പി.ഗോപാലക്കുറുപ്പ്
ഈശ്വരസങ്കല്പത്തെപ്പറ്റിയുള്ള സൂക്ഷ്മതത്ത്വം ഗ്രഹിക്കാതെ വെറും ഭാഷയുടെ വ്യത്യാസത്തില്‍ ദേവന്റെയും ദേവാലയത്തിന്റെയും പേരില്‍ പലരും പരസ്പരം കലഹിക്കുകയും കലാപം പരത്തുകയും കൊലയും കൊള്ളയും നടത്തുകയും ചെയ്യുന്നു.
യഥാര്‍ത്ഥത്തില്‍ ഈശ്വരതത്ത്വം എന്താണെന്നു വസ്തുനിഷ്ഠമായി മനസ്സിലാക്കാത്തതിനാലാണു ഇത്തരം വിപത്തുകള്‍ വരുന്നതും, വരുത്തുന്നതും.
മലയാളത്തില്‍ വെള്ളം എന്നുപറഞ്ഞാല്‍ തമിഴില്‍ തണ്ണി എന്നു പറഞ്ഞാലും ഹിന്ദിയില്‍ പാനി എന്നു പറഞ്ഞാലും, ഇംഗ്ലീഷില്‍ വാട്ടര്‍ എന്നു പറഞ്ഞാലും വെള്ളം എന്ന വസ്തു ഒന്നുതന്നെയാണ്. ഇതേപ്രകാരമാണ് ഈശ്വരതത്ത്വവും ഹിന്ദുക്കള്‍ ഈശ്വരന്‍ എന്നു പറയുമ്പോള്‍ മുസല്‍മാന്മാര്‍ അള്ള എന്നു പറയുന്നു കൃസ്ത്യാനികള്‍ കര്‍ത്താവ് എന്നും ഇംഗ്ലീഷുകാര്‍ ഗോഡ് എന്നും വിളിക്കുന്നു.
ഭാഷയുടെ ഉപയോഗക്രമമനുസരിച്ചു വ്യത്യസ്ത മതവിശ്വാസികള്‍ വ്യത്യസ്തനാമങ്ങള്‍ ഉച്ചരിക്കുന്നുവെന്നുമാത്രം. ഈശ്വരന്‍, കര്‍ത്താവ്, അള്ള, ഗോഡ് എന്നീ നാമധേയങ്ങളെല്ലാം ഒരേ ഒരു നിത്യ സത്യ ചൈതന്യത്തെയാണു സൂചിപ്പിക്കുന്നത്.
ഈ വസ്തുതയുടെ വെളിച്ചത്തിലാണ് സത്യദര്‍ശികളായ ഋഷീശ്വരന്‍മാര്‍ ‘ഏകം സത് വിപ്രാ ബഹുധാ വദന്തി’, എന്നു പ്രഖ്യാപിച്ചത്. സത്ത് ഒന്നുമാത്രം, ജ്ഞാനികള്‍ അതിനെ പലപേരില്‍ വിളിക്കുന്നു എന്ന് സാരം. ‘ബ്രഹ്മേതി പരമാത്മേതി ഭഗവാനിതി ശബ്ദ്യതേ’ എന്ന ശ്രീമദ്ഭാഗവതവാക്യത്തിലും ഇതേ ആശയം തന്നെയാണ് അടങ്ങിയിരിക്കുന്നത്. അതായത് തത്ത്വജ്ഞാനികള്‍ സനാതനസത്യത്തെ ബ്രഹ്മമെന്നും, പരമാത്മാ എന്നും, ഭഗവാന്‍ എന്നും പലതരത്തില്‍ പറയുന്നു.
ഈ ഉല്‍കൃഷ്ടതത്ത്വം മനുഷ്യന്‍ മനസ്സിലാക്കുകയും, ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്താല്‍ സമൂഹത്തില്‍ മതസൗഹാര്‍ദ്ദവും സമസൃഷ്ടിസ്‌നേഹവും സമാധാനവും സമ്പൂര്‍ണ്ണമായി നിലനില്‍ക്കുന്നതാണ്. വെള്ളത്തിനു ഏതുപേര് വിളിച്ചാലും അതു കയ്യില്‍ കിട്ടിയാല്‍ മാത്രമേ ദാഹം തീര്‍ക്കുവാന്‍ കഴിയുകയുള്ളൂ. പേരെന്തായാലും അഥവാ പേരൊന്നുമില്ലെങ്കിലും വെള്ളം ദാഹം ശമിപ്പിക്കുമെന്നുറപ്പാണല്ലോ. അതുപോലെ ഈശ്വരചൈതന്യത്തിനു നിരവധി പേരുകളുണ്ടെങ്കിലും അതിന്റെ സത്ത് സച്ചിദാനന്ദമാണ്.
ഏതു ഭാഷയിലൂടെയുള്ള നാമജപമായാലും, മന്ത്രോച്ചാരണമായാലും ഈശ്വരസാക്ഷാല്‍ക്കാരമാണു പരമപ്രധാനം. മോക്ഷമെന്നോ, ജീവന്മുക്തിയെന്നോ, നിര്‍വ്വികല്പസമാധിയെന്നോ, എന്തുപേര്‍ വിളിച്ചാലും ഒരേ ഒരു ലക്ഷ്യമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. ആത്യന്തികമായ ദുഃഖനിവൃത്തി, തദ്ദ്വാരാ ശാശ്വത ശാന്തി – അഥവാ – മോക്ഷം
‘ഏകോദേവഃ സര്‍വ്വഭൂതേഷുഗൂഢഃ
സര്‍വ്വവ്യാപീസര്‍വ്വഭൂതാന്തരാത്മാ’
(ശ്വേതാശ്വതരോപനിഷത്ത്)
ഏകനായ ദൈവം സര്‍വ്വഭൂതങ്ങളിലും ഗൂഢമായിരിക്കുന്നവനും, സര്‍വ്വവ്യാപിയും, സര്‍വ്വഭൂതങ്ങളുടേയും ആന്തരാത്മാവുമാകുന്നു. ‘ലാ ഇലാഹാ ഇല്ലല്ലാഹ്’ എന്ന ഖുറാന്‍ വചനവും ഈ ഏകദൈവ വിശ്വാസമാണ് വിളംബരം ചെയ്യുന്നത്.
