ചെങ്കല്‍ സുധാകരന്‍
12. ഉലൂഖലബന്ധനം
ഭാഗവതകഥകളില്‍ ‘ഭക്തിരേവ ഗരീയസീ’ എന്ന തത്ത്വം വിളിച്ചോതുന്ന ഒരു വിശിഷ്ടകഥയാണ് ഉലൂഖല ബന്ധനം! ശ്രീകൃഷ്ണ ഭഗവാന്റെ ബാലലീലകളില്‍ ആനന്ദദായിയായ ഒന്ന്.
ഒരിക്കല്‍ യശോദാദേവി തൈര്‍ കടഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍, നന്ദനന്ദനായ ഉണ്ണി കാല്‍ത്തള കിലുക്കിക്കൊണ്ടും ചില നൃത്തച്ചുവടുകള്‍ വച്ചുകൊണ്ടും വെണ്ണയ്ക്കായി യശോദയുടെ അടുത്തെത്തി. അമ്മയെ ആനന്ദിപ്പിക്കാന്‍ പലതരം ചേഷ്ടകള്‍ കാട്ടി. എന്നിട്ട്, ശ്രീകൃഷ്ണന്‍ അമ്മയോട് പുതുവെണ്ണയാചിച്ചു. മധുരമായ സ്വരത്തില്‍ കെഞ്ചി. യശോദ വെണ്ണ നല്‍കാതെ തിളച്ച പാല്‍പാത്രമിറിക്കിവയ്ക്കാന്‍ അടുക്കളയിലേക്കുപോയി. കുപിതനായ കൃഷ്ണന്‍, തൈര്‍കലം എറിഞ്ഞുടച്ചുകളഞ്ഞു.
ഉണ്ണികൃഷ്ണന്റെ വികൃതികണ്ട്, യശോദ അവനെ പിടിക്കാനാഞ്ഞു. കുട്ടിയാകട്ടെ, പിടികൊടുക്കാതെ ഓടിയകന്നു. യശോദ പിന്നാലെ. യോഗിമാര്‍ക്കുപോലും അപ്രാപ്യനായ കൃഷ്ണനെ മാതാവെങ്ങനെ പിടിക്കാനാണ്? എങ്കിലും, ഭക്തപ്രിയനായ ശ്രീകൃഷ്ണന്‍ അമ്മയോടുള്ള സ്‌നേഹത്താല്‍ സ്വയം പിടികൊടുത്തു. കോപിഷ്ഠയായ യശോദ ആ ബാലനെ ഒരു ഉരലിന്മേല്‍ കെട്ടിയിടാന്‍ ശ്രമിച്ചു. പക്ഷേ, എത്ര ശ്രമിച്ചിട്ടും അതിനു കഴിഞ്ഞില്ല. (പുത്രനെ കെട്ടിയിടാന്‍ യശോദ എത്ര കയറുപയോഗിച്ചിട്ടും സാധിക്കുന്നില്ല. കയറ് തികയുന്നില്ല. സ്വല്പം കുറവ്! പരമാത്മാവായ കൃഷ്ണനെ ബന്ധിക്കാന്‍ കയറുകൊണ്ട് സാധിക്കുമോ?) യശോദ കുഴങ്ങി. ഈ കുസൃതിയെ കെട്ടിയിടാനും കഴിയുന്നില്ലല്ലോ എന്നു വ്യസനിച്ചു. വിഷമം മനസ്സിലായ കൃഷ്ണന്‍ അമ്മയ്ക്ക് വഴങ്ങിക്കൊടുത്തു. ഉടന്‍ യശോദ ഉണ്ണിയെ, ഉരലില്‍ ബന്ധിച്ചു. ബദ്ധനായ കൃഷ്ണന്‍ ദുഃഖിതനായി നടിച്ചു.
