ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ മാനവാകാരമാണ് ശ്രീരാമദാസ ആശ്രമ സ്ഥാപകനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍. ഈ ലോകത്തില്‍ അദ്ദേഹത്തിനു പ്രിയപ്പെട്ടവരല്ലാത്തവരായി ആരുമില്ല. എമ്പാടും പരന്നൊഴുകുന്ന ആ സ്‌നേഹധാരയ്ക്ക് ജാതിയോ മതമോ വര്‍ഗ്ഗ-വര്‍ണ്ണ-ഭാഷാ-രാഷ്ട്ര-രാഷ്ട്രീയ ഭേദങ്ങളോ ഇല്ല. വേലിക്കെട്ടുകള്‍കൊണ്ടു വേര്‍തിരിക്കാനാകാത്തതാണ് അവിടുത്തെ ഏകത്വദര്‍ശനം. മനുഷ്യരും മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളും സൂര്യചന്ദ്രനക്ഷത്രാദികളുമെല്ലാം അദ്ദേഹത്തിനു താന്‍തന്നെയായിരുന്നു. ഇവിടെ പലതില്ല ഒന്നു മാത്രമേ ഉള്ളൂ എന്ന പ്രത്യക്ഷാനുഭവമാണ് അതിന്റെ ചൈതന്യം. അതിനാല്‍ സ്‌നേഹത്തിനു മാത്രമേ ആ ഹൃദയത്തില്‍ ഇടമുണ്ടായിരുന്നുള്ളു. സമസ്ത ജീവരാശിയുടെയും ജീവനില്ലാത്തവയെന്നു ഏവരും കരുതുന്ന സൂര്യചന്ദ്രനക്ഷത്രാദികളുടെയും ക്ഷേമ ഐശ്വര്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
വേദതുല്യമെന്നു പ്രസിദ്ധമായ അദ്ധ്യാത്മരാമായണം നിരന്തരം ഉപാസിച്ച് ആത്മാരാമനായിത്തീര്‍ന്ന ആ മഹാഗുരുവിന് ലോകം മുഴുവന്‍ ശ്രീരാമചന്ദ്രന്‍ തന്നെയായിരുന്നു. മനുഷ്യരിലും ജന്തുക്കളിലും പക്ഷിവൃക്ഷാദികളിലും പര്‍വത സമുദ്ര പാഷാണാദികളിലും സൂര്യചന്ദ്രനക്ഷത്രാദികളിലും അദ്ദേഹം രാമനെത്തന്നെ ദര്‍ശിച്ചു. സീതാസമേതനായും ആഞ്ജനേയനാല്‍ സേവിതനായുമാണ് ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ ശ്രീരാമചന്ദ്രനെ കണ്ടിരുന്നത്. രാമന്‍ എല്ലാറ്റിലും ഇരിക്കുന്നതായും എല്ലാ പദാര്‍ത്ഥങ്ങളും രാമനിലിരിക്കുന്നതായും അദ്ദേഹം തിരിച്ചറിഞ്ഞു. അതേ രാമന്‍ തന്നെ സീതാസമേതനായി തന്റെ ഹൃദയകമലത്തിലുമിരിക്കുന്നു. അദ്ധ്യാത്മരാമായണം അഹേരാത്രം വായിച്ച് നിത്യവും ശ്രീരാമചന്ദ്രന് അദ്ദേഹം പട്ടാഭിഷേകം നടത്തി. സ്വന്തം ഹൃദയകമലത്തിലാണ് അദ്ദേഹം പട്ടാഭിഷേകം നടത്താറുള്ളത്. ശ്രീരാമദാസാശ്രമത്തില്‍മാത്രമേ ഈ വിധമുള്ള പൂജയും പട്ടാഭിഷേകവുമുള്ളു. സമസ്ത ജീവരാശിക്കും ജഡപദാര്‍ത്ഥങ്ങള്‍ക്കും സുഖം പകരാനുള്ള മഹാതപസ്സായിരുന്നു അത്. അന്ന് അദ്ദേഹം ഏര്‍പ്പെടുത്തിയ ഈ ആരാധനാപദ്ധതി തൊണ്ണൂറുവര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും അഭംഗുരം തുടരുന്നു. ഗുരുപാദരുടെ പ്രിയശിഷ്യനായ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മഹാസമാധിക്കു ശേഷം പട്ടാഭിഷേകം നടത്തുന്നത് വിഗ്രഹത്തിലാണെന്നേ ഭേദമുള്ളു.
