തിരുമാന്ധാംകുന്ന് ശിവ കേശാദിപാദം (ഭാഗം-6)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
സുദുര്‍ലഭമാണ് ഈ ദര്‍ശനം. ശിവനെ പൂര്‍ണ്ണമായി കണ്ടറിയാന്‍ ദേവന്മാര്‍ക്കുപോലും സാദ്ധ്യമല്ല. സൃഷ്ടിസ്ഥിതി സംഹാരങ്ങളുടെ ചുമതല വഹിക്കുന്ന ബ്രഹ്മാവിഷ്ണു രുദ്രന്മാര്‍ക്കും ദുര്‍ലഭമാണ് അത്. ബ്രഹ്മാദികള്‍ക്ക് അവരവരുടെ ബ്രഹ്മാണ്ഡത്തില്‍ മാത്രമേ അധീശത്വമുള്ളൂ. അതും പരമപുരുഷന്‍ കല്പിച്ചു നല്‍കിയിരിക്കുന്ന നിയമങ്ങള്‍ക്കു വിധേയമായി മാത്രം. ബ്രഹ്മാണ്ഡങ്ങള്‍ അനേകമുണ്ട്. അതിനാല്‍ മൂര്‍ത്തിത്രയങ്ങളും അത്രത്തോളമുണ്ട്. അവര്‍ക്കാര്‍ക്കും ശിവന്റെ സമ്പൂര്‍ണ്ണദര്‍ശനം സാദ്ധ്യമല്ല. ശിവന്റെ ശിരസ്സുകണ്ടെത്താന്‍ ഹംസമായി ബ്രഹ്മാവ് മുകളിലേക്കും കൂര്‍മ്മമായി വിഷ്ണു താഴേക്കും മത്സരിച്ചു യാത്രചെയ്ത കഥ പുരാണപ്രസിദ്ധമാണ്. രണ്ടുപേരും പരാജയമടഞ്ഞു. എന്നാല്‍ ബ്രഹ്മാവ് താഴമ്പൂവിനെ കള്ളസാക്ഷിയാക്കി ശിവന്റെ ജട താന്‍ കണ്ടെന്നു പൊളിപറഞ്ഞതും ആ ദേവദേവന്‍ കള്ളംപറഞ്ഞതിനു ശിക്ഷയായി ബ്രഹ്മാവിന്റെ ഒരു തല നുള്ളിയെടുത്തതും അങ്ങനെ ബ്രഹ്മാവു ചതുര്‍മുഖനായതുമായ സംഭവങ്ങള്‍ പുരാണങ്ങളിലുണ്ട്.
ബ്രഹ്മാദികള്‍ക്കുപോലും അസാദ്ധ്യമായ ഈ ദര്‍ശനം മനുഷ്യര്‍ക്കുനേടുവാനാകും. അതാണു മനുഷ്യജന്മത്തിന്റെ മഹത്വം. കഠിനമായ അദ്ധ്യാത്മസാധനകളിലൂടെ യോഗികള്‍ ഈ ദര്‍ശനം നേടുന്നു.
ഈ ദര്‍ശനം മാംസ ചക്ഷുസ്സുകൊണ്ടുനേടുന്നതല്ല. വെളിയിലേക്കുനോക്കാനോ ഇന്ദ്രിയങ്ങള്‍ക്ക് കെല്പുള്ളൂ. അതിനാല്‍ സ്ഥൂലപദാര്‍ത്ഥങ്ങളെമാത്രമേ അതിനു കാണാനാവൂ.
* പരാഞ്ജിഖാനി വ്യതൃണത് സ്വയംഭൂ
തസ്മാത് പരാങ്പശ്യതി നാന്തരാത്മന്‍ – കഠോപനിഷത്
അതിനുമുണ്ട് പരിധി.
*അതിദൂരാത് സാമീപ്യാദ് ഇന്ദ്രിയഘാതാത്മനോfനവസ്ഥാനാത്
സൗക്ഷ്മ്യാദ് വ്യവധാനാദ് അഭിഭവാത് സമാനാദിഹാരാന്ച
– സാംഖ്യകാരിക
ഇവിടെ നോക്കേണ്ടത് ഉള്ളിലേക്കാണ്. സൂക്ഷ്മതലങ്ങളിലേക്കാണ്. അതിനുദിവ്യമായ കണ്ണുകൂടിയേ കഴിയൂ. അതുജ്ഞാനദൃഷ്ടിയാണ്. അദ്ധ്യാത്മസാധന ജിജ്ഞാസുവിനു ദിവ്യദൃഷ്ടിനല്കുന്നു. അഹം ബ്രഹ്മാസ്മി എന്ന അനുഭവതലത്തിലേക്ക് മനുഷ്യന്‍ ഉയരുന്നത് അതിലൂടെ നോക്കുമ്പോഴാണ്. തിരുമാന്ധാംകുന്നില്‍ വച്ചു സ്വാമിജിക്കു ലഭിച്ച അത്തരമൊരു ദിവ്യദര്‍ശനമാണ് ഈ കാവ്യത്തിന്റെ വിഷയം. വായനക്കാരന്റെ മനസ്സിനെ ക്രമേണ പാകപ്പെടുത്തി ഉദാത്തമായ പ്രത്യക്ഷദര്‍ശനാനുഭവം നേടിക്കൊടുക്കാന്‍ ആ വാക്കുകള്‍ക്കു അലൗകിക സിദ്ധിയുണ്ട്. അതാണു ഇന്ദ്രിയങ്ങളോടുള്ള ചര്‍ച്ചാവിഷയം.
Discussion about this post