സത്യാനന്ദപ്രകാശം-5 (ഹനുമത്പ്രഭാവനായ സ്വാമി വിവേകാനന്ദന്‍)
ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍
അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ (Sisters and Brothers of America). സംഗീതമാധുരി തിങ്ങി വശ്യമായ കണ്ഠത്തില്‍നിന്നു ഗുരുനാഥനായ ശ്രീരാമകൃഷ്ണ പരമഹംസരുടെയും വാഗ്‌ദേവതയായ സരസ്വതീദേവിയുടെയും അനുഗ്രഹത്തോടെ പുറപ്പെട്ട ആദ്യ സംബോധന തന്നെ ഏഴായിരത്തില്‍പ്പരം വരുന്ന ശ്രോതാക്കളുടെ സമൂഹത്തെ നിസ്സീമമായ ആനന്ദാദരങ്ങളില്‍ ആറാടിച്ച മഹാസംഭവമാണ് ചിക്കാഗോയില്‍ നടന്ന സര്‍വമത സമ്മേളനത്തെ അനശ്വരമാക്കിത്തീര്‍ത്തത്. ശ്രീരാമകൃഷ്ണദേവ ശിഷ്യന്‍ അന്ന് അവിടെ എത്തിയില്ലായിരുന്നുവെങ്കില്‍ മറ്റേതൊരു മഹാസമ്മേളനത്തെയും പോലെ ചിക്കാഗോ സമ്മേളനവും വിസ്മൃതിയില്‍ ആണ്ടുപോകുമായിരുന്നു.
അമേരിക്കയിലെ പ്രബുദ്ധരായ ജനസമൂഹത്തിന് അത് ഒരു പുതിയ അനുഭവമായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും എത്തിച്ചേര്‍ന്നിരുന്ന മതപ്രതിനിധികള്‍ക്കും അങ്ങനെതന്നെ. അന്നോളം കേട്ടുപരിചയിച്ച പരിഷ്‌ക്കാരപ്പുതപ്പണിഞ്ഞ സംബോധനകളില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തവും പരിധികളില്ലാത്ത സ്‌നേഹവാത്സല്യങ്ങളുടെ ആത്മാര്‍ത്ഥമായ അമൃതാനന്ദം തിരതല്ലുന്നതുമായ അഭിസംബോധന. അതിന്റെ വശ്യ മധുരിമയെ ആര്‍ക്കും അതിലംഘിക്കാന്‍ കഴിയുമായിരുന്നില്ല. വൃന്ദാവന സീമകളില്‍ സമസ്തചരാചരങ്ങളെയും മന്ത്രമുഗ്ധരാക്കിത്തീര്‍ത്ത മുരളീഗായകന്റെ അദ്ഭുതനാദവിക്രമം വീണ്ടും തന്റെ പ്രഭാവം പുറത്തെടുത്തതായിരുന്നു അത്. ലോക നന്മയ്ക്കായി യുഗങ്ങള്‍തോറും അതു സംഭവിക്കാറുണ്ട്. അതിനുവേണ്ടി ഈ യുഗത്തില്‍ ഉദയംകൊണ്ട മഹാവതാരമാണ് സ്വാമി വിവേകാനന്ദന്‍. അതെ, അതു വിവേകത്തിന്റെ സൂര്യോദയമായിരുന്നു.
Discussion about this post