തിരുവനന്തപുരം നഗരത്തിനു വടക്കായി പ്രസിദ്ധമായ ചെമ്പഴന്തി ഗ്രാമത്തിനടുത്ത് ചേങ്കോട്ടുകോണം എന്നൊരു പ്രദേശമുണ്ട്. കാടും മേടും കൃഷിയിടങ്ങളും ജലാശയങ്ങളും നിറഞ്ഞ് സുന്ദരവും സമൃദ്ധവുമായ ഗ്രാമമാണത്. തെങ്ങും കവുങ്ങും നെല്ലും കുരുമുളകും മാവും പ്ലാവുമെല്ലാം തിങ്ങി നൂറുമേനി വിളയിക്കുന്ന ഫലാഡ്യമായ ഭൂമി നാനാജാതി മതസ്ഥരായ കര്‍ഷകകുടുംബങ്ങള്‍ക്കു മാതാവായി പശുക്കള്‍ക്കും പക്ഷി വിശേഷങ്ങള്‍ക്കും ആശ്രയമരുളുന്നത്. നഗരവത്കരണത്തിനിടയ്ക്കും ആരെയും സന്തോഷിപ്പിക്കും. കേരള ചരിത്രത്തിന്റെ ഏടുകളില്‍ അങ്കനം ചെയ്യപ്പെട്ട പ്രാചീന ഗുഹാക്ഷേത്രത്താല്‍ സമലംകൃതമായ മടവൂര്‍പ്പാറ ഈ ഗ്രാമത്തിന് ഗാംഭീര്യം തുളുമ്പുന്ന പശ്ചാത്തലശോഭ പകര്‍ന്നുകൊണ്ടു തലയുയര്‍ത്തിനില്‍ക്കുന്നു.
ഇവിടെയാണ് ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദര്‍ ഭൂജാതനായത്. കൊല്ലവര്‍ഷം 1076-ാമാണ്ട് ധനുമാസം 7-ാം തീയതി വെള്ളിയാഴ്ച (1900 ഡിസംബര്‍ 21) ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തൃക്കേട്ട നക്ഷത്രത്തില്‍ ചന്ദ്രന്‍ വിളങ്ങുമ്പോള്‍ ഞാണ്ടൂര്‍ക്കോണത്തു വീട്ടില്‍ ശ്രീ മാതേവന്‍ പിള്ളയുടെയും പോവറത്തല വീട്ടില്‍ കൊച്ചപ്പി അമ്മയുടെയും രണ്ടാമത്തെ മകനായിട്ടായിരുന്നു അവതാരം. അച്ഛനമ്മമാര്‍ അദ്ദേഹത്തിനു നീലകണ്ഠന്‍ എന്നു പേരിട്ടു. ബാല്യത്തിലേ തുടങ്ങിയ സാധനാ സമ്പ്രദായങ്ങള്‍ യൗവ്വനോദയമായപ്പോള്‍ വേളിമലയിലും മടവൂര്‍പ്പാറയിലുമായി നടത്തിയ കഠിനതപസ്സായി അദ്ധ്യാത്മസാക്ഷാത്കാരമായി ലക്ഷ്യം കണ്ടു. ഇരുപതാമതു വയസ്സില്‍ പതിന്നാലു സെന്റുള്ള പുരയിടത്തില്‍ ആശ്രമസ്ഥാപനം. അറുപത്തഞ്ചാമതു വയസ്സില്‍ മഹാസമാധിയാവുന്നതുവരെ ശ്രീരാമനവമിക്ക് രഥത്തില്‍ അഭിഷേകം നടത്താനായി ഏതാനും മിനിറ്റുകളൊഴിച്ച് ആശ്രമത്തിനു പുറത്തിറങ്ങാത്ത ജീവിതചര്യ. 1965 മെയ് മാസം 26നു ബുധനാഴ്ച ഉത്തരായനവും ശുക്ലപക്ഷ ഏകാദശിയും ചേര്‍ന്ന പുണ്യദിനത്തില്‍ മുന്‍കൂട്ടി പറഞ്ഞപ്രകാരം മഹാസമാധിയായി.
മഹാസമാധിക്കു തെല്ലുമുമ്പായി ഗുരുപാദര്‍ ചുറ്റും തൊഴുകൈകളോടെ നിന്നിരുന്ന ഭക്തജനങ്ങളോടു പറഞ്ഞ വാക്കുകള്‍ പവിത്രമായ ആ ജീവിതത്തിന്റെ മഹാസന്ദേശമാണ്. ”എടോ ഇതൊരു കുടുംബമാണെന്നോര്‍ക്കണം. അമ്മയുടെ അടുത്ത് മക്കള്‍ നില്‍ക്കുമ്പോലെ നിന്നുകൊള്ളണം. എല്ലാവര്‍ക്കും ഉള്ളതിവിടെയുണ്ട്. അവരവര്‍ക്കുള്ളതെടുത്തുകൊള്ളണം. ആനന്ദമായിട്ടിരിക്കിന്‍, എല്ലാം അതില്‍വന്നുചേരും.” ഋഗ് യജു സാമാഥര്‍വാന്തര്‍ഗ്ഗതമായ ഉപനിഷത്തുകളുടെ സാരസര്‍വസ്വമാണ് ഈ വാക്കുകള്‍. പ്രത്യക്ഷനുഭവത്തില്‍ നിന്നു ഉയിര്‍കൊള്ളുന്നവയാണവ. വ്യക്തികളും കുടുംബങ്ങളും രാജ്യങ്ങളും ലോകമാകവേയും, ഇന്നു അഭിമുഖീകരിക്കുന്ന വിഷമതകള്‍ക്കുള്ള പരിഹാരം ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. പ്രഥമ ശ്രവണത്തില്‍ നന്നേ ലളിതമെന്നു തോന്നിക്കുന്ന ഈ ഉപദേശവാക്യങ്ങളില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അര്‍ത്ഥങ്ങള്‍ക്കു ഈ വിശ്വത്തെക്കാള്‍ വ്യാപ്തിയുണ്ടെന്നു മനസ്സിലാകണമെങ്കില്‍ ഗുരുപാദരുടെ ജീവിതം ആവുംവിധം അടുത്തുപഠിക്കണം. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ലളിത മലയാളപദങ്ങളിലുണ്ടായ ഉപനിഷത്തുകളാകുന്നു.
