Monday, July 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ജടാദര്‍ശനം

by Punnyabhumi Desk
Dec 18, 2012, 05:22 pm IST
in സനാതനം

തിരുമാന്ധാംകുന്ന് ശിവകേശാദിപാദം (ഭാഗം- 8)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍

സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

മിരഭരമകലെയകലുന്നൊരത്തിങ്കളിന്‍

കലകള്‍കലയാര്‍ന്നൊരാ തിരുജടതൊഴുന്നേന്‍

ഗംഗയ്ക്കുശേഷം കാണുന്നതും വര്‍ണ്ണിക്കുന്നതും ചന്ദ്രകാന്തിപുരണ്ട തിരുജടയാണ്. ജടാധരനായേ ശിവസങ്കല്പമുള്ളൂ. കപര്‍ദ്ദമെന്നാണ് ശിവന്റെ ജടയുടെ പേര്. ഗംഗാജലം കൊണ്ടു നിറഞ്ഞത്, ശിരസ്സുമുഴുവന്‍ നിറഞ്ഞത് എന്നെല്ലാം അതിനര്‍ത്ഥം. ജട തപസ്സിന്റെയും ആത്മജ്ഞാനത്തിന്റെയും പ്രതീകമാണ്. അതിനാല്‍ ജടയില്‍ നിന്നേ ഗംഗ ഉദ്ഭവിക്കൂ എന്നുവരുന്നു. ആത്മജ്ഞാനിയായിരിക്കെ ഗംഗാജലം കൊണ്ടു നിറഞ്ഞത്, ശിരസ്സുമുഴുവന്‍ നിറഞ്ഞത് എന്നെല്ലാം അതിനര്‍ത്ഥം. ജട തപസ്സിന്റെയും ആത്മജ്ഞാനത്തിന്റെയും പ്രതീകമാണ്. അതിനാല്‍ ജടയില്‍ നിന്നേ ഗംഗ ഉദ്ഭവിക്കൂ എന്നു വരുന്നു. ആത്മജ്ഞാനിയായിരിക്കെതന്നെ പ്രപഞ്ചമായും പ്രവര്‍ത്തിക്കുന്നവനാകകൊണ്ടു ശിവന്‍ ജടാധരനായിരിക്കുന്നതില്‍ യുക്തിയുണ്ട്.

ഭാരതീയ സംസ്‌കാരത്തിന്റെ സവിശേഷത ശിവന്റെ തിരുജടയില്‍ ദര്‍ശിക്കാം. പാശ്ചാത്യ നാടുകളിലെ സംസ്‌കാരങ്ങളും ഭാരതീയ സംസ്‌കൃതിയും തമ്മിലുള്ള അടിസ്ഥാന വൈഭിന്യങ്ങളിലൊന്നാമത്തേത് അവയുടെ ഉത്പത്തിയെ സംബന്ധിച്ചുള്ളതാണ്. പാശ്ചാത്യ നാടുകളിലെ സംസ്‌കാരങ്ങള്‍ മാറിമാറിവന്ന ഭൗതികസാഹചര്യങ്ങളില്‍ തലമുറകള്‍ ജീവിച്ചുവന്നപ്പോള്‍ ക്രമേണ രൂപപ്പെട്ടുവന്നവയാണ്. ഭൗതികസുഖങ്ങളുടെ ആര്‍ജ്ജനത്തിലുപരി മറ്റൊന്നിലും അവ ശ്രദ്ധയര്‍പ്പിക്കുന്നില്ല. അതിനവലംബിക്കുന്ന മാര്‍ഗ്ഗങ്ങളും പലവിധകാരണങ്ങളാല്‍ അപര്യാപ്തമായിത്തീര്‍ന്നിരിക്കുന്നു. അതിനുവിപരീതമായി ജീവിതത്തിന്റെ പരമലക്ഷ്യം ഇന്ദ്രിയസുഖങ്ങളോ സ്വര്‍ഗ്ഗാനുഭൂതിപോലുമോ അല്ല, മറിച്ച് അതിനെല്ലാമപ്പുറം കുടികൊള്ളുന്ന ആത്മജ്ഞാനലബ്ദ്ധിയാണെന്ന് കണ്ടെത്തിയത് ഭാരതത്തിലെ മനീഷികളാണ്. അതിനുവേണ്ടുന്ന കര്‍മ്മപദ്ധതികളും അവര്‍തന്നെ ആവിഷ്‌കരിച്ചു.

