തിരുമാന്ധാംകുന്ന് ശിവകേശാദിപാദം (ഭാഗം- 11)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
മദനകല വെല്ലുവാന്‍ മറുപടി കുലച്ചൊരാ
മഹിതഗുണമെഴും ചില്ലിയുഗളം തൊഴുന്നേന്‍.
മദനകല കാമദേവന്റെ സൗന്ദര്യമാകുന്നു. സൗന്ദര്യത്തിന്റെ കാര്യത്തില്‍ കാമദേവനോടുമത്സരിച്ചു ജയിക്കുന്ന മനോജ്ഞമായ പുരികക്കൊടികളെയാണ് അടുത്തതായി കണ്ടു തൊഴുന്നത്. സൗന്ദര്യ സ്വരൂപനാണ് ശിവന്‍.
* സൗന്ദര്യോത്തരതോfപി സുന്ദരതരം ത്വദ്രൂപമാശ്ചര്യതോ-
പാശ്ചര്യം ഭുവനേനകസ്യ കൂതുകം പുഷ്ണാതിവിഷ്‌ണോര്‍ വിഭോ.
– മേപുത്തൂര്‍ നാരായണഭട്ടതിരി, നാരായണീയം
സ്ഥൂലവും സൂക്ഷ്മവുമായ പ്രപഞ്ചമണ്ഡലങ്ങളില്‍ എവിടെയെല്ലാം സൗന്ദര്യപ്രവാഹം കണ്ടാലും അതു ശിവനില്‍ നിന്നുണ്ടായതാണെന്ന് അറിഞ്ഞുകൊള്ളണം. ഭൗതിക പദാര്‍ത്ഥങ്ങള്‍ക്കു സ്വന്തമായി സൗന്ദര്യമില്ല. റോസാച്ചെടിയുടെ ചുവട്ടിലിടുന്ന ചാണകത്തിനും ചാരത്തിനും സൗന്ദര്യമെന്തിരിക്കുന്നു? എന്നാല്‍ അതു റോസാച്ചെടിയില്‍ പുഷ്പമായി വിടരുമ്പോള്‍ കൈവരുന്ന സൗന്ദര്യം ആ ചെടിയുടെ ജീവകലയില്‍ നിന്നുവന്നതല്ലാതെ വേറൊന്നാകാന്‍ മാര്‍ഗ്ഗമില്ല. ഒരേ ഭക്ഷണം മനുഷ്യനും മൃഗവും കഴിക്കുമ്പോള്‍ അതിനെ അതതിന്റെ ശരീര ഭാഗമായും രൂപാദിഗുണപൂര്‍ണ്ണമായും മാറ്റുന്നത് മനുഷ്യനിലും മൃഗത്തിലുമിരിക്കുന്ന ജീവനല്ലാതെ ഭക്ഷണത്തിലെ കാര്‍ബണും ഹൈഡ്രജനും ഓക്‌സിജനുമല്ലെന്നും വ്യക്തമാണല്ലോ. സൗന്ദര്യം ആത്മാവിന്റെ സ്വരൂപമാണ് ജഡത്തിന്റേതല്ലെന്നു വ്യക്തം. സത്യം ശിവം സുന്ദരം എന്ന ഋഷിവചസ്സിനാസ്പദമതാണ്. ആരുടെ മനസ്സും അപഹരിക്കാന്‍ പോന്നതാണ് കാമദേവന്റെ സൗന്ദര്യമെന്നു പ്രസിദ്ധമാണ്. എങ്കിലും അതു ശിവനില്‍ നിന്നുണ്ടായതാണെന്നു വിസ്മരിക്കരുത്. അതുകൊണ്ട് ശിവനെ സൗന്ദര്യം കൊണ്ടു വെല്ലാന്‍ കാമനു സാധിക്കുകയില്ല.
