ടി.വി.അച്യുതവാര്യര്‍
കൃഷ്ണാനദീതീരത്തുനിന്നു പരമസാത്വികനായ ഒരു ബ്രാഹ്മണനെ പരശുരാമന്‍ ത്രിശ്ശിവപേരൂരില്‍ കൊണ്ടുവന്ന് ആചാര്യ സ്ഥാനത്ത് അവരോധിച്ചു എന്ന ‘കേരളമാഹാത്മ്യ’ത്തില്‍ പറയുന്നു. കേരളത്തിലെ പല ക്ഷേത്രങ്ങളും പരശുരാമനാല്‍ സ്ഥാപിതമായതാണെന്നു പറയാറുണ്ടെങ്കിലും, മറ്റെവിടെയെങ്കിലും ഇത്തരത്തിലുള്ള ആചാര്യാവരോധം നടത്തിയതായി ഐതിഹ്യമില്ല. അതുകൊണ്ട് കേരളത്തിലെ ആധുനികയുഗത്തിന്റെ ആരംഭത്തില്‍തന്നെ ത്രിശ്ശിവപേരൂരിലെ അതിപ്രധാനമായ ഒരു പദവി ലഭിച്ചിരുന്നുവെന്ന് സിദ്ധിക്കുന്നു. ത്രിശ്ശിവപേരൂരിന്റെ പ്രാചീനചരിത്രം ചില ഊഹങ്ങളിലും നിഗമനങ്ങളിലും ഒതുങ്ങി കിടക്കുന്നു. നടുവില്‍ ഒരു കുന്നും ചുറ്റും താഴ്ന്ന് താഴ്ന്ന് പോകുന്ന പ്രദേശങ്ങളും അടങ്ങിയ ഒരു ദ്വീപായിരുന്നു പണ്ട് ത്രിശ്ശൂര്‍. ഭൂമിശാസ്ത്രപരമായി ഈ കിടപ്പിന് ഇന്നും വലിയമാറ്റമൊന്നും വന്നിട്ടില്ല.
ദ്വീപുസമാനമായ ഈ കിടപ്പാണ് പില്‍ക്കാലത്ത് ഈ പ്രദേശത്തെയാകെ കോട്ടകെട്ടി സംരക്ഷിതമാക്കാന്‍ ഭരണാധികാരികളെ പ്രേരിപ്പിച്ചത്. ആ കോട്ടയൊന്നും ഇന്ന് അവശേഷിക്കുന്നില്ലെങ്കിലും പടിഞ്ഞാറേക്കോട്ട കിഴക്കേക്കോട്ട എന്നീ സ്ഥലപേരുകള്‍ ആ കോട്ടസ്ഥിതിചെയ്യുന്ന സ്ഥാനത്തെ സൂചിപ്പിക്കുന്നു. തെക്കുഭാഗത്ത് തൃശ്ശൂര്‍ എറണാകുളം റോഡിലെ മുണ്ടുപാലത്തിനടുത്ത് പണ്ട് ഒരു കോട്ടവാതില്‍ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. എന്നാല്‍ കോട്ടവാതില്‍ എവിടെഎന്നതിന് സൂചനയൊന്നുമില്ല. പത്തുകിലോമീറ്റര്‍ ചുറ്റളവുള്ളതായിരുന്നു തൃശ്ശൂരിലെ കോട്ടമതിലെന്ന പരാമര്‍ശം ശരിയാണെങ്കില്‍ വടക്കേകോട്ടമതില്‍ വിയ്യൂര്‍ പാലത്തിനടുത്താകാനേ നിവൃത്തിയുള്ളൂ. ഓരോ നാടിനുമുണ്ടാകാവുന്ന രൂപഭേദങ്ങള്‍ അദ്ഭുതാവഹമാണ്. മുമ്പ് തൃശ്ശൂരില്‍ ഉണ്ടായിരുന്ന ഇരട്ടചിറയുടെ സ്ഥാനത്താണ് ഇന്നത്തെ പച്ചക്കറിമാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്. വടക്കേചിറയോട് അനുബന്ധമായുണ്ടായിരുന്ന ചിറയുടെ സ്ഥാനത്ത് വടക്കേ ബസ്സ്റ്റാന്‍ഡ് സ്ഥിതിചെയ്യുന്നു. വെറും അമ്പതുകൊല്ലത്തിനിടയില്‍ സംഭവിച്ച രൂപാന്തരമാണിത്. അപ്പോള്‍ രണ്ടായിരംകൊല്ലങ്ങള്‍ക്കിടയില്‍ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടാവണം.