ഈ ലോകം എന്താണെന്നു വ്യക്തമാക്കുന്ന പരമമായ അറിവാണു ഉപനിഷത്. അതിലും വലുതായൊരു സത്യം വേറൊന്നില്ല. ഓരോ മനുഷ്യന്റെയും ഉള്ളിലിരിക്കുന്ന ‘ഞാന്‍’ ആരാണെന്നു അതു വ്യക്തമാക്കിത്തരുന്നു. ‘ഞാനും’ ലോകവും തമ്മിലുള്ള ബന്ധവും സ്പഷ്ടീകരിക്കുന്നു. ജീവിതമെന്താണെന്നും എന്തിനാണു ജീവിതമെന്നും എങ്ങനെയാണു ജീവിക്കേണ്ടതെന്നും ഉപനിഷത്തുകള്‍ പഠിപ്പിക്കുന്നു. വേദങ്ങളിലുള്‍പ്പെട്ട് ഈശാവാസ്യം, കേനം, കഠം തുടങ്ങിയ ഉപനിഷത്തുക്കള്‍ പഠിപ്പിക്കുന്ന പാഠങ്ങള്‍ തെറ്റെന്നു സ്ഥാപിക്കാനോ അബദ്ധമെന്നു നിരാകരിക്കാനോ നാളിതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ആധുനിക ശാസ്ത്രത്തിന്റെ പുതുപുത്തന്‍ കണ്ടെത്തലുകള്‍ ഉപനിഷത് ദര്‍ശനങ്ങളെ ശരിയെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. ഭൗതിക ശാസ്ത്രം ഇന്ന് എത്തിനില്‍ക്കുന്നതു ഉപനിഷത്തുക്കളുടെ പടിവാതില്‍ക്കലാണ്. ഉപനിഷത്തുകളെ പഠിക്കാന്‍വേണ്ടി അല്പസമയമെങ്കിലും വിനിയോഗിക്കാത്തതാണ് പുത്തന്‍യുഗത്തിനു പറ്റിപ്പോയ തകരാറ്. തെല്ലെങ്കിലും ശ്രദ്ധ യുവതലമുറ ഇതില്‍ പതിപ്പിച്ചെങ്കില്‍ സമ്പൂര്‍ണ്ണമായ പുരോഗതിക്ക് അതു സഹായകമായേനെ. ഇതു കാണുന്ന കലാപകലുഷിതമായ ലോകത്തിന്റെ അലകുംപിടിയും മുഖച്ഛായയും ആകെ മാറി പ്രശാന്തരമണീയമായ, പൂര്‍ണ്ണ സമത്വം നിലനില്‍ക്കുന്ന, സമ്പൂര്‍ണ്ണ സാക്ഷരതകൈവരിച്ച, ഭൗതിക പുരോഗതിയുടെ പരകോടിയിലെത്തിയ, ശാസ്ത്രത്തിന്റെ പുത്തന്‍ കണ്ടെത്തലുകളാല്‍ സര്‍വവിധ സമൃദ്ധിയും ഉറപ്പാക്കുന്ന പുതുയുഗം സൃഷ്ടിക്കാനാകുമായിരുന്നു. ഗുരുപാദരുടെ ജീവിതവും വാക്കുകളും ലക്ഷ്യംവയ്ക്കുന്നത് അതാണ്.