മദനകലയ്ക്കു കാമകലയെന്നും അര്‍ത്ഥമുണ്ട്. പ്രപഞ്ചത്തിന്റെ നിലനില്പിനായി അതിനെ സൃഷ്ടിക്കുപയുക്തമാക്കിയിരിക്കുന്നു. ഭാരതീയര്‍ കാമത്തെ നിന്ദ്യമായി ഒരിക്കലും കരുതിയിട്ടില്ല. കാമത്തെ പാപമായി പ്രഖ്യാപിച്ചതും ഭാരതീയചിന്തയല്ല. അത്തരം സമീപനം അശാസ്ത്രീയമായ ജീവിതദര്‍ശനങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും കാരണമായിത്തീരുമെന്ന് ഭാരതീയ മനീഷികള്‍ തിരിച്ചറിഞ്ഞിരുന്നു. പ്രപഞ്ചത്തിന്റെ നിലനില്പിനാവശ്യമായ കാമത്തിന്റെ ശാസ്ത്രീയമുഖം മനസ്സിലാക്കി ചതുര്‍വിധ പുരഷാര്‍ത്ഥങ്ങളിലൊന്നായി പണ്ടേയ്ക്കുപണ്ടേ അതിനെ അംഗീകരിച്ചവരാണ് ഭാരതീയര്‍. പക്ഷേ പാശ്ചാത്യ സംസ്‌കൃതിയുടെ സ്വാധീനഫലമായി ഇന്നു പലരും കരുതിയിരിക്കുന്നതുപോലെ കാമം കാമത്തിനുവേണ്ടിയുള്ളതല്ല. അത്തരമൊരു സമീപനം മനുഷ്യമനസ്സില്‍ രജസ്സും തമസ്സും വര്‍ദ്ധിപ്പിച്ച് ജഡത്വമിയറ്റും. അതലവിതലാദികളായ അധോമണ്ഡലങ്ങളില്‍ വീഴുന്നതിന് അതു കാരണമാവുകയും ചെയ്യും. പകരം സൃഷ്ടിയെന്ന ഉദാത്തലക്ഷ്യം മാത്രം മുന്നില്‍കാണുന്ന നിയന്ത്രിതമായ കാമമാണ് ഭാരതീയര്‍ക്ക് അഭിമതം. ധര്‍മ്മത്തിനുവിരുദ്ധമാകരുത് കാമമെന്ന ശാസനത്തിന്റെ പൊരുള്‍ അതാണ്. അങ്ങനെ കാമത്തെ അംഗീകരിക്കുന്നതോടൊപ്പം അതില്‍ വന്നുപെടാവുന്ന ബാഹ്യഭാവത്തെ (ജഡപരതയെ) നശിപ്പിച്ച് ആത്മോന്മുഖമായ ഉദാത്തതലം നല്കുന്ന കൗശലമാണ് മദനകലവെല്ലുവാന്‍ മറുപടി കുലച്ച ചില്ലീയുഗളം.
*കസ്്തരതി കസ്തരതിമായാം? യഃ സംഗം ത്യജ തി,
യോ മഹാനുഭാവം സേവതേ, നിര്‍മ്മമോഭവതി.
