സത്യാനന്ദപ്രകാശം
ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
അനന്തകോടി മാനവഹൃദയങ്ങളില്‍ ദേവീ ചൈതന്യമുണര്‍ത്തി അഭയാനന്ദങ്ങളും ആയുരാരോഗ്യസൗഖ്യങ്ങളും പകരുന്ന മഹത്തായ യജ്ഞകര്‍മ്മമാണ് ആറ്റുകാല്‍ പൊങ്കാല. അത്ഭുതകരമായ ഒരു പവിത്ര പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചയായി ജനകീയമായ ഈ യഞ്ജകര്‍മ്മം കുംഭമാസത്തിലെ പൂരം നക്ഷത്രത്തിന് ഓരോ വര്‍ഷവും വന്നുചേരുന്നു.
പതിവ്രതാധര്‍മ്മത്തിനു പരമോദാഹരണമായ കണ്ണകിയുടെ തപോബലവും അനാദികാലംമുതല്‍ ഭാരതം പരിപാലിച്ചുപോരുന്ന ഉത്തുംഗമായ സാംസ്‌കാരിക പാരമ്പര്യവും ഉപനിഷത്തുക്കളില്‍നിന്നു അനര്‍ഗ്ഗളം പ്രവഹിക്കുന്ന വേദാന്തശാസ്ത്രദര്‍ശനവും ആത്മസാക്ഷാത്കാരത്തിന്റെ അഭൗമതലങ്ങളെ അനുഭവവേദ്യമാക്കുന്ന തന്ത്രശാസ്ത്രപ്രമാണങ്ങളും പരിശുദ്ധിയുടെ പര്യായങ്ങളായ കുലാംഗനമാരുടെ ഭക്തിപാരവശ്യവും മനുഷ്യരും മൃഗങ്ങളും പക്ഷിവൃക്ഷാദികളുമെല്ലാമുള്‍പ്പെട്ട സമസ്തജീവരാശികളുടെയും ഹൃദയത്തില്‍ മുഴങ്ങുന്ന പ്രാര്‍ത്ഥനകളും തെളിവുറ്റുവിളങ്ങുന്ന കുംഭമാസപ്രകൃതിയുടെ സമര്‍പ്പണവും ഒന്നായിണങ്ങുന്ന ഉത്സവാരാധനയാണ് അത്.
രണ്ടായിരത്തോളം കൊല്ലങ്ങള്‍ക്കപ്പുറം ചന്ദ്രന്‍ പൂരം നക്ഷത്രത്തോടിണങ്ങിയ ഇതുപോലൊരു കുംഭമാസപുലരിയിലായിരുന്നു പാണ്ഡ്യതലസ്ഥാനം വെടിഞ്ഞു ചേരപുരിയിലേക്കുള്ള യാത്രാമദ്ധ്യേ കണ്ണകി ഇവിടെ എത്തിച്ചേര്‍ന്നത്. ആ പതിവ്രതാരത്‌നത്തിനു കേരളാംഗനമാര്‍ ആദ്യമായി പൊങ്കാല സമര്‍പ്പിച്ചതും അന്നായിരുന്നു. നൂറ്റാണ്ടുകളെ പ്രഭാപൂര്‍ണ്ണമാക്കി കടന്നുവരുന്ന ആ സുദിനത്തില്‍ ഗതകാലസ്മൃതികളുണര്‍ത്തിക്കൊണ്ട് ആറ്റുകാലമ്മയുടെ തിരുമുറ്റത്ത് പൊങ്കാലനൈവേദ്യവുമായി ഭക്തലക്ഷങ്ങള്‍ വീണ്ടും ഒത്തുകൂടുന്നു. ലോകമാതാവിനു സര്‍വ്വവും സമര്‍പ്പിച്ചു സായൂജ്യം നേടുന്നു.
ദേവിയുടെ തിരുസന്നിധി
ശ്രീപദ്മനാഭന്‍ പള്ളികൊള്ളുന്ന തിരുവനന്തപുരം നഗരത്തിന്റെ തെക്കുകിഴക്കുഭാഗത്ത് നഗരമദ്ധ്യത്തില്‍നിന്നും അധികമകലെയല്ലാതെ പ്രകൃതിരമണീയവും ഫലസംപുഷ്ടവുമായ പ്രശാന്തപ്രദേശമാണ് ആറ്റുകാല്‍. കരമനയാറിന്റെയും കിള്ളിയാറിന്റെയും ഈ തീരദേശം ഒരുകാലത്തു നെല്‍കൃഷിക്കു പ്രസിദ്ധമായിരുന്നു. ഇന്നാകട്ടെ കേരവൃക്ഷങ്ങളാല്‍ സമാവൃതമായി രമ്യഹര്‍മ്യങ്ങള്‍ നിറഞ്ഞ നഗരത്തിലെ പ്രമുഖ ജനവാസകേന്ദ്രങ്ങളിലൊന്നായി പരിണമിച്ചിരിക്കുന്നു. ചെറുതും വലുതമായ ധാരാളം ക്ഷേത്രങ്ങള്‍ നിറഞ്ഞ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കനത്ത പാരമ്പര്യമുള്ള ഈ പ്രദേശത്തിന്റെ ഹൃദയത്തിലാണ് വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ ഭഗവതീക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഈരേഴുപതിന്നാലു ലോകങ്ങളുടെയും മാതാവാണ് ഇവിടെ വാണരുളുന്ന അനുഗ്രഹദായിനി. ചിലപ്പതികാരപ്രസിദ്ധമായ കണ്ണകീകഥയും ഇതിഹാസപുരാണകഥകളും നിറഞ്ഞ കമനീയ ശില്പങ്ങളാല്‍ സമലംകൃതമായ ഭവ്യക്ഷേത്രത്തില്‍ ഉപദേവന്മാരാല്‍ ചുറ്റപ്പെട്ട് ശ്രീകോവിലിനുള്ളില്‍ സൂര്യകോടി തേജസ്സോടെ സിന്ദൂരാരുണവിഗ്രഹയായ ജഗദംബിക ഭക്തകോടികള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞുകൊണ്ടു വാണരുളുന്നു. അമ്മയുടെ മഹിമാനം അനുരണനം ചെയ്യാത്ത ഒരണുപോലും ഇവിടെയില്ല. അമ്മയുടെ അനന്തകോടി കഥകള്‍ പറയാത്ത ഒരു തളിരിലപോലും ഇവിടെ മുളയ്ക്കുന്ന വൃക്ഷങ്ങളിലില്ല. ഇവിടെ പ്രവഹിക്കുന്ന കാറ്റിന്റെ കുഞ്ഞോളങ്ങളില്‍ പോലുമുണ്ട് ദേവിയുടെ നാമമന്ത്രധ്വനി. പ്രപഞ്ചമാതാവു വിളങ്ങുന്ന ചിന്താമണീഗൃഹമാണ് ആറ്റുകാല്‍ക്ഷേത്രം.
Discussion about this post