ഇതേ ആശയം ഉള്‍ക്കൊള്ളുന്ന ഭാഗങ്ങള്‍ ബൈബിളിലുമുണ്ട്. ആവര്‍ത്തന ഗ്രന്ഥത്തിലെ ഒരു പ്രസ്താവന ശ്രദ്ധിക്കാം – ‘നമ്മുടെ ദൈവമായ കര്‍ത്താവ് ഏകകര്‍ത്താവത്രെ. ഞാന്‍! ഞാന്‍! മാത്രമേ ദൈവമായുള്ളൂ. ഞാനല്ലാതെ വേറെ ദൈവമില്ല’. ഏകദൈവ വിശ്വാസത്തിന്റെ അടിസ്ഥാനം ‘അജോനിത്യ, ശാശ്വതോ യം പുരാണോ’ എന്ന ആത്മതത്ത്വപ്രകാശനമാണ്.
ബൃഹദാരണ്യകോപനിഷത്തിലെ ‘സോfഹമസ്മി’ (ഞാന്‍ അവനാകുന്നു) എന്ന ആര്‍ഷ സന്ദേശത്തിന്റെ ചുവടുപിടിച്ചുള്ളതാണ് മേല്‍പറഞ്ഞവയെല്ലാം. ആദിപരാശക്തിയുടെ നിത്യസത്യമായ നാമം അഹം (ഞാന്‍) എന്നാണെന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വീട്ടില്‍ കയറിവരുന്ന അപരിചിതനായ ഒരാളോട് ആരാണ് എന്നുചോദിച്ചാല്‍ ആദ്യം പറയുക ഞാനെന്നാണ്. പിന്നീടാണ് ഊരും പേരും പറഞ്ഞ് ഇന്ന ആള്‍ എന്നു വ്യക്തമാക്കുക. ശ്രീമദ് ഭഗവത്ഗീതയിലെ പത്താമദ്ധ്യായത്തിലെ ഇരുപതാമത്തെ ശ്ലോകം ഉദ്‌ഘോഷിപ്പിക്കുന്നു.
അഹമാത്മാമഗൂഡാകേശ
സര്‍വ്വഭൂതാശയസ്ഥിതഃ
അഹമാദിശ്ചമദ്ധ്യം ച
ഭൂതാനാമന്ത ഏവ ച’
(വിഭൂതി വിസ്താരയോഗം)
അല്ലയോ അര്‍ജുനാ! സകലപ്രാണികളുടേയും അന്തഃകരണത്തിലിരിക്കുന്ന പരമാത്മാ ഞാനാകുന്നു. സകല പ്രാണികളുടേയും ആദിയും മദ്ധ്യവും, അവസാനവും ഞാന്‍ തന്നെയാകുന്നു. ഞാന്‍ അല്ഫയും, ഒമേഗയും, ഒന്നാമനും, ഒടുവിലത്തവനും ആദിയും അന്തവുമാകുന്നു’ എന്ന ബൈബിള്‍വാക്യത്തിലും ഇതേ ആശയം തന്നെയാണുള്ളത്.
പാര്‍സികളുടെ ദിവ്യഗ്രന്ഥമായ ‘അവേസ്ത’യില്‍ എന്റെ ആദിനാമം ‘അഹ്മി’ – അത് ഞാനാകുന്നു – എന്നു വ്യക്തമാക്കിയിരിക്കുന്നു.
ഇങ്ങനെ ചിന്തിക്കുമ്പോള്‍ എല്ലാ മത ഗ്രന്ഥങ്ങളിലും ഈ ആത്മതത്ത്വത്തിന്റെ ഏകാത്മതയുടെ അപ്രതിരോദ്ധ്യമായ അനര്‍ഗ്ഗള പ്രവാഹം കണ്ടെത്തുവാന്‍ ശ്രദ്ധയുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ല. ഇത്തരം തത്ത്വത്തിന്റെ മഹത്ത്വത്തെക്കുറിച്ചു സമാരാദ്ധ്യനായ സ്വാമി വിവേകാനന്ദന്‍ നല്‍കിയ സാരഗര്‍ഭമായ ഒരുപദേശം കൂടി ഉദ്ധരിച്ചുകൊണ്ടു ഈ ഉപന്യാസം ഉപസംഹരിക്കാം.
‘മനുഷ്യസ്വഭാവത്തിന്റെ മഹത്ത്വം ഒരിക്കലും മറക്കരുത്. നാമാണ് ഏറ്റവും വലിയ ഈശ്വരന്‍. ഞാനാകുന്നു അനന്തസാഗരത്തിലെ അലകള്‍ മാത്രമാണ് കൃഷ്ണനും ക്രിസ്തുവും ബുദ്ധനും എല്ലാം. നിങ്ങളുടെ സ്വന്തം പരമാത്മാവിനെയല്ലാതെ ആരേയും നമിക്കരുത്. ആ ദേവാധിദേവന്‍തന്നെയാണ് നിങ്ങള്‍ എന്നറിയും വരെ നിങ്ങള്‍ക്കൊരിക്കലും ഒരു സ്വാതന്ത്ര്യവും ഉണ്ടാവുകയില്ല.’
Discussion about this post