ക്രിസ്താബ്ദ്ധത്തിന് മുമ്പുതന്നെ ജൈനമതക്കാരും ബുദ്ധമതക്കാരും കേരളത്തില്‍ എത്തിയിരുന്നു. അശോകന്റെ ശിലാശാസനങ്ങളില്‍ ഒന്നില്‍ ഇതു സംബന്ധിച്ച പരാമര്‍ശം കാണുന്നുണ്ട്. ജൈനമതക്കാര്‍ കേരളത്തില്‍ എത്തിയത് ഏകാന്തധ്യാനത്തിനുപറ്റിയ സ്ഥലവും തേടിയായിരുന്നു. കാടുകളും കുന്നുകളും ജൈനരെ ആകര്‍ഷിച്ചു. കേരളത്തില്‍ കണ്ടെത്തിയ ജൈനകേന്ദ്രങ്ങളില്‍ മിക്കവയും കുന്നില്‍ പ്രദേശങ്ങളിലാണെന്നത് ഈ ഒരു നിഗമനം ശരിയാണെന്ന് തെളിയിക്കുന്നു. ബുദ്ധമതക്കാരുടെ സ്ഥിതി അതായിരുന്നില്ല. മതപ്രചരണവും സാമൂഹ്യസേവനവും അവരുടെ ലക്ഷ്യമായിരുന്നു. അതുകൊണ്ടുതന്നെ ജനവാസകേന്ദ്രങ്ങളിലാണ് അവര്‍ താവളമുറപ്പിച്ചത്. തത്വോപദേശങ്ങളിലൂടെ ജനങ്ങളെ ഉള്‍ബുദ്ധരാക്കുക. അവരുടെ ലക്ഷ്യമായിരുന്നു.
ദ്വീപുപോലെ കിടക്കുന്ന തൃശൂരിന്റെ നടുവിലുള്ള കുന്നും, അതിനുചുറ്റുമുള്ള കാടും, ജൈനസന്യാസിമാരെ ആകര്‍ഷിച്ചുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. ആ കുന്നിന്റെ മുകളില്‍ അവിടെ ഒരു വിഹാരം നിര്‍മ്മിച്ചു. ജൈനവിഹാരങ്ങള്‍ക്ക് തീര്‍ത്ഥക്കുളം അനിവാര്യമാണ്. അതിനാല്‍ വിഹാരത്തിനടുത്ത് അവര്‍ ഒരു തീര്‍ത്ഥക്കുളവും നിര്‍മ്മിച്ചു. കോകര്‍ണി എന്ന പേരില്‍ അതിപ്പോഴും അവിടെ ഉണ്ട്. ജൈനസന്യാസിമാര്‍ തൃശ്ശൂരില്‍ എത്തുന്ന അവസരത്തില്‍, ആ കുന്നിന്‍ നെറുകയില്‍ നാട്ടുകാരുടെ ആരാധനാ കേന്ദ്രമായ ഒരു കാവും ഉണ്ടായിരുന്നു. കുന്നിന്റെ നെറുക തനി പാറയായിരുന്നു. ആ പാറപ്പുറത്തുണ്ടായിരുന്ന ഇലഞ്ഞിയുടെ ചുവട്ടിലായിരുന്നു നാട്ടുകരുടെ അമ്മദൈവത്തെ പ്രതിഷ്ഠിച്ചിരുന്നത്. ആ പാറമേല്‍ക്കാവാണ് പിന്നീട് പാറമേല്‍ക്കാവായി ലോപിക്കപ്പെട്ടത്.
