ലണ്ടന്‍: ബ്രിട്ടനില്‍ പത്രങ്ങളുടെ അധാര്‍മികവും വഴിവിട്ടതുമായ രീതി തടയുന്നതിനായി സ്വതന്ത്രമായ നിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ. നിയമനിര്‍മാണത്തിലൂടെയാണ് ഈ സംവിധാനം നിലവില്‍വരേണ്ടതെങ്കിലും രാഷ്ട്രീയക്കാര്‍ക്കോ സര്‍ക്കാറിനോ പത്രങ്ങളെ നിയന്ത്രിക്കുന്നതില്‍ പങ്കുണ്ടാവരുതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ന്യൂസ് ഓഫ് ദ വേള്‍ഡ്’ എന്ന പത്രം നടത്തിയ ടെലിഫോണ്‍ ചോര്‍ത്തലുകള്‍ ബ്രിട്ടനെ പിടിച്ചുലച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി കാമറോണ്‍ കഴിഞ്ഞ വര്‍ഷം ജസ്റ്റിസ് ബ്രയാന്‍ ലീവ്‌സനെ കമ്മീഷനായി നിയമിച്ചത്. രാജ്യത്തെ പത്രങ്ങള്‍ക്കുമേല്‍ നിയന്ത്രണം ആവശ്യമുണ്ടോ എന്നതുസംബന്ധിച്ച് പഠിച്ചു ശുപാര്‍ശ നല്‍കാനായിരുന്നു നിര്‍ദേശം.
പത്രങ്ങളെ നിയന്ത്രിക്കുന്നതിന് ‘പ്രസ്സ് കംപ്ലെയ്ന്‍റ്‌സ് കമ്മീഷന്‍’ എന്നൊരു സംവിധാനം മാത്രമാണ് നിലവില്‍ ബ്രിട്ടനില്‍ ഉള്ളത്. ഇതിലെ അംഗങ്ങള്‍ മുതിര്‍ന്ന പത്രാധിപന്മാരും പത്രപ്രവര്‍ത്തകരാണ്. എന്നാല്‍ ഇതിനെക്കാള്‍ സ്വതന്ത്രമായ സംവിധാനത്തിനാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്.
Discussion about this post