‘ഈശാവാസ്യയിദംസര്‍വം
യത്കിംച ജഗത്യാം ജഗത്
തേനത്യക്തേന ഭഞ്ജീഥാ
മാഗൃഥ കസ്യസ്വിത്ധനം’.

എന്ന ഉപനിഷ്മന്ത്രത്തില്‍ ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവും വ്യക്തമാക്കിയിരിക്കുന്നു. ഇതാണു ഭാരതീയ സംസ്‌കൃതിയുടെ ആധാരശില. ‘തേനത്യക്തേനഭഞ്ജീഥാ’ എന്ന ജീവിത പദ്ധതിയാണ് ഭാരതീയന്റെ സമസ്ത ആചാരാനുഷ്ഠാനങ്ങള്‍ക്കും ഉള്ളിലുള്ളത്. ഭൗതിക കാമനകള്‍ വെടിഞ്ഞ് ഈശ്വരസങ്കല്പത്തോടെ സുഖദുഃഖങ്ങളും ലാഭനഷ്ടങ്ങളും തുല്യമായിക്കണ്ട് പ്രവര്‍ത്തിക്കാനുള്ള ആഹ്വാനമാണത്. ഇങ്ങനെ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടു നൂറുവര്‍ഷം ജീവിച്ചിരിക്കാന്‍ ആഗ്രഹിച്ചുകൊള്‍ക. ഇങ്ങനെ ജീവിക്കുന്നതില്‍ കര്‍മ്മബന്ധമൊന്നും തന്നെ ബാധിക്കുകയില്ല’ എന്നും ഉപനിഷത്ത് തുടര്‍ന്നുവ്യക്തമാക്കുന്നു.

*കൂര്‍വന്നേവേഹ കര്‍മ്മാണി
ജിജീവിഷേത് ശതംസമാഃ
ഏവം ത്വയി നാന്യതേതോfസ്തി
ന കര്‍മ്മ ലിപ്യതേ നരേ. – ഈശാവാസ്യോപനിഷത്.

അങ്ങനെ ജീവിച്ചില്ലെങ്കില്‍ അന്ധതമസ്സുകൊണ്ടുനിറഞ്ഞ അധോലോകങ്ങളിലേക്കു വീണുപോകുമെന്നും മുന്നറിയിപ്പുനല്‍കുന്നു.

*അസൂര്യാ നാമതേ ലോകാഃ
അന്ധേന തമസാവൃതാഃ
താം സ്‌തേ പ്രേത്യാഭിഗച്ഛന്തി
ഏ കേ ചാത്മഹനോജനാഃ    –  ഈശാവാസ്യോപനിഷത്

