നിഷ്‌ക്രമണ സംസ്‌കാരം
സ്വാമി പരമേശ്വരാനന്ദ സരസ്വതി
ശിശുവിന്റെ ജനനശേഷം മൂന്നാമത്തെ ശുക്ലപക്ഷ തൃതിയിലോ നാലാം മാസത്തില്‍ ശിശുവിന്റെ ജന്മതിഥിയിലോ സൂര്യോദയ സമയം തെളിഞ്ഞ അന്തരീക്ഷത്തില്‍ ശിശുവിനെ വീട്ടിനകത്തുനിന്ന് പുറത്ത് നല്ല വായുസഞ്ചാരമുള്ള സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോയി പ്രകൃതിദര്‍ശനം നടത്തിക്കുന്നതിന് ഈശ്വരാരാധനാപൂര്‍വ്വം ചെയ്യുന്ന കര്‍മ്മമാണ് നിഷ്‌ക്രമണ സംസ്‌കാരം. ഗൃഹാന്തര്‍ഭാഗംവിട്ട് സഞ്ചരിക്കുന്നതിനും പ്രകൃതിയിലെ സദംശങ്ങളെ അനുകൂലമാക്കുന്നതിനും ശിശുവിനെ സചീകരിക്കുന്നതാകുന്നു ഈ കര്‍മ്മത്തിന്റെ ഉദ്ദേശ്യം.
കര്‍മ്മത്തിനായി പങ്കെടുക്കുന്നതിനായിവന്ന ബന്ധുമിത്രാദികള്‍ യജ്ഞവേദിയുടെ ചുറ്റുമിരിക്കെ ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച് മാതാവ് എടുത്തുകൊണ്ടുവരികയും മാതാവും പിതാവും യജ്ഞവേദിയുടെ പടിഞ്ഞാറുവശത്ത് പൂര്‍വ്വാഭിമുഖമായി ഇടത്തും വലത്തുമായിരുന്ന് ഈശ്വരപ്രാര്‍ത്ഥന, ഹോമം, സ്വസ്തിവചനം മുതലായവ യഥാവിധി അനുഷ്ഠിക്കുകയും ചെയ്തിട്ട് ശിശുവിനെ ശിരസ്സില്‍ സ്പര്‍ശിച്ചുകൊണ്ട് ഈ മന്ത്രം ചൊല്ലണം.
ഓം അംഗാദ ഗാത് സംഭവസി ഹൃദയാദധിജായസേ
ആത്മാ വൈ പുത്രനാമാസി സജീവ ശരദഃശതം
ഓം പ്രജാപതേഷ്ട്വാ ഹിംഗാരേണാവജിഘ്രാമി
സഹസ്രായുക്താസൗ ജീവ ശരദഃശതം
ഗവാം ത്വാഹിങ്കരേണാവജിഘ്രാമി
സഹസ്രായുഷാസൗ ജീവ ശരദഃശതം
അനന്തരം മാതാവിന്റെ കൈയ്യില്‍ ശിശുവിനെ കൊടുത്തിട്ട് പിതാവ് മാതൃശിരസ്സില്‍ മൗനമായി സ്പര്‍ശിക്കുകയും പിന്നീട് ശിശുവിനെയും എടുത്തുകൊണ്ട് ഇരുവരും പ്രസന്നതാപൂര്‍വ്വം ആദിത്യന് അഭിമുഖമായി നിന്ന് കുഞ്ഞിനെ ആദിത്യദര്‍ശനം ചെയ്യിക്കുകയുംവേണം. അപ്പോള്‍ ചൊല്ലുന്നമന്ത്രം.
ഓം തച്ചക്ഷുര്‍ദ്ദേവഹിതം പുരസ്താച്ഛുക്രമുച്ചരത്
പശ്യേമ ശരദഃ ശതം, ജീവേമ ശരദഃ ശതം
പ്രബ്രവാമ ശരദഃ ശത ദമീനൗഃസ്യാമ
ശരദഃ ശതം ഭൂയശ്ച ശരദഃ ശതാത്
ഇങ്ങനെ മന്ത്രോച്ഛാരണപൂര്‍വ്വം വായുസഞ്ചാരമുള്ള വെളിസ്ഥലത്ത് അല്പനേരം ഉലാത്തിയിട്ട് മടങ്ങി യജ്ഞവേദിക്ക് അടുത്തുവരുമ്പോള്‍ അവിടെകൂടിയിരിക്കുന്നവരെല്ലാം ചേര്‍ന്ന് ‘യുക്തം ജീവ ശരദഃ ശതം വര്‍ത്തമാന’ എന്ന മന്ത്രോച്ഛാരണപൂര്‍വ്വം ശിശുവിനെ ആശീര്‍വദിക്കണം. പിന്നീട് പുരോഹിതപ്രഭാഷണവും സംസ്‌കാരകര്‍മ്മത്തില്‍ പങ്കെടുത്തവര്‍ക്ക് സല്‍ക്കാരവും നടത്തണം. അന്നു വൈകുന്നേരം ചന്ദ്രന്‍ ഉദിച്ച് പ്രകാശിക്കുമ്പോള്‍ മാതാപിതാക്കള്‍ ശിശുവിനെ എടുത്തുകൊണ്ട് വീട്ടിന്റെ പുറത്തുവന്ന് മാറിമാറിവന്ന് കൈയില്‍ ജലമെടുത്ത് ചന്ദ്രനെ നോക്കി
ഓം യദദശ്ചന്ദ്രമസി കൃഷ്ണം
പൃഥിവ്യാഹൃദയം ശ്രിതം
തദഹം വിശ്വാസ്തത് പശ്യ
ന്മാഹം പൗത്രമഘംതദം.
എന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം ജലം ഭൂമിയില്‍ പ്രോഷിക്കുകയും ശിശുവിനെ ചന്ദ്രദര്‍ശനം നടത്തിക്കുകയും വേണം.
Discussion about this post