തിരുമാന്ധാംകുന്ന് ശിവകേശാദിപാദം (ഭാഗം- 7)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
‘ശിവനുടയ തിരുജടയില്‍ നിന്നുദ്ഗമിക്കുമാ
പ്രണവമായ മന്ദാകിനിയെത്തൊഴുന്നേന്‍.’
സച്ചിദാനന്ദസ്വരൂപനായ പരമാത്മാവാണു ശിവനെന്ന് വ്യക്തമാക്കി. ഇക്കാണായ ലോകങ്ങളെല്ലാം പരമാത്മാവില്‍ ഉണ്ടായിനിലനില്‍ക്കുകയും തിരിച്ച് അതില്‍ത്തന്നെ ലയിക്കുകയും ചെയ്യുന്നതാകയാല്‍ പ്രപഞ്ചവും ശിവന്‍തന്നെയാണെന്നു സ്പഷ്ടീകരിച്ചു. കേശാദിപാദദര്‍ശനത്തില്‍ ആദ്യം കണ്ണില്‍ വീഴുന്നത് ഗംഗയാകുന്നു. ശിവന്റെ തിരുജടയില്‍നിന്നു കുതിച്ചുയര്‍ന്നു എമ്പാടും പ്രവഹിക്കുന്ന ഗംഗാനദിയാണു പ്രണവം അഥവാ ഓങ്കാരം. പ്രപഞ്ചസൃഷ്ടിപ്രക്രിയയില്‍ പരമാത്മാവില്‍ സ്പന്ദിക്കുന്ന ആദ്യനാദമാണ് ഓങ്കാരം. അതു ശക്തിസ്വരൂപംകൂടിയാകുന്നു. കാതിനുവിഷയമായ നാദം ഉണ്മയില്‍ ഊര്‍ജ്ജസ്വരൂപമാണെന്നു മറക്കേണ്ട. മനോബുദ്ധികളില്‍ സ്പന്ദിക്കുന്ന നാദവും അങ്ങനെതന്നെ. ഓങ്കാരമെന്ന ശക്തിസ്പന്ദം ഭിന്ന ആവൃത്തികളിലുള്ള ശക്തിപ്രവാഹമായി അനുക്രമം വികസിക്കുന്നു. തുടക്കത്തില്‍ ശക്തിസ്പന്ദനത്തിനു കാലദേശങ്ങളുടെ പരിധിയില്ല. വികാസത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ കാലദേശസങ്കല്പങ്ങള്‍ ആവിര്‍ഭവിക്കുന്നു. ഹിരണ്യഗര്‍ഭനിലാണ് അതു സംഭവിക്കുന്നത് എന്നു ഇനി വിശദീകരിക്കും. അതു വീണ്ടും വികസിച്ചു സ്ഥൂലജഗത്തായിത്തീരുന്നു. ഈ പ്രപഞ്ചം ഓങ്കാരത്തില്‍ നിന്നു പരന്നൊഴുകുന്ന ശക്തിസ്പന്ദനങ്ങളാണ്. കണ്ണിനും കാതിനും വിഷയമായ ദൃശ്യങ്ങളായി നാം അറിയുന്നത് ഈ ശക്തി സ്പന്ദനങ്ങളെയാണ്. പ്രണവമന്ത്രത്തെ മന്ദാകിനിയായി കല്പിച്ചതിന്റെ സാംഗത്യം ഇവിടെ തെളിഞ്ഞുകാണാം. മന്ദാകിനി ദേവഗംഗയാണ്. മന്ദമായി വളഞ്ഞൊഴുകുന്നവള്‍ എന്നു വാച്യാര്‍ത്ഥം. സുന്ദരമായ ആകൃതികളുടെ സൃഷ്ടിയെ ആ വളവുകള്‍ സൂചിപ്പിക്കുന്നു.
