Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ആധുനിക മലയാള കവിതയ്‌ക്കു അവദൂത മുഖം നല്‍കിയ കവി എ.അയ്യപ്പന്‍

by Punnyabhumi Desk
Nov 11, 2010, 04:59 pm IST
in മറ്റുവാര്‍ത്തകള്‍

കുന്നുകുഴി എസ്‌.മണി
മലയാള കവിതയില്‍ ആധുനിക പ്രസ്ഥാനത്തിന്‌ ജനകീയ മുഖം സമ്മാനിച്ച കവികളില്‍ പ്രഥമ ഗണനീയനായിരുന്നു അന്തരിച്ച കവി. എ.അയ്യപ്പന്‍. ജനകീയ പ്രസ്ഥാനത്തിന്റെ പഴയ തലമുറയിലെ പ്രമുഖന്‍ മഹാകവി ചങ്ങമ്പുഴ കൃഷ്‌ണപിള്ളയാണ്‌. ചങ്ങമ്പുഴയോളമാവില്ലെങ്കിലും ആധുനിക ജനകീയ കാവ്യ പ്രപഞ്ചത്തില്‍ അവദൂത ഭാവം കൈവരുത്താനായിരുന്നു കവി അയ്യപ്പന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത്‌. അതാണ്‌ ജീവിതത്തിലും അവദൂത ദര്‍ശനം പോലെ ഒരു തുണ്ട്‌ പേപ്പറില്‍ ഒരു കവിത ശകലമെഴുതി ഷര്‍ട്ടിന്റെ കൈച്ചുരുട്ടില്‍ തിരുകി വച്ചിരുന്നത്‌. അയ്യപ്പന്‍ കവിതകള്‍ ഈ കാലഘട്ടത്തിന്റെ തന്നെ മനുഷ്യചേതനയെ പ്രചോദിപ്പിക്കാനും, മനുഷ്യമനസ്സിനെ തൊട്ടുണര്‍ത്താനും പോന്ന വൈഭവം ആവാഹിച്ചിരുന്നു. അയ്യപ്പന്‍ കവിതകള്‍ക്ക്‌ മറ്റാരിലും കാണാത്തത്ര മൂര്‍ച്ചയേറിയതും അതു കൊണ്ടായിരുന്നിരിക്കണം.
കവിതയെഴുത്ത്‌ അയ്യപ്പനെ സംബന്ധിച്ചിടത്തോളം ഒരു തരം ഭ്രാന്തമായ ആവേശമായിരുന്നു. തെരുവോരങ്ങളിലും, കടലോരങ്ങളിലും, വഴിയമ്പലങ്ങളിലും നടന്നലഞ്ഞാണ്‌ തന്റെ സൃഷ്‌ടികള്‍ മുഴുവന്‍ കുത്തിക്കുറിച്ചെടുത്തിരുന്നത്‌. ഇരുന്നും കിടന്നും തലയില്‍ കൈവച്ചും അയ്യപ്പന്‍ സൃഷ്‌ടിയുടെ പേറ്റ്‌ നോവ്‌ ശരിക്കും അനുഭവിച്ചു. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേയ്‌ക്ക്‌ കവി അലഞ്ഞു നടന്നിരുന്നത്‌. പിറക്കാന്‍ പോകുന്ന കവിതയുടെ പേറ്റ്‌നോവും പേറിയായിരുന്നുവെന്ന രഹസ്യം മറ്റാര്‍ക്കുമറിയില്ല. വെറുതെ എന്തിനാണ്‌ കവി ഇങ്ങനെ നടന്നലയുന്നതെന്ന്‌ കാഴ്‌ചക്കാര്‍ക്ക്‌ തോന്നാമെങ്കിലും പുതിയൊരു കവിത തേടിയുള്ള പാച്ചിലാണത്‌. ഈ അനന്തമായ അലച്ചിലിനെക്കുറിച്ച്‌ കവി അയ്യപ്പന്‍ തന്നെ ഒരവസരത്തില്‍ ഈ ലേഖകനോട്‌ പറഞ്ഞത്‌ ഇങ്ങനെ: ഇഷ്‌ടാ ഞാന്‍ വെറുതെ അലയുന്നതല്ല. മനസ്സില്‍ കവിത രൂപം കൊള്ളുന്നത്‌ ഇങ്ങനെ വെറുതെ നടക്കുമ്പോഴാണ്‌. കവിത മനസ്സാകുന്ന ഗര്‍ഭപാത്രത്തില്‍ ജനിച്ചുകഴിഞ്ഞാല്‍ അതിന്റെ ആലസ്യത്തില്‍പ്പെട്ട്‌ നോവും വേവും അനുഭവിക്കുമ്പോഴെ പൂര്‍ണമായ ഒരു കവിത ജനിക്കുന്നുള്ളു.” ഇതാണ്‌ ആ അലച്ചിലിന്റെ നിഗൂഢ രഹസ്യമത്രെ. ഇതിനിടയിലാണ്‌ മദ്യപാനത്തിന്റെ ലഹരിയേറി നടക്കുമ്പോഴോ, ഇരിക്കുമ്പോഴേ ഒരു അവദൂത കവിത മനസ്സില്‍ ജനിക്കുന്നു. ഒരു ലേഖനമെഴുതുമ്പോള്‍ ഉണ്ടാകുന്ന വേവും നോവും അനുഭവിച്ചിട്ടുള്ള ഈ ലേഖകന്‌ ബോധ്യപ്പെട്ട സംഗതിയാണത്‌. മനസ്സിന്റെ വേവിലും നോവിലും പെട്ടാണ്‌ ഒരു കവിയില്‍ ഒരു കവിത പിറക്കുന്നത്‌. അതിനിടയില്‍ അനുഭവിക്കുന്‌ ആത്മസംഘര്‍ഷങ്ങള്‍ വേറെയും. അവസാനം മനോഹരമായ ഒരു കവിത ജനിക്കുന്നു.
