ഡോ.അദിതി
സംശുദ്ധയായ ഈ പതിവ്രതാ രത്‌നത്തെ കൊന്നുകളയുവാന്‍ ആജ്ഞാപിച്ചുപോയതില്‍ ഗൗതമന്‍ പശ്ചാത്തപിച്ചു. പശ്ചാത്താപവിവശനായി അയാള്‍ ആശ്രമത്തിലേക്ക് ഓടി. ഗൗതമന്റെ ഈ പശ്ചാത്താപംതന്നെ ആഹല്യക്ക് വിധിച്ചശിക്ഷ അന്യായമാണെന്ന് തെളിയിക്കുന്നു. അവിവേകം കൊണ്ട് ആജ്ഞാപിച്ചുപോയ ശിക്ഷയുടെ ഗൗരവമോര്‍ത്ത് അയാള്‍ ഉരുകി എന്നിട്ട് നിലവിളിച്ചു. ‘ എന്റെ അഹല്യ പാപപങ്കില അല്ല കുറ്റം എന്റേതാണ്. അതിഥിയെ തിരിച്ചറിയാതെ ആതിഥ്യം കൊടുത്തത് ഞാനാണ്. അവളെന്തുപിഴച്ചു? പാപത്തിന്റെ ഒരു പങ്കപ്പാടുമില്ലാത്ത അവളെ ശിക്ഷിച്ച ഞാന്‍ പാപത്തിന്റെ കയത്തിലേക്ക് മുങ്ങുന്നു. അല്ലയോ ഈശ്വരാ! നിരാശയുടെ ആഴിയിലാണ്ടുപോകുന്ന എന്നെ രക്ഷിക്കൂ’ മേല്‍പ്പറഞ്ഞ നിലയില്‍ വഴിനീളെ വിലപിച്ചുകൊണ്ടാണ് അയാള്‍ നടന്നുനീങ്ങിയത്.
കടുത്ത ശിക്ഷ കൊടുക്കുവാനും അല്പസമയം കഴിഞ്ഞ് പശ്ചാപത്തപിച്ച് നിലവിളിച്ചതിന്റെയുമുള്ള മനശാസ്ത്രത്തിലേക്ക് ഒന്നു കണ്ണോടിക്കാം. ഒരാള്‍ക്ക് മറ്റൊരു വ്യക്തിയുടെയോ അല്ലെങ്കില്‍ ഒരുവസ്തുവിനോടുള്ള എന്റേതു മാത്രമാണ് എന്നുളള ഭാവം ഒരു പ്രത്യേക കാരണം എടുത്തുകാട്ടിയോ അല്ലെങ്കില്‍ ഒരു യുക്തികൊണ്ടോ ചിലപ്പോള്‍ വിശദമാക്കാന്‍ പറ്റുകയില്ല. അതു തികച്ചും ഒരു വ്യക്തിയുടെ ആന്തരികകാര്യമാണ്. ‘ അത്യന്തം എന്റേത്’ എന്നു നാം ധരിക്കുന്ന ഒരു വ്യക്തിയുടെയോ വസ്തുവിന്റേയോ ഒരു നോട്ടം കൊണ്ടോ ഒരു സ്പര്‍ശനംകൊണ്ടോ പോലും അന്യന്‍ കളങ്കപ്പെടുത്തുന്നത് സഹിച്ചുകൊടുക്കുകയില്ല. അപ്രകാരത്തിലൊന്ന് സംഭവിച്ചുപോയാല്‍ എന്റേതെന്ന് മാത്രമെന്ന സങ്കല്പത്തിനും വിശ്വാസത്തിനും അവിടെ ക്ഷതം പറ്റുകയും തന്മൂലം ആ സ്വാര്‍ത്ഥി വികാരവിക്ഷോഭങ്ങള്‍ക്ക് അടിമയായി തീരുകയും ചെയ്യുന്നു. അയാളുടെ വികാരതീവ്രതയില്‍ ചിലപ്പോള്‍ അയാള്‍ രാക്ഷസീയഭാവത്തിന് അടിമയായെന്നും വരും. ഈ അവസ്ഥയില്‍ താനിഷ്ടപ്പെടുന്ന വ്യക്തിയെ അല്ലെങ്കില്‍ വസ്തുവിനെ ആര് പങ്കിലപ്പെടുത്തി എന്നതിനുപരി പങ്കിലപ്പെട്ടുപോയത് മാത്രം മനസ്സില്‍ നിറഞ്ഞുനില്‍ക്കും. എത്രമാത്രമാണോ പങ്കിലപ്പെട്ടുപോയതിനോട് സ്വാര്‍ത്ഥതയുണ്ടായിരുന്നത് അത്രയും തന്നെയോ അതില്‍കൂടുതലോ ഇത്തരം അവസരങ്ങളില്‍ അതിനോട് വെറുപ്പുണ്ടായെന്നുവരാം. ഒരിക്കല്‍ തലയില്‍ കയറ്റിവച്ചിരുന്നതാണെങ്കിലും പിന്നെ ചവിട്ടിതേക്കാന്‍ തോന്നും. ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തെ തിരഞ്ഞുനോക്കിയാല്‍ ഇത്തരം സംഭവങ്ങള്‍ കണ്ടെത്താം.