വിവരമറിഞ്ഞ് ഗോപികമാരോടിയെത്തി. ബദ്ധനായ കൃഷ്ണനെ കണ്ട് അവര്‍ക്ക് ദയ തോന്നി. പേടിച്ചരണ്ടുനില്‍ക്കുന്ന കൃഷ്ണനെ കണ്ട ഗോപികമാര്‍ യശോദയെ ശകാരിച്ചു. ‘ഒരു കലമുടച്ചതിന്, കരുണയില്ലാതെ നീ ഇവനെ കെട്ടിയിട്ടുവോ? കഷ്ടംതന്നെ. ഇവന്‍ ഞങ്ങളുടെ ഗൃഹത്തില്‍ വന്ന് എത്ര കലങ്ങള്‍ പൊട്ടിച്ചിരിക്കുന്നു!’ ഇതുകേട്ട് യശോദാദേവി ലജ്ജിച്ചുപോയി. തന്റെ ആലോചനയില്ലായ്മയില്‍ പശ്ചാത്തപിച്ചു. എങ്കിലും, കൃഷ്ണനെ ഉടന്‍ മുക്തനാക്കിയില്ല. കൃഷ്ണനാകട്ടെ, ഉലൂഖലവും (ഉരലും) വലിച്ചുകൊണ്ട് മുന്നോട്ടുപോയി യമുനാതീരത്തെത്തി.
അവിടെ രണ്ടു മരുതുവൃക്ഷങ്ങള്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഭഗവാന്‍ അവയ്ക്കിടയിലൂടെ ഉരലും വലിച്ചുകൊണ്ട് പോയി. മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഉരലിനെ ആഞ്ഞുവലിച്ചു. ആ ബലത്താല്‍ കൂറ്റന്‍ വൃക്ഷങ്ങള്‍ രണ്ടും വേരിളകി മറിഞ്ഞുവീണു.
അരണിയില്‍നിന്ന് അഗ്നിയെന്നപോലെ, ആ വൃക്ഷങ്ങളില്‍നിന്ന് രണ്ട് ദേവന്മാര്‍, ആവിര്‍ഭവിച്ചു. രണ്ടുപേരും ശ്രീനാഥനെ നമസ്‌കരിച്ചു. മുനി ശാപത്താല്‍ വൃക്ഷങ്ങളായിപ്പോയ കുബേരപുത്രന്മാരായിരുന്നു അവര്‍! ദേവല മഹര്‍ഷിയുടെ ആഗമനവും അദ്ദേഹത്തെ മാനിക്കാത്തതിനാല്‍ തങ്ങളെ മുനി ശപിച്ച് വൃക്ഷങ്ങളാക്കിയ കഥയും അവര്‍ കൃഷ്ണനോടു പറഞ്ഞു. ശ്രീകൃഷ്ണസ്പര്‍ശമുണ്ടാകുമ്പോള്‍ ശാപമോക്ഷം ലഭിക്കുമെന്ന ദേവലാനുഗ്രഹവും ആ കുബേരപുത്രന്മാര്‍ – നളകൂബരനും മണിഗ്രീവനും അറിയിച്ചു. മോക്ഷദനായ ശ്രീകൃഷ്ണനെ പ്രദക്ഷിണം ചെയ്ത് വീണ്ടും വീണ്ടും നമസ്‌ക്കരിച്ചു. ആ യക്ഷകുമാരന്മാര്‍ സ്വദേശത്തേക്കു മടങ്ങി.
വൃക്ഷപാതത്തിന്റെ ശബ്ദംകേട്ട് നന്ദഗോപനും യശോദയും മറ്റു ഗോപന്മാരും അവിടെ ഓടിയെത്തി. കാറ്റുപോലുമില്ലാതെ വൃക്ഷങ്ങള്‍ വീണതെങ്ങനെയെന്ന് കുട്ടികളോടു ചോദിച്ചു. ഉണ്ടായ സംഭവം കുട്ടികള്‍ പറഞ്ഞു. പക്ഷേ, ഗോപന്മാര്‍ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നന്ദഗോപന്‍ തന്റെ പുത്രനെ ഉലൂഖല ബന്ധനത്തില്‍നിന്ന് മുക്തനാക്കി. അനര്‍ത്ഥങ്ങളൊഴിയാന്‍ ദാനധര്‍മ്മാദികള്‍ നടത്തുകയും ചെയ്തു.
