തിരുമാന്ധാംകുന്ന് ശിവ കേശാദിപാദം (ഭാഗം-5)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
അഷ്ടമൂര്‍ത്തി
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
പ്രപഞ്ചതത്ത്വമറിയാന്‍ ശ്രമിച്ച ജ്ഞാനപിപാസുക്കള്‍ അന്വേഷണത്തിനായി മുഖ്യമായും അവലംബിച്ച മാര്‍ഗ്ഗങ്ങള്‍ രണ്ടാണ്. ഒന്ന് ഭൗതികം. മറ്റേത് ആദ്ധ്യാത്മികം. ഭൗതികമാര്‍ഗ്ഗത്തിലൂടെയുള്ള അന്വേഷണങ്ങളുടെ ഫലമാണ് ആധുനിക ഭൗതികശാസ്ത്രം. ഈ മാര്‍ഗ്ഗത്തിലൂടെയുള്ള അന്വേഷണം പ്രാചീനഭാരതത്തിലും നടന്നിരുന്നു. അതിന്റെ പരിമിതി ബോദ്ധ്യപ്പെട്ടതോടെ ആദ്ധ്യാത്മികമാര്‍ഗ്ഗത്തിലൂടെയുള്ള അന്വേഷണത്തിനു ഇന്നാട്ടില്‍ പ്രചാരവും അംഗീകാരവും ലഭിച്ചു. തന്നെത്തന്നെ പരീക്ഷണശാലയാക്കിക്കൊണ്ടുള്ള അന്വേഷണമാണത്. ഇന്ദ്രിയഗോചരമായ എട്ടുരൂപങ്ങള്‍ വിരാട്ടായ ശിവനുണ്ടെന്ന് ആദ്ധ്യാത്മികമായ അന്വേഷണം നമ്മെ പഠിപ്പിക്കുന്നു. പൃഥ്വി, അപ്പ്, തേജസ്സ്, വായു, ആകാശം, സൂര്യന്‍, ചന്ദ്രന്‍, ഹോതാവ് എന്നിവയാണ് പ്രസ്തുത മൂര്‍ത്തികള്‍. ഗന്ധം, രസം, രൂപം, സ്പര്‍ശം, ശബ്ദം എന്നീ അഞ്ചു ഇന്ദ്രിയവിഷയങ്ങള്‍ അഥവാ ആകൃതികളാണ് യഥാക്രമം പൃഥിവ്യാദികളായ പഞ്ചഭൂതങ്ങള്‍. അവയുള്ളതുകൊണ്ടാണ് പദാര്‍ത്ഥങ്ങള്‍ ഉണ്ടെന്ന് അറിയപ്പെടുന്നതും അനുഭവപ്പെടുന്നതും. സ്‌പേസ് എന്ന ഭൗതികശാസ്ത്രതത്ത്വം പദാര്‍ത്ഥത്തോടു ബന്ധപ്പെട്ടതാകയാല്‍ ആധുനികശാസ്ത്രപ്രകാരമുള്ള മുഴുവന്‍ വസ്തുവും (മാറ്റര്‍) സ്‌പേസും പഞ്ചഭൂതങ്ങള്‍ കൊണ്ടു സിദ്ധമാകുന്നു. ഇനിയുള്ളതുകാലമാണ്. കാലം ഇന്ദ്രിയഗ്രാഹ്യമായ ഒരു സ്വതന്ത്ര സത്തയല്ലായ്കയാല്‍ പ്രതീകങ്ങളിലൂടെ സമസ്ത ജീവരാശിക്കും കാലബോധം നല്കുന്നത് സൂര്യചന്ദ്രന്മാരാണ്. അതിനാല്‍ അവയെ കാലപ്രതീകമായി സ്വീകരിച്ചു. പിന്നെ അവശേഷിക്കുന്നത് ഇവയ്ക്ക് അസ്തിത്വവും പ്രവര്‍ത്തനശേഷിയും പകരുന്ന ബോധചൈതന്യമാണ്. സച്ചിതാനന്ദസ്വരൂപമായ ബോധത്തെ അവതരിപ്പിക്കാനും ഒരു പ്രതീകംവേണം. അതാണ് ഹോതാവ്. ബോധത്താലാണ് ഈ ലോകത്ത് എല്ലാം ചൈതന്യവത്താകുന്നത്. ബോധമാണ് സകല കര്‍മ്മങ്ങളുടെയും അദ്ധ്യക്ഷന്‍. കര്‍മ്മമേതും പരമാത്മസങ്കല്പത്തോടു കൂടിയതാകണമെന്നു ഭാരതീയനു നിര്‍ബന്ധമാണ്. അത്തരം ഉദാത്തകര്‍മ്മത്തിന്റെ പേരാണ് യജ്ഞം. ഹോതാവെന്നത് യജ്ഞം ചെയ്യുന്ന ഋത്വിക്കിന്റെ പേരാകുന്നു. അതിനാല്‍ ഈ പ്രപഞ്ചനാടകമാകുന്ന യജ്ഞം ചെയ്യുന്ന ബോധത്തിന്റെ അഥവാ ആത്മാവിന്റെ പ്രതീകമായി ഹോതാവിനെ കൈക്കൊണ്ടു. ഇതോടെ പ്രപഞ്ചഘടന പൂര്‍ത്തിയായി. പ്രസ്തുതവിരാട്ടാണല്ലോ ശിവന്‍. അദ്ധ്യാത്മമാര്‍ഗ്ഗത്തിലൂടെ അന്വേഷിക്കുമ്പോള്‍ പ്രപഞ്ചത്തിന് ഇപ്പറഞ്ഞ എട്ടുരൂപങ്ങളേ ഉള്ളൂ. അതിനാല്‍ ശിവന്‍ അഷ്ടമൂര്‍ത്തിയാണെന്നു പ്രസിദ്ധമാണ്.
