ചെങ്കല്‍സുധാകരന്‍
16. വത്സാസുരമോക്ഷം
ശ്രീകൃഷ്ണഭഗവാന്റെ ബാലലീലകളുമായി ബന്ധപ്പെട്ട് അനേകം അത്ഭുതകഥകള്‍ ഭാഗവതത്തിലുണ്ട്. കേവലം ദിവ്യകഥകള്‍ എന്ന അദ്ഭുതങ്ങള്‍ക്കപ്പുറം അവ പലതും ചിന്താസുരഭിലങ്ങളുമാണ്. ഗര്‍ഗ്ഗാചാര്യരാകട്ടെ പ്രസ്തുത കഥകളുടെ കാര്യകാരണബന്ധം സജ്ജമാക്കി അവയുടെ യുക്തിഭദ്രത ഉറപ്പുവരുത്തുന്നു. ചിലപ്പോള്‍, ഏതെങ്കിലും ദുഷ്ടമൂര്‍ത്തികളുടെ കഥകളാവും ചിത്രീകരിക്കുന്നത്. ആ അസുര പ്രകൃതികള്‍ അങ്ങനെയാകാനുള്ള കാരണമന്വേഷിക്കുകയാവും ആചാര്യര്‍! ചെന്നെത്തുന്നത് ആ ദുഷ്ടപ്രകൃതികളുടെ പൂര്‍വ്വജന്മകഥകളിലേക്കാണ്. അതുകൂടി വായിച്ചുകഴിയുമ്പോള്‍ വായനക്കാരന് പ്രസ്തുത കഥയോട് കൂടുതല്‍ വിശ്വാസമുണ്ടാകുന്നു. അത്തരമൊന്നാണ് ഗര്‍ഗ്ഗഭാഗവതത്തിലെ വത്സാസുരമോക്ഷകഥ!
ഗോവര്‍ദ്ധനാദികളുടെ ഉദ്ഭവവൃത്താന്തവും വൃന്ദാവനമഹിമയും കേട്ട നന്ദഗോപരും സംഘവും ആഹ്ലാദഭരിതരായി. ആപന്മയമായ ആമ്പാടി വിട്ട് വൃന്ദാവനത്തിലേക്കുപോകാന്‍ അവര്‍ ഉത്സുകരായി. പശുക്കള്‍, പശുപാലകന്‍, വൃദ്ധന്മാര്‍, ബാലന്മാര്‍ എന്നിവരോടും ശംഖദുന്ദുഭീഘോഷം ചെയ്യുന്ന ഗായകന്മാരോടും ശ്രീരാമകൃഷ്ണന്മാരോടും ചേര്‍ന്ന് നന്ദരാജനും മറ്റു ഗോപന്മാരും നാരീജനസമന്വിതം രഥങ്ങളിലേറി, വൃന്ദാവനത്തിലേക്കു പുറപ്പെട്ടു. ഉപനന്ദന്മാര്‍, വൃഷഭാനുക്കള്‍ എന്നിവരും യാത്രാസംഘങ്ങളിലുണ്ടായിരുന്നു. വൃന്ദാവനത്തിലെത്തിയ ഗോപാലന്മാര്‍ ഗോശാലകളും ഗൃഹങ്ങളും തെരുവുകളും നിര്‍മ്മിച്ച് പലേടങ്ങളിലായി താമസിക്കുവാനാരംഭിച്ചു. വിസ്തീര്‍ണമുള്ള പുറമതിലും കിടങ്ങുകളും നിര്‍മ്മിച്ചു. പുറമതിലില്‍ ഏഴു വാതിലുകളും കോട്ടയ്ക്കുള്ളില്‍ സഭാമണ്ഡപങ്ങളും നിര്‍മ്മിച്ചു. കുളങ്ങള്‍, കിണറുകള്‍, രാജവീഥികള്‍ ഇവ ഉള്‍പ്പെട്ട മഹാഗൃഹം വൃക്ഷഭാനുവും ഉണ്ടാക്കി.