ഉലൂഖലബന്ധനകഥയില്‍ ഗര്‍ഗ്ഗാചാര്യര്‍ മഹാഭാഗവതകഥയില്‍ നിന്ന് വലിയ വ്യത്യാസമൊന്നും വരുത്തിയിട്ടില്ല. രണ്ടു ഭാഗവതവും ഒരേ രീതിയില്‍ ഭക്തിമാഹാത്മ്യം ഉദ്‌ഘോഷിക്കുന്നു. ഒരു വ്യക്തിയുടെ അനുക്രമമായ ഭക്തി വര്‍ദ്ധന ഈ കഥയില്‍ നിന്നു മനസ്സിലാക്കാം.
തൈര്‍ക്കലമുടച്ചതിനാലാണല്ലോ യശോദാദേവി ഭഗവാനെ പിടിച്ചുകെട്ടാന്‍ ഭാവിച്ചത്? അവിടം മുതല്‍ ചിന്തിച്ചുനോക്കാം. ഏതാണീ തൈര്‍ക്കലം? മനസ്സുതന്നെ. ഭഗവച്ചിന്തയും ഭൗതികചിന്തയും ഒന്നായിരിക്കുന്നതിന്റെ പ്രതീകമാണ് തൈര്‍ക്കലം! കലം ഭൗതികഭാവവും തൈര്‍ക്കടഞ്ഞുകിട്ടുന്ന വെണ്ണ ഭഗവദ്ഭക്തിയുമാണ്. രണ്ടും ചേര്‍ന്നുള്ള അവസ്ഥയില്‍ ബുദ്ധിിയാകുന്ന കടകോല്‍ ഉപയോഗിച്ച് മഥനം ചെയ്യേണ്ടതുണ്ട്. യശോദ തൈര്‍ കടഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഭഗവാന്‍ അടുത്തെത്തിയത്. സ്വയം ചിന്തിച്ച്, വിവേക പ്രകാശത്താല്‍, ഭഗവാനെ ഭക്തന്‍ കാണുന്നു. ഭക്തപരായണന്‍ വെണ്ണ യാചിച്ചു. അതും യുക്തിഭ്രമമായ കാര്യം തന്നെ. ഭഗവാനെ പ്രേമപൂര്‍വ്വം ഭജിക്കുന്ന ഭക്തന്റെ പ്രേമരസം ഭഗവാന്‍ സദാ കാംക്ഷിക്കുന്നു. അവനെ തന്നോടു ചേര്‍ക്കുന്നതിന് വെമ്പുന്നു.
കലമുടഞ്ഞാലേ കൃഷ്ണനെ പിടിച്ചുകെട്ടാന്‍ യശോദ ഓടുകയുള്ളൂ. ഭൗതികതയെന്ന കലത്തെ കൃഷ്ണന്‍ ഉടച്ചുകളഞ്ഞു. കൃഷ്ണഭക്തിയാല്‍ ഭൗതികചിന്ത ഇല്ലാതായി എന്ന് സാരം! പിന്നീട്, ഭക്തന്‍ മറ്റൊന്നും സാധിക്കുകയില്ല. ഭഗവാന്‍ശരണം എന്ന ഒരേ ഒരു ചിന്തയായിരിക്കും അയാള്‍ക്ക്. ഭക്തിപാശം കൈയിലെടുത്ത് ഈശ്വരനെ ചിത്തേ ബന്ധിക്കാന്‍ വെമ്പിപ്പായുന്നു! ഉരലും മനസ്സിന്റെ പ്രതീകമാണ്. മനസ്സാകുന്ന ഉരലിലാണ് ഭഗവാന്‍ കൃഷ്ണനെ ബന്ധിക്കേണ്ടത്. ഭക്തചിത്തം കൊതിക്കുന്ന കൈവല്യസുഖം അപ്പോഴേ അനുഭവപ്പെടുകയുള്ളൂ!