നമുക്കേറ്റവും ഇഷ്ടപ്പെടുന്നൊരു സാധനം ആരെയും തൊടാനനുവദിക്കാതെ നാം സൂക്ഷിക്കുന്നുവെന്നിരിക്കട്ടെ. ആ വസ്തു പൊട്ടിപ്പോകുകയോ പ്രവര്‍ത്തനക്ഷമമല്ലാതാവുകയോ ചെയ്താല്‍ അന്യന്‍ അതിനെ തൊട്ടുനോക്കുന്നതുപോലും സഹിക്കാതിരുന്ന നാം അതിനെ ചവറുകുപ്പയിലേക്ക് വലിച്ചെറിയും. ഇന്നലെ നമുക്ക് അത്യന്തം പ്രീയങ്കരമായിരുന്നത് ഇന്ന് ചവറുകൂനയിലാണ്. മാറിനിന്ന് ചിന്തിച്ചാല്‍ കഷ്ടംതന്നെ. എന്നാല്‍ അങ്ങനെയാണ് ഈ ലോകം. ഇതെന്തിനാ മനുഷ്യന്‍ ചെയ്യുന്നത്. അപരിഹാരമായ ആ നഷ്ടം വലിച്ചെറിഞ്ഞാല്‍ പരിഹരിക്കപ്പെടുമോ? ഇല്ല എന്നത് തീര്‍ച്ചതന്നെ. പിന്നെന്തിനാണ് മനുഷ്യന്‍ സ്വയം ശപിച്ചുകൊണ്ടോ പഴിച്ചുകൊണ്ടോ അതു ചെയ്യുന്നത്. പ്രകൃതത്തില്‍ സംഭവിച്ചതും അതുതന്നെ. ഇതിനുളള ഉത്തരം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഏറ്റവും പരമപവിത്രയായികരുതിയിരുന്ന അഹല്യ പങ്കിലപ്പെട്ടുപോയി എന്ന ചിന്ത ഉണ്ടായപ്പോള്‍ വധിക്കപ്പെടേണ്ടവള്‍ എന്ന് തീര്‍പ്പാക്കി. ഇതിന്റെ പിന്നിലെ ചേതാവികാരം പരിശോധിക്കാം.