വിവിധ ആവൃത്തികളിലുള്ള ശക്തിസ്പന്ദനങ്ങള്‍ മനുഷ്യമനസ്സിന് അനുഭവപ്പെടുന്നത് ശക്തിസ്പന്ദനങ്ങളായല്ല. മറിച്ച് ആകൃതികളായാണ്. ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നു ആകൃതികള്‍ അഞ്ചുണ്ട്. കാതുകൊണ്ടു ഗ്രഹിക്കാവുന്ന ശക്തിസ്പന്ദനമാണ് ശബ്ദമായനുഭവപ്പെടുന്നത്. ത്വക്കുകൊണ്ടു ഗ്രഹിക്കാവുന്നവ സ്പര്‍ശമായും കണ്ണുകൊണ്ടു ഗ്രഹിക്കാവുന്നവ രൂപമായും നാവുകൊണ്ടു ഗ്രഹിക്കാവുന്നവ രസമായും മൂക്കുകൊണ്ടു ഗ്രഹിക്കാവുന്നവ ഗന്ധമായും അനുഭവപ്പെടുന്നു. ശബ്ദാദികളായ ഈ ആകൃതികളുടെ പല അളവിലുള്ള യോഗമാണു നാം പദാര്‍ത്ഥമെന്നു പറയുന്നത്. ഉദാഹരണമായി മേശയെന്ന പദാര്‍ത്ഥം നമുക്കു ബോധവിഷയമാകുന്നത് അതിനു ഒരു പ്രത്യേക രൂപവും സ്പര്‍ശവും ഉള്ളതുകൊണ്ടാണ്. മേശയില്‍ നിന്നു രൂപത്തെയും സ്പര്‍ശത്തെയും മാറ്റുന്നതായി ഭാവനചെയ്തുനോക്കുക. എന്നാല്‍ പിന്നെ മേശയെന്നൊന്ന് ഉണ്ടാവുകയില്ല. രൂപം, സ്പര്‍ശം, ഗന്ധം എന്നിവകൊണ്ടാണ് റോസാപ്പൂവ് അനുഭവപ്പെടുന്നത്. ആ ആകൃതികളെ റോസാപ്പൂവില്‍നിന്നു നീക്കം ചെയ്താലോ റോസാപ്പൂവുമില്ല. മേശയിലും റോസാപ്പൂവിലുമിരിക്കുന്ന ശക്തിസ്പന്ദനങ്ങളാണ് (ഊര്‍ജ്ജപ്രവാഹങ്ങള്‍) മേല്പറഞ്ഞ രൂപം സ്പര്‍ശം മുതലായ ആകൃതികളായി നമുക്കനുഭവപ്പെടും. മേശ, പൂവ് തുടങ്ങിയ പദാര്‍ത്ഥങ്ങളെ ഉണ്ടാക്കിക്കാണിക്കുന്നത്. അതിനാല്‍ സൂക്ഷ്മമാലോചിച്ചാല്‍ പദാര്‍ത്ഥമില്ല. ശക്തിസ്പന്ദനങ്ങളേയുള്ളൂ. ഈ പ്രപഞ്ചത്തില്‍ നാം കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ഊര്‍ജ്ജപ്രവാഹം മാത്രമാണ്. നാം നമ്മുടെ ഇന്ദ്രിയങ്ങളുടെ പരിമിതിമൂലം ഊര്‍ജ്ജത്തെ അറിയുന്നില്ല. പകരം തല്‍സ്ഥാനത്തു പ്രപഞ്ചത്തെ കാണുന്നു. യാഥാര്‍ത്ഥ്യം വേറൊരുവിധത്തില്‍ ഗ്രഹിക്കപ്പെടുന്നു.
ആധുനികശാസ്ത്രത്തിനും ഇത് അഭിമതമാണ്. പ്രപഞ്ചം ഊര്‍ജ്ജത്തിന്റെ നിരന്തരപ്രവാഹമാണെന്ന് ഐന്‍സ്റ്റീന്‍ യുഗത്തോടെ ആവിര്‍ഭവിച്ച പുതിയ ഫിസിക്‌സ് നമ്മെ പഠിപ്പിക്കുന്നു. ഊര്‍ജ്ജപ്രവാഹം പദാര്‍ത്ഥമായി അനുഭവപ്പെടുകമാത്രമാണെന്നു ശാശ്ത്രജ്ഞന്മാര്‍ സമ്മതിച്ചുകഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ പലതായിരിക്കുന്നു. ഫിസിക്‌സ് കാലദേശബദ്ധമായ ഊര്‍ജ്ജത്തിന്റെ തലംവരെ മാത്രമേ ഇറങ്ങിച്ചെന്നിട്ടുള്ളൂ. അതും അടുത്തകാലത്തുമാത്രം. എന്നാല്‍ ഭാരതത്തിലെ മനീഷികള്‍ കാലദേശാതീതമായ ശക്തിസ്പന്ദനത്തിന്റെ തലത്തിലേക്കും അണുവിലും അണുവായ പരമാത്മതത്ത്വത്തിലേക്കും ആയിരത്താണ്ടുകള്‍ക്കുമുമ്പേ ഇറങ്ങിച്ചെന്നു എന്നു വ്യത്യാസമുണ്ട്.