സ്വോസ്തികരും ശാന്തശീലരുമായ ജൈനസന്യാസിമാര്‍ അധികസമയവും ധ്യാനത്തില്‍ കഴിഞ്ഞിരുന്നു എന്നതിനാല്‍ നാട്ടുകാര്‍ക്ക് അവര്‍ ഒരു ശല്യമായി തോന്നിയിരുന്നില്ല. തന്മൂലം കാവും ജനവിഹാരവും അവിടെ സഹവര്‍ദ്ധിത്തത്വത്തില്‍ കഴിഞ്ഞുപോന്നു. നമ്പൂതിരിമാരുടെ ആഗമനം വരെ പ്രശാന്തമായ ഈ അന്തരീക്ഷം നിലനില്‍ക്കുകയുണ്ടായി. നമ്പൂതരിമാര്‍ കേരളത്തില്‍ എത്തിയത് എന്നാണെന്നുള്ളതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. നമ്പൂതിരിമാര്‍ ആരാണ്, അവര്‍ എവിടെനിന്നുവന്നു എന്നകാര്യത്തില്‍പോലും ചരിത്രകാര്യത്തില്‍പോലും കണ്ടിതമായി ഒന്നും പറയാന്‍ കഴിയില്ല. ക്രിസ്ത്വബ്ദം നാലാംനൂറ്റാണ്ടിനുമുന്‍പ് നമ്പൂതിരിമാര്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ ഏറെക്കുറേ യോജിക്കുന്നുണ്ട്. പരശുരാമന്‍ മഴുവെറിഞ്ഞ് കേരളത്തെ വീണ്ടെടുത്തു എന്ന ഐതീഹ്യം നമ്പൂതിരിമാരുടെ ആഗമനത്തെ സൂചിപ്പിക്കുന്നു. മുമ്പുണ്ടായിരുന്ന ഒരു കുടിയേറ്റം എത്രമാത്രം കഷ്ടപ്പാട് നിറഞ്ഞതായിരിക്കണമെന്ന് നമുക്ക് ഊഹിക്കാന്‍ കഴിയും. ഈ കുടിയേറ്റക്കാരില്‍ ഏറ്റവും വലിയ സംഘം, ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ട സംഘം, കുടിയേറിപാര്‍ത്തത് ത്രിശ്ശിവപേരൂരിലായിരുന്നുവെന്ന് അനുമാനിക്കാം. അതുകൊണ്ടാണ് ഈ കുടിയേറ്റക്കാര്‍ക്ക് വൈദികകാര്യങ്ങളില്‍ മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ പരശുരാമന്‍ ഒരാചാര്യനെ പുറമേനിന്നും കൊണ്ടുവന്നത്.
ഒരുകാര്യം തീര്‍ച്ചയാണ് കേരളത്തില്‍ മറ്റൊരിടത്തും ഇല്ലാത്തത്ര അധികം നമ്പൂതിരി കുടുംബങ്ങള്‍ ത്രിശ്ശിവപേരൂരില്‍ ഉണ്ടായിരുന്നു. അവര്‍ പ്രബലരായിരുന്നു. സമ്പന്നനായിരുന്നു. പണ്ഡിതന്മാരായിരുന്നു. പരശുരാമന്‍ കൊണ്ടുവന്ന ആചാര്യന്റെ എട്ടുപുത്രന്മാരുടെ കുടുംബങ്ങളാണ് പിന്നീട് അഷ്ടഗ്രഹത്തില്‍ ആഢ്യന്മാര്‍ എന്നപേരില്‍ പ്രസിദ്ധരായത്. ഇവരുടെ വംശപരമ്പരയില്‍പ്പെട്ടവര്‍ ഇന്നും മദ്ധ്യകേരളത്തില്‍ പ്രശസ്തരാണ്. പരശുരാമന്‍ കൊണ്ടുവന്ന ആചാര്യനെ താമസിപ്പിച്ചത്. ഇന്നത്തെ വടക്കേചിറക്കടുത്തുള്ള ഗൃഹത്തിലായിരുന്നു. അതാണ് പിന്നീട് ബ്രഹ്മസ്വംമഠം, തെക്കേമഠം, നടുവില്‍മഠം എന്നിവയയായി രൂപാന്തരപ്പെട്ടത്. നമ്പൂതിരിമാരുടെ സഭയ്ക്ക് ‘യോഗം’ എന്നുപറയും യോഗത്തിന്റെ ആചാര്യനാണ് യോഗാതിരി. പരശുരാമന്‍ കൊണ്ടുവന്ന ആദ്യത്തെ ആചാര്യന്‍മുതല്‍ 1754വരെ തൃശ്ശൂരില്‍ യോഗാതിരിമാരുണ്ടായിരുന്നു. തമ്പൂതിരിമാരുടെ കുടുംബംഗങ്ങളിലെ കുട്ടികള്‍ക്ക് വേദാധ്യയനം നടത്തുക, ഗ്രാമക്ഷേത്രത്തിന്റെ ഭരണം നടത്തുക നമ്പൂതിരിമാര്‍ക്ക് വേണ്ട ഉപദേശം നല്‍കുക എന്നിവയായിരുന്നു യോഗാതിരിയുടെ ചുമതലകള്‍.