‘ശ്രീകൃഷ്‌ണോ നന്ദനഗരേ
വൃഷഭാനുപുരേര്‍ഭകൈഃ
ചചാര ക്രീഡനപരോ
ഗോപീനാം പ്രീതിമാവഹന്‍’.
ശ്രീകൃഷ്ണന്‍, നന്ദനഗരത്തില്‍, വൃഷഭാനുപുരത്തിലെ ചങ്ങാതിമാരോടൊത്തു കളിച്ച് ഗോപികമാരുടെ പ്രീതിനേടി. ഗ്രാമങ്ങളിലും കാളിന്ദീതീരത്തും ചങ്ങാതിമാരോടൊത്ത് ശ്രീരാമകൃഷ്ണന്മാര്‍, പൈക്കളെ മേച്ചു നടന്നു. കാളിന്ദീതീരത്തെ പുല്‍മേടുകളിലും പൊന്തക്കാടുകളിലും വള്ളിക്കുടിലുകളിലും ഗോപകുമാരന്‍മാര്‍ സഞ്ചരിച്ചു. നീലനിറത്തിലും മഞ്ഞനിറത്തിലുള്ള പട്ടുവസ്ത്രങ്ങള്‍ പട്ടുവസ്ത്രങ്ങള്‍ ധരിച്ച ബലരാമനും ശ്രീകൃഷ്ണനും പശുക്കുട്ടികളുടെ പിന്നാലെ ഓടിക്കളിച്ചു.
ബാലന്മാര്‍ അന്യോന്യം ഉന്തിയും തള്ളിയും ഓടക്കുഴല്‍ വിളിച്ചും രാമകൃഷ്ണന്മാരുമൊത്ത് ആനന്ദിച്ചു. ഒരു ദിവസം കംസപ്രേരിതനായ വത്സാസുരന്‍ വത്സരൂപം (പശുക്കിടാവിന്റെ രൂപം) ധരിച്ച് പൈക്കിടാങ്ങള്‍ക്കിടയില്‍ പ്രവേശിച്ചു. അത് വാല്‍പൊക്കിക്കൊണ്ട് ഓടി നടന്നു. പശുക്കുട്ടികളെയും ഗോപാലബാലന്മാരെയും തള്ളിവീഴ്ത്തി. ഇടതുകാല്‍കൊണ്ട് ശ്രീകൃഷ്ണന്റെ തോളില്‍ ചവിട്ടുകയും ചെയ്തു.
‘പലായിതേഷു ബാലേഷു
കൃഷ്ണസ്തം പാദയോര്‍ ദ്വയോഃ
ഗൃഹീത്വാ ഭ്രാമയിത്വാഥ
പാതയാമാസ ഭുതലേ’ –
(ബലന്മാര്‍ പേടിച്ചോടി. ശ്രീകൃഷ്ണന്‍ വത്സരൂപിയായ അസുരന്റെ പിന്‍കാലില്‍ പിടിച്ച് നിലത്തടിച്ചു.) തുടര്‍ന്ന് അവന്റെ രണ്ടുകാലും കൂട്ടിപ്പിടിച്ച് അടുത്തുനിന്ന കപിത്ഥത്തില്‍ (വിളാര്‍ മരത്തില്‍) അടിച്ചു. ദൈത്യന്‍ ചത്തു. ആ മഹാമരം, ആഘാതത്താല്‍ ചുവടിളകി വീണു. കണ്ടുനിന്ന കുട്ടികള്‍ അദ്ഭുതപ്പെട്ടുപോയി. ദേവന്മാര്‍ ജയജയാരവം മുഴക്കി. ആകാശത്തുനിന്ന് പുഷ്പവൃഷ്ടിയുണ്ടായി. അപ്പോള്‍ ആ അസുരനില്‍നിന്നും ഒരു തേജസ്സുദ്ഭവിച്ച് ശ്രീകൃഷ്ണനില്‍ലയിച്ചു.
