ഡോ.പി.സേതുനാഥന്‍
- (ശ്രീ. ചെങ്കല്‍ സുധാകരന്‍ രചിച്ച ഗര്‍ഗ്ഗഭാഗവതസുധ- ഒന്നാം ഭാഗം എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള പുസ്തകനിരൂപണം)
ഭാരതത്തിലെ ഋഷീശ്വരന്മാരെ നമിക്കാതെ ഭാരതത്തെക്കുറിച്ചു ചിന്തിക്കാനും പഠിക്കാനും സ്വപ്‌നംകാണാനും കഴിയില്ല. അവര്‍ ബ്രഹ്മനിശ്ചലധ്യാനത്തില്‍ സ്വരൂക്കൂട്ടിയ സനാതനങ്ങളായ ജീവിതദര്‍ശനങ്ങളാണ് ഭാരതീയ ജീവിതത്തിന്റെ അടിത്തറ. ഭാരതവര്‍ഷത്തിലെ ഋഷീശ്വരന്മാരുടെ ശ്രേണിയില്‍ പ്രഥമഗണനീയനാണ് യാദവരുടെ കുലഗുരുവും ബൃഹത്ക്ഷത്ര പുത്രനായ ജയന്റെ മകനുമായ ശ്രീ ഗര്‍ഗ്ഗന്‍. ആ പുണ്യാത്മാവിന്റെ സര്‍ഗ്ഗവൈഭവത്തിന്റെ പ്രകടനപത്രമാണ് ശ്രീഗര്‍ഗ്ഗഭാഗവതം.
ഭാരതീയ കര്‍മ്മചിന്തയുടെ മനോഹരങ്ങളായ കാവ്യരൂപങ്ങളില്‍ പ്രഥമഗണനീയമാണ് ശ്രീമഹാഭാഗവതം. ആ വിശിഷ്ടഗ്രന്ഥത്തിന്റെ പുനരാഖ്യാനമാണ് ‘ഗര്‍ഗ്ഗഭാഗവതം’. ശ്രീകൃഷ്ണന്റേയും ബലരാമന്റേയും നാമകരണവും ജാതകരചനയും നടത്തിയ ഗര്‍ഗ്ഗമഹര്‍ഷിയുടെ ഭഗവദ്ഭക്തിവിദിതമാണ്. പുരാണമുനിയായ വ്യാസന്റെ ശ്രീമദ്ഭാഗവതകഥ അനുസന്ധാനം ചെയ്യുന്ന ‘ഗര്‍ഗ്ഗ ഭാഗവതം’ പലവഴിയിലും വേറിട്ടാണു നില്‍ക്കുന്നത്. വ്യാസന്റെ കവികര്‍മ്മ കുശലത പകര്‍ന്നു തന്നിട്ടില്ലാത്ത ഒട്ടനവധികഥകള്‍ ‘ഗര്‍ഗ്ഗഭാഗവതം’ നമ്മുടെ കൈക്കുടന്നയില്‍ എത്തിക്കുന്നുണ്ട്. ശ്രീമദ്ഭാഗവതത്തിന്റെ അകപ്പൊരുള്‍ പന്തീരായിരം ശ്ലോകങ്ങളിലാക്കി ഭാരതവര്‍ഷത്തിലെ ജനതതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ് ഗര്‍ഗ്ഗമുനി.
പത്തുഖണ്ഡങ്ങളിലായി ശ്രീകൃഷ്ണകഥ വിശദമായി ഈ കാവ്യം വിശദമാക്കുന്നു. ഗോലോകഖണ്ഡം, വൃന്ദാവനഖണ്ഡം, ഗിരിരാജഖണ്ഡം, മാഥുര്യഖണ്ഡം, മഥുരാഖണ്ഡം, ദ്വാരകാഖണ്ഡം, വിജ്ഞാനഖണ്ഡം, അശ്വമേധഖണ്ഡം എന്നിങ്ങനെയാണ് ഗര്‍ഗ്ഗഭാഗവതത്തിലെ കഥാവിഭജനം. അശ്വമേധഖണ്ഡത്തെക്കുറിച്ച് ചില പണ്ഡിതന്മാര്‍ അഭിപ്രായഭേദം ഉന്നയിച്ചും കാണുന്നുണ്ട്. നാരദമഹര്‍ഷിയും ബഹുലാശ്വ മഹാരാജാവും തമ്മിലുണ്ടായ സംവാദത്തെ അടിസ്ഥാനമാക്കി ഗര്‍ഗ്ഗാചാര്യന്‍ ശൗനകമഹര്‍ഷിക്കു വിവരിച്ചുകൊടുക്കുന്നരീതിയിലാണ് ഇതിലെ കഥാഗതി. അതുകൊണ്ടാണ് ‘ഗര്‍ഗ്ഗ – ശൗനക’ സംവാദം എന്ന് പേരു നല്‍കുന്നതും.