കുടിയേറ്റക്കാരായ നമ്പൂതിരിമാര്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചത്. ആയുധബലം കൊണ്ടുതന്നെയായിരുന്നുവെന്നതിന് സംശയമില്ല. ഭൂമിയെരക്ഷിക്കാന്‍ ആയുധമെടുക്കുന്നതിന് പരശുരാമന്‍ ആഹ്വാനം നല്‍കിയാതായുള്ള ഐതിഹ്യം അതാണു സൂചിപ്പിക്കുന്നത്. രണ്ടോമൂന്നോ നൂറ്റാണ്ടുകൊണ്ട് നമ്പൂതിരിമാര്‍ക്ക് ഇവിടെ രാഷ്ട്രീയവം സാമ്പത്തികവും സാമൂഹികവുമായ ആധിപത്യം ഉറപ്പിക്കാന്‍ കഴിഞ്ഞതെങ്ങനെയാണ്. ഈ പ്രക്രീയയ്ക്കിടയില്‍ തൃശ്ശൂരില്‍ ഉണ്ടായ രണ്ട് പ്രധാനസംഭവങ്ങള്‍ ജൈനസന്യാസിമാരെ ഇവിടെനിന്ന് ഓടിച്ചുവെന്നതും പാറമേല്‍ക്കാവുഭഗവതിയെ മാറ്റി പ്രതിഷ്ഠിച്ചുവെന്നതുമാണ്. തൃശ്ശൂരില്‍ ക്ഷേത്രനിര്‍മ്മാണത്തിന് ഏറ്റവും പറ്റിയസ്ഥലം കുന്നിന്റെ നെറുകയാണ്. ജൈനസന്യാസിമാരെ തുരത്തി അവരുടെ വിഹാരം പിടിച്ചെടുത്താണ് വടക്കുംനാഥക്ഷേത്രസ്ഥാപിച്ചത്. പിന്നീട് ക്ഷേത്രം വികസിപ്പിക്കേണ്ടിവന്നപ്പോള്‍ പാറമേല്‍ക്കാവ് ഭഗവതി കുന്നിന്റെ കിഴക്കേചരിവിലേക്ക് മാറ്റിപ്രതിഷ്ഠിക്കാന്‍ അവര്‍ നാട്ടുകാരെ നിര്‍ബിന്ധിതരാക്കുകയും ചെയ്തു. ഇത്തരത്തിലുള്ള മാറ്റി പ്രതിഷ്ഠിക്കല്‍ കേരളത്തിലെ പലക്ഷേത്രങ്ങളിലും നടന്നിട്ടുണ്ട്. പണ്ട് കേരളത്തിലെ ‘യോഗക്ഷേത്ര’ങ്ങള്‍ക്കെല്ലാം ‘സങ്കേത’ങ്ങളുണ്ടായിരുന്നു. ആ സങ്കേതത്തിനകത്ത് യോഗക്കാര്‍ക്കാണ് (നമ്പൂതിരിമാര്‍ക്ക്) പരമാധികാരം. രാജാവിന് സംരക്ഷണാധികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരക്രമി ഏതെങ്കിലും ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചാല്‍, അയാളെ പിന്തുടര്‍ന്ന് പിടികൂടാനോ ശിക്ഷിക്കാനോ രാജാവിന് അധികാരമുണ്ടായിരുന്നില്ല. യുദ്ധത്തില്‍ തോറ്റ രാജാക്കന്മാര്‍ ക്ഷേത്രസങ്കേതങ്ങളില്‍ കടന്ന് രക്ഷപ്പെട്ടത് സംബന്ധിച്ചും യോഗത്തിന്റെ തീരുമാനം നടപ്പാക്കാത്ത രാജാക്കന്മാരെ ശിക്ഷിച്ചതു സംബന്ധിച്ചുമെല്ലാം രേഖകളുണ്ട്.