– നാരദീയ ഭക്തിസൂത്രം,
കാളിദാസന്റെ അഭിജ്ഞാന ശാകുന്തളവും കുമാരസംഭവവും സുസംസ്‌കൃതവും ജ്ഞാനോന്മുഖവുമായ മദനകലയുടെ പ്രകാശനമാണ്. ആദ്യത്തേത് മനുഷ്യതലത്തില്‍ സംഭവിക്കുന്നതുമെന്നേ വ്യത്യാസമുള്ളൂ. ദുഷ്യന്തനും ശകുന്തളയും പരസ്പരാനുരക്തരായത് പുഷ്പസൗന്ദര്യത്തെപ്പോലും ജയിക്കുന്ന മായികമായ ശരീരസൗന്ദര്യത്താല്‍ ആകൃഷ്ടരായാണ്. മുന്നില്‍ നില്ക്കുന്ന കാമുകന്‍ ഭാരത ചക്രവര്‍ത്തിയായ ദുഷ്യന്തനാണെന്നു ശകുന്ത മനസ്സിലാക്കുന്നതുപോലും ഹൃദയമര്‍പ്പിച്ചു ഏറെ കഴിഞ്ഞശേഷമായിരുന്നു. തീവ്രാനുരാഗലഹരിയില്‍ പരസ്പരപ്രണയത്തിന്റെ മാറ്റുരച്ചു നോക്കാനോ ബന്ധുജനങ്ങളുടെ അനുമതി തേടാനോ അവര്‍ മിനക്കെട്ടില്ല. അങ്ങനെ ചെയ്തുകൂട്ടിയ തെറ്റുകള്‍ തീവ്രമായ വിയോഗവ്യഥയ്ക്കു കാരണമായിത്തീര്‍ന്നു. വേര്‍പാടിന്റെ വേദന അവര്‍ക്കു രണ്ടുപേര്‍ക്കും മനസ്സിനെ പാകപ്പെടുത്തുന്ന ചികിത്സയെയാണ് പരിണമിച്ചത്. ഇപ്പോള്‍ ദുഷ്യന്തന്‍ ചിന്തിക്കുന്നത് ശകുന്തളയുടെ ശാരീരിസൗന്ദര്യത്തെക്കുറിച്ചല്ല. മറിച്ച് കൊട്ടാരത്തില്‍ നിന്നു അധിക്ഷേപിച്ചു പുറത്തിറക്കിവിടുമ്പോഴും തന്നെ ശപിക്കാത്ത അവളുടെ സ്വഭാവ ഗുണത്തെക്കുറിച്ചും തന്നെ ഭസ്മീകരിക്കാത്ത കണ്വപിതാവിന്റെ വാത്സല്യത്തെക്കുറിച്ചുമാണ്. ശകുന്തളയിലും സമാനമായ മാനസികപരിവര്‍ത്തനം നടന്നു കഴിഞ്ഞിരിക്കുന്നു. മാനസികസൗന്ദര്യത്തെ ആസ്പദമാക്കി വളര്‍ന്ന പ്രകാശപൂര്‍ണ്ണമായ പ്രണയത്തിന്റെ ഈ നൂതനമുഖമാണ് ഭാരതീയന്റെ കാമസങ്കല്പം. അതു ആനന്ദൈകപൂര്‍ണ്ണമാണ്. അതാണു അവരുടെ പുനഃസമാഗമം ഹേമകൂടപര്‍വതത്തില്‍ മരീചമഹര്‍ഷിയുടെ ആശ്രമത്തില്‍ വച്ചു നടക്കുന്നതായി കാളിദാസന്‍ ചിത്രീകരിച്ചിരിക്കുന്നത്. സിംഹങ്ങളോടുകളിക്കാന്‍ ബാല്യത്തിലെ കരുത്തുനേടിയ ഭരത രാജകുമാരന്റെ ജനനത്തിനുവേണ്ടത് അതാണ്.