ലോകം ഒരു കുടുംബമാണെന്ന മഹാസത്യമാണ് ആദ്യം നമുക്കറിയേണ്ടത്. ഈ അറിവ് എന്നു നമുക്കുണ്ടാകുന്നുവോ അന്നു സര്‍വവും ജീവരാശിക്ക് അനുഗ്രഹമായി മാറും. അതുണ്ടാകാത്തിടത്തോളംകാലം എത്ര വലിയ അനുഗ്രഹത്തെയും മനുഷ്യന്‍ വിപത്താക്കിമാറ്റുകതന്നെ ചെയ്യും. അതാണല്ലൊ ഇന്നു എമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യരാശിയ്ക്കു ലഭിച്ച മഹാ അനുഗ്രഹമാണു ഭൗതികശാസ്ത്രം. രോഗങ്ങളെയും പട്ടിണിയെയും ദൂരീകരിച്ചും ഭൗതികമായ ജീവിത സൗകര്യങ്ങള്‍ അത്ഭുതകരമാംവിധം ഒരുക്കിയും മാനവജീവിതത്തെ മധുരീകരിക്കുന്നതില്‍ ശാസ്ത്രത്തിനു നല്‍കാന്‍ കഴിഞ്ഞ സംഭാവനകള്‍ വലുതാണ്. ഇന്നു നാം കാണുന്ന ഭൗതികമുന്നേറ്റങ്ങള്‍ മുഴുവന്‍ ശാസ്ത്ര സാങ്കേതികവിദ്യകളുടെ വരദാനമാണ്. എങ്കിലും സമൃദ്ധികളുടെ നടുവില്‍ ആനന്ദിക്കാനാകാതെ കരയാനുള്ള ദുര്യോഗം മനുഷ്യന് എങ്ങനെ വന്നുപെട്ടു? ഒരിടത്തു ഭക്ഷ്യധാന്യങ്ങള്‍ കുന്നുകൂടിക്കിടക്കവേ വേറൊരിടത്തു കൂട്ടംകൂട്ടമായി മനുഷ്യര്‍ പട്ടിണികൊണ്ടു മരിക്കുന്നു. സിദ്ധൗഷധങ്ങളാല്‍ മാനവരാശിയുടെ ആയുസ്സുനീട്ടാന്‍ ശേഷി കൈവരിച്ചെന്നു ലോകം അഭിമാനിക്കവേ സംഹാരകായുധങ്ങളും യുദ്ധകോലാഹലങ്ങളും മനുഷ്യരെ കൂട്ടമായി കൊന്നൊടുക്കി ശരാശരി മനുഷ്യായുസ്സിനെ വെട്ടിക്കുറയ്ക്കുന്നു. താമസത്തിനും യാത്രയ്ക്കും വാര്‍ത്താവിനിമയത്തിനും ആഡംബരങ്ങള്‍ക്കും വിനോദോപാധികള്‍ക്കുമെല്ലാം നൂതനസൗകര്യങ്ങള്‍ വര്‍ദ്ധിച്ച് ജീവിതത്തെ രസകരമാക്കവേ ആണവായുധങ്ങളും രാസായുധങ്ങളും ജൈവായുധങ്ങളും കുന്നുകൂടി അധിനിവേശത്തിന്റെ നൂതനതന്ത്രങ്ങള്‍ ജീവന്റെ നിലനില്പിനെത്തന്നെ ഭീഷണിപ്പെടുത്തുന്നു. വൈരങ്ങളും കലാപങ്ങളും മുമ്പെങ്ങുമില്ലാത്തവണ്ണം പെരുകുന്നു. എന്താണ് ഈ വൈരുദ്ധ്യങ്ങള്‍ക്കു കാരണം? ശാസ്ത്രം വളര്‍ന്നെങ്കിലും മനുഷ്യമനസ്സുവളരായ്കതന്നെ. മനസ്സുകൊണ്ട് അവന്‍ തെല്ലും പുരോഗമിക്കാതെ പഴയ കിരാതന്‍ തന്നെയായി തുടരുന്നു. അനുഗ്രഹത്തെ ആപത്താക്കിമാറ്റുന്നത് മനസ്സിനുള്ളിലെ കിരാതനാണ്.
