പണ്ഡിതരത്നം ഡോ. ചന്ദ്രശേഖരന്‍ നായര്‍
ന ലീയതേ കുംഭ ഇവാംബരം സ്വയം (വിവേകചൂഡാമണി)
കുടം ഉടയുമ്പോള്‍ അതിനുള്ളിലെ ആകാശം നശിക്കാത്തതുപോലെ
ജനിക്കുക, വര്‍ദ്ധിക്കുക, ക്ഷയിക്കുക, മരിക്കുക, തുടങ്ങിയ കാര്യങ്ങള്‍ ആത്മാവിനില്ലെന്നും, ആത്മാവ് ഇതിനെല്ലാം ഉപരിയാണെന്നും ഈ ഉദാഹരണത്തിലൂടെ പ്രതിപാദിക്കുന്നു.
ആത്മാവ് അവിനാശിയും സര്‍വവ്യാപിയുമാണ്. അതുകൊണ്ട് അതു മനുഷ്യന്റെ ശരീരത്തിലും വര്‍ത്തിക്കുന്നു. ആ ശരീരം നശിച്ചാലും അതില്‍ വര്‍ത്തിക്കുന്ന ആത്മാവ് നശിക്കുന്നില്ല. ഉത്പത്തി വിനാശങ്ങള്‍ക്ക് അതീതനാണ് ആത്മാവ്. ആത്മാവ് സര്‍വ്വവ്യാപിയായതുകൊണ്ട് അതു കുടത്തിനകത്തും ഉണ്ട്. കുടത്തിനുള്ളിലെ ആകാശത്തെ ഘടാകാശം എന്നാണ് ശാസ്ത്രം വ്യവഹരിക്കുന്നത്. ഈ ഘടാകാശം കുടം ഉണ്ടാക്കിയ കുശവന്‍ കുടത്തിന്റെ കൂടെ ഉണ്ടാക്കിയതല്ല. ഉണ്ടാക്കുന്നതിനു മാത്രമേ നാശവും ഉള്ളൂ.
അതുകൊണ്ട് ഉണ്ടായതായ കുടം നശിച്ചാലും അതിനുള്ളിലെ ഉണ്ടാകാത്തതായ ആകാശം നശിക്കുകയില്ല. ആകാശം നശിച്ചില്ലെങ്കിലും ഘ
ടാകാശം എന്നത് നശിക്കുന്നുണ്ടല്ലോ. ഇതിനെ ആകാശത്തിന്റെ നാശമായി കരുതാമോ? പാടില്ല. ആകാശം സര്‍വ്വ വ്യാപിയാകയാല്‍ ഏതെങ്കിലും ഒന്ന് അതിനെ ആവരണം ചെയ്യുകയോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു ആവരണത്തിന്റെ ഉള്ളില്‍ അത് ഇരിക്കുകയോ ഇല്ല പിന്നെ എങ്ങനെയാണ് ഘടകാശം എന്ന് വ്യവഹരിക്കുക? ഘടത്തിന്റെ ശരീരം കൊണ്ട് മറയ്ക്കപ്പെട്ട ആകാശം എന്ന വ്യവഹാരം വെറും സാങ്കല്‍പ്പികമാണ്. ഘടത്തിനുള്ളിലുള്ളതെന്ന് കണക്കാക്കിയ ആകാശം ഘടത്തിനുപുറത്തുള്ള ആകാശത്തില്‍ നിന്നു ഭിന്നമല്ല.
മേല്‍വിവരിച്ച രീതിയില്‍ ഘടം ഉടഞ്ഞാലും ഘടത്തിലെ ആകാശത്തിന് ഒരു ദോഷവും ഇല്ലാത്തതുപോെല ശരീരാന്തര്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന ആത്മാവ് ശരീരം നശിച്ചാലും നിലനില്‍ക്കും എന്നാണ് ശ്രീശങ്കരന്‍ ഈ ഉദാഹരണത്തിലൂടെ നമ്മെ ധരിപ്പിക്കുന്നത്. ഇവിടെ കുടത്തിന്റെ അല്ലെങ്കില്‍ ഘടത്തിന്റെ നാശം എന്നതുപോലെയാണ് ശരീരത്തിന്റെ നാശം. ശരീരനാശം വന്നാലും നാശമില്ലാത്തതായി ഇരിക്കുന്ന ആത്മാവ് ഘടം നശിച്ചാലും നശിക്കാതിരിക്കുന്ന അതിലെ ആകാശം പോലെയാണ്. ആത്മാവിന്റെ നിത്യത്വവും ശരീരാദികളുടെ നശ്വരതയും ഈ ഉദാഹരണത്തിലൂടെ ആചാര്യപാദര്‍ വ്യക്തമാക്കിത്തരുന്നു.
Discussion about this post