‘ഹരേരംഘ്രി പദ്‌മേമനശ്ചേന ലഗ്നം
തതഃകിം തതഃകിം തതഃകിം തതഃകിം
(ഹരിപാദത്തില്‍ മനസ്സു മഗ്നമായിട്ടില്ലെങ്കില്‍ പിന്നെന്താണു ഫലം? അതാണു ധന്യത! ഈശ്വരപാദങ്ങളില്‍ മാനസാര്‍പ്പണം! അതിനു കഴിയാത്ത ജീവിതം വ്യര്‍ത്ഥമാണെന്ന് മേല്‍ക്കാണിച്ച വരികളില്‍ ശ്രീശങ്കരന്‍ പറയുന്നു.
വാത്സല്യഭക്തിയാകുന്ന ചരടുകൊണ്ട് സര്‍വ്വാന്തര്യാമിയായ ഭഗവാനെ സ്വാന്തത്തില്‍ ബന്ധിക്കുവാന്‍ ശ്രമിക്കുകയാണ് യശോദ! മഹാസാഗരത്തെ കൈക്കുമ്പിളിലൊതുക്കാനെങ്ങനെ കഴിയും? സ്വാര്‍ത്ഥവും കൂടിച്ചേര്‍ന്നാലോ? ഒരിക്കലും സാധിക്കുകയില്ല! യശോദയുടെ ഭക്തിയില്‍ സ്വാര്‍ത്ഥതയുമുണ്ടായിരുന്നു. തന്റെ പുത്രനാണെന്ന ചിന്ത ഭക്തിയേയും മുന്നിട്ടുനില്‍ക്കുകയായിരുന്നു. അതാണ്, എത്ര ശ്രമിച്ചിട്ടും, യശോദയ്ക്ക് ശ്രീകൃഷ്ണനെ ബന്ധിക്കാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞതിലെ പൊരുള്‍! ബന്ധിക്കണമെങ്കില്‍ രണ്ടംഗുലം ചരടുകൂടിവേണമെന്നായി. ചരടിന് അത്രയും നീളം കുറവ്. ഭക്തിക്ക് സമ്പൂര്‍ണതയുണ്ടായില്ലെന്നതാണതിനര്‍ത്ഥം. മമ എന്ന ഭാവമാണ് ഭക്തിക്ക് കുറവുണ്ടാക്കിയത്. അത് ഭക്തിച്ചരടിന്റെ ദൈര്‍ഘ്യം കുറയ്ക്കുകതന്നെ ചെയ്യും.
ശ്രീകൃഷ്ണഭഗവാന്‍ പരബ്രഹ്മമൂര്‍ത്തിയാണ്. അവിടെ, ഞാന്‍, എനിക്ക്, എന്റേത് എന്നീ ഭാവങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല. ഭൗതികചിന്തയെന്ന തൈര്‍ക്കലം പൊട്ടിയിട്ടും മമതയെന്നഭാവം യശോദയെ (ഭക്തയെ) നന്നേ കുഴക്കി. അതുംകൂടി നീങ്ങിയപ്പോഴേ, ഭഗവാന്‍ യശോദാ മനസ്സില്‍ ബദ്ധനായുള്ളൂ! ഓടിയോടിത്തളര്‍ന്ന് വല്ലവിധത്തിലും കൃഷ്ണനെപിടിച്ച്, ബന്ധിക്കാന്‍ ശ്രമിച്ചിട്ടും കഴിയാതെ നിന്ന യശോദ നന്നേ വിഷമിച്ചു. ഞാനിനി എന്തുചെയ്യേണ്ടൂ ഭഗവാനേ! എന്ന് ചിന്തിച്ചു. തന്റെ ശ്രമവും ബലവും ഫലിക്കാതെ വിഷമിച്ചു. സ്വാര്‍ത്ഥം കുറഞ്ഞു. മമത മാറി. അപ്പോള്‍ ഭഗവാന്‍ യശോദാ ഹൃദയത്തില്‍ (ഉരല്‍) ബദ്ധനായി.