ഇങ്ങനെ വ്യക്തവും സത്യവുമായ ഒരു ലക്ഷ്യത്തിലെത്തുന്നതിനുവേണ്ടി ശില്പം ചെയ്‌തെടുത്ത ജീവിതക്രമമാണ് ഭാരതീയ സംസ്‌കാരം. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്ന ചതുരാശ്രമവ്യവസ്ഥയും ആശ്രമധര്‍മ്മങ്ങളും ചിട്ടപ്പെടുത്തിയരിക്കുന്നത് അതിനുവേണ്ടിയാണ്. പ്രസ്തുത വ്യവസ്ഥകളുടെ ഉള്ളറകളിലേക്കും ഇറങ്ങിച്ചെന്നന്വേഷിക്കുന്ന ജിജ്ഞാസുവിന് ഇക്കാര്യം പകല്‍പോലെ ത്സടിതി വ്യക്തമാകും. ഗര്‍ഭാധാനം, പുംസവനം, സീമന്തോന്നയനം, ജാതകര്‍മ്മം, നാമകരണം, നിഷ്‌ക്രമണം, അന്നപ്രാശനം, ചൂഡാകര്‍മ്മം, ഉപനയനം, വിദ്യാരംഭം, സമാവര്‍ത്തനം, വിവാഹം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്യാസം, അന്ത്യേഷ്ടി എന്നീ ഷോഡശസംസ്‌കാരങ്ങളുടെ അന്തഃസത്തയും വേറൊന്നല്ല. പടിപടിയായി ജീവനെ പരമാത്മപദത്തിലെയ്ക്കുയര്‍ത്താനുള്ള ഉപാധികളാണവയെല്ലാം. ബ്രഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര വിഭജനവും ലക്ഷ്യമാക്കുന്നത് ഇതാണ്. വര്‍ണ്ണം ജന്മത്തെ ആസ്പദമാക്കിയല്ല ഗുണത്തേയും കര്‍മ്മത്തേയും ആസ്പദമാക്കി നിലനില്‍ക്കുന്നതാണെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നതും അതുകൊണ്ടാണ്.

*ചാതുര്‍വര്‍ണ്ണ്യം മയാസൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ
തസ്യകര്‍ത്താരമപിമാം വിദ്ധ്യകര്‍ത്താരമവ്യയം  –  ഭഗവദ്ഗീത    4-13

ശൂദ്രന്‍ സ്വധര്‍മ്മാചരണത്തിലൂടെ മനസ്സിനുപാകംവന്ന് വൈശ്യനായും ക്ഷത്രിയനായും ബ്രാഹ്മണനായും ഉയരണം. വിശ്വാമിത്രന്റെ കഥ ഇതിനു നല്ലൊരുദാഹരണമാകുന്നു.

ശിവന്‍ ചന്ദ്രശേഖരനാണ്. പതിനാറുകലകളോടു കൂടിയവനാണു ചന്ദ്രന്‍. അതാണു ഇവിടെ സൂചിതമായിരിക്കുന്ന തിങ്കളിന്‍ കലകള്‍. ആ കലകളുടെ സൗന്ദര്യസാരം ഒന്നായിചേര്‍ന്ന ചന്ദ്രക്കലയാല്‍ വിഭൂഷിതമാണ് ആ തിരുജട. തിമിരഭരത്തെ, അന്ധകാരത്തെ, ദൂരീകരിക്കുവാന്‍ ആ ചന്ദ്രക്കലയ്ക്കുള്ള സാമര്‍ത്ഥ്യം ഒന്നുവേറേ തന്നെയാണ്. ശിവന്റെ ശിരസ്സിലണിഞ്ഞിരിക്കുന്ന ചന്ദ്രക്കല അത്യന്തസൂക്ഷ്മമായ പരമാത്മതത്ത്വത്തെ പ്രകാശിപ്പിക്കുന്നു. സ്ഥൂലജഗത്തിലാണ് സ്വാഭാവികമായും ഏതൊരുമനുഷ്യന്റെയും മനസ്സ് അഭിരമിക്കുക. ഭൗതികലോകം സത്യമാണെന്നും താന്‍ ശരീരമാണെന്നുമുള്ള ഭ്രമങ്ങളില്‍ മുഴുകി സുഖാന്വേഷിയായ മനുഷ്യന്‍ സ്ഥൂല വസ്തുക്കളുടെ പിന്നാലെ പായുന്നു. പക്ഷേ നിരന്തരപരിണാമിയും അതുകൊണ്ടുതന്നെ നശ്വരവുമായ ഭൗതികവസ്തുക്കള്‍ ആനന്ദത്തിന്റെ മരീചിക കാണിച്ച് മനുഷ്യനെ ദുഃഖസമുദ്രത്തിലേക്കെറിയുന്നു.