വടക്കുനാഥ ക്ഷേത്രസങ്കേതം ഏതാണ്ട് ഇന്നത്തെ മുനിസിപ്പില്‍കോര്‍പ്പേറേഷന്‍പ്രദേശത്തോളം വലിപ്പമുള്ളതായിരുന്നു. അരങ്ങാട്ടുകര, കാനാട്ടുകര, പുറനാട്ടുകര, മുക്കാട്ടുകര, എന്നിവയെല്ലാം സങ്കേതാതിര്‍ത്തിയില്‍പ്പെട്ടതായിരുന്നുവെന്ന് പുത്തേടത്തുരാമമേനോന്‍ പറയുന്നു. കൊട്ടിരാജാവും സാമൂതിരിയും തമ്മില്‍ നടന്നിട്ടുളള എണ്ണമറ്റ യുദ്ധങ്ങള്‍ക്കിടയില്‍ ത്രിശ്ശിവപ്പേരൂരിന് വലിയ പോറലൊന്നും ഏല്‍ക്കാതിരുന്നതിന്റെ പ്രധാനകാരണം തൃശ്ശൂര്‍ ഒരു ക്ഷേത്രസങ്കേതമായിരുന്നവെന്നതാണ്. സാമൂതിരിയുടെ പടയോട്ടങ്ങളെല്ലാം സങ്കേതത്തിന്റെ പടിഞ്ഞാറുഭാഗത്തുകിടക്കുന്ന ചേറ്റുവ മണപ്പുറംവഴിയാണ് നടന്നിട്ടുള്ളത്. വടക്കുംനാഥ ക്ഷേത്രസങ്കേതം അനുഭവിച്ചിരുന്ന ഈ സ്വാതന്ത്ര്യം അവസാനം സങ്കേതത്തിനുതന്നെ വിനയായിഭവിച്ചു. ആദ്യം മുതല്‍ക്കേ സങ്കേതത്തിന്റെ രക്ഷാധികാരി കൊച്ചിരാജാവായിരുന്നു. കാലക്രമത്തില്‍ നമ്പൂതിരിമാരുടെ അഹങ്കാരവും ധിക്കാരവും മൂര്‍ച്ചിക്കുകയും അവര്‍ സാമൂതിരിയുടെ പക്ഷത്തു ചേരുകയും. 1756-ല്‍ തൃശ്ശൂര്‍ ഗ്രാമക്കാരായിരുന്ന നമ്പൂതിരിമാര്‍ സാമൂതിരിയെ ക്ഷണിച്ചുകൊണ്ടുവന്ന തൃശ്ശൂരില്‍ വാഴിച്ചു. അങ്ങനെ അഞ്ചുകൊല്ലക്കാലം സാമൂതിരി തൃശ്ശൂരില്‍ ഭരണം നടത്തുകയുണ്ടായി. കൊച്ചിയും തിരുവിതാംകൂറും തമ്മിലുണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ ചേര്‍ന്ന് 1862ല്‍ സാമൂതിരിയെ തുരത്തുന്നതുവരെ സാമൂതിരിയാണ് ഇവിടെ ഭരണം നടത്തിയിരുന്നത്.
Discussion about this post