ഇതിനു ഒരു പരിഹാരമേ ഉള്ളു. മറ്റു മനുഷ്യരെയും ജനസമൂഹങ്ങളെയും സംഘടനകളെയും സംസ്‌കൃതികളെയും രാജ്യങ്ങളെയുമെല്ലാം അംഗീകരിക്കാനും ആദരിക്കാനും പഠിക്കല്‍. നാനാത്വങ്ങളെല്ലാം ഒരേ ഏകത്വത്തിന്റെ ആവിഷ്‌കാരങ്ങളാണെന്നു തിരിച്ചറിയല്‍. തന്റെ സുഖങ്ങള്‍ക്കുവേണ്ടി നുള്ളിക്കളയാനുള്ളവയല്ല മറ്റുള്ളവരുടെ ജീവിതങ്ങളെന്നു ഹൃദയത്തിലുറപ്പിക്കല്‍. ”എടോ ഇതൊരു കുടുംബമാണെന്നോര്‍മ്മിക്കണ”മെന്നു ഗുരുപാദര്‍ പറഞ്ഞതിന്റെ പൊരുള്‍ അതാണ്. ലോകം ഒരു കുടുംബമാണ്. വസുധൈവകുടുംബകം എന്ന വൈദിക ഋഷിമാരുടെ സന്ദേശമാണ് ഗുരുപാദരിലൂടെ ഈ യുഗത്തില്‍ വീണ്ടും നാം കേള്‍ക്കുന്നത്. മതത്തിന്റെയും ജാതിയുടെയും സ്ഥാനമാനങ്ങളുടെയും രാഷ്ട്രീയത്തിന്റെയും സംഘടനകളുടെയും രാജ്യങ്ങളുടെയും സാമ്രാജ്യങ്ങളുടെയും അന്തരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മനുഷ്യനെ തമ്മില്‍ തല്ലിച്ചു ചോരചിതറിക്കുന്ന തലതിരിഞ്ഞ പോക്കിനു വിപരീതമാണിത്. അനേകംവ്യക്തികളുടെയും വ്യക്തിത്വങ്ങളുടെയും കൂട്ടായ്മയായ കുടുംബത്തിനുള്ളില്‍ അംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധം എപ്രകാരമാണോ അപ്രകാരം തന്നെയാകണം ലോകവാസികള്‍ തമ്മിലുള്ള സ്‌നേഹബോധമെന്ന് ശ്രീ നീലകണ്ഠഗുരുപാദര്‍ ജീവിച്ചുകാണിച്ചു. പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും ഉദ്‌ബോധിപ്പിച്ചു.
ഇന്നു മാനവരാശി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കും വിഷമതകള്‍ക്കും ഏക മരുന്ന് ലോകം ഒരു കുടുംബമാണെന്ന തിരിച്ചറിവാണ്. ഇവിടെ ആരും ആരുടെയും അധിപതിയോ ആരും ആരുടെയും അടിമയോ അല്ല. അങ്ങനെ ആവുകയോ ആക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയോ അരുത്. ആര്‍ക്കും ആരെയും അടിച്ചമര്‍ത്താനോ കീഴ്‌പ്പെടുത്താനോ അധികാരമില്ല. പരസ്പരം രക്ഷിക്കുകയും സഹായിക്കുകയുമാണ് വ്യക്തികളുടെയും സംഘടനകളുടെയും രാഷ്ട്രങ്ങളുടെയും കര്‍ത്തവ്യം. ഒരു കുടുംബത്തിലെ അംഗങ്ങളെന്നതുപോലെ. അനേകം വ്യക്തികളില്ലാതെ കുടുംബമില്ല. രൂപംകൊണ്ടും സ്വഭാവംകൊണ്ടും കഴിവുകള്‍കൊണ്ടും അവരെല്ലാം ഒരേതരക്കാരായിരിക്കണമെന്നില്ല. വൈവിദ്ധ്യങ്ങളും വൈചിത്ര്യങ്ങളും കുടുംബാംഗങ്ങളുടെ കൂടപ്പിറപ്പുകളാണ്. എങ്കിലെന്ത്? വ്യത്യസ്തകള്‍ക്കെല്ലാമുപരി കുടുംബാംഗങ്ങളെയെല്ലാം ഒന്നാക്കി നിലനിര്‍ത്തുന്ന ഒരു തത്ത്വമുണ്ട്. ഏകത്വബോധത്തില്‍ നിന്നുദിക്കുന്ന സ്‌നേഹബന്ധം. നാനാത്വങ്ങളെല്ലാം ലയിച്ചടങ്ങുന്നത് സമന്വയ ശക്തിയായ സ്‌നേഹത്തിലാണ്. പരസ്പരം അംഗീകരിക്കാനും ആദരിക്കാനും സഹായിക്കുവാനും സേവിക്കുവാനും സ്‌നേഹത്തിന്റെ ദിവ്യതേജസ് പ്രേരിപ്പിക്കുന്നു. കൂട്ടത്തില്‍ ചിലര്‍ക്കുണ്ടാകാവുന്ന കഴിവുകേടുകളെ നിന്ദിക്കാതെയും ചൂഷണത്തിനുള്ള അവസരമാക്കാതെയും സേവനം സമര്‍പ്പിക്കാനുള്ള സന്ദര്‍ഭമാക്കുന്നതു സ്‌നേഹമാണ്. അസമത്വങ്ങള്‍ അസ്തമിക്കുന്നതു സ്‌നേഹത്തിലാണ്. സ്വാര്‍ത്ഥഭാവനകളുടെ കന്മതിലുകള്‍ ഉരുകിപ്പോകുന്നത് സ്‌നേഹത്തിലാണ്. മാത്സര്യങ്ങളും കാലുഷ്യങ്ങളും അസ്തമിക്കുന്നതു സ്‌നേഹത്തിലാണ്. ഐശ്വര്യങ്ങളെല്ലാം പകര്‍ന്നരുളുന്ന ദിവ്യാനുഗ്രഹമാണു സ്‌നേഹം.
