തിരുമാന്ധാംകുന്ന് ശിവകേശാദിപാദം (ഭാഗം-16)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
മൃദുലതരകുന്ദ മന്ദസ്മിതാനന്ദസന്‍-
മധുരിമപൊഴിയുന്ന ചെഞ്ചൊടി തൊഴുന്നേന്‍.
മൃദുലതരകോമളപ്പുഞ്ചിരത്തേന്‍ നുകര്‍-
ന്നമൃതകല പെയ്യുന്ന ചെഞ്ചൊടി തൊഴുന്നേന്‍.
വിടരുന്ന മുല്ലപ്പൂവിന്റെ വശ്യസൗന്ദര്യമാണ് നൃത്തംചെയ്യുന്ന മഹാദേവന്റെ ചുണ്ടുകളില്‍ നിറയുന്നത്. അത് ആത്മസ്വരൂപമായ ആനന്ദത്തിന്റെ പ്രവാഹവുമാണ്. മനുഷ്യനെയും ഇതര ജീവജാലങ്ങളെയും ജഡമായ ഭൗതിക പിണ്ഡം മാത്രമായികാണുന്ന അജ്ഞതയെ ആ പുഞ്ചിരി തിരുത്തുന്നു. ജീവന്‍ ജഡവസ്തുക്കളുടെ ഉത്പന്നമല്ല. മറിച്ച് ജഡത്തില്‍നിന്നു ഭിന്നമായ സ്വതന്ത്രസത്തയാണെന്ന് അതു പ്രഖ്യാപിക്കുന്നു. ജഡമയമായ ഈ പ്രപഞ്ചം ഉണ്ടാക്കുന്നതും നിലനില്‍ക്കുന്നതും ജീവനിലാണ്. ഈ തത്ത്വം പ്രകാശിപ്പിക്കുന്നത് മനുഷ്യരുള്‍പ്പടെയുള്ള ജീവരാശിയുടെ ദിവ്യതയെയാണ്. അമൃതാനന്ദത്തിന്റെ അരുമകിടാങ്ങളേ എന്നു ശ്വേതാശ്വതരമഹര്‍ഷി നമ്മെ അഭിസംബോധന ചെയ്യാനുള്ള കാര്യം അതാകുന്നു.
*ശ്വേതാശ്വതരോപനിഷത്.
ആത്മാവ് ആനന്ദസ്വരൂപമാകുന്നു. അതിനാല്‍ ആത്മസ്വരൂപനായ ശിവന്‍ നുകരുന്ന കോമളപ്പുഞ്ചിരിത്തേന്‍ തന്റെ തന്നെ സ്വരൂപമായ ആനന്ദാനുഭവമാണെന്നറിയണം. മനുഷ്യരുള്‍പ്പടെ സമസ്ത ജീവരാശിയും ആഗ്രഹിക്കുന്നത് ആനന്ദമാണ്. എന്നാല്‍ ആനന്ദത്തിന്റെ ഉറവിടം ശരിയായി അവര്‍ അറിയുന്നില്ല. അതുകൊണ്ട് ആനന്ദമന്വേഷിച്ച് ഭൗതികപ്രപഞ്ചത്തിലുഴലുന്നു. ജഡത്തില്‍ ആനന്ദമിരിപ്പില്ലെന്നു ബോദ്ധ്യപ്പെടാന്‍ വര്‍ഷങ്ങളോ ജന്മങ്ങളോ എടുത്തെന്നുവരും. അപ്പോഴാണ് ആനന്ദാന്വേഷണം തന്റെ തന്നെ ഉള്ളിലേക്ക്, ശിവസത്തയിലേക്ക് തിരിയുന്നത്. അതാണ് തപസ്സ്. ശരീരമനോബുദ്ധികള്‍ക്കുള്ളിലിരുന്നുകൊണ്ട് അതിനെ പ്രവര്‍ത്തിപ്പിക്കുന്ന ആത്മചൈതന്യമാണ് താനെന്നു നേരിട്ട് അറിയുമ്പോഴാണ് അഖണ്ഡവും അനശ്വരവുമായ ആനന്ദാനുഭൂതി ലഭിക്കുന്നത്.