ആദ്യത്തെ ശക്തിസ്പന്ദമായ ഓങ്കാരം ആദിമ മന്ത്രമാണ്. അതില്‍നിന്നുണ്ടായ ഭിന്ന ആവൃത്തികളിലുള്ള ശക്തിപ്രവാഹങ്ങളും മന്ത്രങ്ങള്‍തന്നെ. അവയുടെ ശേഷി ഓങ്കാരത്തില്‍ നിന്നുലഭിക്കുന്നതാണെന്നറിഞ്ഞുകൊള്ളണം. അതിനാല്‍ മന്ത്രമേതും ഓങ്കാരസഹിതമായേ ഉള്ളൂ. ശക്തിപ്രവാഹങ്ങളാണ് പദാര്‍ത്ഥങ്ങളായി അനുഭവപ്പെടുന്നതെന്നു വിശദീകരിച്ചുവല്ലോ. അതിനാല്‍ ഈ ശക്തിപ്രവാഹമോരോന്നും അതതു പദാര്‍ത്ഥത്തിന്റെ മന്ത്രമാകുന്നു. പദാര്‍ത്ഥങ്ങളുടെ ഉത്പത്തിയും നിലനില്പും പ്രവൃത്തിയും വിലയവും മന്ത്രത്തെ അവലംബിച്ചുമാത്രം സംഭവിക്കുന്നതാണ്. ഇങ്ങനെ സമസ്തപ്രപഞ്ചവും ഊര്‍ജ്ജപ്രവാഹം അഥവാ പ്രണവത്തില്‍നിന്നുണ്ടായ മന്ത്രമാകയാല്‍ സര്‍വവും ശിവന്റെ നിയന്ത്രണത്തിനു വിധേയമാണെന്നു സ്പഷ്ടമാണ്. ഉത്പത്തി സ്ഥിതിലയങ്ങള്‍ക്ക് ഈശനാണു ശിവനെന്നു പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നതു അതുകൊണ്ടാകുന്നു.
ജീവേശ്വരന്മാര്‍ തമ്മിലുള്ള ബന്ധം ഇവിടെ വിശദീകരിക്കണം. സമസൃഷ്ടിപ്രകൃതിയുമായി (മായയുടെ ആകത്തുക) ബന്ധപ്പെട്ട പരമാത്മാവാണു ഈശ്വരന്‍ എന്നു കണ്ടു.
* മായോപാധിഃ സന്‍ (ആത്മാ) ഈശ്വര ഇത്യുച്യുതേ.
– ശ്രീശങ്കരാചാര്യസ്വാമികള്‍, തത്ത്വബോധം
പ്രകൃതിയുടെ ഒരംശവുമായി ബന്ധപ്പെട്ട പരമാത്മാവാണു ജീവന്‍.
*അവിദ്യോപാധിഃസന്‍ ആത്മാ ജീവ ഇത്യുച്യതേ
– ശ്രീശങ്കരാചാര്യസ്വാമികള്‍, തത്ത്വബോധം
പരമാത്മാവെന്ന നിലയില്‍ രണ്ടും ഒന്നുതന്നെയാണ്. എന്നാല്‍ ജീവനെന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ സമുദ്രവും അതിലെ ഒരുതുള്ളിയും തമ്മിലുള്ള വ്യത്യാസം അവയ്ക്കുതങ്ങളിലുണ്ട്. ഈശ്വരന്‍ പ്രകൃതിയെ അഥവാ മായയെ നിയന്ത്രിക്കുന്നു. അതിനാല്‍ സര്‍വജ്ഞത്വവും സര്‍വവ്യാപിത്വവും ആനന്ദാത്മകത്വവും സര്‍വശക്തിത്വവും ഈശ്വരന്റെ സ്വഭാവമായിരിക്കുന്നു. എന്നാല്‍ ജീവന്‍ മായയാല്‍ നിയന്ത്രിക്കപ്പെടുന്നവനാണ്. അത് അവനു പാരതന്ത്ര്യവും ദുഃഖവുമേകുന്നു. വേറൊരുരീതിയില്‍ പറഞ്ഞാല്‍ ഈശ്വരന്‍ ഓങ്കാരപ്പൊരുളായി മന്ത്രങ്ങളുടെയെല്ലാം നിയന്താതാവായിരിക്കുമ്പോള്‍ ജീവന്മാര്‍ മന്ത്രങ്ങളുടെ നിയന്ത്രണത്തില്‍പ്പെട്ടു പരാധീനരായിരിക്കുന്നു. പരാധീനതയാണു ദുഃഖഹേതു. അതിനു പരിഹാരം കാണണമെങ്കില്‍ പ്രാപഞ്ചിക ദൃശ്യങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ആസ്പദമായ മന്ത്രങ്ങളെ സ്വാധീനമാക്കുകയേ നിവൃത്തിയുള്ളൂ മന്ത്രസാധനയുടെ ലക്ഷ്യം അതാണ്. മന്ത്രത്തെ സ്വന്തം നിയന്ത്രണത്തില്‍ കീഴില്‍ കൊണ്ടുവരാനാണു സാധന. മന്ത്രസിദ്ധിയെന്നു പറയുന്ന ഈ അധീശത കൈവരിച്ച ഉപാസകന് അതതുമന്ത്രത്തിന്റെ പരിധിയ്ക്കുള്ളില്‍വരുന്ന പദാര്‍ത്ഥങ്ങളെ സ്വന്തം സാത്വികേച്ഛയ്ക്കു അനുരൂപമാക്കി നിര്‍ത്താനാവും. പദാര്‍ത്ഥങ്ങളുടെ സൃഷ്ടിയും വിലയവുംപോലും സാധിക്കും. ഓരോമന്ത്രത്തിനും അതിന്റേതായ അധികാരപരിധിയുണ്ട്. എന്നാല്‍ സര്‍വമന്ത്രങ്ങളും (സമസ്ത ശക്തിപ്രവാഹവും) ഏതു മന്ത്രത്തില്‍ നിന്നാണോ പുറപ്പെടുന്നത് ആ മന്ത്രത്തിന്റെ, പ്രണവത്തിന്റെ ഉപാസന സാധകനു വിപുലമായ കരുത്തുപകരും. ഭൂതജയവും ജ്ഞാനോദയവുമുളവാക്കും. ഓങ്കാരോപാസനയ്ക്ക് ആചാര്യന്മാര്‍ പ്രാധാന്യം കല്പിച്ചിരിക്കുന്നതിനു കാരണമതാണ്.