ലോകം ഒരു കുടുംബമാണെന്ന തിരിച്ചറിവില്‍ ഇന്ത്യാക്കാരനെന്നും ചീനനെന്നും അമേരിക്കനെന്നും റഷ്യാക്കാരനെന്നും അറബിയെന്നും യൂറോപ്യനെന്നും ആഫ്രിക്കനെന്നും മംഗോളിയനെന്നുമുള്ള സ്വാഭാവിക ഭേദങ്ങള്‍ മത്സരത്തിനും കലഹത്തിനുമുള്ള മാനദണ്ഡങ്ങളാകാതെ സഹകരണത്തിനും സാഹോദര്യത്തിനുമുള്ള ഉപാധികളായി പരിണമിക്കുന്നു. ഭിന്ന രാജ്യങ്ങളും ഭിന്നവര്‍ഗ്ഗങ്ങളും വ്യത്യസ്ത നരവംശങ്ങളും, വിഭിന്ന സംസ്‌കൃതികളും വിവിധ ഭാഷകളും ഗോത്രങ്ങളും ഗോത്രാചാരങ്ങളുമെല്ലാം ഉണ്ടെങ്കിലേ ലോകമെന്ന കുടുംബം പൂര്‍ണ്ണമാകുന്നുള്ളു. അതിനാല്‍ എല്ലാ രാജ്യങ്ങളും എല്ലാ ഭാഷകളും എല്ലാ നരവംശങ്ങളും എല്ലാ സംസ്‌കാരങ്ങളും എല്ലാ മതങ്ങളും എല്ലാ വിശ്വാസപ്രമാണങ്ങളും എല്ലാ ആചാരാനുഷ്ഠാനങ്ങളും നിലനില്‍ക്കുന്നു. തുല്യപദവിയില്‍ സംരക്ഷിക്കപ്പെടണം. ഒരു മനുഷ്യജീവിപോലും വേദനിയ്ക്കുവാന്‍ ഇടവരരുത്. ”എടോ ഇതൊരു കുടുംബമാണെന്നോര്‍ക്കണ”മെന്നു ഗുരുപാദര്‍ മഹാസമാധിക്കു തൊട്ടുമുമ്പ് ഉപദേശിച്ചത് അതിനാലാണ്. ഇന്നു ലോകത്തിനു വേണ്ടത് ഈ ഉപദേശമാകുന്നു.
കുടുംബസങ്കല്പമേകുന്ന സാഹോദര്യബന്ധം മനുഷ്യരില്‍ മാത്രം പരിമിതപ്പെടുത്തിയിട്ടില്ലെന്നതും മറന്നുപോകരുത്. മൃഗങ്ങളും പക്ഷിവൃക്ഷാദികളും സൂര്യചന്ദ്രനക്ഷത്രാദികളും പര്‍വത ശിലാകൂടാദികളുമെല്ലാം ഇതേ കുടുംബത്തിലെ അംഗങ്ങളാണ്. മനുഷ്യര്‍ക്കുള്ള എല്ലാ സ്ഥാനമാനങ്ങളും അവകാശങ്ങളും അവയ്ക്കുമുണ്ട്. ലോകം ഒരു കുടുംബമെന്നു ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദര്‍ പറയുന്നത് ജഡചേതനങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്ന വ്യാപകമായ അര്‍ത്ഥത്തിലാകുന്നു. അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യങ്ങള്‍ സമസ്ത ചരാചരങ്ങളിലേക്കും പരന്നൊഴുകിയതിനു കാരണമിതാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താക്കള്‍ക്കുപോലും ഇത്രയും ഉയര്‍ന്നു ചിന്തിക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. തന്റെ ഉപാസ്യദേവതയായ ശ്രീരാമചന്ദ്രന്റെ കുടുംബത്തിലൂടെ ഇതെല്ലാം അദ്ദേഹം ലോകത്തിനു ഉദാഹരിച്ചു കാണിച്ചിട്ടുണ്ട്. അച്ഛന്റെ സത്യം പരിപാലിക്കാന്‍ തനിക്കവകാശപ്പെട്ടതായ സിംഹാസനവും കിരീടവും വലിച്ചെറിഞ്ഞു കാട്ടിലേക്കു പോകുന്ന ശ്രീരാമചന്ദ്രന്‍. ആരും ആവശ്യപ്പെടാതെതന്നെ സുഖത്തിലും ദുഃഖത്തിലും ശ്രീരാമനെ പിന്‍തുടരുന്ന ലക്ഷ്മണന്‍. അവിചാരിതമായി തനിക്കു കൈവന്ന രാജ്യാധികാരം ജ്യേഷ്ഠന്റെ പാദങ്ങളില്‍ സമര്‍പ്പിക്കുന്ന ഭരതന്‍. അദ്ദേഹത്തെ നിഴലുപോലെ പിന്‍തുടരുന്ന ശത്രുഘ്‌നന്‍. സ്വധര്‍മ്മം പാലിക്കുന്നതില്‍ ആ സഹോദരന്മാരുടെ നിഷ്ഠയെ അനുകൂലിച്ച് ത്യാഗങ്ങളേറ്റെടുക്കുന്ന സീതയും ഊര്‍മ്മിളയും മാണ്ഡവിയും ശ്രുതകീര്‍ത്തിയും ലോകം ഒരു കുടുംബമെന്ന മഹദ്‌വചനത്തിന്റെ പ്രായോഗികത രാമ കുടുംബത്തില്‍ കാണാം. ഈ വിധമുള്ള പരസ്പരസ്‌നേഹം മാനവരാശിക്കുണ്ടാകുമ്പോള്‍ ലോകം സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായി മാറും തീര്‍ച്ച. കലാപങ്ങളെ അവസാനിപ്പിക്കാന്‍ സ്‌നേഹമല്ലാതെ മറ്റൊരുമാര്‍ഗ്ഗമില്ല.