ഞാനെന്നും എനിക്കെന്നും എന്റെ വിലാസങ്ങളെന്നും കരുതുന്നവര്‍ക്ക് ഈശ്വരന്‍ വശീകൃതനാവുകയില്ല. ഭേദചിന്തകളോടുങ്ങിയാലേ ഭക്തി സമ്പൂര്‍ണ്ണമാവൂ! ഭൗതികചിന്തയും മമതാഭാവവും മാറിയ യശോദയ്ക്ക് ശ്രീകൃഷ്ണഭഗവാന്‍ അനുകൂലനായി. വാത്സല്യഭക്തിയാകുന്ന ചരടിനാല്‍ യശോദ, ഭഗവാനെ, തന്റെ മനസ്സാകുന്ന ഉരലില്‍ കെട്ടിയിട്ടു.
അത്യപൂര്‍വ്വമായ ഭക്തിസാധനയുടെ ഒരുഉദാഹരണമാണ് ഈ കഥ! ഉലൂഖലബന്ധനമെന്ന കഥ ഇതുകൊണ്ടുമവസാനിച്ചില്ല. ബദ്ധനായ ശ്രീകൃഷ്ണന്‍ ഉരലും വലിച്ചിഴച്ചുകൊണ്ട് യമുനാതീര്‍ത്തേക്കു നടന്നു. അവിടെ കുബേരപുത്രന്മാര്‍, മുനിശാപത്താല്‍, വൃക്ഷരൂപികളായി നിന്നിരുന്നു. ആ വൃക്ഷങ്ങള്‍ക്കിടയിലൂടെ ഉരല്‍ വലിച്ചുകയറ്റിയപ്പോള്‍ മരങ്ങള്‍ രണ്ടും ഇളകിവീണു. അവയില്‍നിന്ന് ദിവ്യസ്വരൂപികളായ നളകൂബരനും മണിഗ്രീവനും പ്രത്യക്ഷപ്പെട്ടു.
യക്ഷേശ്വരന്‍െ പുത്രന്മാരായ ഇവര്‍ ധനമദത്താല്‍ പുളച്ചുകഴിഞ്ഞവരായിരുന്നു. യൗവ്വനക്കൊഴുപ്പാല്‍ അഹങ്കരിച്ചവരും. അവര്‍ മന്ദാകിനീതീരത്തെ നന്ദനവനത്തില്‍ അപ്‌സരസ്സുകളുമൊത്ത് ആടിപ്പാടി രസിക്കുകയായിരുന്നു. അപ്പോള്‍, അവിടെയെത്തിയ ദേവലമഹര്‍ഷിയെ അവര്‍ ശ്രദ്ധിച്ചില്ല. കോപിഷ്ഠനായ മുനി: ‘നിര്‍ലജ്ജരും വൃക്ഷസമാനരും അഹങ്കാരികളുമായ നിങ്ങള്‍ നൂറുവര്‍ഷം വൃക്ഷങ്ങളായി ഭവിക്കട്ടെ’ എന്നു ശപിച്ചു.
