്‍ നിരാകരിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുന്നത്. സമാധാനം പുന:സ്ഥാപിക്കാന്‍ വിവിധ രാജ്യാന്തരസംഘടനകള്‍ നടത്തുന്ന ശ്രമങ്ങള്‍ നിരാകരിച്ചുകൊണ്ടാണ് ഇസ്രയേല്‍ ആക്രമണം തുടരുന്നത്.
ഗാസയിലെ 80 കേന്ദ്രങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ കഴിഞ്ഞദിവസം മാത്രം മരിച്ചത് 80 പേരാണ്. ഇതുവരെ 1300 കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തി. ഹമാസ് നല്‍കിയ തിരിച്ചടികള്‍ പകുതിയലധികം ലക്ഷ്യത്തിലെത്തും മുമ്പെ തകര്‍ക്കുന്നതില്‍ ഇസ്രയേല്‍ വിജയിച്ചു. കഴിഞ്ഞ ദിവസം വിവിധ മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് ഇസ്രയേല്‍ നടത്തിയ രണ്ടാമത്തെ ആക്രമണം ഹമാസിന്റെ വാര്‍ത്താവിനിമയ സംവിധാനങ്ങളെ ബാധിച്ചു.
വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇസ്രയേല്‍ മന്ത്രസഭ പരിഗണിച്ചെങ്കിലും ഇസ്രയേലും ഹമാസും മുന്നോട്ട് വെച്ച വ്യവസ്ഥകള്‍ വ്യക്തമല്ല. യോഗത്തില്‍ ഉറച്ച തീരുമാനങ്ങളും ഉണ്ടായിട്ടില്ല. പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താനുള്ള ഈജിപ്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി.
താല്‍ക്കാലിക യുദ്ധവിരാമം നടപ്പാക്കാന്‍ ഇസ്രയേലിനോട് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് അര്‍ജന്റീനന്‍ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടന്‍സ് കത്തയച്ചു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. ഹമാസിന്റെ നേതാവ് ഖാലിദ് മുഷാനിയുമായും മുര്‍സി കെയ്‌റോയില്‍ ചര്‍ച്ച നടത്തി. ഇസ്രയേല്‍ സംഘം ചര്‍ച്ചക്കായി ഇന്ന് കെയ്‌റോയില്‍ എത്തും. അതേസമയം ഇസ്രയേലിന്റെ ആക്രമണം സ്വയംപ്രതിരോധത്തിന്റെ ഭാഗമാണെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ ന്യായീകരിച്ചു. യുഎസ് സുരക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യ ഇസ്രയേല്‍ പലസ്തീന്‍ നേതാക്കള്‍ ഉടന്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടു.
Discussion about this post