ലോകത്തെ ഒരു കുടുംബമായിക്കണ്ട് എങ്ങനെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യണമെന്ന് കാട്ടിത്തന്ന മഹാപുരുഷനാണ് ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍. ഒന്നാം ലോക മഹായുദ്ധം ലോകത്തെ ആകമാനവും ഭാരതത്തെ വിശേഷിച്ചും തെല്ലൊന്നുമല്ല കഷ്ടതകളില്‍പ്പെടുത്തിയത്. ബ്രിട്ടീഷുകാര്‍ യുദ്ധാവശ്യങ്ങള്‍ക്കായി പണവും വിഭവങ്ങളും ആള്‍ബലവും കണ്ടെത്തിയത് ഇന്ത്യയില്‍ നിന്നായിരുന്നു. തന്മൂലം ദാരിദ്ര്യവും തൊഴിലില്ലായ്മയും പട്ടിണിയും ക്രമാതീതമായി അക്കാലത്തു വര്‍ദ്ധിച്ചു. തുടര്‍ന്നുണ്ടായ രണ്ടാം ലോകമഹായുദ്ധമാകട്ടെ കെടുതികളെ വര്‍ദ്ധിപ്പിച്ചുന്നതില്‍ ലോകറെക്കോര്‍ഡുതന്നെ സ്ഥാപിച്ചു. അധികാരത്തിനും സ്വാര്‍ത്ഥ മോഹങ്ങള്‍ക്കുമായി രാഷ്ട്രാധിപന്മാര്‍ തമ്മിലടിച്ച് ദുരിതം വിതച്ച ആ കാലഘട്ടത്തില്‍ മനുഷ്യജീവിതം എങ്ങനെ ആയിരിക്കണമെന്ന് സ്വന്തം കര്‍മ്മപദ്ധതികളിലൂടെ നിശ്ശബ്ദം ഗുരുപാദര്‍ കാണിച്ചു. തന്റെ നാമധേയത്തില്‍ ഉണ്ടായിരുന്ന വസ്തുവകകള്‍ ഒന്നൊന്നായി വിറ്റ് വിശന്നുവരുന്നവര്‍ക്കെല്ലാം അദ്ദേഹം ആഹാരം നല്‍കി. അനേക വര്‍ഷങ്ങള്‍ തുടര്‍ച്ചയായി നടത്തിയ ഈ മഹായജ്ഞം വസ്തുക്കളെല്ലാം തീരുന്നതുവരെ തുടര്‍ന്നു. ആശ്രമത്തിലെ ഗണപതികോവില്‍ നില്‍ക്കുന്നത് ഗുരുപാദരുടെ അന്നദാനമഹായജ്ഞ ഭൂമിയിലാണ്.
ലോകമാകുന്ന കുടുംബവും വ്യക്തികളാകുന്ന കുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധം അമ്മയും മക്കളും തമ്മിലുള്ള ബന്ധമാണ്. അതിനാല്‍ വ്യക്തികള്‍ പ്രപഞ്ചകുടുംബത്തോടു പെരുമാറേണ്ടത് ആ വിധമാകുന്നു. അമ്മയ്ക്കു മക്കളോടും മക്കള്‍ക്ക് അമ്മയോടുമുള്ള സ്‌നേഹാദരങ്ങളുടെ ഊഷ്മളതയിലാണ് ശ്രേയസ്സു കുടികൊള്ളുന്നത്. അവിടെ സ്വാര്‍ത്ഥമോഹങ്ങളില്ല. മാത്സര്യമോ കാപട്യമോ ഇടം കണ്ടെത്തുന്നില്ല. ജാതികളും മതങ്ങളും തമ്മിലടിക്കാനുള്ള ഉപകരണങ്ങളല്ല മറിച്ച് സഹകരണത്തിനുള്ള ഉപാധികളെന്ന തിരിച്ചറിവ് അവിടെയാണുണ്ടാകുന്നത്. വ്യത്യസ്ത ഭാഷകളും ഗോത്രങ്ങളും വര്‍ഗ്ഗങ്ങളും രാജ്യങ്ങളും തമ്മില്‍ത്തല്ലിനുള്ളവയല്ലെന്നും അപ്പോള്‍ ബോദ്ധ്യമാകും. ചൂഷണങ്ങള്‍ക്കും കൊള്ളകള്‍ക്കും കീഴ്‌പെടുത്തലുകള്‍ക്കും വകയൊരുക്കാനുള്ളവയല്ല വൈവിദ്ധ്യങ്ങള്‍. മറിച്ച് മറ്റുള്ളവര്‍ക്കു പ്രയോജനപ്രദമാംവിധം സ്വന്തം കഴിവുകള്‍ വിനിയോഗിക്കാനുള്ള സംവിധാനമാണത്. അമ്മയുടെ അടുത്തു മക്കള്‍ നില്‍ക്കുംപോലെ ഓരോ മനുഷ്യനും പ്രപഞ്ചത്തിനു മുന്നില്‍ നില്‍ക്കട്ടെ; അപ്പോള്‍ കാണാം അത്ഭുതകരമായ പരിവര്‍ത്തനം.