ദേവന്മാരുടെ പിന്‍ബലവും കാമദേവന്റെ സമ്മോഹനാസ്ത്രവുമുണ്ടായിട്ടും ശ്രീമഹാദേവന്റെ ഹൃദയം കവരാന്‍ കഴിയാത്ത പര്‍വതരാജപുത്രിയുടെ കഥയാണ് കുമാരസംഭവം. ശരീരസൗന്ദര്യത്തിന് ആ മഹാതപസ്വിയെ വശീകരിക്കാനാവുകയില്ലെന്നു ബോദ്ധ്യമായ മാത്രയില്‍ കഠിനമായ തപസ്സിലൂടെ ഭഗവാനെ നേടാന്‍ പാര്‍വതി പുറപ്പെട്ടു. എരിയുന്ന പഞ്ചാഗ്നിമദ്ധ്യത്തിലുള്ള തപസ്സ് കലാശിക്കുന്നത് പാര്‍വതീ പരിണയത്തിലാണ്. അവിടെ കാമമെന്നത് അത്യന്തശുദ്ധമായി പരിണിമിച്ചിരിക്കുന്നു. ബാഹ്യസൗന്ദര്യത്താലല്ല തപസ്സുകൊണ്ടാണ് അവര്‍ അന്യോന്യം നേടിയത്. താരകനിഗ്രഹത്തിനുകരുത്താര്‍ജ്ജിച്ച പുത്രോല്പത്തിക്കു ഹേതുവാകാന്‍ അത്രകണ്ടു വിശുദ്ധമായ പ്രണയബന്ധത്തിനേ ശേഷിയുണ്ടാകൂ. ഇതാണ് ഋഷിമാര്‍ ചൂണ്ടിക്കാട്ടുന്ന ഗൃഹസ്ഥാശ്രമ ദര്‍ശനം.
ബ്രഹ്മചര്യത്തെയും വാനപ്രസ്ഥ സന്യാസങ്ങളെയുംപോലെ ഗാര്‍ഹസ്ഥ്യത്തെയും ആശ്രമമെന്നു ആചാര്യന്മാര്‍ വിളിച്ചതിന്റെ പൊരുളിതാണ്. ജീവിതം ഒരു മഹാ വൃക്ഷമാണെങ്കില്‍ അതിന്റെ പേര് ബ്രഹ്മചര്യവും തായ്ത്തടിയും ശാഖകളും ഗാര്‍ഹസ്ഥ്യവും ഇലകളും പുഷ്പങ്ങളും വാനപ്രസ്ഥവും ഫലങ്ങള്‍ സന്യാസവുമാകുന്നു. ഗൃഹസ്ഥാശ്രമമാണ് നാലാശ്രമങ്ങളിലും വച്ച് ഏറ്റവും പ്രയാസമേറിയത്. ബ്രഹ്മചാരിയെയും വാനപ്രസ്ഥനെയും സന്യാസിയെയും താങ്ങിനിറുത്തേണ്ടത് ഗൃഹസ്ഥനാണ്. ഗൃഹസ്ഥന്‍ തന്നിഷ്ടം പോലെ നടക്കാതെ ആശ്രമസ്ഥനായാലേ ഉത്തമപ്രകൃതികളായ ബ്രഹ്മചാരിയെയും വാനപ്രസ്ഥനെയും സന്യാസിയെയും സമൂഹത്തിനു ലഭിക്കൂ. ഗൃഹസ്ഥന്‍ ദുഷിച്ചാല്‍ ശേഷമുള്ള ആശ്രമങ്ങളും പലവിധത്തില്‍ തകര്‍ച്ചനേരിടും. അതിനാല്‍ ഗൃഹസ്ഥാശ്രമം സമൂഹ സംവിധാന വ്യവസ്ഥയില്‍ സുപ്രധാനമാകുന്നു. ഇതിനു ഗൃഹസ്ഥനെ പ്രാപ്തനാക്കുന്നത് അയാളുടെ തന്നെ ബ്രഹ്മചര്യാശ്രമകാലത്തെ പരിശീലനമാണ്. സൂക്ഷ്മമായി പറഞ്ഞാല്‍ ആത്മസാക്ഷാത്കാരംവരെയും മനുഷ്യന്‍ സൂക്ഷിക്കേണ്ട ജീവിതസംസ്‌കാരമാണു ബ്രഹ്മചര്യം. അതു പരമാത്മാവിലേക്കു നയിക്കുന്ന ജീവിത ക്രമമാകുന്നു. കാമത്തെ കയറൂരിവിടാതെ ആത്മസാക്ഷാത്കാരത്തിനും സമൂഹത്തിന്റെ സുസ്ഥിതിക്കും ഉപാധിയാക്കുന്ന കൗശലമാണത്.