അഹങ്കാരിക്കുണ്ടാകുന്ന അധഃപതനവും പശ്ചാത്താപതപസ്സുകളാല്‍ നേടുന്ന മോക്ഷവും എന്ന സാധാരണകഥ നമുക്കിവിടെ കാണാം. അതിലുമുപരി ചിന്തിച്ചാലോ? കുബേര പുത്രന്മാരുടെ പേരില്‍പോലും അവരുടെ സ്വഭാവം ഒളിഞ്ഞിരിക്കുന്നതുകാണാം. ഒരാള്‍ നളകൂബരനാണ്. നളം നലംതന്നെ, നലമെന്നാല്‍ നന്മ! കൂബരം കുനിഞ്ഞത് (താണത്) എന്നര്‍ത്ഥം! നന്മയ്ക്ക് കൂന് സംഭവിച്ചവന്‍! നന്മകുറഞ്ഞ ആള്‍ എന്നു സാരം! എങ്കില്‍ മണിഗ്രീവനോ? മണിമയമായ ഗ്രീവം (കണ്ഠം) ഉള്ളവന്‍! സുവര്‍ണ്ണമാല്യങ്ങള്‍ കൊണ്ടലംകൃതമായ കണ്ഠമുള്ളവന്‍! ദേഹസൗന്ദര്യത്തിലും ബലത്തിലും വിശ്വസിക്കുന്ന ‘ദേഹോfഹ’ മെന്നഭാവമുള്ളയാളെന്നുസാരം. നളകൂബര മണിഗ്രീവന്മാര്‍ തമോഭാവ രജോഭാവങ്ങളുടെ പ്രതീകങ്ങള്‍! ഇത്തരക്കാര്‍ക്ക് ദേവലന്മാരെ ആദരിക്കാന്‍ തോന്നുകയില്ല! അഹം മാനികളായ വ്യക്തികള്‍ക്ക് മനസ്സില്‍ സദാ ദേവന്‍ ലസിക്കുന്ന, ദേവലന്മാരെ, അനാദരിക്കാനേ കഴിയൂ! ആദരിക്കുന്നില്ലെന്നതോ പോട്ടെ, അവഗണിച്ച് ആക്ഷേപിക്കുകയും ചെയ്യും. അത് അഹമ്മതിയുടെ ഉത്തുംഗശൃഗവിഹാരമാണ്. അത്തരക്കാര്‍ക്ക് പിന്നീടുണ്ടാകുന്നത് അധഃപതനമാണ്, മനിശാപം ആ അധഃപതനത്തെയാണ് പ്രതീകമാക്കുന്നത്.
നളകൂബര-മണിഗ്രീവന്മാര്‍ക്ക്, ശാപംമൂലം, വൃക്ഷജന്മമാണ് ലഭിച്ചത്. വൃക്ഷജന്മം സ്ഥൂലദൃഷ്ടിയില്‍, ശാപമായിത്തോന്നാം. അചരമായി കാലം കഴിക്കുന്നതോര്‍ക്കുമ്പോള്‍. പക്ഷേ, അതൊരനുഗ്രഹമായും കണക്കാക്കാം. പുരാണങ്ങളിലെ മുനിശാപങ്ങളെല്ലാം പുറമേ നിഗ്രഹവും അകമേ അനുഗ്രഹവുമെന്നവിധം എഴുതിപ്പെട്ടിരിക്കുന്നവയാണ്. സ്ഥാവരങ്ങളായ വൃക്ഷങ്ങളെ ശ്രദ്ധിച്ചാലതും മനസ്സിലാക്കാം. ഭൂമിയില്‍ വേരിറക്കി വെള്ളവും വളവും വലിച്ചെടുത്ത് സൂര്യതാപമേറ്റ് ദീര്‍ഘകാലം കഴിഞ്ഞ് പുഷ്പവും ഫലവുമണിഞ്ഞുനില്‍ക്കുന്ന വൃക്ഷങ്ങള്‍ തപോധനന്മാരുടെ പ്രതീകങ്ങളാണ്. ശാപഗ്രസ്തരായി, പശ്ചാത്താപഭരിതരായി ജീവിതം നയിച്ച നളകൂബര-മണിഗ്രീവന്മാര്‍ കഠിനവ്രതങ്ങളിലൂടെ , തപശ്ചര്യകളിലൂടെ നേടിയ അദ്ധ്യാത്മജ്ഞാനസൂനങ്ങളും പരമാനന്ദമാകുന്ന മധുരഫലങ്ങളും അണിഞ്ഞുനില്‍ക്കുന്ന മരങ്ങളാണ്-പുണ്യാത്മക്കളാണ്. കൃഷ്ണസാക്ഷാത്കാരമാകുന്ന സാഫല്യം, അവര്‍ക്കു ലഭിച്ച അനശ്വരമായ ചാരിതാര്‍ത്ഥ്യവുമാണ്.
