തിരുമാന്ധാംകുന്ന് ശിവകേശാദിപാദം (ഭാഗം-14)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
അരുണകിരണങ്ങള്‍ തന്‍ പ്രഭവിതറിനില്ക്കുമാ
തിരുമുഖ സരോജവും നന്നായ്‌തൊഴുന്നേന്‍
ഭഗവാന്റെ കമനീയമായ താണ്ഡവ സ്വരൂപം ദൃശ്യമാകുന്നത് സൃഷ്ടിയുടെ വേളയിലാണ്. സമാധ്യവസ്ഥയില്‍ ഈ രൂപം ആ നിര്‍ഗ്ഗുണത്തില്‍ ലയിച്ചിരിക്കുന്നു. അരുണകിരണങ്ങളുടെ പ്രഭവിതറിനില്‍ക്കുന്ന തിരുമുഖത്തെ സരോജമായി കല്പിച്ചതിന്റെ സാംഗത്യമിതാണ്. താമരപ്പൂവ് സൃഷ്ട്യുന്മുഖ ചലനത്തിന്റെ പ്രതീകമാണ്. നിശ്ചലമായ പരമാത്മാവില്‍ ശക്തിസ്പന്ദംമൂലം സൃഷ്ടിയുടെ ചലനപരമ്പരകള്‍ ഒന്നിനുപുറകേ ഒന്നായി ഒരു ബിന്ദുവില്‍നിന്നാരംഭിച്ചു നാലുപാടും വ്യാപിക്കുന്നു. നിശ്ചലമായ ഒരു തടാകത്തിനു നടുവില്‍ കല്ലെടുത്തിട്ടാലുണ്ടാകുന്ന ചലനം വലയാകൃതിയില്‍ വികസിച്ച് തടാകത്തിന്റെ പരിധിയോളം വളര്‍ന്ന് ഉണ്ടായസ്ഥാനത്തുതന്നെ മടങ്ങിവന്നു ലയിക്കുംപോലെയാണ് സൃഷ്ടിയുടെ ഈ ചലനപരമ്പരകളും. അപ്പോള്‍ തടാകത്തിനു മുകളില്‍നിന്നു നോക്കുന്ന ഒരാള്‍ക്ക് വിടര്‍ന്നുവരുന്ന ഒരു താമരപ്പൂവിന്റെ പ്രതീതിലഭിക്കും. അതിനാല്‍ പ്രപഞ്ചസൃഷ്ടി പ്രക്രിയയെ താമരയോടു താരതമ്യപ്പെടുത്തുന്നു. സൂക്ഷ്മമാലോചിച്ചാല്‍ ശിവന്റെ ഓരോ മുഖമാണ് ഓരോ ബ്രഹ്മാണ്ഡം. എണ്ണിയാലൊടുങ്ങാത്ത തലകളും കണ്ണുകളും കയ്യുകളും പാദങ്ങളുമുള്ള വിരാട് രൂപം പുരുഷസൂക്തത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നതുകാണാം.
*സഹസ്രശീര്‍ഷഃ പുരുഷഃ
സഹസ്രാക്ഷഃ സഹസ്രപാത്,
സഭൂമിം വിശ്വതോവൃത്വാ
അത്യതിഷുത്ദശാംഗുലം.
– പുരുഷസൂക്തം – 1
സൃഷ്ടിയുടെ ആവിര്‍ഭാവം രാജസഗുണപ്രധാനമായ മായയില്‍നിന്നാണ്. മായയിലെ രജസ്സില്‍ പ്രതിബിംബിച്ച ശിവനാണു ബ്രഹ്മാവ് എന്നു നേരത്തേ സൂചിപ്പിച്ചു. സൃഷ്ടികര്‍ത്താവണദ്ദേഹം. രജസ്സിന്റെ നിറം ചുവപ്പാണ്. സത്വത്തിലെ രജസ്സ് കലര്‍പ്പില്ലാതെ ശുദ്ധമായ അരുണവര്‍ണ്ണമായിരിക്കും. ഉദിച്ചുയരുന്ന സൂര്യന്റെ വര്‍ണ്ണമാണത്. സൂര്യോദയത്തിനു തൊട്ടുമുമ്പുമുതലേ കിഴക്കേ ചക്രവാളത്തില്‍ ആ നിറം വ്യാപിച്ചിരിക്കും. ഹൃദയ വശീകരണ ക്ഷമത അതിനു കൂടുതലാണ്. ശിവന്റെ മുഖസരോജത്തില്‍നിന്ന് അരുണകിരണങ്ങളുടെ പ്രഭ പ്രസരിക്കുന്നത് സൃഷ്ട്യുന്മുഖമായ ചൈതന്യ വിശേഷത്താലാണ്. പരമേശ്വരന്റെ തന്നെ ശക്തിയായ ദേവി അരുണനിറത്തോടുകൂടിയവളാണ്. ഉദ്യദ്ഭാനു സഹസ്രാഭാ എന്നും സര്‍വാരുണാ എന്നും ലളിതാസഹസ്രനാമം ദേവിയെ പ്രകീര്‍ത്തിക്കുന്നു. എന്നുമാത്രമല്ല സ്വന്തമായ അരുണപ്രഭയില്‍ ഈ ബ്രഹ്മാണ്ഡത്തെ ആകമാനം മുക്കുന്നവള്‍ കൂടിയാണു ജഗദംബികയെന്നു സഹസ്രനാമം പറയുന്നു. (നിജാരുണ പ്രഭാപൂരമജ്ജത് ബ്രഹ്മാണ്ഡമണ്ഡലാ) ദേവിയുടെ വര്‍ണ്ണത്തെ ശിവചൈതന്യം പ്രോജ്ജ്വലിപ്പിക്കുകയും ചെയ്യും. ദേവി ശിവന്റെ തന്നെ ശക്തിസ്വരൂപമാകയാല്‍ ഈ അരുണവര്‍ണ്ണം ശിവന്റേതുതന്നെയാണെന്നറിയണം. അതിനാല്‍ ശിവന്റെ മുഖകമലത്തില്‍ പ്രസ്തുതവര്‍ണ്ണപ്രസരണം സംഭവിക്കും.
രജോഗുണത്തിന്റേതായ ഈ നിറം ശിവചൈതന്യത്തിനും മങ്ങലുണ്ടാക്കുകയില്ലേ എന്ന സംശയം അസ്ഥാനത്താണ്. സത്വത്തിലെ രജസ്സാണിത്. അതിനാല്‍ ശിവ ചൈതന്യ പ്രസരണത്തിനു കുറവൊന്നും സംഭവിക്കുന്നില്ല. ശിവന്‍ സൗന്ദര്യമാണെന്നു നേരത്തേ വിശദീകരിച്ചിട്ടുണ്ട്. അനവദ്യമായ പ്രസ്തുത സൗന്ദര്യത്തിന്റെ കരകവിഞ്ഞൊഴുക്കാണ് ആ മുഖത്തു പ്രകടമാകുന്ന ഈ ചൈതന്യധോരണീ.
Discussion about this post