ഈ അദ്ഭുതകഥ ബഹുലാശ്വമഹാരാജാവില്‍ കൗതുകം വളര്‍ത്തി അദ്ദേഹം ശ്രീനാരദനോട് ചോദിച്ചു: മഹാമുനേ, ശ്രീകൃഷ്ണനില്‍ ലയം പ്രാപിച്ച ഈ പുണ്യവാന്‍ ആരാണ്? ഭാഗ്യവാനായ ഈ അസുരേന്ദ്രന്റെ പൂര്‍വ്വചരിത്രം എന്താണ്?
ബഹുലാശ്വമഹാരാജാവിന്റെ ചോദ്യം കേട്ടു സന്തുഷ്ടനായ നാരദമഹര്‍ഷി, വത്സാസുരന്റെ പൂര്‍വ്വകഥ പറയാന്‍ തുടങ്ങി. ‘മഹാരാജാവ് കേട്ടാലും, പണ്ടൊരിക്കല്‍ മുരാസുരപുത്രനും ദേവാരിയുമായ പ്രമീളന്‍ എന്ന ദൈത്യന്‍ വസിഷ്ഠാശ്രമത്തിലെത്തി. അവിടെ നന്ദിനിപ്പശുവിനെക്കണ്ടു. ആ ദിവ്യധേനുവില്‍ ആകൃഷ്ടനായി, ബ്രാഹ്മണവേഷം ധരിച്ച് വസിഷ്ഠനോട് നന്ദിനിയെ യാചിച്ചു.’ മഹാമുനിക്ക് പ്രമീളന്റെ കാപട്യം മനസ്സിലായി. കോപിഷ്ഠനായ അദ്ദേഹം, ‘ഹേ ദുഷ്ടാ! ആശ്രമധേനുവിനെക്കൊതിച്ച് കപടവേഷം പൂണ്ട നീ, ഒരു പശുക്കുട്ടിയായിത്തീരട്ടെ’ എന്നു ശപിച്ചു. ഉടന്‍ ആ അസുരന്‍-പ്രമീളന്‍, നന്ദിനിയെയും വസിഷ്ഠനെയും വണങ്ങി. ശാപമോക്ഷമിരന്നു. ദ്വാപരാന്തത്തില്‍, വൃന്ദാവനത്തില്‍വച്ച്, ശ്രീകൃഷ്ണ ശ്പര്‍ശമേല്‍ക്കുമ്പോള്‍ ശാപമോചനമുണ്ടാകുമെന്ന് വരം നല്‍കി. മഹര്‍ഷിയുടെ വാക്കുകള്‍ സത്യമായി ഭവിക്കുകയും ചെയ്തു.
‘പരിപൂര്‍ണ്ണതമേ സാക്ഷാല്‍
കൃഷ്ണ പതിതപാവനേ
തസ്മാദ് വത്സാസുരോ ദൈത്യോ
ലീനോ ഭൂന്നഹി വിസ്മയഃ’
(പതിതപാവനനായ കൃഷ്ണസ്പര്‍ശത്താല്‍ ദൈത്യന്‍ ഭഗവാനില്‍ വിലയം പ്രാപിച്ചു. ഇതില്‍ ഒട്ടും അദ്ഭുതത്തിനവകാശമില്ല). വത്സാസുരമോകഷകാരണമറിഞ്ഞ ബഹുലാശ്വമഹാരാജാവ് അത്യന്തം ഭക്തിനിര്‍ഭരനായി മഹാമുനിനാരദനെ വണങ്ങി.