ഭൗതികനേട്ടങ്ങള്‍ക്കും അദ്ധ്യാത്മസിദ്ധിക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ശക്തമായ ഉപാധിയാണു മന്ത്രസാധന. സമ്പൂര്‍ണ്ണമായ ആത്മസിദ്ധിക്ക് ഉപകരിക്കുന്നമന്ത്രം പ്രണവമാകുന്നു. എന്തെന്നാല്‍ പരമാത്മതലത്തില്‍ നിന്നാരംഭിക്കുന്ന ശക്തിസ്പന്ദമാണ് ഓങ്കാരം. പരമാത്മതലം വരെ സാധകനെക്കൂട്ടികൊണ്ടുപോകാന്‍ അതിനേ കഴിവുള്ളൂ. മറ്റൊന്നും അത്രത്തോളം എത്തുന്നില്ല. അതിനാല്‍ ശിവത്വസിദ്ധികൊതിക്കുന്നവര്‍ ഏവരും ഓങ്കാരോപാസന ചെയ്യണം. ഓങ്കാരമാണ് വില്ല്. ജീവാത്മാവ് അമ്പാകുന്നു. ലക്ഷ്യം ബ്രഹ്മവും. വില്ലില്‍ അമ്പുതൊടുത്ത് എയ്യുംവിധം അപ്രമത്തനായി ജീവാത്മാവിനെ ഓങ്കാരത്തില്‍ തൊടുത്ത് എയ്തുവിടണം. അതു ബ്രഹ്മത്തില്‍ തറച്ച് ബ്രഹ്മമയമായിത്തീരണം. എന്ന് ഉപനിഷത്ത് കാവ്യാത്മകമായി പ്രണവോപാസന ഉപദേശിച്ചിരിക്കുന്നു. മറ്റെല്ലാമന്ത്രങ്ങളും നിഷ്ഫലമാണെന്നല്ല ഇതിനര്‍ത്ഥം. അദ്ധ്യാത്മസിദ്ധിലക്ഷ്യമാക്കി പ്രയോഗിച്ചാല്‍ ഏതു മന്ത്രവും ഇതേഫലം തരും. ഭൗതിക പ്രയോജനങ്ങളില്‍ മനസ്സുകുടുങ്ങരുതെന്നുള്ളത് ഇവിടെ പ്രധാനമാണ്. മറ്റു മന്ത്രങ്ങളെല്ലാം ഗംഗയുടെ കൈവഴികള്‍പോലെയാണ്. അവയിലൂടെ മുകളിലേക്കു തുഴഞ്ഞാല്‍ ഗംഗയില്‍ത്തന്നെ എത്തും. ഗംഗനമ്മെ ഗംഗോത്രിയിലും കൊണ്ടെത്തിക്കും. അതേവിധം ഇതരമന്ത്രങ്ങളും നമ്മെ നയിക്കുന്നത് ഓങ്കാരത്തിലേക്കാണ്. ഓങ്കാരം നമ്മെ പരമാത്മപദത്തിലേക്ക് അഥവാ ശിവാനുഭൂതിയിലേക്കുകൊണ്ടുപോകും. ആകാശത്തുനിന്നു വീഴുന്ന മഴവെള്ളം ചിതറുന്നത് ഭൂമിയില്‍ പലടത്താണ്. അവ ഒഴുകുന്നതും പല നദികളിലൂടെയാണ്. എങ്കിലും എത്തിച്ചേരുന്നത് ഒരേ സമുദ്രത്തില്‍. അതേവിധം ഏതുദേവനെ ഉപാസിച്ചാലും അത് എത്തിച്ചേരുന്നത് കേശവനിലാണെന്ന ആചാര്യവചനം സാധനാമാര്‍ഗ്ഗമായ മന്ത്രത്തിന്റെ കാര്യത്തിലും സാധുവാണ്.
*ആകാശാത്പതിതം തോയം യഥാഗച്ഛതി സാഗരം
സര്‍വദേവനമസ്‌കാരം കേശവം പ്രതിഗച്ഛതി.
