പത്തനംതിട്ട: സര്‍ക്കാര്‍ സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും അക്ഷയ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ സംസ്ഥാനത്ത് ഒട്ടനവധി മാറ്റങ്ങള്‍ക്ക് തുടക്കമാകും. വിവരസാങ്കേതിക വിദ്യയുടെ വിപ്ളവകരമായ ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് പദ്ധതി വഴിയൊരുക്കും.
ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ പോകാതെ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനായി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്‍കാം. പദ്ധതിയുടെ ഭാഗമായി 45ഓളം സര്‍ക്കാര്‍ സേവനങ്ങളാണ് ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തില്‍ റവന്യു വകുപ്പിന്റെ 23 തരം സര്‍ട്ടിഫിക്കറ്റുകളാണ് ലഭ്യമാക്കുക. പിന്നീട് പഞ്ചായത്ത് ഓഫീസുകളില്‍ നിന്ന് ലഭ്യമാകേണ്ട ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും ഘട്ടംഘട്ടമായി ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി വിവിധയിനം നികുതികള്‍ അക്ഷയകേന്ദ്രങ്ങളിലൂടെ അടയ്ക്കുന്നതിനും സംവിധാനമുണ്ടാകും. സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള പൌരന്മാര്‍ക്ക് സമീപത്തുള്ള അക്ഷയ കേന്ദ്രത്തിലെത്തി അപേക്ഷ നല്‍കാം. ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷ പരിശോധിച്ച് വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് അക്ഷയ കേന്ദ്രത്തില്‍ നിന്നുതന്നെ ലഭിക്കും. അക്ഷയ കേന്ദ്രത്തില്‍ ആദ്യം വ്യക്തിഗത വിവരങ്ങള്‍ നല്‍കുമ്പോള്‍ തന്നെ ഒരു രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും. ഈ നമ്പരിന്റെ സഹായത്തോടെ എല്ലാ സര്‍ട്ടിഫിക്കറ്റിനും അപേക്ഷിക്കാം. ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ ഉപയോഗിച്ചാണ് വില്ലേജ് ഓഫീസര്‍മാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്.
പട്ടികജാതി, വര്‍ഗ വിഭാഗങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍, സംസ്ഥാനത്തിന് പുറത്തുള്ള ആവശ്യങ്ങള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് വില്ലേജ് ഓഫീസര്‍ ശിപാര്‍ശ ചെയ്ത അപേക്ഷകള്‍ തഹസീല്‍ദാര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കും.
അപേക്ഷകളിന്മേല്‍ തഹസീല്‍ദാര്‍മാര്‍ക്ക് വീണ്ടും കൃത്യത ഉറപ്പാക്കണമെന്നുണ്െടങ്കില്‍ ഡപ്യൂട്ടി തഹസീല്‍ദാര്‍മാരുടെ അന്വേഷണത്തിനും റീവേരിഫിക്കേഷനുമായി നല്‍കും. ഇങ്ങനെ റീവേരിഫിക്കേഷന്‍ നടത്തിയ അപേക്ഷകള്‍ തഹസീല്‍ദാര്‍മാര്‍ അംഗീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഒരു സര്‍ട്ടിഫിക്കറ്റിന് വിശദമായ അന്വേഷണം ആവശ്യമായാല്‍ അതിനുണ്ടാകുന്ന കാലതാമസം പിന്നീട് ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകളുടെ വിതരണത്തിന് തടസമാകില്ല. ഒരു വില്ലേജ് ഓഫീസിലെ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട അധികാരി അവധിയിലാണെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തടസമുണ്ടാകില്ല. അടുത്ത വില്ലേജിലെ ചാര്‍ജുദ്യോഗസ്ഥനായ വില്ലേജ് ഓഫീസര്‍ക്ക് രേഖകള്‍ പരിശോധിച്ച് സ്വന്തം ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാം.
സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയ കേന്ദ്രത്തില്‍ ഓണ്‍ലൈനായി എത്തുന്നതോടൊപ്പം അപേക്ഷകന്റെ മൊബൈല്‍ ഫോണില്‍ വിവരം നല്‍കുന്ന സംവിധാനവുമുണ്ട്. സര്‍ട്ടിഫിക്കറ്റ് ഏതുസമയത്തും അക്ഷയ കേന്ദ്രത്തില്‍ നിന്നും വാങ്ങാം. പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യമായ കംപ്യൂട്ടര്‍, ലാപ്ടോപ്പ്, സ്കാനര്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.
നോഡല്‍ ഏജന്‍സിയായ ഐടി മിഷന്‍, അക്ഷയ, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, ദേശീയ ഇ-ഭരണ പദ്ധതി, സി-ഡിറ്റ് എന്നിവയുടെ കൂട്ടായ യത്നത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ഭരണകൂടമാണ് പദ്ധതി ഏകോപിപ്പിക്കുന്നത്.
Discussion about this post