കഥയ്ക്കുവേണ്ടി കഥപറയുന്ന സമ്പ്രദായം പുരാണങ്ങളിലില്ല. സൂത്രമോ ശ്ലോകമോ കഥയോ ഏതായാലും അവശ്യം വേണ്ടുന്നതേ അവയില്‍കാണൂ. ഏതെങ്കിലും തത്ത്വം തെളിയിക്കുകയാണ് അവയുടെ ലക്ഷ്യം. ഭാഗവതകഥകള്‍ക്കെല്ലാം പരമപ്രധാനലക്ഷ്യം ഭക്തി മാഹാത്മ്യമാണ്. അതിന് കിട്ടിയ അവസരങ്ങളൊന്നും ഭാഗവതത്തില്‍ ഒഴിവാക്കിയിട്ടില്ല. ഗര്‍ഗ്ഗാചാര്യരുടെ രീതിയും മറിച്ചല്ല. ഒരു പടികൂടിക്കടന്ന്, സൂക്ഷ്മതത്ത്വോന്മീലനസമര്‍ത്ഥമായ കഥാഖ്യാനങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളതെന്നു പറയാം.
ആമ്പാടിയില്‍ നിന്ന് വൃന്ദാവനത്തിലെത്തിയ ഗോപന്മാരുടെ ആനന്ദത്തിന് അതിരുണ്ടായിരുന്നില്ല. കാരണം ആ സ്ഥലനാമംതന്നെ വ്യക്തമാക്കുന്നു. ‘വൃന്ദാവനം’! വൃന്ദങ്ങളെ അവനം ചെയ്യുന്നിടം. സാക്ഷാല്‍ ഈശ്വരവാസമെന്നര്‍ത്ഥം. ലോകാവനം (ലോകസംരക്ഷ) സ്ഥിതികാരകനായ ശ്രീനാരായണന്റെ കര്‍മ്മമാണല്ലോ. പ്രപഞ്ചത്തിന്റെതന്നെ പ്രതീകമാണ് വൃന്ദാവനം. ഈശ്വരനെ ആശ്രയിച്ചെത്തിയ ഭക്തസഞ്ചയം ഭഗവദനുഗ്രഹമനുഭവിച്ച് ആനന്ദമയരായി എന്ന അര്‍ത്ഥം ഉള്‍ക്കൊള്ളണം. ഭഗവദനുചരരായ ഗോപാലവൃന്ദം ഭക്തരുടെ പ്രതീകങ്ങള്‍! അവര്‍ ഗോപാലന്മാരാണെന്നുള്ളത് സൂക്ഷ്മാര്‍ത്ഥം വിശദമാക്കുന്നു. ‘ഗോ’ ശബ്ദത്തിന് ഇന്ദ്രിയം എന്ന അര്‍ത്ഥം പ്രസിദ്ധമാണല്ലോ. ഇന്ദ്രിയങ്ങളെ ഈശ്വരനിലേക്കു സമാശ്രയിപ്പിക്കാന്‍ പാകത്തില്‍ പാലിക്കുന്നവര്‍ (ഗോ പാലര്‍) ഭക്തന്മാരല്ലാതെ മറ്റാരാകാനാണ്? ഭക്തിലയം പൂണ്ട വൃഷഭാനുവും നന്ദനും ആനന്ദചിന്മയരായി മാറിയതും അതുകൊണ്ടാണ്.
പൈക്കിടാങ്ങളും ഗോപാലന്മാരുമൊത്ത് ശ്രീകൃഷ്ണന്‍ യമുനാതീരത്ത് ഓടിക്കളിച്ചു. ആ വര്‍ണ്ണനയും ഭക്തന്മാരില്‍ പ്രീതനായ ശ്രീഹരിയെത്തന്നെ കാണിച്ചുതരുന്നു. ഭക്തിയാകുന്ന യമുന തൊട്ടുതലോടുന്ന ലതാകുഞ്ജങ്ങള്‍ പാവനാത്മാക്കളായ ഭക്തന്മാരുടെ നിര്‍മ്മലമാനസംതന്നെ. ആനന്ദത്തേനണിഞ്ഞ്, സന്തോഷഗന്ധം പരത്തി ‘ചാലേ വിടര്‍ന്നു വിലസീടിന’ മാനസകുസുമങ്ങള്‍ ഭക്തഹൃദയങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
വത്സാസുരന്റെ പ്രവേശവും അവനുണ്ടാകുന്ന നാശവുമാണ് കഥയില്‍ പ്രധാനം. സാമാന്യമായ ചിന്തമാത്രം മതി ഈ കഥയുടെ പൊരുളറിയാല്‍. വത്സരൂപം പൂണ്ടെത്തി സജ്ജനോപദ്രവം ചെയ്ത ആ അസുരന്‍ ശാപഗ്രസ്തനായിരുന്നു. ശ്രീഗര്‍ഗ്ഗന്‍ അവിടേക്കാണ് പ്രകാശത്തിരിനീട്ടുന്നത്. പൂര്‍വ്വജന്മത്തില്‍ വത്സന്‍, മുരാസുരപുത്രനായ പ്രമീളനായിരുന്നു. പ്രമീള ശബ്ദം ശ്രദ്ധിക്കേണ്ടതാണ്. ‘പ്രമീല'(ള) എന്നാല്‍ മടി, ഉറക്കംതൂങ്ങിയുള്ള നില, കണ്ണടയ്ക്കല്‍ എന്നിങ്ങനെയാണര്‍ത്ഥം. സ്വതേ മടിയുള്ളവര്‍ക്ക് വസ്തുത അറിയാന്‍ ശ്രമം കാണുകയില്ല. കണ്ണടയ്ക്കല്‍, തുറന്നു കാണുന്നതിന് തടസ്സമാണല്ലോ? വസിഷ്ഠാശ്രമത്തിലെത്തിയ പ്രമീളന് നന്ദിനിയില്‍ ആഗ്രഹമുദിച്ചു. വാസ്തവദൃഷ്ടി അടഞ്ഞിരിക്കുകയും ആസുരത ഉണര്‍ന്നിരിക്കുകയും ചെയ്യുമ്പോള്‍ കാര്യാകാര്യവിവേകം ഉണ്ടാവുകയില്ല. അര്‍ഹത അറിയാതെ കാമം ഉണരും. യജ്ഞപൂജാദികള്‍ക്ക് സഹായമായി വസിഷ്ഠനെ സേവിക്കുന്ന ദിവ്യധേനു തനിക്ക് അര്‍ഹയാണെന്ന് പ്രമീളനു തോന്നല്‍ അതാണുകാരണം.
ആസുരത ആര്‍ജ്ജവം കുറയ്ക്കും. അസുക്കളില്‍ (ഇന്ദ്രിയങ്ങളില്‍) രമിക്കുന്നവര്‍ക്ക് അതു സ്വാഭാവികവുമാണ്. അത്തരക്കാര്‍ക്ക് കാപട്യം സഹജമാണ്. പ്രമീളന്‍ വ്യാജബ്രാഹ്മണനായി ആശ്രമധേനുവിനെ യാചിച്ചതിലെ പൊരുള്‍ അതല്ലേ? പക്ഷേ, സത്യവ്രതരായ ഋഷിമാര്‍ക്ക് വ്യാജം വേഗം മനസ്സിലാകും. സൂര്യപ്രകാശം ഇരുളിനെയകറ്റുന്നപോലെ കാപട്യം, അവരുടെ മുമ്പില്‍ അപ്രത്യക്ഷമാകും. ദുരാഗ്രഹം പൂണ്ട പ്രമീളനെ തിരിച്ചറിയാന്‍ വസിഷ്ഠന് പ്രയാസമുണ്ടായില്ല. ദുരാഗ്രഹം ദുരന്തത്തലേ കലാശിക്കൂ. ആപത്തില്‍പ്പെട്ടപ്പോള്‍ പ്രമീളന്‍ ആത്മപരിശോധനയ്ക്കു തയ്യാറായി. അതിനിടയാക്കിയത് വസിഷ്ഠശാപമാണ്. ‘ആശ്രമധേനുവിനെ കൊതിച്ച് കപടവേഷം പൂണ്ട നീ ഒരു പശുക്കുട്ടിയായിത്തീരട്ടെ എന്ന ശാപം!’ തന്റെ പ്രവൃത്തി നീചമായി എന്ന തോന്നല്‍ പശ്ചാത്താപത്തിനിടയാക്കി. അത് പ്രായശ്ചിത്തത്തിനും പ്രേരിപ്പിച്ചു. അതിനാലാണ് ശാപമോക്ഷം യാചിച്ചത്. അതുവരെ പശുക്കിട്ടിയുടെ വടിവില്‍ അതിന്റെ സ്വഭാവത്തില്‍ കഴിയേണ്ടിവന്നു. മൃഗസ്വഭാവനായി കഴിഞ്ഞുവെന്നുസാരം. ചിന്താരഹിതവും മൃഷ്ടാന്നാര്‍ത്ഥവുമായ ജീവിതമാണ് മൃഗീയത!