പ്രണവമയമായ ഈ മന്ദാകിനി ആത്മാനന്ദവുമാകുന്നു. അതാണു പരമാത്മാവില്‍ നിന്നുദ്ഭവിച്ച ജഡമായ ഈ പ്രപഞ്ചത്തെ ജീവനോടുകൂടിയതാക്കി നിലനിര്‍ത്തുന്നത്. ആനന്ദമാണ് സമസ്തജീവരാശിയുടെയും സ്വരൂപം. മറന്നുപോയിരിക്കുന്ന സ്വ സ്വരൂപത്തിന്റെ അന്വേഷണമാണ് അദ്ധ്യാത്മസാധന. എന്തുകൊണ്ട് സാധകന്‍ സ്വരൂപമന്വേഷിക്കുന്നു? അതു ആനന്ദമാകകൊണ്ടുതന്നെ. സ്വരൂപ വിസ്മൃതിയാണു ദുഃഖം. അതാണു അജ്ഞനമായി ജീവലോകത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ദുഃഖങ്ങള്‍ക്കുനടുവിലും ആശാകിരണമായി ജീവരാശിയെ മുന്നോട്ടു നയിക്കുന്നത് ആനന്ദാഭിവാഞ്ഛയാണ്.
അദ്ധ്യാത്മസാധനയിലൂടെ ശിവത്വം നേടിയ ഋഷിമാര്‍ക്കെല്ലാം അനുഭവമുള്ളതാണ് ഈ ആനന്ദപ്രവാഹം. മൂലാധാരത്തിലിരിക്കുന്ന കുണ്ഡലിനിയെ ഉണര്‍ത്തി ബ്രഹ്മരന്ധ്രത്തിലെത്തിക്കുമ്പോള്‍ ശിവോfഹം (ഞാന്‍ പരമാത്മാവാകുന്നു) എന്ന അനുഭവമുണ്ടാകുന്നു. അതാണു ഓങ്കാരസാധനയുടെ ഫലം. അപ്പോള്‍ ബ്രഹ്മരന്ധ്രത്തില്‍ നിന്നാരംഭിച്ച് ശരീരത്തിലെ എഴുപത്തയ്യായിരം നാഡീഞരമ്പുകളില്‍ കൂടിയും പ്രവഹിക്കുന്ന ആനന്ദത്തിന്റെ അമൃതം അനുഭവപ്പെടും. അതാണു പ്രണവമയമായ ഗംഗ. ഗംഗാസ്‌നാനം സര്‍വപാപഹരമാണെന്നു ആചാര്യന്മാര്‍ പറഞ്ഞുവച്ചതിന്റെ കാരണവും അതാകുന്നു. അജ്ഞാനത്തിന്റെ ബന്ധനങ്ങളെ പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ് കുണ്ഡലിനി ബ്രഹ്മരന്ധ്രത്തിലെത്തി ഗംഗയെ പ്രവഹിപ്പിക്കുന്നത്.
ഭിദ്യതേഹൃദയ ഗ്രന്ഥി
ഛിദ്യന്തേ സര്‍വസംശയാഃ
ക്ഷീയന്തേ ചാസ്യകര്‍മ്മാണി
തസ്മിന്‍ ദൃഷ്ടേ പരാവരേ.
എന്ന് ഈ അവസ്ഥയെക്കുറിച്ച് മുണ്ഡകോപനിഷത് സ്പഷ്ടമായി വിശദീകരിക്കുന്നുണ്ട്.
മഹീം മൂലാധാരേ കമപിമണിപൂരേ ഹുതവഹം
സ്ഥിതം സ്വാധിഷ്ഠാനേ ഹൃദിമരുതമാകാശമുപരി
മന്യോപി ഭൂമദ്ധ്യേ സകലമപി ദിത്വാകുലപഥം
സഹസ്രാരേ പദ്‌മേ സഹ രഹസി പത്യാ വിഹരസേ
സുധാധാരാസാരൈശ്ചരണയുഗളാന്തര്‍വിഗളിതൈഃ
പ്രപഞ്ചം സിഞ്ചന്തീ പുനരപി രസാമ്‌നായ മഹസഃ
അവാപ്യസ്വാം ഭൂമിം ഭുജഗനിഭമദ്ധ്യുഷ്ടവലയം
സ്വമാത്മാനം കൃത്വാ സ്വപിഷികൂല കുണ്ഡേകുഹരിണി
എന്നീ രണ്ടുശ്ലോകങ്ങളാല്‍ സൗന്ദര്യലഹരിയില്‍ ആചാര്യസ്വാമികള്‍ ഈ ആനന്ദാനുഭവത്തെ വിവരിച്ചിരിക്കുന്നു.
