പണ്ഡിതരത്നം ഡോ. കെ. ചന്ദ്രശേഖരന്‍ നായര്‍
ആത്മാവും ശരീരത്തിനും തമ്മിലുള്ള ബന്ധമാണ് ഈ ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്നത്. ശരീരനിഷ്ഠമായ സുഖദുഃഖാദികളൊന്നും ആത്മാവിന്റേതല്ലെന്ന് ഇവിടെ സമര്‍ത്ഥിക്കുന്നു.
ഗൃഹവദ് ഗൃഹമേധിനഃ
വിവേകചൂഢാമണി 90
(വീട്ടുടമയ്ക്ക് വീടുപോലെയാണ് ആത്മാവിന് ശരീരം)
ഈ ശരീരമാണ് സകല ലൗകീക സുഖദുഃഖങ്ങള്‍ക്ക് ആശ്രയം. ശരീരം ഒരു വീടുപോലെ എന്നാണ് ശ്രീ ശങ്കരന്റെ അഭിപ്രായം. ഈ ശരീരത്തില്‍ ആത്മാവ് നിവസിക്കുന്നു. അത് ഒരു വീട്ടില്‍ അതിന്റെ ഉടമ താമസിക്കുന്നതുപോലെയാണ്. ശരീരത്തെ ഒരു കാരണവശാലും ആത്മാവായി കണക്കാക്കാന്‍ പാടില്ല എന്ന വേദാന്തതത്ത്വം ഈ ഉദാഹരണത്തില്‍ അടങ്ങിയിരിക്കുന്നു. വീട്ടുടമയും വീടുംപോലെയാണ് ആത്മാവും ശരീരവും. ഒരു വീടിന്റെ ഉടമസ്ഥന്‍ ആ വീട്ടില്‍ താമസിക്കുന്നു. ആ കാരണകൊണ്ട് വിടിനെ വീട്ടുടമസ്ഥന്‍ എന്നു പറയാന്‍ പറ്റുകയില്ലല്ലോ. ഇതുപോലെ ആത്മാവിന്റെ സാന്നിദ്ധ്യം ശരീരത്തിലുള്ളതുകൊണ്ട് ശരീരം ആത്മാവാണെന്ന് പറയാന്‍ പറ്റുമോ? ശാരീരികമായ മാറ്റങ്ങളും സുഖദുഃഖാദികളൊന്നും അതില്‍വസിക്കുന്ന ആത്മാവിനില്ല. വീട്ടുമസ്ഥന്‍ വീടില്ലാത്തതുകൊണ്ട് വീടിന്റെ ഘടനയ്‌ക്കോ സ്ഥിതിക്കോ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ അത് വീട്ടുടമയുടെ മാറ്റമാകുന്നില്ല. ആത്മാവ് ശരീരമായിരുന്നെങ്കില്‍ അതിന് മാറ്റം വരുമായിരുന്നു, ക്ഷയിക്കുന്നു, ചുരുങ്ങുന്നു, നശിക്കുന്നു എന്ന് ആറ് ഭാവഭേദങ്ങളും സുഖദുഃഖാദികളും ഉണ്ടെന്ന് പറയേണ്ടിവരും. അത് സത്യവിരുദ്ധമാകും. അതുകൊണ്ടാണ് വീടും വീട്ടുടമയുംപോലെയാണ് ശരീരവും ആത്മാവും എന്നുപറഞ്ഞത്. വീടിന്റെ ചുമരിടിഞ്ഞാലോ അത് വെള്ളയടിച്ചാലോ അതില്‍ താമസിക്കുന്ന ആള് ഇടിഞ്ഞുപോകുന്നില്ല. വെള്ള പൂശപ്പെടുന്നുമില്ല. ഈ കാരണങ്ങളാല്‍ ലൗകീക സുഖഭോഗങ്ങളും സുഖദുഃഖാദികളും ഒന്നും ആത്മാവിന്റേതല്ല. എന്നു ബോദ്ധ്യമാകും. വീടിന്റെ ഉടമ വീടുപേക്ഷിച്ചുപോകുന്നതുപോലെ ഈ ശരീരത്തെ ആത്മാവിന് ഉപേക്ഷിച്ചുപോകാം. ആത്മാവ് ശരീരമായിരുന്നെങ്കില്‍ അത് സാദ്ധ്യമല്ലല്ലോ. ഒരു ശരീരം വിട്ട ആത്മാവ് മറ്റൊരു ശരീരം സ്വീകരിക്കുന്നു. ഒരു വീടുവിട്ട ആള്‍ മറ്റൊരു വീടു സ്വീകരിക്കുന്നതുപോലെ വീട്ടുടമയും ആത്മാവും വീടിന്റെയും ശരീരത്തിന്റെയും താല്‍ക്കാലിക ഉടമസ്ഥരാണ്. ഈ വീട്ടുടമയും ആത്മാവും വീടിന്റെയും ശരീരത്തിന്റെയും നിര്‍മ്മാതാക്കളും തന്നെ. എന്നാലും അവര്‍ വീടോ ശരീരമോ അല്ല.
ഈ ഉദാഹരണത്തില്‍ ജീവാത്മാവിന്റെ വാസസ്ഥലമായ ശരീരം വീട്ടുടമസ്ഥന്റെ വീടുപോലെയാണ്. എന്നു പറഞ്ഞത്. ആത്മാവ് ശരീരത്തില്‍ ഭീന്നമാണെന്ന് കാണിക്കാനാണ്. വീടിന്റെ അസ്ഥി തുടങ്ങിയ ആറ് ഭാവങ്ങള്‍ വീട്ടുടമയ്ക്കില്ല. വീട്ടുടമസ്ഥന്‍ വീടിനെ ആത്മത്യേന കരുതുന്നുമില്ല. ഇതുപോലെ ശരീരം തന്റെതാണെന്ന അഭിമാനം ആത്മാവിനില്ലാത്തതുകൊണ്ട് ശരീരത്തിന്റെ ജനമരണാദികള്‍ ആത്മാവ് തന്റേതാണെന്ന് കരുതുന്നില്ല. ഇപ്രകാരം സുഖദുഃഖാദികള്‍ ആത്മാവിനില്ല. എന്ന വേദാന്തതത്ത്വം ലൗകീകോദാഹരണസഹിതം വ്യക്തമാക്കിത്തരുന്നു.
Discussion about this post