ഭാര്യ ഭര്‍തൃബന്ധത്തിന്റെ ദൃഢത ഭാര്യയുടെ പാതിവ്രത്യത്തിലധിഷ്ഠിതമാണ്. ഭാര്യ ഭര്‍ത്താവിനോട് സഹവസിക്കുകയും എല്ലാം ചെയ്യുന്നകാര്യത്തില്‍ ഭര്‍ത്താവിന് തികഞ്ഞ സ്വാര്‍ത്ഥതയുണ്ട്. അവരുടെ ബന്ധത്തെ കോര്‍ത്തിണക്കുന്നതില്‍ ആ സ്വാര്‍ത്ഥതയ്ക്കുള്ള പങ്ക് വേറൊന്നിനുമില്ല. മേല്‍പ്പറഞ്ഞ സഹവാസാദികളില്‍ അന്യനും കൈയുണ്ടെന്നുതോനിയാല്‍ മുമ്പ് സൂചിപ്പിച്ച സ്വാര്‍ത്ഥതയുടെ ദൃഢത ഇല്ലാതാകും. ബന്ധം പൊട്ടിപോകുകയും ചെയ്യാം. ആ ‘സ്വാര്‍ത്ഥത’ വഞ്ചിക്കപ്പെട്ടുപോയാല്‍ അതുമാത്രമേ ഭര്‍ത്താവില്‍ മുന്തിച്ചുനില്‍ക്കൂ. ഇവളതില്‍ കാരണക്കാരിയോ അല്ലയോ എന്ന ചിന്തയ്ക്ക് അവിടെ പ്രസക്തിയുണ്ടായിരിക്കുകയില്ല. തനിക്കു മാത്രമായിരുന്നു അവളിലെ സ്വത്വം. ഇല്ലാതായത് അയാളെ കാര്‍ന്നുതിന്നുണ്ടാകും. അപ്രകാരം ഒരുവനില്‍ ഉണ്ടാകുന്ന നഷ്ടബോധത്തില്‍നിന്ന് ഒരുവന്‍ വിമുക്തനാകണമെങ്കില്‍ ആ നഷ്ടബോധം തന്നില്‍ ഉളവാക്കിയവളെ ഉപേക്ഷിക്കുകതന്നെ വേണം. അല്ലെങ്കില്‍ ആത്മഹത്യചെയ്ത് നഷ്ടബോധത്തിന്റെ അനുഭവത്തില്‍നിന്ന് അയാള്‍ വിമുക്തി നേടേണ്ടിവരും. മേല്‍പറഞ്ഞ രണ്ടു തരത്തിലല്ലാതെ ‘സ്വത്വ’ ഭാവത്തിനള്ള ക്ഷതം തട്ടിയാല്‍ ഉണ്ടാകാവുന്ന മാനസികമായ നിലയില്‍നിന്നും രക്ഷപ്പെട്ടതായി ആരും കണ്ടിട്ടില്ല.
ഗൗതമന്റെ കാര്യത്തില്‍ അത്യന്തം തന്റേതായ അവള്‍ പങ്കിലയായിപ്പോയപ്പോള്‍ ഉണ്ടായ വികാരം, കാരണം കണ്ടുപിടിച്ച് സഹിക്കാനുള്ളതല്ല. മറിച്ച് ആരുപാധിയായിട്ടാണ് ആ ദുഃഖമുണ്ടായത് അതിനെ ഇല്ലാതാക്കുകയോ സ്വയം ഇല്ലാതാകുകയോ തന്നെ. മേല്‍പ്പറഞ്ഞ നിലയില്‍ ഈ സംഭവം അപഗ്രഥിച്ചുനോക്കുമ്പോള്‍ ഗൗതമന്‍ തനിക്കു ദുഃഖം തന്ന ഉപാധിയെ ഉന്മൂലനം ചെയ്ത് തന്റെ സത്ത്വത്തില്‍ വന്നേറ്റ ആഘാതത്തില്‍നിന്നും രക്ഷപ്പെടുകയായിരുന്നു. എന്നാലിവിടെ ന്യായമായും വീണ്ടുമൊരു സംശയം ഉദിക്കുന്നു. കാട്ടിലെത്തിയശേഷം ഇദ്ദേഹം എന്തിന് പശ്ചാത്തപിച്ചു. തലവെട്ടാന്‍ കൊടുത്ത കല്പനയെക്കുറിച്ചോര്‍ത്ത് അയാള്‍ പരിതപിച്ചല്ലോ എന്തിന്? എന്റെ മകന്‍ ശിക്ഷ നടപ്പാക്കാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയല്ലോ എന്തിന്? നികത്താനാകാത്തതാണെന്ന് തോന്നിയിരുന്ന നഷ്ടബോധം ഇപ്പോഴെന്തേ ലാഭബോധമായി മാറിയോ? അല്ല അല്ലേ അല്ല. സംഭവിച്ച നഷ്ടം അപരിഹാര്യം എന്നുപറഞ്ഞാല്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പിന്നെന്താ ഗൗതമന്റെ മനം മാറ്റത്തിന്റെ പിന്നിലുള്ള കാര്യം. ഇത് കാലത്തിന്റെ ഒരു മാസ്മരശക്തിയാണ്. എത്ര കടുത്ത നഷ്ടബോധവും കാലത്തിന്റെ തിരശീലയ്ക്കുപിന്നില്‍ ഒതുങ്ങിപ്പോകും. കാലം കഴുകിക്കളയാത്ത ദുഃഖമില്ല.
കാലം കൊടുത്ത വീണ്ടുവിചാരമാണ് ഗൗതമനില്‍ ഉണ്ടായ പശ്ചാത്താപവും പരിദേവനവും ഭാര്യ നഷ്ടപ്പെട്ടുപോകാതിരിക്കാനുള്ള ആഗ്രഹവും. അല്ലയോ കാലാ! അങ്ങ് മഹാന്മാരിലും മഹാന്‍ തന്നെ. ഏതു നഷ്ടബോധവും പരിഹരിക്കാനുള്ള മാസ്മരശക്തി അങ്ങേയ്ക്കുണ്ട്. മറക്കാനും പൊറുക്കാനും സഹിക്കാനും അങ്ങ് തന്ന ശക്തിക്ക് ഒരായിരം പ്രണാമങ്ങള്‍. ന്യായമായും ഇവിടെ മറ്റൊരു വാദമുഖം ഉയര്‍ന്നുവരുന്നുണ്ട്. പാതിവ്രത്യം നശിച്ചുവെന്നുകരുതി ഇവിടെ ഗൗതമന്‍ അഹല്യയെ ശിരച്ഛേദം ചെയ്യാനുള്ള ഉത്തരവ് അയാളുടെ മകനു തന്നെ കൊടുക്കുന്നു. ഒരാള്‍ കുറ്റംചെയ്തു എന്നു കണ്ടാല്‍ ആ കുറ്റം ആരോപിക്കപ്പെടുന്ന ആളിന് കാര്യം വിശദീകരിക്കാന്‍ ഒരവസരം കൊടുക്കേണ്ടേ? ന്യായമായ നിലയില്‍ ഒരു തീര്‍പ്പുകല്പിക്കുന്നതും യുക്തമായ ശിക്ഷകൊടുക്കുന്നതും അതിനുശേഷമല്ലേ പാടുകയുള്ളൂ. മഹാനായ വ്യാസനെന്തേ അഹല്യക്ക് അതിനുള്ള അവസരം ഒരുക്കാത്തത്. അഹല്യക്ക് താന്‍ ധര്‍മ്മപതത്തിലാണ് എന്നുപറയുവാന്‍ ന്യായമായും കാരണങ്ങളുണ്ടായിരുന്നു. അവള്‍ പറയുമായിരുന്നു. ഗൗതമന്‍ അവളില്‍ നിറഞ്ഞുനില്‍ക്കുകയാണ്, ഒരു കാരണവശാലും അവിടെ വേറൊരാള്‍ക്കും സ്ഥാനമില്ല. ഭൗതികമായ ഈ ശരീരത്തില്‍ ഒരു പങ്കപ്പാട് ഉണ്ടായെങ്കിലും അവളുടെ ആത്മാവ് കളങ്കരഹിതം തന്നെ. ഭൗതികശരീരത്തില്‍ ഉണ്ടായ പങ്കപ്പാടിന് കളമൊരുക്കിയത് ഗൗതമനായിരുന്നല്ലോ? ഗൗതമനല്ലേ അതിഥിയെ വേണ്ടുംവണ്ണം തിരിച്ചറിയാതെ വീട്ടില്‍ താമസിപ്പിച്ചത്. എന്നാല്‍ ഇത്രയും കേള്‍ക്കാന്‍ ആരു നില്‍ക്കുന്നു? ഇവിടെ വ്യാസന്റെ മൗനം അര്‍ത്ഥവര്‍ത്താണ്. അത് പിന്നാലെ വിശദമാക്കാം.