* യാ സൃഷ്ടിഃ സ്രഷ്ടരാദ്യാ വഹതി വിധിഹുതം
യാ ഹവിര്‍ യാ ചഹോത്രീ
യേ ദ്വേ കാലം വിധത്തഃ ശ്രുതിവിഷയഗുണാ
യാ സ്ഥിതാ വ്യാപ്യവിശ്വം,
യാമാഹുഃ സര്‍വബീജപ്രകൃതിയയാ
പ്രാണിനഃ പ്രാണവന്തഃ
പ്രത്യക്ഷാഭിഃ പ്രപന്നസ്തനുഭിരവതുവ-
സ്താഭിരഷ്ടാഭിരീശഃ
( അഭിജ്ഞാന ശാകുന്തളം)
അനുഭൂതിവാക്യം
ആനന്ദാത്മകസത്തയുടെ പ്രത്യക്ഷാനുഭവമുളവാക്കിയ ദിവ്യാനുഭൂതിയുടെ അപ്രതീക്ഷിതവും അപ്രതിഹതവുമായ കരകവിഞ്ഞൊഴുക്കാണ് ഈ സ്‌തോത്രം. അതിനു സ്വന്തമായ താളവും ശ്രുതിയും ലയവുമുണ്ട്. വൈദിക മന്ത്രങ്ങളുടെ വംശത്തില്‍ പിറന്ന സാന്ദ്രകവിതയാണ് ഇത്. തീവ്രമായ അനുഭൂതിയില്‍നിന്നാണ് കാവ്യമേതും പിറക്കുന്നത്. പ്രത്യേകിച്ച് ഒരു പരിശ്രമം കൂടാതെ തികച്ചും ആകസ്മികമായാണ് അതു സംഭവിക്കുന്നതും. വാല്മീകിയുടെ ആദികാവ്യം അങ്ങനെ പൊട്ടിവിരിഞ്ഞതാണെന്നു പ്രസിദ്ധമാണല്ലോ.
*കാവ്യസ്യാത്മാ സ ഏവാര്‍ത്ഥഃ
തഥാചാദികവേഃ പുരാ
ക്രൗഞ്ച ദ്വന്ദ്വവിയോഗോത്ഥഃ
ശോകഃ ശ്ലോകത്വമാഗതഃ – ധ്വന്യാലോകം
കാവ്യചര്‍വണ സമാന ഹൃദയന്മാരില്‍ സദൃശാനുഭൂതി സൃഷ്ടിക്കുന്നു. ഈശ്വരദര്‍ശനോന്മുഖമായ മനസ്സുള്ളവരില്‍ ഈ കാവ്യമുളവാക്കുന്ന ചലനം നിസ്സീമമായിരിക്കും. താണ്ഡവം ചെയ്യുന്ന ശിവന്റെ രൂപം ഹൃദയത്തില്‍ വിരിയുമ്പോള്‍ ആത്മപ്രകാശത്തെ മറച്ചിരിക്കുന്ന രജസ്സും തമസ്സും തത്കാലം നീങ്ങുകയും അവശേഷിക്കുന്ന ശുദ്ധമായ സാത്വികഗുണത്തിന്റെ സുതാര്യതയില്‍ ആത്മാനന്ദം തെളിഞ്ഞു പ്രകാശിക്കുകയും ചെയ്യും. അതു ഹൃദയത്തില്‍ വിരിഞ്ഞുനില്ക്കുന്ന ശിവസ്വരൂപത്തെ ആനന്ദമയമാക്കി സ്വാത്മാനുഭൂതിയാക്കി തീര്‍ക്കുന്നു. ഇതാണു രസാനുഭവം. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ ആത്മാനുഭവ എന്തെന്നാല്‍ രസമെന്നത് ആത്മാവാകുന്നു. രസോ വൈസഃ എന്ന് തൈത്തിരയോപനിഷത്തിന്റെ പ്രഖ്യാപനം മറന്നുകളയരുത്. ആവരണം നിങ്ങിപ്രകാശിക്കുന്ന ആത്മാവാണു രസമെന്ന് അഭിനവഭാരതിയില്‍ അഭിനവഗുപ്തന്‍ തെളിയിച്ചിരിക്കുന്നത് ഇവിടെ ഓര്‍ക്കണം
*ഭഗ്നാവരണ ചിദ്വിശിഷ്ടോ രത്യാദിസ്ഥായിഭാവോ രസ ഇതി
സ്ഥിതം.. രത്യാദ്യവച്ഛിന്നാ ഭഗ്നാവരണാ ചിദേവരസഃ
– ജഗന്നാഥപണ്ഡിതന്‍, രസഗംഗാധരം
കേശാദിപാദക്രമം
ശിവസ്വരൂപം വര്‍ണ്ണിക്കാന്‍ ഇവിടെ സ്വീകരിച്ചിരിക്കുന്ന ക്രമത്തിലുമുണ്ട് വേദാന്ത രഹസ്യം. ശിരസ്സില്‍ നിന്നാരംഭിച്ച് പാദത്തില്‍ പര്യവസാനിക്കുന്ന ഈ വര്‍ണ്ണന പ്രപഞ്ചസൃഷ്ടിക്രമത്തെക്കൂടി സൂചിപ്പിക്കുന്നു. പരമാത്മാവില്‍ നിന്ന് അഥവാ ശിവനില്‍ നിന്നാണ് ഈ പ്രപഞ്ചമുണ്ടായതെന്നു ഉപപാദിച്ചു. ശിവന്‍ സൃഷ്ടിക്കായി തന്റെ തന്നെ ശക്തിയെ അംഗീകരിക്കുന്നു. ശക്തിക്ക് പ്രകൃതിയെന്നും പ്രധാനമെന്നും മായയെന്നുമെല്ലാം പേരുണ്ട്. പ്രകൃതിയില്‍ നിന്നു മഹത്തത്ത്വവും അതില്‍നിന്നു അഹംതത്ത്വവും അതില്‍നിന്ന് ശബ്ദസ്പര്‍ശരൂപരസഗന്ധ തന്മാത്രകളും അവയില്‍നിന്ന് ആകാശാദിപഞ്ചമഹാഭൂതങ്ങളും അവയാല്‍ ഇക്കാണായ ലോകവുമുണ്ടായി.
*അദ്ധ്യാത്മരാമായണം, അരണ്യകാണ്ഡം, അഗസ്ത്യസ്തുതി
സൂക്ഷ്മത്തില്‍ നിന്നു സ്ഥൂലത്തിലേക്കുള്ള ഈ വികാസ പ്രക്രിയയാണ് കേശാദിപാദവര്‍ണ്ണനാക്രമത്തിലെ രഹസ്യം. ശിവന്റെ ശിരസ്സ് അത്യന്ത സൂക്ഷ്മമായ പരമാത്മ തലത്തെയും പാദം അത്യന്തസ്ഥൂലമായ ഭൗതികജഗത്തിനെയും പ്രതിനിധാനം ചെയ്യുന്നു. ശിരസ്സിലെ ഗംഗയും ചന്ദ്രക്കലയും സൂക്ഷ്മതയെ പ്രതിപാദിക്കുന്നു. പാദത്തിന്റെ താളാത്മകമായ വിന്യാസം അഥവാ നൃത്തം കാലദേശ സങ്കല്പങ്ങളോടുകൂടിയ സ്ഥൂലജഗത്തിനെ പ്രതീകബുദ്ധ്യാ ഓര്‍മ്മിപ്പിക്കുന്നു. പരമാത്മതലമായ ശിരസ്സാണ് സ്ഥൂലജഗത്താകുന്ന പാദത്തിന് അസ്തിത്വവും കരുത്തും പകരുന്നത്. എന്തെന്നാല്‍ ഇക്കാണായതെല്ലാം ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും പരമാത്മാവിലാണ്. അതില്ലാതെ യാതൊന്നുമില്ല. എന്നില്‍ നിന്നന്യമായി ഇവിടെ യാതൊന്നുമില്ല. നൂലില്‍ മുത്തുമണികളെന്നപോലെ എല്ലാം എന്നില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു എന്ന ഗീതാവാക്യം സ്മരിക്കുക.
* മത്തഃപരതരം നാന്യത്
കിംചിദസ്തി ധനഞ്ജയ
മയി സര്‍വമിദം പ്രോതം
സൂേ്രത മണിഗണാ ഇവ – ഭഗവത്ഗീത, 7-7
അതിനാല്‍ വര്‍ണ്ണനാക്രമം കേശാദിപാദമായിത്തീര്‍ന്നതില്‍ യുക്തിയുണ്ട്. അതു സൃഷ്ടിക്രമമാണ്. സമയമാര്‍ഗ്ഗമനുസരിച്ചുള്ള ശ്രീചക്രലേഖനക്രമത്തോട് അതിനാല്‍ ഇതിനു സാദൃശ്യമുണ്ട്.
Discussion about this post