ഈ കഥ വേറേവിധത്തിലും വ്യാഖ്യാനിക്കാവുന്നതാണ്. നളകൂബര-മണിഗ്രീവന്മാരെ പുണ്യ-പാപങ്ങളായി സങ്കല്പിച്ചാല്‍, കിട്ടുന്ന ആശയം മറ്റൊന്നാണ്. ശ്രീകൃഷ്ണനെ മനസ്സില്‍ ബന്ധിച്ച് നിരന്തരമായി തപസ്സനുഷ്ഠിക്കുന്ന ഭക്തന്മാര്‍ പുണ്യപാപകര്‍മ്മങ്ങളില്‍ ഉപരതിയുള്ളവരായിരിക്കും. അവര്‍ കര്‍മ്മം ചെയ്യുമെങ്കിലും, അര്‍പ്പിത കര്‍മ്മങ്ങളാകയാല്‍, ഫലം, പുണ്യമോ പാപമോ എന്നൊന്നും ശ്രദ്ധിക്കുകയില്ല! ഭേദചിന്തകളാല്‍ ആ വൃക്ഷങ്ങള്‍ കടപുഴകി വീണു പോകുന്നുവല്ലോ? ഈശ്വരനെ ദര്‍ശിച്ച്, എല്ലാം തിരുമുമ്പില്‍ സമര്‍പ്പിച്ച്, അവര്‍ നിതാന്തശാന്തരായി കഴിയും. ‘കര്‍മ്മങ്ങളെല്ലാം വിധിച്ചവണ്ണം പരബ്രഹ്മണിനിത്യേ സമര്‍പ്പിച്ചു ചെയ്യണം’ എന്നതാലോചിച്ച് അതിനെ വിധിയാംവണ്ണം തിരുമുമ്പില്‍ സമര്‍പ്പിച്ച് സ്വധര്‍മ്മം അനുസരിച്ചുകൊണ്ടേയിരിക്കും.
തൈര്‍കലമടിച്ചുടച്ചുതുടങ്ങിയ ഭഗവല്ലീല; നളകൂബര-മണിഗ്രീവന്മാരെ, ശാപമോക്ഷത്തിലാണെത്തിച്ചിരക്കുന്നത്. ലൗകികഭാവം ഉപേക്ഷിച്ച്, ഭഗവത് രതി വളര്‍ത്തി, പുണ്യപാപചിന്തപോലും മറന്ന്, ഏകീ ഭാവത്തോടെ ഭഗവല്ലയം ലക്ഷീകരിച്ച് കഴിയുന്ന ഭക്തിയുടെ രോമഹര്‍ഷണമായ കഥയാണ് ഉലൂഖലലീല! അതറിയാന്‍ ആലോചനാമൃതമായ സൂക്ഷ്മതലങ്ങളിലേക്കു ശ്രദ്ധിക്കണമെന്നുമാത്രം!
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-
ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.
തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.
വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,
വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013, മൊബൈല്‍: 9447089049
പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.
കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,
മാളുബന്‍ പബ്ലിക്കേഷന്‍സ്
ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-
MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: [email protected]
Discussion about this post