‘ദ്വാ സുപര്‍ണ്ണാ സയുജാ സഖായാ
സമാനം വൃക്ഷം പരിഷസ്വജാതേ,
തയോരന്യഃപിപ്പലം സ്വാദ്വത്തി
അനശ്‌നന്നന്യോ അഭിചാകശീതി’.
എന്നമന്ത്രംകൊണ്ട് മുണ്ഡകോപനിഷത് ഈ ആനന്ദാന്വേഷണ രഹസ്യത്തെ നാടകീയമായി പ്രതിപാദിച്ചിരിക്കുന്നു. അത്തിമരത്തില്‍ പഴങ്ങള്‍ കൊതിച്ചു പറന്നു നടന്ന പക്ഷി അതിലൊന്നിലും താനാഗ്രഹിക്കുന്ന സുഖമില്ലെന്നു ബോദ്ധ്യപ്പെട്ട് അതില്‍ വിരക്തനായി മുകളിലേക്ക് (തന്റെ ഉള്ളിലേക്ക്) നോക്കുമ്പോഴാണ് അവിടെ അനങ്ങാതെ ആനന്ദമഗ്നനായിരിക്കുന്ന പക്ഷി താന്‍തന്നെയാണെന്നറിഞ്ഞ് മുക്തനായിത്തീരുന്നത്. അത്തിമരം ലോകവും അതിന്റെ ഏറ്റവുംമുകളില്‍ ഒന്നും കഴിക്കാതെ വെറുതേ നോക്കിയിരിക്കുന്ന കിളി പരമാത്മാവും ആദ്യം പറന്നുനടന്ന പക്ഷി പരമാത്മാവിന്റെ തന്നെ പകര്‍പ്പായ ജീവാത്മാവുമാകുന്നു. ജ്ഞാനോദയത്തോടെ പക്ഷി രണ്ടില്ല. ഒന്നേയുള്ളൂ എന്നും മനസ്സിലാകും.
തമസ്സും രജസ്സുമാണ് മനുഷ്യനെ ഭൗതികവസ്തുക്കളിലൂടെ വലിച്ചിഴച്ച് വേദനിപ്പിക്കുന്നത്. ജ്ഞാനോദയമുണ്ടാകാന്‍ അവരണ്ടും അടങ്ങി സാത്വികഗുണം തെളിയണം. അതാണു സ്‌തോത്രത്തിലെ കുന്ദമന്ദസ്മിതം. മുല്ലപ്പൂവ് വെളുത്തിട്ടാണല്ലോ. സാത്വികഗുണത്തിന്റെ നിറവും വെളുപ്പാണ്. ആത്മാവിന് ജനനമില്ല. മരണമില്ല. രോഗമില്ല. വാര്‍ദ്ധക്യമില്ല. ദുഃഖമില്ല. ദൗര്‍ബല്യമില്ല. ആലസ്യമില്ല.
*അച്ഛേദ്യോfയ മദാഹ്യോfയ-
മക്ലേദ്യോfശോഷ്യ ഏവ ച,
നിത്യഃസര്‍വഗതഃ സ്ഥാണു-
രചലോfയം സനാതനഃ
– ശ്രീമദ്ഭഗവദ്ഗീത, 2-24.
ഈ സത്യം അനുഭവപ്പെടുന്നതോടെ ജീവനെ അതേവരെ തപിപ്പിച്ചു കൊണ്ടിരുന്ന ദൈന്യങ്ങള്‍ അസ്തമിക്കുന്നു. അതാണു മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യം.
പ്രസ്തുത സന്ദേശമാണ് ശിവന്‍ പൊഴിക്കുന്ന മധുരിമ അഥവാ അമൃതകല.
Discussion about this post