മുഖ്യമായും ഭാഗവതകഥ പിന്‍തുടരുന്നുണ്ടെങ്കിലും ഹൃദ്യവും അത്യാകര്‍ഷകങ്ങളുമായ നിരവധി കഥാഭാഗങ്ങള്‍ ഇക്കാവ്യത്തില്‍ സ്വകപോലകല്പിതമോ പുരാണമുനിപ്രോക്തങ്ങളോ ആയി ഇഴചേര്‍ത്ത് തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഗര്‍ഗ്ഗഭാഗവതത്തിന്റെ പ്രാധാന്യം. കംസന്‍ , പൂതന, ഗോപികമാര്‍ , മല്ലന്മാര്‍ , കുവലയാപീഡം, ഗോവര്‍ദ്ധനഗിരി ഇത്യാദി കഥാഭാഗങ്ങള്‍ വിശദീകരിക്കുമ്പോള്‍ അവയ്ക്ക് പൂര്‍വ്വത്തില്‍ നിന്നു ഭിന്നമായ ഉല്പത്തി വിശേഷങ്ങള്‍ അത്യാകര്‍ഷങ്ങളായി ചേര്‍ത്തിരിക്കുന്നു. ‘രാധാമാധവ’ സങ്കത്തിന്റെ ചാരുത പ്രശംസനീയമാണ്. ഇങ്ങനെ പോകുന്ന സവിശേഷതകള്‍ ഗര്‍ഗ്ഗഭാഗവതത്തിന്റെ അകപ്പൊരുള്‍ കനമുള്ളതാകുന്നു. അത്യന്തം ആസ്വാദ്യങ്ങളും ഭക്തിമയങ്ങളും ആലോചനാമൃതങ്ങളുമായ സ്തുതിഗീതങ്ങള്‍ ഗര്‍ഗ്ഗഭാഗവതത്തിന്റെ മാറ്റുകൂട്ടുന്ന ഒരു ഘടകമാണ്. വൃഥാ സ്ഥൂലതയും ആവര്‍ത്തനവിരസത ഉളവാക്കു്‌ന സന്ദര്‍ഭങ്ങളും അവിടവിടെ കടന്നുകൂടുന്നുണ്ടെന്ന് പണ്ഡിതന്മാര്‍ ആരോപിക്കുമ്പോഴും സ്വന്തമായ കഥാഘടനയും ചേതോമോഹനങ്ങളായ ആഖ്യാനങ്ങളും രസപുഷ്ടി ഉളവാക്കുന്ന വര്‍ണ്ണനകളും ഭക്തിനിര്‍ഭരമായ അന്തരീക്ഷ സൃഷ്ടിയും ഗര്‍ഗ്ഗഭാഗവതത്തെ ആസ്വാദ്യമാക്കുന്നു. ഗര്‍ഗ്ഗഭാഗവതത്തിലെ ആദ്യത്തെ മുപ്പത്തിയഞ്ചുകഥകളും അവയുടെ സമഗ്രമായ പഠനനിരീക്ഷണങ്ങളുമാണ് ശ്രീ ചെങ്കല്‍ സുധാകരന്റെ ‘ഗര്‍ഗ്ഗ ഭാഗവതസുധ’ ഒന്നാം ഭാഗത്തിലെ പ്രമേയം.