‘നളിനീദലഗതജലമതി തരളം
തദ്വജ്ജീവിതമതിശയചപലം
വിദ്ധിവ്യാദ്ധ്യഭിമാനഗ്രസ്തം
ലോകം ശോകഹതം ച സമസ്തം‘

എന്നു പ്രാപഞ്ചിക സുഖങ്ങളുടെ നശ്വരതയെ മോഹമുദ്ഗരം സ്പഷ്ടീകരിക്കുന്നു. അപ്പോള്‍ ശാശ്വതമായ സുഖമെന്നൊന്നില്ലേ എന്ന ചോദ്യം ഉദിയ്ക്കും, ഉണ്ട്. അതു സ്ഥൂലപദാര്‍ത്ഥങ്ങളിലല്ല. മറിച്ച് അതിനെല്ലാം ആധാരമായിരിക്കുന്ന സൂക്ഷ്മവസ്തുവിലാണു കൂടികൊള്ളുന്നത്. മനസ്സിനെ കുളിര്‍പ്പിക്കുന്ന സൗന്ദര്യസാരം അതിന്റെ സ്വഭാവവിശേഷമാണ്. അതു സത്യവും ശിവവും സുന്ദരവുമാണ്. സത്യശിവസൗന്ദര്യങ്ങളേകീഭവിച്ച പ്രസ്തുത സൂക്ഷ്മവസ്തുവാണ് ചന്ദ്രമണ്ഡലം. അതിന്റെ സ്ഥാനം സഹസ്രാരമാകുന്നു. കുണ്ഡലിനി ഉണര്‍ന്ന് സഹസ്രാരത്തിലെത്തുമ്പോള്‍ അമൃതം പ്രവഹിക്കുന്നത് ഈ ചന്ദ്രമണ്ഡലത്തില്‍ നിന്നാണ്. അതിന്റെ ആവിഷ്‌കാരമാണു ജടയില്‍ തിരുകിയിരിക്കുന്ന ചന്ദ്രക്കല. ശങ്കരന്റെ അര്‍ദ്ധാംഗിനിയായ ആദിപരാശക്തിക്കും തിരുമുടിയില്‍ ചന്ദ്രക്കലയുണ്ടെന്നുള്ളത് ഇവിടെ ഓര്‍മ്മിക്കണം. ആ ചന്ദ്രക്കല ഒന്നു ദര്‍ശിക്കാനായാല്‍ ദുഃഖങ്ങള്‍ പര്യവസാനിച്ചു.

നാദം ബിന്ദു കല എന്നു മൂന്നു തത്ത്വങ്ങള്‍ പ്രപഞ്ച സൃഷ്ടിയുമായി ബന്ധപ്പെട്ട് ആചാര്യന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. നാദം പ്രപഞ്ചത്തിലെ സമസ്ത ശക്തിപ്രവാഹങ്ങള്‍ക്കും ആദിഹേതുവായ ഓങ്കാരമാകുന്നു. അതു സ്പന്ദിച്ചുയരുന്നത് പരമാത്മാവിലാണ്. അതില്‍ നാദം സ്പന്ദിച്ചുയരുന്ന ദേശസങ്കല്പരഹിതമായ ആസ്പദമാണ് ബിന്ദു. നാദത്തിന്റെ ആവിഷ്‌കാരമാണ് കല. ഈ പ്രപഞ്ചം തന്മൂലം കലയാകുന്നു. അതിന്റെ ആനന്ദാത്മകമായ അത്യന്തസൂക്ഷ്മതലമാണ് ബിന്ദുസ്ഥിതമായ അമൃതകല. അതാണു ശിവന്റെ ജടയായിരിക്കുന്ന ചന്ദ്രക്കല.