അനന്തമായ വിഭവസമൃദ്ധിയുടെ കലവറയാണു ലോകം. ഓരോരുത്തരും അര്‍ഹിക്കുന്നതെന്തോ അതു നിര്‍മ്മിച്ചുനല്‍കാന്‍ ലോകമാകുന്ന മാതാവ് എപ്പോഴും ശ്രദ്ധാലുവാണ്. അതു അവരവര്‍ എടുത്തുകൊള്ളുക മാത്രമേ വേണ്ടു. പണവും അധികാരവും പിടിച്ചെടുക്കാന്‍ ഇന്നു നിരന്തരം നടക്കുന്ന പരക്കംപാച്ചില്‍ ആവശ്യമില്ലാത്ത കലാപകോലാഹലങ്ങളാണെന്നു സ്പഷ്ടം. അതിന്റെ ഫലം സുഖമല്ലെന്നു നന്നായറിഞ്ഞിട്ടും ഭൗതിക ചിന്തകളില്‍പ്പെട്ട് പ്രപഞ്ചകുടുംബത്തെ മറന്നുപോയ മനുഷ്യമനസ്സ് അക്രമങ്ങളില്‍നിന്നു പിന്തിരിയുന്നില്ല. വ്യക്തികളുടെ മനസ്സില്‍ സമ്മര്‍ദ്ദം (ടെന്‍ഷന്‍) വര്‍ദ്ധിപ്പിക്കാനും ഭൗതികജഗത്തില്‍ കലാപങ്ങളുളവാക്കാനുമേ അതു പ്രയോജനപ്പെടുന്നുള്ളു. എങ്കിലും അധര്‍മ്മത്തില്‍ നിന്നു പിന്തിരിയാന്‍ അധികം പേര്‍ക്കും തോന്നുന്നില്ല. ലോകം മുഴുവന്‍ കീഴടക്കാന്‍ പുറപ്പെട്ട ചക്രവര്‍ത്തിമാരുടെ യുഗം മുതല്‍ ആക്രമണകാരികളെല്ലാം അപ്പോള്‍ പരാജയപ്പെട്ടതിനു ചരിത്രം സാക്ഷ്യം വഹിക്കുന്നു. അതില്‍നിന്നു പാഠം പഠിക്കണം. തന്റേതല്ലാത്തതൊന്നും ആര്‍ക്കും പിടിച്ചെടുക്കാനാവില്ല. തന്റേതായിട്ടുള്ളത് (പ്രപഞ്ച കുടുംബം തനിക്കായി നിര്‍മ്മിച്ചുനല്‍കിയത്) പിടിച്ചെടുക്കേണ്ട കാര്യവുമില്ല. എടുത്തുകൊണ്ടാല്‍ മതി. അതിമോഹങ്ങള്‍ കലുഷിതമാക്കാത്ത മനസ്സിലേ ആനന്ദമുളമാകൂ. അങ്ങനെ ജീവിക്കുന്നവര്‍ക്ക് എല്ലാം ലഭ്യമായിത്തീരുമെന്ന് ഗുരുപാദര്‍ ഉപദേശിക്കുന്നു. ഈ വാക്കുകള്‍ക്കു സാമൂഹികവും വ്യക്തിപരവും അദ്ധ്യാത്മവുമായ തലങ്ങളിലുള്ള അര്‍ത്ഥവ്യാപ്തി ഇത്രയുംകൊണ്ട് ഒതുങ്ങുന്നില്ല. പരിധികളില്ലാത്ത അറിവിന്റെ സമുദ്രമാണ് ഗുരുനാഥന്‍ ഈ ലളിത പദങ്ങളിലൂടെ പകര്‍ന്നുവച്ചിരിക്കുന്നത്. അതിന്റെ വ്യാഖ്യാനമാണ് ഗുരുപാദരുടെ ജീവിതം.
Discussion about this post