മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി അജ്മല്‍ കസബിനെ തൂക്കിക്കൊന്നു. കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെ തുടര്‍ന്നാണ് നടപടി. കസബിനെ തൂക്കിക്കൊന്ന വിവരം കേന്ദ്രആഭ്യന്തര മന്ത്രി സൂശീല്‍കുമാര്‍ ഷിന്‍ഡെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പൂനെയിലെ ഏര്‍വാഡ ജയിലില്‍ വെച്ച് രാവിലെ 7.30നാണ് കസബിനെ തൂക്കികൊന്നത്.
കസബിന്റെ മൃതദേഹം ഏര്‍വാഡ ജയില്‍ വളപ്പില്‍ സംസ്‌കരിച്ചു. രണ്ട് ദിവസം മുമ്പാണ് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും പുനെയിലെ ഏര്‍വാഡ ജയിലിലേക്ക് കസബിനെ അതീവരഹസ്യമായി മാറ്റിയത്. നവംബര്‍ എട്ടിന് കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു.
കസബിനെ തൂക്കിക്കൊല്ലുന്ന കാര്യം പാകിസ്ഥാനെ അറിയിച്ചിരുന്നെന്ന് സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. കസബിന്റെ മൃതദേഹം കൊണ്ടുപോകാന്‍ ഇന്ത്യ പാകിസ്ഥാനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പാകിസ്ഥാനില്‍ നിന്ന് മറുപടിയുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവരം അറിയിച്ചുകൊണ്ടുള്ള ഇന്ത്യയുടെ കത്ത് സ്വീകരിക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഫാക്‌സ് മുഖേനയാണ് പാകിസ്ഥാനെ ഇക്കാര്യം അറിയിച്ചത്.
ഇതേസമയം കസബിന്റെ വധശിക്ഷയെ കുറിച്ച് കരുതലോടെയാണ് പാകിസ്ഥാന്‍ പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നുവെന്നും നിയമപ്രക്രിയകള്‍ പാലിച്ചായിരിക്കും ഇന്ത്യ വധശിക്ഷ നടപ്പാക്കിയതെന്നുമാണ് പാകിസ്ഥാന്റെ പ്രതികരണം.
കസബിനെ തൂക്കിക്കൊന്ന പശ്ചാത്തലത്തില്‍ നാളെ ആരംഭിക്കാനിരിക്കുന്ന പാക് ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം മാറ്റിവെക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കസബിന്റെ വധശിക്ഷയെ ചോദ്യം ചെയ്ത് ഐക്യരാഷ്ട്രസഭയില്‍ കൊണ്ടുവന്ന പ്രമേയത്തെ ഇന്ത്യയടക്കമുള്ള 32 ഓളം രാജ്യങ്ങള്‍ എതിര്‍ത്തിരുന്നു.
നേരത്തെ അജ്മല്‍ കസബിന്റെ ദയാഹര്‍ജി തള്ളണമെന്ന് ആഭ്യന്തരവകുപ്പ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ശുപാര്‍ശ ചെയ്തിരുന്നു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കസബ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയും ചെയ്തു. കസബ് രാജ്യദ്രോഹ കുറ്റമാണ് ചെയ്തതെന്ന് വധശിക്ഷ ശരിവെച്ചു കൊണ്ട് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
2010 മെയ് ആറിന് മുംബൈ ഹൈക്കോടതിയാണ് കസബിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 2008 നവംബര്‍ 26ന് നടന്ന മുംബൈ ആക്രമണത്തില്‍ 168 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടിരുന്നു. 300ലേറെ ആളുകള്‍ക്ക് പരിക്കേറ്റു. പത്തോളം വരുന്ന പാക് തീവ്രവാദികള്‍ സമുദ്രമാര്‍ഗ്ഗമാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍ കസബിനെ മാത്രമേ ജീവനോടെ പിടികൂടാന്‍ സാധിച്ചുള്ളൂ. മറ്റുള്ളവരെല്ലാം തന്നെ എന്‍എസ്ജി കമാന്‍ഡോകളുടെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു.
പാക് അധീന പഞ്ചാബിലെ ഫരിദ്‌കോട്ട് സ്വദേശിയാണ് കസബ്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍ ഉള്‍പ്പെടെ 86 കുറ്റങ്ങളാണ് കസബിനെതിരെ ചുമത്തിയിരുന്നത്.
Discussion about this post