തിമിരഭരം അന്ധകാരമാകുന്നു. ഭൗതികാന്ധകാരമല്ല ഇവിടെ വിവക്ഷിതം. പ്രപഞ്ചാനുഭവത്തിനുനിദാനമായ സത്സ്വരൂപാജ്ഞാനമാണത്. സച്ചിദാനന്ദ സ്വരൂപനായ പരമാത്മാവിനെക്കുറിച്ചുള്ള പ്രത്യക്ഷാനുഭവമാകുന്നു ജ്ഞാനം. അതിന്റെ അഭാവം അജ്ഞാനം. പരമാത്മാവിനെ മറന്നു പോകുമ്പോഴാണ് തത്സ്ഥാനത്ത് പ്രപഞ്ചം കാണപ്പെടുന്നത്. സത്വം, രജസ്സ്, തമസ്സ് എന്നു മായ അഥവാ മൂലപ്രകൃതിക്ക് മൂന്നു ഗുണങ്ങളുണ്ട്. സൂര്യനസ്തമിക്കുമ്പോള്‍ പരക്കുന്ന അന്ധകാരം പ്രപഞ്ചവസ്തുക്കളെ കണ്ണില്‍നിന്നു മറയ്ക്കുന്നതുപോലെ ഞാന്‍ പരമാത്മാവാണെന്ന സത്യത്തെ നമ്മില്‍നിന്നു മറയ്ക്കുന്ന ഗുണമാണ് തമസ്സ്.

*ഏഷാവൃതിര്‍നാമതമോഗുണസ്യ
ശക്തിര്‍യയാ വസ്ത്വവഭാസതേfന്യഥാ
സൈഷാനിദാനം പുരുഷസ്യ സംസൃതേര്‍-
വിക്ഷേപശക്തേഃ പ്രണവസ്യ ഹേതുഃ
– ശ്രീ ശങ്കരാചാര്യസ്വാമികള്‍, വിവേകചൂഢാമണി – 113

ഇരുട്ടുവീണാലേ കയറുകണ്ടു പാമ്പാണെന്നും തൂണുകണ്ടു ഭൂതമാണെന്നുമൊക്കെ ഭ്രമമുണ്ടാവുകയുള്ളൂ. കാണുന്നവന്റെ ഉള്ളിലിരിക്കുന്ന രജോഗുണമാണ് ഇങ്ങനെ ഇല്ലാത്ത വസ്തുക്കളെ സൃഷ്ടിക്കുന്നത്. അതേവിധം തമസ്സ് പരമാത്മാവിനെ മറയ്ക്കുമ്പോള്‍ വിക്ഷേപശക്തി പ്രവര്‍ത്തിച്ച് ഇല്ലാത്ത പ്രപഞ്ചദൃശ്യങ്ങളെ ഉണ്ടാക്കികാണിക്കുന്നു. ഈ വിക്ഷേപ ശക്തിയാകുന്നു രജോഗുണം

*വിക്ഷേപശക്തീ രജസഃ ക്രിയാത്മികാ
യതഃപ്രവൃത്തിഃ പ്രസൃതാചുരാണീ
രാഗാദയോfസ്യാഃ പ്രഭവന്തിനിത്യം
ദുഃഖാദയോ യേമനസോ വികാരാഃ
– ശ്രീശങ്കരാചാര്യസ്വാമികള്‍, വിവേകചൂഢാമണി – 111

നിര്‍മ്മലമായ ജലം പോലെയും ശുദ്ധമായ കണ്ണാടിപോലെയും പരമാത്മപ്രകാശത്തെ തടയാത്ത ഗുണമാണു സാത്വികം.