അല്ലയോ ജഗദംബികേ നീ മൂലാധാരത്തില്‍ പൃഥ്വീതത്ത്വത്തെയും മണിപൂരകത്തില്‍ ജലതത്ത്വത്തെയും സ്വാധിഷ്ഠാനത്തില്‍ അഗ്നിതത്ത്വത്തെയും അനാഹതത്തില്‍ വായുതത്ത്വത്തെയും വിശുദ്ധിചക്രത്തില്‍ ആകാശതത്ത്വത്തെയും ഭൂമദ്ധ്യത്തിലിരിക്കുന്ന ആജ്ഞാചക്രത്തില്‍ മനസ്തത്ത്വത്തെയും (ഭേദിച്ച്) ഇങ്ങനെ സുഷുമ്‌നാ മാര്‍ഗ്ഗത്തെ പൂര്‍ണ്ണമായും ഭേദിച്ച് സഹസ്രദളപത്മത്തില്‍ എത്തിച്ചേര്‍ന്ന ഭര്‍ത്താവായ ശിവനോടുകൂടി ഏകാന്തതയില്‍ വിഹരിക്കുന്നു. അല്ലയോ ദേവീ നിന്തിരുവടിയുടെ ചരണപദ്മമദ്ധ്യത്തില്‍ നിന്നു പ്രവഹിക്കുന്ന അമൃതകാന്തിയുള്ള ചന്ദ്രമണ്ഡലത്തില്‍ നിന്ന് പുറപ്പെട്ട് തന്റെ വാസസ്ഥനമായ മൂലാധാരചക്രത്തില്‍ വീണ്ടും എത്തി മൂന്നരചുറ്റുള്ള സര്‍പ്പ സദൃശമായ രൂപം ധരിച്ച് സൂക്ഷ്മരന്ധ്രത്തോടുകൂടിയ മൂലാധാരചക്രത്തില്‍ ഉറങ്ങുന്നു.
‘മൂലാധാരൈകനിലയാ ബ്രഹ്മഗ്രന്ഥിവിഭേദിനീ
മണിപൂരാന്തരുദിതാ വിഷ്ണുഗ്രന്ഥിവിഭേദിനീ
ആജ്ഞാചക്രാന്തരളാസ്ഥാ രദ്രഗ്രന്ഥിവിഭേദിനീ
സഹസ്രാംരാംബുജാരൂഢാ സുധാസാരാഭിവര്‍ഷിണീ.‘
എന്ന് ലളിതാസഹസ്രനാമ സ്‌തോത്രവും ദേവീഭാവത്തില്‍ ഈ പ്രണവമയ ഗംഗയെ അവതരിപ്പിക്കുന്നു.
ഗംഗയെ ഹിമവാന്റെ മകളായി ശിവപത്‌നിയായി പുരാണങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതിനു പിന്നിലുള്ള രഹസ്യവും വേറൊന്നല്ല. സാധകന്റെ സഹസ്രാരപദ്മമാണ് ഹിമാലയം. രുദ്രഗ്രന്ഥിയും ഭേദിച്ച് കുണ്ഡലിനി സഹസ്രാരത്തിലെത്തുമ്പോള്‍തന്നെ അതു ആനന്ദമയമായ തണുപ്പുറഞ്ഞ് ഹിമാലയമായിക്കഴിഞ്ഞിരിക്കും. ബ്രഹ്മരന്ധ്രമാണു കൈലാസത്തിലെ ഗോപുരദ്വാരം. അവിടെ കുണ്ഡലിനി പ്രവേശിക്കുമ്പോള്‍ ആനന്ദഗംഗ പ്രവഹിക്കാനാരംഭിക്കുകയായി. ഇങ്ങനെ ശിവത്വം നേടുമ്പോള്‍ അനുഭവപ്പെടുന്നതാകയാല്‍ അതിനു ശിവപത്‌നിയുടെ സ്ഥാനവും കല്പ്പിക്കപ്പെട്ടു. ഭാര്യാഭര്‍ത്താക്കന്മാര്‍ സഹധര്‍മ്മചാരികളാണ്. അതിനാല്‍ ഒരിക്കലും പിരിയാത്തവരുമാണ്. അതേവിധം ശിവത്വം ലഭിക്കുമ്പോള്‍ ആനന്ദാനുഭവവും നിയമേന ഉള്ളതിനാല്‍ അവര്‍ക്കു ഭാര്യാഭര്‍ത്തൃബന്ധം കല്പിച്ചതില്‍ യുക്തിയുണ്ട്.