ഗൗതമന്റെ കോപാക്രാന്തമായ ഭാവവും ശിക്ഷവിധിക്കലും പിന്നീടുള്ള തേങ്ങലുമെല്ലാം മനുഷ്യന്റെ മാനസികാവസ്ഥയുടെ പ്രകാരങ്ങളാണ്. ചിരകാരിയിലൂടെ ഗൗതമനെക്കൊണ്ടു ശിരച്ഛേദവിധി കൊടുപ്പിച്ച ഭഗവാന്‍ വ്യാസന്‍ ഗൗതമനു പശ്ചാത്തപിക്കാന്‍ കളമൊരുക്കുകയായിരുന്നു. ചിരകാരി എന്ന പേരുതന്നെ ഏതു കാര്യവും വളരെ സമയമെടുത്തു ചെയ്യുന്നവന്‍ എന്നാണ് അര്‍ത്ഥം. വ്യാസന്റെ ഉദ്ദ്യേശ്യം നടന്നു. ഗൗതമന്റെ പശ്ചാത്താപവും സ്വയം ശപിച്ചുകൊണ്ടു നിലവിളിച്ചതുമെല്ലാം വ്യാസന്റെ ഒരു കണക്കുകൂട്ടലായിരുന്നു. മാനുഷിക ദൗര്‍ബല്യങ്ങള്‍ വെളിപ്പെടുത്തിയിട്ട് പശ്ചാത്താപത്തിലവയെ കഴുകികളഞ്ഞ് ദുരന്തത്തെ ഇവിടെ ഒഴിവാക്കിയിരിക്കുന്നു. ‘അതിഥിദേവോ ഭവ’ എന്നത് സനാതന സംസ്‌കാരം തന്നെ. അതു പാലിക്കേണ്ടതും തന്നെ ഒരു പുഞ്ചിരികൊണ്ട് ഒരാളെ ബഹുമാനിക്കുന്നുവെന്നിരിക്കട്ടെ. ഔചിത്യവും ദേശവും കാലവുമെല്ലാം അവിടെ പരിഹരിക്കേണ്ടിയിരിക്കുന്നു.
ഒരതിഥിയെ സ്വീകരിക്കേണ്ടത് അതിഥിയുടെ സ്ഥാനവും സ്ഥലവും സ്വഭാവവും എല്ലാമറിഞ്ഞുവേണം. അതിഥി സ്വീകരിക്കണമെന്നുപറയുമ്പോള്‍ മേല്‍പ്പറഞ്ഞവ പാടേ ഉപേക്ഷിച്ചുവേണമെന്നില്ല. ഇവിടെ ഗൗതമന് എന്തുപറ്റി. അതിഥിയെ സ്വീകരിക്കുന്നതിനുമുമ്പ് അയാളെ കുറിച്ച് ഉള്‍ക്കൊള്ളേണ്ട കാര്യമൊന്നും ഉള്‍ക്കൊണ്ടില്ല. അപ്രകാരം കാര്യം മനസ്സിലാക്കാതെ ഒരതിഥിയെ സ്വീകരിക്കുന്നത് ആതിഥ്യമര്യാദയല്ല. അന്യായം സ്വീകരിക്കലാണ്. ഇവിടെ അഹല്യയുടെ ഭൗതികശരീരം പങ്കിലപ്പെടാന്‍ കാരണം അന്യായക്കാരനായ അതിഥിയെ ആതിഥേയന്‍ മനസ്സിലാക്കാത്തതാണ്. കുറ്റം ചെയ്ത ഇന്ദ്രന്‍ അതിന് അറിയാതെയെങ്കിലും കളമൊരുക്കിയ ഗൗതമന് വേണമെങ്കില്‍ ശിക്ഷകൊടുക്കാം. അല്ലെങ്കില്‍ മാപ്പാക്കാം. എന്നാല്‍ നിരപരാധിയെ ശിക്ഷിക്കരുത്. വൈകി എങ്കിലും വ്യാസന്‍ അതുപാലിച്ചതില്‍ നമുക്ക് അത് ആശ്വസിക്കാം.
Discussion about this post