പുരാണകഥാഖ്യാനങ്ങളും പഠനങ്ങളും നിരീക്ഷണങ്ങളും ജീവിതചര്യയുടെ ഭാഗമാക്കിയ മഹാപണ്ഡിതനാണ് ശ്രീ.ചെങ്കല്‍ സുധാകരന്‍ . ഏത് കഠിനമായ വേദാന്തധാരകളും സൂക്ഷ്മമായി അപഗ്രഥിച്ച് സുതാര്യമായി വ്യാഖ്യാനിച്ച് ഭക്തന്മാരുടെ കൈക്കുടന്നയില്‍ എത്തിച്ച് അവരെ ആനന്ദതുന്ദിലരാക്കുന്നതിന് ശ്രീ സുധാകരനുള്ള സര്‍ഗ്ഗവൈഭവം പ്രശംസനീയം തന്നെയാണ്. ലാളിത്യവും ഭാഷാശുദ്ധിയും സുധാകരന്റെ രചനകളുടെ വൈശിഷ്യമാണ്. പുരാണകഥകള്‍ അറിയിക്കുക മാത്രമല്ല അവയുടെ അന്തരീക്ഷം ആസ്വാദകമനസ്സുകളില്‍ പുനഃസൃഷ്ടിക്കുകയാണ് അദ്ദേഹത്തിന്റെ രീതി. അതാണ് കലര്‍പ്പും കളങ്കവുമില്ലാത്ത സുതാര്യമായ രചനാ വൈഭവം. വായിച്ചെടുക്കുന്ന പൊരുള്‍ ഉണ്മയായി വായനക്കാരനുപകരുക എന്നത് അദ്ദേഹത്തിന്റെ രചനാതന്ത്രമാണ്. ആ കരവിരുതും സര്‍ഗ്ഗവൈഭവവും ഈ രചനയില്‍ തെളിഞ്ഞുനില്‍ക്കുന്നു.
ഭാഗവതമര്‍മ്മം മനസ്സിലാക്കിയ ഗ്രന്ഥകാരന്റെ വിവരണങ്ങളിലും വ്യാഖ്യാനങ്ങളിലും ഭഗവല്‍ഭക്തി പ്രധാന കണ്ണിയായി നില്‍ക്കുന്നു. ഭക്തിയുടെ അന്തരീക്ഷം ഉളവാക്കുന്നതിനായി കഥകള്‍ സരസമായി കൂട്ടിച്ചേര്‍ത്താണ് ഈ രചന പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഗര്‍ഗ്ഗമുനിയുടെ ഉള്ളുകണ്ടറിഞ്ഞ് ശ്രീമദ്ഭാഗവതകഥാമൃതം നുകര്‍ന്ന് ആനന്ദലഹരിയില്‍ മുഴുകി സായൂജ്യം അടയാന്‍ ഭക്തന്മാരെ ക്ഷണിക്കുന്ന ഈ രചന തികഞ്ഞ വായനാനുഭവവും ഭഗവല്‍ ഭക്തിയും നിറഞ്ഞുനില്‍ക്കുന്നതാണ്.
ഈടുറ്റ രചനകളും നല്ല ഗ്രന്ഥങ്ങളും വൃത്തിയായും വെടിപ്പായും അച്ചടിച്ച് വിതരണം ചെയ്യുന്ന ആറയൂരിലെ ‘മാളുബന്‍ ‘ പ്രസാധകരാണ് ഈ മഹദ്കൃതിയുടെ പ്രസാധനം നിര്‍വ്വഹിച്ചിട്ടുള്ളത്. ‘ഗ്രന്ഥപാരായണം ചെയ്യുന്ന ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളില്‍ കടന്ന് അഷ്ടരാഗവിമുക്തമായി പരമാനന്ദമനുഭവിക്കട്ടെ’ എന്ന് പ്രാര്‍ത്ഥനയിലാണ് പ്രസാധകര്‍ക്ക് സംതൃപ്തി. ലീലാമാനുഷനായി ബാലഗോപാലലീലകളാടി ഭക്തമനസ്സുകളില്‍ നിര്‍വൃതിപൊഴിക്കുന്ന ബാലഗോപലന്‍ ഈ ഗ്രന്ഥത്തില്‍ നിറഞ്ഞുനിന്ന് വായനക്കാരനെ ആനന്ദതുന്ദിലരാക്കും.
Discussion about this post