വിദൂരമായിപ്പോലും പാപസ്പര്‍ശമില്ലാത്തവളാണു ഗംഗ. എന്നുമാത്രമല്ല. മറ്റുള്ളവരുടെ പാപം കഴുകിക്കളയുന്നവളുമാണവള്‍. ഗംഗയുടെ ഈവിധമായമഹത്വമാണ് കഠിനതപസ്സുകൊണ്ടു ഗംഗയെ ഭൂമിയിലും തുടര്‍ന്നുപാതാളത്തിലുമെത്തിക്കാന്‍ സൂര്യവംശരാജാക്കന്മാരില്‍ പ്രധാനിയായ ഭഗീരഥനെ പ്രേരിപ്പിച്ചത്. ഭഗീരഥന്റെ മുതുമുത്തച്ഛന്മാരായ സാഗരന്മാര്‍ അറുപതിനായിരം പേരും കപിലമഹര്‍ഷിയുടെ കോപാഗ്നിയില്‍ കത്തിയമര്‍ന്നു മോക്ഷമാര്‍ഗ്ഗമില്ലാതെ പാതാളത്തില്‍ കിടക്കുകയായിരുന്നു. സഗരപുത്രന്മാരുടെ ദുര്യോഗത്തില്‍ മനംനൊന്ത ഭഗീരഥന്‍ ഗംഗാദേവിയെ തപസ്സുചെയ്തു പ്രത്യക്ഷപ്പെടുത്തി. മഹാവിഷ്ണുവിന്റെയും ശ്രീപരമേശ്വരന്റെയും അനുവാദം നേടാമെങ്കില്‍ താന്‍ ത്രിപഥഗയായി പാതാളത്തിലെത്തി സാഗരന്മാര്‍ക്കു മോക്ഷമാകാമെന്ന് ദേവീ സമ്മതിച്ചു.
സ്ഥിരോത്സാഹിയായ ഭഗീരഥന്‍ കഠിനതപസ്സുകൊണ്ട് മഹാവിഷ്ണുവിനെയും ശങ്കരനെയും പ്രീതിപ്പെടുത്തി അനുമതിനേടി. തുടര്‍ന്ന് ദിവ്യരഥത്തിലേറി മഹാമേരുശിഖരത്തിലെത്തി ശംഖംമുഴക്കി. അതേവരെ വിഷ്ണുപാദങ്ങളില്‍ നിശ്ചലയായി കൂടികൊണ്ടിരുന്നഗംഗ ഭീമാകാരമായ തരംഗമാലകളിളക്കിക്കൊണ്ട് ഭഗീരഥന്റെ രഥത്തിനുപിന്നാലെ പ്രവഹിക്കാനാരംഭിച്ചു. ദിവ്യങ്ങളായ ഉപരിലോകവും കടന്ന് ഗംഗ ഭൂമിയിലേക്കു വീഴുമ്പോള്‍ അതിന്റെ ആഘാതംമൂലം ജീവരാശിയ്ക്കു വിപത്തുസംഭവിക്കാതിരിക്കാന്‍ ശ്രീപരമേശ്വരന്‍ തന്റെ ശിരസ്സില്‍ അതിനെ ഏറ്റെടുത്തു. ആ ജടാഭാരത്തില്‍ നിന്നു പുറത്തേക്കൊഴുകാന്‍ മാര്‍ഗ്ഗമില്ലാതെ ഭക്തവത്സലായയ ഗംഗ കുഴങ്ങുമ്പോള്‍ ഭഗീരഥന്റെ പ്രാര്‍ത്ഥനമാനിച്ച് ശങ്കരന്‍ ഗംഗയ്ക്ക് അല്പം വഴിനല്കി. ഗംഗ ഗോമുഖിയിലൂടെ ഗംഗോത്രിയിലൂടെ ഹരിദ്വാരിലൂടെ കനഖലമെത്തി സമതലത്തിലേക്കുവീണ് ഭാരതത്തിന്റെ വിരിമാറിലൂടെ പരന്നൊഴുകി കാശിയിലെത്തി ഭഗീരഥന്‍ കാണിച്ച മാര്‍ഗ്ഗത്തിലൂടെ ഉണങ്ങിക്കിടന്നിരുന്ന സമുദ്രത്തെ നിറച്ചുകൊണ്ട് പാതാളലോകമണഞ്ഞ് സാഗരന്മാരുടെ ചിതാഭസ്മത്തെ കുളിര്‍പ്പിച്ചു. അതോടെ അവര്‍ ഭവബന്ധവിമുക്തരായി അമൃതത്വം കൈവരിക്കുകയും ചെയ്തു. അത്യന്തസൂക്ഷ്മമായ പരമാത്മാവിനെയാണ് മഹാവിഷ്ണുവെന്നും വിരാട്ടിനെയാണ് ശിവനെന്നും ഇക്കഥയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. രണ്ടും ഒരാള്‍തന്നെയാണെന്നു ആദ്യമേ വ്യക്തമാക്കിയല്ലോ.
*ശിവസ്യഹൃദയം വിഷ്ണുഃ വിഷ്‌ണോശ്ച ഹൃദയാം ശിവഃ
– രുദ്രഹൃദയോപനിഷത്.