*സത്ത്വം വിശുദ്ധം ജലവത്തഥാപി
താഭ്യാം മിലിത്വാ സരണായ കല്പതേ
യത്രാത്മബിംബഃ പ്രതിബിംബിതഃസന്‍
പ്രകാശയത്യര്‍ക്ക ഇവാഖിലം ജഡം
– ശ്രീശങ്കരാചാര്യസ്വാമികള്‍, വിവേകചൂഢാമണി – 117

അതുകൂടിയുണ്ടെങ്കിലേ രജോഗുണത്തിനു പ്രപഞ്ചസൃഷ്ടിചെയ്യാന്‍ സാദ്ധ്യമാവുകയുള്ളൂ. എന്തെന്നാല്‍ അരണ്ടപ്രകാശംപോലുമില്ലാത്ത അന്ധതമസ്സില്‍ കയറുകാണാനാകായ്കയാല്‍ രജ്ജു സര്‍പ്പഭ്രാന്തിയുദിക്കുന്ന പ്രശ്‌നമേയില്ല. സര്‍പ്പഭ്രമമുണ്ടാകാന്‍ എന്തോവളഞ്ഞുപുളഞ്ഞുകിടക്കുന്നു എന്നു കാട്ടിത്തരുന്ന വെളിച്ചം വേണം. രജോഗുണത്തിനു പ്രവര്‍ത്തിക്കാന്‍ സാത്വികഗുണത്തിന്റെ സഹായംകൂടിവേണമെന്നര്‍ത്ഥം. സത്വഗുണമുണ്ടെങ്കിലേ ജ്ഞാനം പ്രകാശിക്കുകയുള്ളൂ. ഇല്ലെങ്കില്‍ ആത്മജ്ഞാനം പോയിട്ടു പ്രപഞ്ചജ്ഞാനംപോലും ഉണ്ടാവുകയില്ല. എന്നാല്‍ സാത്വികഗുണപൂര്‍ണ്ണതയില്‍ ആത്മജ്ഞാനം തടവെന്യേ പ്രകാശിക്കും. അപ്പോഴും പ്രപഞ്ചസൃഷ്ടി സാദ്ധ്യമല്ല. നിറഞ്ഞ സൂര്യപ്രകാശത്തില്‍ രജ്ജൂസര്‍പ്പഭ്രാന്തി ഉണ്ടാവുകയില്ലല്ലോ. അതിനാല്‍ സാത്വികഗുണത്തെ തമസ്സു മലീമസമാക്കണം. അപ്പോള്‍ രജസ്സിനു പ്രപഞ്ചസൃഷ്ടി നിര്‍ബാധം തുടരാം. ഈ അവസ്ഥയാണു അജ്ഞാനം. അതിനെ അകറ്റുന്ന തത്ത്വമാണ് തിരുജടയിലെ തിങ്കള്‍.

ജടയില്‍നിന്നു രൂപംകൊണ്ട ഭാരതീയ സംസ്‌കാരത്തെയും അനുഷ്ഠാനങ്ങളെയും അണുവിടതെറ്റാതെ അനുസന്ധാനം ചെയ്യുന്ന സാധകന്റെ കുണ്ഡലിനി ഉണര്‍ന്ന് അഗ്നിഖണ്ഡത്തെയും സൂര്യഖണ്ഡത്തെയും ഭേദിച്ച് ചന്ദ്രഖണ്ഡത്തിലെ ചന്ദ്രമണ്ഡലത്തിലെത്തുന്നു. അപ്പോള്‍ അജ്ഞാനം പൂര്‍ണ്ണമായും നീങ്ങി ആത്മജ്ഞാനം ലഭിക്കുന്നു. ഇതിനെല്ലാം കാരണം തിരുജടയാണ്. അതാണ് അതിന്റെ മഹത്വം. ജട നമസ്‌കാരമര്‍ഹിക്കുന്നതും അതുകൊണ്ടാകുന്നു. ജടയില്‍നിന്നു പ്രവഹിച്ച വാക്യങ്ങള്‍ അഥവാ ഋഷിവാക്യങ്ങള്‍ അനുസന്ധാനം ചെയ്യാന്‍ വായനക്കാരനു നല്‍കിയിരിക്കുന്ന ആഹ്വാനം കൂടിയാണിത്.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies