ചെങ്കല്‍ സുധാകരന്‍
18. അഘാസുരമോക്ഷം
നാനാഖ്യാനകകോമളമായ ഭാഗവതം ഭക്തന്മാര്‍ക്ക് അതീവരസകരമായ കഥകളുള്‍ക്കൊള്ളുന്നു. ഭാരതത്തിലെങ്ങും ഭാഗവതകഥകള്‍ക്ക് പലവിധപാഠങ്ങള്‍ ഉണ്ടായി. അത്തരമൊന്നാണ് ഗര്‍ഗ്ഗഭാഗവതം. ഗര്‍ഗ്ഗനാണോ വ്യാസനാണോ ആദ്യമെഴുതിയതെന്ന സംശയവുമുണ്ട്. ഭാഗവതപ്രകാരം ഇരുവരും സമകാലീനരാണ്. വ്യാസഭാഗവതത്തിലെ പൂര്‍വ്വാപരബന്ധം (കഥകളിലെ) യുക്തിയുക്തമാക്കുകയാണ് ഗര്‍ഗ്ഗാചാര്യര്‍ ചെയ്തത്. അവയിലെ ഹേതുകാര്യങ്ങള്‍ക്ക് പൊരുത്തമന്വേഷിക്കുകയായിരുന്നു അദ്ദേഹം. മുന്‍പു പറഞ്ഞ കഥാഭാഗങ്ങള്‍ ഇതിന് സാക്ഷ്യം വഹിക്കുന്നു. അഘാസുരമോക്ഷകഥയും ഭിന്നമല്ല. വ്യാസ ഭാഗവതത്തെ മുന്നില്‍വച്ചുകൊണ്ട് അതിനെ സസൂക്ഷ്മം പഠിച്ച് യുക്തിഭംഗം ഒഴിവാക്കുകയാണ് ഗര്‍ഗ്ഗാചാര്യര്‍ ചെയ്തിട്ടുള്ളത്.
ഭഗവാന്‍ ശ്രീകൃഷ്ണന്റെ ബാലലീലാഘട്ടത്തില്‍ അഘാസുരകഥയും നിബന്ധിച്ചിരിക്കുന്നു. ഒരിക്കല്‍ ഭഗവാന്‍ കൂട്ടരുമൊത്ത്, പശുക്കളെമേച്ച്, കാളിന്ദീതീരത്തെത്തി. മാര്‍ഗ്ഗമദ്ധ്യേ അഘന്‍ എന്ന ഘോരാസുരന്‍ , ഒരുനാഴികനീളമുള്ള സര്‍പ്പാകൃതിപൂണ്ടു കിടന്നു. കംസ നിര്‍ദ്ദേശമനുസരിച്ച് കൃഷ്ണനെ നശിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. വായുംപൊളിച്ചുകിടന്ന ആ ഘോരസര്‍പ്പത്തിന്റെ ഉള്ളിലേക്കു ഗോപാലന്മാരും ഗോക്കളും പ്രവേശിച്ചു. പര്‍വ്വതഗുഹപോലെ കാണപ്പെട്ട ഉരഗമുഖത്തിന്റെ സത്യമവര്‍ക്കറിയാന്‍ കഴിഞ്ഞിരുന്നില്ല. ലീലാലോലരായ കുട്ടികള്‍ ചതിയില്‍പ്പെട്ടുപോവുകയായിരുന്നു.
ശ്രീകൃഷ്ണന് മനസ്സിലായി തന്റെ ചങ്ങാതിമാര്‍ ആപത്തില്‍പ്പെട്ടിരിക്കുന്നു. അവരെ രക്ഷിക്കാന്‍ പരിശ്രമിച്ചേപറ്റൂ.
‘തദ്രക്ഷാര്‍ത്ഥം സബല-
സ്തന്മുഖേ പ്രവിശദ്ധരിഃ’
(അവരെ സംരക്ഷിക്കാന്‍ ബലരാമനൊത്ത് ശ്രീഹരി, ആ ഘോരസര്‍പ്പത്തിന്റെ വായില്‍ പ്രവേശിച്ചു.) അപ്പോള്‍ –
‘ഹാ ശബ്ദോfഭൂത് സുരാണാം തു
ദൈത്യാനാം ഹര്‍ഷ ഏവ ഹി
കൃഷ്‌ണോ വപുഃ സ്വം വൈരാജം
തതാനാഘോദരേ തതഃ’
(ദേവന്മാര്‍ കഷ്ടം! കഷ്ടം! എന്ന് ആര്‍ത്തനാദം മുഴക്കി. അസുരന്മാര്‍ ആഹ്ലാദശബ്ദവും. അപ്പോള്‍ ശ്രീഭഗവാന്‍, അഘോദരത്തില്‍ വച്ചുതന്നെ വലുതാകാന്‍ തുടങ്ങി.)
ശ്രീകൃഷ്ണശരീരം വളര്‍ന്നു. അത് അസുരന്റെ ഉള്ളില്‍ കൊള്ളാതായി. അവന്റെ ഉടല്‍ രണ്ടായികീറി. ശിരസ്സുപൊട്ടി. അസുരന്റെ പ്രാണന്‍ പോയി. പൊട്ടിയ ശിരോഭാഗത്തിലൂടെ ഗോക്കളും ഗോപാലന്മാരും ബലരാമകൃഷ്ണന്മാരും പുറത്തുവന്നു. പെരുമ്പാമ്പിന്റെ വിഷജ്വാലയേറ്റ് മയങ്ങിക്കിടന്ന ഗോപാലരേയും പശുക്കളെയും, കൃഷ്ണന്‍ കുളിര്‍ത്ത നോട്ടത്താല്‍ പ്രബോധിതരാക്കി. അപ്പോള്‍ –
‘തജ്ജ്യോതിഃ ശ്രീഘനശ്യാമേ ലീനം ജാതം തടിദ്യഥാ’
(അഘാസുരന്റെ ഉള്ളില്‍നിന്ന് മിന്നലൊളിയോടെ ഒരു തേജസ്സുയര്‍ന്ന് ശ്രീകൃഷ്ണനില്‍ ലയിച്ചു.) ദിക്കുകള്‍ പ്രകാശിച്ചു. ദേവര്‍ഷികള്‍ കീര്‍ത്തനം പാടി. ദേവന്മാര്‍ ശ്രീകൃഷ്ണബലരാമന്മാരുടെമേല്‍ പുഷ്പവര്‍ഷം നടത്തി.
ഈ കഥ ഭക്താഗ്രണിയായ ബഹുലാശ്വനെ പുളകം കൊള്ളിച്ചു. അദ്ദേഹം ആനന്ദബാഷ്പമൊഴുക്കി. ഭഗവത് സംഗമസായൂജ്യം നേടിയ അഘാസുരനെപ്പറ്റി വിശദമായറിയാന്‍, രാജാവ് താത്പര്യപ്പെട്ടു. ബഹുലാശ്വന്‍ ശ്രീനാരദനോടു ചോദിച്ചുഃ ‘ദേവര്‍ഷേ, ശ്രീകൃഷ്ണനില്‍ ലയം പ്രാപിച്ച ഈ അസരുന്‍, പൂര്‍വ്വജന്മത്തില്‍ ആരായിരുന്നു? വിരോധ ഭക്തിയിലൂടെ മുക്തിനേടിയ ആ പുണ്യശാലിയെപ്പറ്റി പറഞ്ഞു തന്നാലും!’
ഭക്തന്മാര്‍ക്ക് ഭഗവത്കഥ എത്രയധികം താത്പര്യമോ അത്രമാത്രം താല്പര്യം കഥാകഥനത്തില്‍, മഹര്‍ഷി നാരദനുണ്ട്. സജ്ജനങ്ങള്‍ അങ്ങനെയാണ്. ഭഗവത്കഥാപ്രവചനം അവര്‍ക്ക് മടുപ്പുണ്ടാക്കുകയില്ല. പറയുകയും കേള്‍ക്കുകയും ചെയ്യുന്നത് ആനന്ദകരം.
‘ലോകേസജ്ജനഷഡ്പദൈരഹരഹഃ പേപീയമാനം’ എന്ന് ഗീതാ സ്തുതിയില്‍ പറഞ്ഞിട്ടുള്ളത് ഇവിടെയും ഓര്‍ക്കാം. ഈശ്വരകഥാശ്രവണത്തിനായി സമയം, രാജ്യം, ധനം എന്നുവേണ്ട ജീവിതംപോലും ത്യജിക്കാന്‍ ഭക്തന്മാര്‍ തയ്യാറായിരിക്കും. അതാണ് ഭഗവത്കഥാമൃതത്തിന്റെ രസനീയത!
നാരദര്‍ഷി കഥ തുടര്‍ന്നു. ‘രാജേന്ദ്ര! ഈ അസുരന്‍, പൂര്‍വ്വജന്മത്തില്‍, ശംഖാസുരന്റെ പുത്രനായിരുന്നു. അഘന്‍ എന്നു തന്നെയായിരുന്നു നാമം! മന്മഥസമം സുന്ദരനും ദേഹാഭിമാനിയും ആയിരുന്ന ഇയാള്‍ മലയപര്‍വ്വതാന്തികത്തില്‍ മഹാതപസ്വിയായ അഷ്ടാവക്രമുനിയെക്കണ്ടു. മഹാമുനിയുടെ വക്രിതരൂപം മദാന്ധനായ അഘന് രസിച്ചില്ല. അയാള്‍ മുനിയെ പരിഹസിച്ചു. അധിക്ഷേപിച്ചു ചിരിച്ചു. അത് മഹര്‍ഷിക്ക് സഹിച്ചില്ല. മദമത്തനായി, മര്യാദമറന്ന് പരിഹസിച്ച അഘനെ അഷ്ടാവക്രമഹര്‍ഷി ശപിച്ചു. ‘ നീ ഒരു ഘോരസര്‍പ്പമായിത്തീരട്ടെ. ശാപം ഉത്തരക്ഷണത്തില്‍ ഫലിക്കുകയും ചെയ്തു.’
തന്റെ അവിവേകത്തില്‍ അഘനു ദുഃഖം തോന്നി. അവന്‍ പശ്ചാത്താപാര്‍ത്തനായി. മദംശമിച്ച് മഹാമുനിയുടെ കാല്‍ക്കല്‍വീണു ശാപമോക്ഷമിരന്നു. ക്ഷിപ്രകോപികളായ മുനിമാര്‍ ക്ഷിപ്രപ്രസാദികളുമാണ്. അപനയം കണ്ടു കോപിക്കുകയും അനുനയംകൊണ്ട് തോഷിക്കുകയും അവരുടെ സ്വഭാവമാണ്. അഷ്ടാവക്രമുനി പ്രസാദിച്ച്, അസുരന് വരം നല്‍കി.
‘കോടിമന്മഥസുന്ദരനായ ശ്രീകൃഷ്ണന്‍, എപ്പോള്‍ നിന്റെ ഉദരത്തില്‍ പ്രവേശിക്കുമോ അപ്പോള്‍ നിനക്കു മുക്തിഭവിക്കും’ എന്ന്. ആ അനുഗ്രഹം ഫലിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉള്ളില്‍ പ്രവേശിച്ചതോടെ അസുരന് മുക്തിലഭിച്ചു. അസുരരൂപം വെടിഞ്ഞ് ദിവ്യരൂപിയായി. മഹാതേജസ്സായി ഭഗവാനില്‍ ലയിക്കുകയും ചെയ്തു.
വ്യാസമഹര്‍ഷിയും ഇതേകഥ തന്നെയാണ് പറഞ്ഞിരിക്കുന്നത്. പറയത്തക്ക മാറ്റങ്ങളില്ലതന്നെ. പൂര്‍വ്വജന്മകഥ ഗര്‍ഗ്ഗഭാഗവതത്തിലേ ഉള്ളൂ എന്നുമാത്രം! അതുതന്നെയാണ് ആ ഗ്രന്ഥത്തിന്റെ സവിശേഷതയും!
ഭക്തിമാഹാത്മ്യം ഘോഷിക്കുന്ന ഭാഗവതം സോദ്ദേശ്യരചനയാണ്. ഭഗവത്സ്പര്‍ശംകൊണ്ട് ഏതു മഹാപാപനും പരിശുദ്ധനായി ബ്രഹ്മപദം പ്രാപിക്കുമെന്ന തത്ത്വമാണ് ഈ കഥകളിലെല്ലാമടങ്ങിയിരിക്കുന്നത്. ഇവിടെ അഘാസുരമാനസമാണ് പരിണാമവിധേയമാകുന്നത്. അഘന്‍ അസുരനാണ്. ഒപ്പം ‘അഘനു’മാണ്. അഘമെന്നാല്‍ പാപം എന്നാണര്‍ത്ഥം. അസുക്കളില്‍ രമിക്കുന്നയാള്‍ (അസുരന്‍), അഘന്‍ (പാപി), ആകാതിരിക്കുന്നതെങ്ങനെ?
കാമസമാനസുന്ദരന്‍ എന്നാണ് ഈ അസുരനെ ഗര്‍ഗ്ഗന്‍ വിശേഷിപ്പിക്കുന്നത്. ശരീരസൗന്ദര്യം അജ്ഞാനികളെ മദിപ്പിക്കും. അവരിലെ വിവേകം നശിച്ചുപോകും. അതോടെ പൂജ്യപൂജാവ്യതിക്രമമടക്കം ദുഷ്പ്രവൃത്തികള്‍ അക്കൂട്ടരില്‍ നിന്നുണ്ടാകും. അഘനും അതുതന്നെയാണ് സംഭവിച്ചത്. മഹാതപസ്വിയായ അഷ്ടാവക്രനെ അധിക്ഷേപിച്ചു സംസാരിച്ചതിലൂടെ അഘന്‍ അത്യന്തം നിന്ദ്യമായ വൃത്തിയാണാചരിച്ചത്!
‘അഷ്ടാവക്രന്‍’ എന്ന സംജ്ഞയും ശ്രദ്ധേയംതന്നെ. ശരീരത്തെ വെറും കര്‍മ്മോപാധിമാത്രമായി കരുതിയിരിക്കുന്ന മഹാമുനിയെന്ന് അര്‍ത്ഥമൂഹിക്കാം. ‘ശരീരവക്രതദേഹാഭിമാനരാഹിത്യം’ – എന്ന അര്‍ത്ഥത്തിലാണെന്നു സങ്കല്പിച്ചാല്‍ കഥാമര്‍മ്മം വെളിവാക്കും. ദേഹാഭിമാനി ദേഹാഭിമാനമേ ഇല്ലാത്ത അധ്യാത്മനിഷഠനെ പരിഹസിച്ചു എന്ന മര്‍മ്മം. യഥാര്‍ത്ഥത്തില്‍ മുനി അഘാസുരനെയാണ് ആക്ഷേപിക്കേണ്ടത്. പക്ഷേ, ‘പരനും ഞാനും ഭവാനുമൊന്നല്ലീ’ എന്നു വിശ്വസിക്കുന്ന മഹാത്മാക്കള്‍ ആരെയും അധിക്ഷേപിക്കുകയില്ലല്ലോ? എന്നാല്‍, ഏതുവിലോമകൃത്യത്തെയും ക്ഷമയോടെ നേരിടുകയാണ് വിജ്ഞന്മാരുടെ ലക്ഷണം! അതിനാല്‍, അഘാസുരന്റെ അഹം നിറഞ്ഞ ഭര്‍ത്സനങ്ങളെ മഹര്‍ഷി ആദ്യം വകവച്ചില്ല. പക്ഷേ, ധിക്കാരം, അധികരിച്ചപ്പോള്‍ മുനി ശാപരൂപത്തില്‍ അനുഗ്രഹിക്കാന്‍തന്നെ തയ്യാറായി.
സത്സംഗം ആരെയും സന്മാര്‍ഗ്ഗചാരിയാക്കും. ഭഗവത്സംഗം പറയാനുമില്ല. പുരാണകഥകളിലെ ദുഷ്ടകഥാപാത്രങ്ങള്‍ക്കെല്ലാം പരമസായൂജ്യം നേടാന്‍ കഴിഞ്ഞത് സത്സംഗത്തിലൂടെയാണ്. അവര്‍ക്ക് വിപരീതഭക്തിയാണുണ്ടായിരുന്നതെന്ന് ഭാഗവതം ഘോഷിക്കുന്നു. രാവണനും കംസനും കുംഭകര്‍ണ്ണനും ശിശുപാലനും ഉദാഹരണം. ശത്രുഭാവത്തിലാണ് കഴിഞ്ഞതെങ്കിലും അവര്‍ ഒരുനേരവും ഭഗവച്ചിന്ത വെടിഞ്ഞില്ല. അഘനും ആ ഗണത്തില്‍പ്പെടുന്നു. അഷ്ടാവക്രമുനിയുടെ അനുഗ്രഹം – ശാപമോക്ഷോപായം – സാധ്യമാക്കാനുള്ള പഴുതന്വേഷിച്ചു നടക്കുകയായിരുന്നു അയാള്‍. കംസസംഗമവും സഖ്യവുമെല്ലാം ആ സാധ്യത്തിനുള്ള സാധനങ്ങള്‍മാത്രം!
സദ്ഭാവത്തിലോ കുഭാവത്തിലോ എങ്ങനെയായാലും ഭഗവത്സ്പര്‍ശം, വ്യക്തിയെ അമൃതാത്മകനാക്കും. അറിഞ്ഞായാലും അറിയാതെയായാലും അഗ്നിയില്‍തൊട്ടാല്‍ പൊള്ളുമല്ലോ? അഘന്‍ വിരോധഭാവത്തിലാണ് ഭഗവാനെ പ്രാപിച്ചത്. ശ്രീകൃഷ്ണനെ ‘വിഴുങ്ങുക’ എന്ന രീതിയില്‍! ആലോചിച്ചാല്‍ അതും ഒരു ഭക്തിമാര്‍ഗ്ഗമാണെന്നു കാണാം. ‘വിഴുങ്ങുക’ എന്ന പദത്തിന്റെ അര്‍ത്ഥം ‘ഉള്ളിലാക്കുക’ എന്നാണ്. ഭക്തന്മാരുടെ പ്രവൃത്തിയെന്താണ്? ഭഗവാനെ ഉള്ളിലാക്കാന്‍ ശ്രമിക്കുകയല്ലേ? അതിനുള്ള സാധനാമാര്‍ഗ്ഗങ്ങളാണല്ലോ അവര്‍ എപ്പോഴും അന്വേഷിക്കാറുള്ളതും. അപ്പോള്‍, അഘനും ഭഗവത്‌സ്പര്‍ശത്താല്‍ അഘം (പാപം) നീങ്ങി, ഭഗവാനെ ഉള്ളിലാക്കുകതന്നെയെന്നുസാരം! മറ്റൊന്നിനും സ്ഥലമില്ലാതാകുംവിധം ഭാവന മുറുകി. പിന്നെ, ശരീരം ഭിന്നമാകാതിരിക്കുമോ? ശരീരഭാവനതന്നെ നഷ്ടമായി എന്നു സാരം!
ഒരു സാധാരണവ്യക്തിയുടെ അനുക്രമമായ മനഃപരിവര്‍ത്തനം, ഈ കഥയില്‍ക്കാണാം. ആദ്യം വെറും സാധാരണനായ വ്യക്തിയെയാണ് അഘനില്‍ കാണാന്‍കഴിയുന്നത്. ശരീരാഭിമാനത്തില്‍ വിജ്യം ഭിതനായ വ്യക്തി! അജ്ഞാനപ്രേരണയാല്‍ മദമത്തനായി ആരെയും ധിക്കരിക്കുന്നിടത്തോളമെത്തി അഹങ്കാരം. തന്റെ വഴിക്കല്ലാത്തവരോടൊക്കെ ഇത്തരക്കാര്‍ക്ക് പുച്ഛമാണ്. അതാണ് ശരീരഭാവനയില്ലാത്ത, സംസാരത്തെ നിസ്സാരമാക്കിക്കണ്ട, അഷ്ടാവക്രമുനിയെ പരിഹസിക്കാന്‍ അഘന് തോന്നിയത്. പാപപ്രേരണയുടെ സ്വഭാവമതാണ്.
സജ്ജങ്ങളോടേറ്റാല്‍ ഒരാള്‍ക്കും ദോഷമുണ്ടാവില്ല. ‘മുല്ലപ്പൂമ്പൊടിയേല്‍ക്കുന്ന കല്ലിനും സൗരഭ്യമുണ്ടാകുമെന്നാണല്ലോ.’ അഷ്ടാവക്രശാപം അഘന് പാപചിന്തയകറ്റാനുള്ള അവസരമായി. തനിക്കു കിട്ടിയ സര്‍പ്പരൂപം അയാളെ വല്ലാതെ മഥിച്ചിട്ടുണ്ടാകും. ശരീരവക്രതയാര്‍ന്ന മുനിയെ പരിഹസിച്ചതിന് ഓരോ ചലനവും വക്രിതമായ സര്‍പ്പഗതിയാണല്ലോ അയാള്‍ക്കു ലഭിച്ചത്! ഏതുവിധവും ആ ദുര്‍ഗ്ഗതി ഒഴിവാക്ുവാന്‍ അവന്‍, പഴുതുനോക്കി. മുനി നല്‍കിയ ശാപമോക്ഷമായി ലക്ഷ്യം! സംസാരികള്‍ക്കു ഗുരുക്കന്മാര്‍ നല്‍കുന്ന മോക്ഷമാര്‍ഗ്ഗോപദേശങ്ങള്‍തന്നെയാണ് ശാപമോക്ഷങ്ങള്‍! എത്രയും വേഗം കൃഷ്ണസംഗമം ഉണ്ടാകണേ എന്നവന്‍ ആശിച്ചു! അതിന് വൃന്ദാവനത്തിലെത്തുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് മനസ്സിലാക്കി. സര്‍വ്വവൃന്ദങ്ങളെയും അവനം ചെയ്യുന്നിടമാണല്ലോ അത്. ഭഗവാന്‍ ലീലകളാടുന്നിടം! ഭക്തന്മാരുടെ മാനസമാകുന്ന ആ വൃന്ദാവനം മുമുക്ഷുകള്‍ക്ക് ആരാധനാസ്ഥാനംതന്നെയാണ്.
അസുരന്‍, ഭഗവാന്റെ വരവും പാര്‍ത്ത് ആ മാര്‍ഗ്ഗത്തിലങ്ങനെ വായും പൊളിച്ചു കിടന്നു. നല്ല ഭക്തന്മാരങ്ങനെയാണ്. അവരുടെ ഉള്ളുതുറന്ന പ്രാര്‍ത്ഥനയാണ് ആ കിടപ്പ് പ്രതീകമാക്കുന്നത്. ആദ്യം കാലികളും പിന്നീട് ഗോപാലന്മാരും അവസാനം ശ്രീകൃഷ്ണനും ആ വായ്ക്കുള്ളില്‍ പ്രവേശിച്ചു. ഇവിടെ കാലികളും ഗോപാലരും ഭഗവദനുചരരെന്നറിയണം. ഭക്തന്റെ മനസ്സില്‍, ഭഗവത്സംഗമനുഭവിക്കുന്ന കാലികളുടെയും ഗോപാലന്മാരുടെയും ഭാഗ്യാതിരേകമാണ് തെളിയുന്നത്. അഘം മാറിയ മനസ്സില്‍, ഭഗവാന്റെ സ്‌നേഹലാളനകളേല്‍ക്കാന്‍ ഭാഗ്യമുണ്ടായ കാലികളും ഗോപാലകന്മാരും തെളിഞ്ഞുനിന്നു. അവയെ മാതൃകയാക്കി ഈശ്വരചിന്ത തുടങ്ങി. അപ്പോള്‍ ശ്രീകൃഷ്ണന്‍ സ്വയം ഭക്തന്റെ ഉള്ളില്‍ കയറിച്ചെന്നു. പിന്നെ, കൃഷ്ണനെ പുറത്തേക്കുവിടാതിരിക്കാന്‍ അഘന്‍ വായ്പൂട്ടി! വാങ്മനേന്ദ്രിയങ്ങളെ പൂട്ടിവച്ച് (നിയന്ത്രിച്ച്) തന്റെ ഹൃദയാധിനാഥനെ ഉള്ളിലുറപ്പിച്ചു എന്നു സാരം. ഈവിധം ഈശ്വരാരാധന ചെയ്യുന്ന ഭക്തന് മോക്ഷമുണ്ടാകാതെ വയ്യല്ലോ! അതാണ്, ശരീരം ഭേദിച്ച് ഭഗാവന്‍ പുറത്തുവന്നുവെന്നും അഘനില്‍നിന്ന് ഒരു തേജസ് ഭഗവാനില്‍ ലയിച്ചു എന്നും പറഞ്ഞതിലെ പൊരുള്‍! ഭക്തന്മാര്‍ക്ക് കരള്‍ക്കുളിര്‍മ്മയുണ്ടാക്കുന്ന അഘാസുരമോക്ഷ കഥ, ഭാഗവതത്തിലെ അത്യന്തം ആനന്ദസന്ദായകമായ ഒരാഖ്യാനമാണ്.
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-
ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.
തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.
വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,
വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013, മൊബൈല്‍: 9447089049
പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.
കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,
മാളുബന്‍ പബ്ലിക്കേഷന്‍സ്
ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-
MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: [email protected]
Discussion about this post