ജ്ഞാനപ്രതിബന്ധകങ്ങളായ രജസ്സിനെയും തമസ്സിനെയും കഠിനതപംകൊണ്ട് ജയിച്ച് ജ്ഞാനാനന്ദങ്ങളെ സൂക്ഷ്മത്തില്‍ നിന്നു സ്ഥൂലത്തിലേക്കു നയിച്ച് അവയ്ക്കുതമ്മിലുണ്ടെന്നു തെറ്റായിത്തോന്നുന്ന അന്തരത്തെ ഇല്ലാതാക്കി സര്‍വവും ആനന്ദമയമാക്കുന്ന മഹാപ്രവാഹമാണ് ഗംഗ. അതുകൊണ്ടാണ് ‘വിഷ്ണുപാദാച്യുതാം ദിവ്യാം അപാപാം പാപനനാശിനീം’ എന്നു വാല്മീകി മഹര്‍ഷി ഗംഗയെ വര്‍ണ്ണിച്ചിരിക്കുന്നത്.
സ്ഥൂലം സൂക്ഷ്മം കാരണം എന്നിങ്ങനെയുള്ള പ്രപഞ്ചവിഭജനം മായാകൃതമാണ്. യഥാര്‍ത്ഥത്തില്‍ പരമാത്മാവുമാത്രമേ ഉള്ളൂ. നാം സ്ഥൂലജഗത്തെന്നു ധരിച്ചുവച്ചിരിക്കുന്ന ലോകത്തോളം ഗംഗയെ സ്വാനുഭൂതിയിലൂടെ ആനയിക്കാന്‍ കഴിയുന്ന സാധകന് ഇവിടെ പലതില്ല അണുവിനെക്കാള്‍ അണുവും മഹത്തിനെക്കാള്‍ മഹത്തുമായ ശിവന്‍മാത്രമേ ഉള്ളൂ എന്നു ബോദ്ധ്യമാകും.
ഇതാണു ഗംഗാവതരണം. ഇതാണ് ഏതുമാര്‍ഗ്ഗം പിന്‍തുടര്‍ന്നാലും സാധകന്‍ ചെയ്യുന്നതും നേടുന്നതും.
അമാത്ര എന്നിവയുടെ യോഗമാണ് ഓങ്കാരം. അകാരം ഉകാരം മകാരം ഇതില്‍ അകാരം സൃഷ്ടിയും ഉകാരം സ്ഥിതിയും മകാരം സംഹാരവുമാകുന്നു. അമാത്ര കാലദേശപരിധികള്‍ക്കപ്പുറത്തുള്ള പരമാത്മതത്ത്വമാണ്. അതിനാല്‍ അകാരം ബ്രഹ്മവും ഉകാരം വിഷ്ണുവും മകാരം രുദ്രനും അമാത്രശിവനുമാകുന്നു. അതിനാല്‍ അകാരം സത്വത്തിലെ രജസ്സും ഉകാരം സത്വത്തിലെ സത്വവും മകാരം സത്വത്തിലെ തമസ്സും അമാത്ര നിര്‍ഗ്ഗുണവുമാകുന്നു. ഓങ്കാരത്തെ അവസ്ഥാത്രയുമായി ബന്ധപ്പെടുത്തുമ്പോള്‍ അകാരം ജാഗ്രത്തും ഉകാരം സ്വപ്‌നവും മകാരം സുഷുപ്തിയും അമാത്ര തുരീയവുമാകുന്നു. ഓങ്കാരത്തെ ജഗത്തുമായി ബന്ധപ്പെടുത്തിചിന്തിക്കുമ്പോള്‍ അകാരം സ്ഥൂലപ്രപഞ്ചവും ഉകാരം സൂക്ഷ്മപ്രപഞ്ചവും മകാരം കാരണപ്രപഞ്ചവും അമാത്രപരമാത്മാവുമാകുന്നു. അകാരവുമായിബന്ധപ്പെട്ട അമാത്രയാണ് വിരാട്ട്. ഉകാരവുമായി ബന്ധപ്പെട്ട അമാത്രയാണ് ഹിരണ്യഗര്‍ഭന്‍. മകാരവുമായിബന്ധപ്പെട്ട അമാത്രയാണ് ഈശ്വരന്‍ അഥവാ അവ്യാകൃതന്‍. പ്രണവോപാസനചെയ്യുമ്പോള്‍ സാധകന്റെ ബോധമണ്ഡലം കടന്നുചെല്ലുന്ന സൂക്ഷ്മതലങ്ങളാണിവയോരോന്നും. അതിനെക്കുറിച്ചുള്ള അറിവ് പ്രണവോപാസനയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇതാണു ശിവന്റെ ജടയില്‍ ശോഭിക്കുന്ന ഗംഗ. അതുകൊണ്ടാണ് ശിവന്‍ ഗംഗാധരനായത്. അതാണു പരമപദം. അതുകൊണ്ടാണ് അതിനുമുന്നില്‍ നമസ്‌കാരങ്ങള്‍ അര്‍പ്പിക്കുന്നതും.
Discussion about this post