അച്ഛന്റെ സത്യം പരിപാലിക്കാന്‍ കാട്ടിലേക്കു പുറപ്പെടുന്ന രാമനോട് തന്നെയും കൊണ്ടുപോകണമെന്ന് അഭ്യര്‍ത്ഥിക്കുന്ന സീതയുടെ വാക്കുകളില്‍ പരിപക്വമായ ഗൃഹസ്ഥാശ്രമ ധര്‍മ്മം ദര്‍ശിക്കാനാകും.
‘യദിത്വം പ്രസ്ഥിതോ ദുര്‍ഗ്ഗം വനമദൈ്യവരാഘവ
അഗ്രതസ്‌തേ ഗമിഷ്യാമി മൃദ്ഗന്തീ കൂശകണ്ടകാന്‍’
‘ശുശ്രൂഷമാണാതേ നിത്യം നിയതാ ബ്രഹ്മചാരിണീ
സഹരംസ്യേ ത്വയാവീര വനേഷു മധുഗന്ധിഷു‘
* വാല്മീകി രാമായണം 2-27-7, 13
[ ‘അല്ലയോ ശ്രീരാമചന്ദ്ര, അങ്ങ് ഇപ്പോള്‍ത്തന്നെ ദുര്‍ഗ്ഗമമായ കാട്ടിലേക്കു പുറപ്പെട്ടുവെങ്കില്‍ (മാര്‍ഗ്ഗത്തിലെ) മുള്ളുകള്‍ ചവിട്ടിമെതിച്ചു മൃദുവാക്കിക്കൊണ്ട് ഞാന്‍ അങ്ങയുടെ മുന്നാലെ നടക്കും. ഞാന്‍ ശമദമങ്ങള്‍പൂണ്ട് ബ്രഹ്മചാരിണിയായി അങ്ങയെ ശുശ്രൂഷിച്ചുകൊണ്ട് തേന്‍മണക്കുന്ന കാറ്റുകളില്‍ അല്ലയോ വീര അങ്ങയോടൊപ്പം ആനന്ദിക്കും.’ ]
സൂക്ഷ്മമാലോചിച്ചാല്‍ ഈ പ്രപഞ്ചത്തില്‍ ദുഷ്ടമായോ പാപ ഭൂയിഷ്ഠമായോ യാതൊന്നുമില്ലെന്നതാണു സത്യം. ഇക്കാണായതെല്ലാം പരമാത്മാവില്‍ നിന്നുണ്ടായതാകയാല്‍ ഒന്നും നീചമാകുന്നില്ല. ഓരോന്നിനും ലോകനന്മയ്ക്കു സംഭാവനചെയ്യാനായി തന്റേതായ ധര്‍മ്മമുണ്ട്. സ്വതന്ത്രബുദ്ധികൈവരിച്ച മനുഷ്യന്‍ അതു മനസ്സിലാക്കി ശ്രദ്ധാപൂര്‍വമായും ശാസ്ത്രീയമായും അവയെ വിനിയോഗിക്കണം. പകരം സ്വന്തം ദൗര്‍ബല്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള ഉപാധിയാക്കിമാറ്റുന്നിടത്ത് എത്ര നല്ലകാര്യവും ദുഷ്ടവും പങ്കിലവുമായിത്തീരും. ദോഷം വസ്തുവിന്റേതല്ല; മനുഷ്യന്റെ സമീപനത്തിലേതാണെന്നു സാരം. എന്തിനെയും പവിത്രമാക്കാന്‍ കെല്പുള്ള സമീപനവൈദ്യമാണ് മദനകല വെല്ലുവാന്‍ മറുപടികുലച്ച ചില്ലീയുഗളം.
Discussion about this post