യോഗാചാര്യ എന്‍ .വിജയരാഘവന്‍
യോഗനിദ്ര എന്ത്?
ഇന്നത്തെ തലമുറയിലെ മനുഷ്യന്‍ നേരിടുന്ന വളരെ ഗൗരവമുള്ള പ്രശ്‌നമാണ് മാനസിക സംഘര്‍ഷം. നിരന്തരമായി പ്രശ്‌നങ്ങളാല്‍ സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവരുന്നതിനാല്‍ മനുഷ്യന് ഒട്ടധികം രോഗങ്ങള്‍ പിടിപെടുന്നു. ഇന്നു കാണുന്ന മിക്ക രോഗങ്ങളുടെയും (പ്രമേഹം, രക്തസമ്മര്‍ദ്ദം, ആസ്തമ, ദഹനക്കേട്, ത്വക് രോഗങ്ങള്‍ തുടങ്ങിയവ) പ്രധാനകാരണം മാനസിക അസ്വസ്ഥതയാണെന്ന് ആധുനിക വൈദ്യശാസ്ത്രം പോലും സമ്മതിച്ചിരിക്കുകയാണ്.
യോഗനിദ്ര ക്രമാനുസൃതമായി അഭ്യസിക്കുന്നതിലൂടെ ഒരു മനുഷ്യന്‍ മാനസിക അസ്വസ്ഥതയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്നാണ് യോഗശാസ്ത്രം പറയുന്നത്.
ബോധപൂര്‍വ്വമുള്ള ഉറക്കത്തെയാണ് യോഗനിദ്ര എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രണ്ട് ശക്തികേന്ദ്രങ്ങളാണ് ഉപബോധമനസ്സും, അബോധമനസ്സും. മനസ്സിന്റെ ഈ അഗാധ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ യോഗനിദ്രയ്ക്കുള്ള കഴിവ് അപാരമാണ്.
നിങ്ങള്‍ എന്താജ്ഞാപിച്ചാലും ഉടന്‍തന്നെ അത് പ്രാവര്‍ത്തികമാക്കുന്ന അനുസരണയുള്ള ഒരു ശിഷ്യനെപ്പോലെയാണ് ഉപബോധമനസ്സ്. ഈ ഉപബോധമനസ്സിനെ യോഗനിദ്രയിലൂടെ പരിശീലിപ്പിച്ചെടുത്താല്‍ സാധാരണ മനസ്സും ബുദ്ധിയും അടങ്ങിയ ബോധമനസ്സ് അതിനെ പിന്‍തുടര്‍ന്നോളും. ഇന്ദ്രിയങ്ങളുടെ അറിവിനെ ആശ്രയിച്ച് മാത്രം ജീവിക്കുന്നതുകൊണ്ടാണ് മനുഷ്യന്‍ ദുര്‍ബലനാകുന്നത്.
യോഗനിദ്രയിലൂടെ മനസ്സിന്റെ അഗാധതലങ്ങളിലേക്കുള്ള കവാടം തുറന്നാല്‍ മനുഷ്യന് പരിപൂര്‍ണ്ണ വിശ്രമം ലഭിക്കുമെന്നു മാത്രമല്ല അവന് നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമയാകാനും സാധിക്കും. ബോധപൂര്‍വ്വമോ അല്ലാതെയോ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ അനുഭവങ്ങളേയും ഉപബോധമനസ്സ് സൂക്ഷിച്ചുവയ്ക്കുന്നു. നമ്മുടെ മസ്തിഷ്‌കത്തിലുള്ള അതീന്ദ്രിയ ശക്തികേന്ദ്രങ്ങള്‍ ചിലപ്പോള്‍ യോഗനിദ്ര ചെയ്യുമ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് വരാം.
യോഗനിദ്രയില്‍ മനസ്സിനെ ഏകാഗ്രതപ്പെടുത്തിവയ്‌ക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ ഒരു അദ്ധ്യാപകനില്‍നിന്നും യോഗനിദ്ര അഭ്യസിക്കുകയാണെങ്കില്‍ ചിലപ്പോള്‍ നിങ്ങളുടെ മനസ്സ് അദ്ധ്യാപകന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടാവില്ല. എന്നാല്‍ അങ്ങനെ മനസ്സ് വഴുതിപ്പോകുന്നതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. കാരണം അപ്പോള്‍ ബോധമനസ്സ് വഴിമാറിക്കൊടുക്കുകയായിരിക്കും.
യോഗശാസ്ത്രപ്രകാരം യോഗനിദ്ര രാജയോഗത്തിന്റെ ഒരു ഭാഗമായ പ്രത്യാഹാരത്തിന്റെ ഒരു രീതിയാണ്. യോഗനിദ്രയുടെ ഉയര്‍ന്ന ഘട്ടത്തിലെത്തിയാല്‍ അതായത് നമ്മുടെ ശ്രദ്ധ ബാഹ്യലോകത്തുനിന്ന് കൂടുതലായി വിട്ടുകഴിഞ്ഞാല്‍ അല്ലെങ്കില്‍ നമുക്ക് പരിപൂര്‍ണ്ണവിശ്രമം ലഭിച്ചുകഴിഞ്ഞാല്‍ ധ്യാനത്തിലും സമാധിയിലും എത്തിച്ചേരാന്‍ നമുക്ക് സാധിക്കും.
നാം യോഗനിദ്ര ചെയ്യുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ മനസ്സിനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കേന്ദ്രീകരിക്കുകയാണെങ്കില്‍ മനഃപൂര്‍വ്വമല്ലാതെ നാം മനസ്സിനെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് യേശുവിനേയോ ബുദ്ധനേയോ നിങ്ങളുടെ ഗുരുവിനേയോ ആരെവേണമെങ്കിലും സങ്കല്പിക്കാം. വ്യക്തികള്‍ക്ക് പകരം ഏതെങ്കിലും വസ്തുക്കളുടെ രൂപവും മനസ്സില്‍ സങ്കല്പിക്കാം.
യോഗനിദ്രയില്‍ നിങ്ങളുടെ ദിനചര്യയെക്കുറിച്ചുള്ള ഒരു പഠനം നടത്തുന്നത് നല്ലതാണ്. ആദ്യം നിങ്ങള്‍ക്ക് ഒരു ദിവസത്തെ സംഭവങ്ങളെക്കുറിച്ച് അവലോകനം ചെയ്യാം. പിന്നീട് ഒരാഴ്ചയില്‍ എന്തെല്ലാം സംഭവിച്ചു എന്നും തുടര്‍ന്ന് ഒരു മാസത്തെ സംഭവങ്ങളെക്കുറിച്ചും ഒരുകൊല്ലത്തേയും കുറേവര്‍ഷം മുമ്പത്തേയും നിങ്ങളുടെ ചെറുപ്പകാലത്തേയും സംഭവങ്ങളെക്കുറിച്ചോര്‍മ്മിക്കാന്‍ തുടങ്ങുന്നതോടെ നിങ്ങളുടെ ഓര്‍മ്മശക്തി വികസിച്ചുകൊണ്ടിരിക്കും.
Discussion about this post