അസമീക്ഷ്യകാരികള്‍ക്ക് കായബലം വര്‍ദ്ധിച്ചാല്‍ പരോപദ്രവം നിശ്ചയമാണ്. അക്കൂട്ടര്‍ സജ്ജനപീഡനം ശീലമാക്കും. വത്സരൂപം പൂണ്ട പ്രമീളന്‍ ഗോക്കള്‍ക്കിടയില്‍ പ്രവേശിച്ചതും ഗോപാലന്മാരെ ഉപദ്രവിച്ചതും ഈ അര്‍ത്ഥത്തില്‍ കാണണം. ശ്രീകൃഷ്ണന്‍ അസുരനെ വധിച്ചു. അവന്റെ കാല്‍ രണ്ടും കൂട്ടിപ്പിടിച്ചെടുത്ത് വൃക്ഷത്തിലടിച്ചുകൊല്ലുകയായിരുന്നു. അസുരന്റെ ശരീരഭാവം തകര്‍ത്ത് സദ്ബുദ്ധി ഉണര്‍ത്തി. സജ്ജനസാംഗത്യം ദുഷ്ടവികാരങ്ങളകറ്റും. ഭഗവാന്‍ സ്പര്‍ശിച്ചപ്പോള്‍ത്തന്നെ പ്രമീളന് ശാപമോക്ഷമുണ്ടായി. ശരീരഭാവന നശിച്ച് സജ്ജനസംസര്‍ഗ്ഗത്താല്‍ സദ്ഭാവം ഉണ്ടായി എന്നു സാരം. വധിക്കപ്പെട്ട പ്രമീളന്റെ ഉള്ളില്‍നിന്ന് ഒരു തേജസ്സ് പൊങ്ങി ശ്രീകൃഷ്ണഭഗവാനില്‍ ലയിച്ചു. വത്സന്റെ ആസുരത ഒടുങ്ങി നന്മ ഉണര്‍ന്ന് മാനസം ഭഗവദ്ഭക്തികൊണ്ട് ലയം പ്രാപിച്ചു എന്ന തത്ത്വമാണ് ഇവിടെ അറിയേണ്ടത്.
ഗര്‍ഗ്ഗാചാര്യര്‍, ഭക്തിമാഹാത്മ്യം വിശദമാക്കുന്നതോടൊപ്പം, മനുഷ്യമനസ്സിന്റെ വൈചിത്ര്യവും വിശദമാക്കുന്നു. മനസ്സാണല്ലോ എല്ലാത്തിനും കാരണം, അതിനാല്‍, മനഃശുദ്ധിയാണ് പുരാണകഥകളില്‍ പ്രധാന ലക്ഷ്യം! ‘അന്തഃശുദ്ധോ ബഹിശുദ്ധഃ’ എന്ന കാര്യം പുരാണര്‍ഷികള്‍ക്ക് നന്നായറിയാം. ഗര്‍ഗ്ഗഭാഗവതകഥകള്‍ മിക്കതും ഈ മഹാതത്ത്വം പ്രഘോഷണം ചെയ്യുന്നവയാണ്.
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-
ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.
തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.
വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,
വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013, മൊബൈല്‍: 9447089049
പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.
കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,
മാളുബന്‍ പബ്ലിക്കേഷന്‍സ്
ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-
MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: [email protected]
Discussion about this post