കവി അയ്യപ്പനെ സംബന്ധിച്ചിടത്തോളം ജീവിതം തന്നെ ഒരാഘോഷമായിരുന്നു. ആ ആഘോഷതിമിര്‍പ്പില്‍ നിന്നും മനുഷ്യന്റെ വ്യഥകളും വ്യാകുലതകളും തിരിച്ചറിയാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ മിക്ക കവിതകളും തന്നില്‍ നിന്നും പിറവിയെടുക്കുന്നതെന്നാണ്‌ കവി മിക്കപ്പോഴും പറഞ്ഞിരുന്നത്‌. എന്താണ്‌ മനുഷ്യന്റെ വ്യഥയെന്നോ എന്താണ്‌ വ്യാകുലയെന്നോ കവി വ്യക്തമാക്കുന്നില്ല. പകരം വെളുക്കെയുള്ള ചിരിയും ചതിലപ്പോള്‍ സംഭവിക്കുന്ന മുരളുകളിലും അത്‌ ഒതുക്കുന്നു. അല്ലെങ്കില്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്നു. പക്ഷെ കവി അയ്യപ്പനെ അത്‌ എന്താണെന്ന്‌ തിരിച്ചറിയാനാവു.
കവി അയ്യപ്പനും ഞാനും സുഹൃത്തുക്കളായിരുന്നു. എവിടെ വച്ചാണ്‌ പരിചയപ്പെട്ടതെന്ന്‌ ഓര്‍മ്മയില്ലെങ്കിലും ഏകദേശം കാല്‍നൂറ്റാണ്ടുകാലത്തോളം ആ പരിചയം നീളും. മിക്കപ്പോഴും സെക്രട്ടറിയേറ്റിനു മുന്നിലെ കമ്പിവേലിക്കരുകില്‍ അയ്യപ്പനെ കാണാറുണ്ട്‌. അടുത്തെത്തിയാല്‍ ഒന്നുചിരിക്കും. ചിലപ്പോള്‍ പോയ്‌ക്കറ്റില്‍ രൂപയുണ്ടെങ്കില്‍ ഒരു ഇരുപതു രൂപ വേണമെന്നു പറയും. എന്തിനെന്ന്‌ ചോദിച്ചാല്‍ നേമത്തെ വീട്ടില്‍ പോകാനെന്നു പറയും. മറ്റു ചിലപ്പോള്‍ കണ്ടാലും മിണ്ടാട്ടമില്ലാതെ ദൂരേയ്‌ക്ക്‌ നോക്കിയിരിക്കും. അത്‌ കവിത കുറിക്കാനുള്ള മൂഡിലാണെന്നാവും ഉത്തരം. ഇങ്ങനെ നിരന്തര കാവ്യ സപര്യയിലൂടെ കവിയഥേഷ്‌ടം സഞ്ചരിക്കുകയായിരുന്നു.
സ്വര്‍ണ്ണ പണിക്കാരനായ അറുമുഖം ആചാരിയുടെയും മൂത്തമ്മാളിന്റെയും രണ്ടുമക്കളില്‍ ഇളയവനായി 1949 ഒക്‌ടോബര്‍ 27ന്‌ നെടുമങ്ങാട്‌-ആര്യനാട്‌ റോഡില്‍ കുളവിക്കോണം കുന്നുവീട്ടില്‍ അയ്യപ്പന്‍ ജനിച്ചു. അയ്യപ്പന്‍ ജനിച്ച കുഞ്ഞുവീടും അവിടത്തെ ശീമപ്ലാവും ഇന്നുമുണ്ട്‌. അയ്യപ്പന്‌ ഒന്നര വയസ്സായകാലത്താണ്‌ അച്ഛന്‍ ആറുമുഖന്‍ ആചാരി മരണമടഞ്ഞത്‌. അതൊരു കൊലപാതകമായിരുന്നുവെന്നാണ്‌ അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുള്ളത്‌. പിന്നീട്‌ എല്ലാം അമ്മയായിരുന്നു. മൂത്ത സഹോദരി സുബ്ബലക്ഷ്‌മിയേയും. അയ്യപ്പനേയും കൂലിപണിയെടുത്താണ്‌ വളര്‍ത്തിയത്‌. അയ്യപ്പന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അമ്മ മുത്തമ്മാളും മരണമടഞ്ഞു. അനാഥനായ അയ്യപ്പനെ പിന്നീട്‌ വളര്‍ത്തിയത്‌ മൂത്ത സഹോദരി സുബ്ബലക്ഷ്‌മിയാണ്‌. വിവാഹിതയായ സുബ്ബലക്ഷ്‌മിയോടൊപ്പം ഭര്‍ത്താവായ കൃഷ്‌ണനാചാരിയുടെ വീട്‌. അതോടെ നെടുമങ്ങാട്ടുനിന്നും അയ്യപ്പനെ നേമത്ത്‌ പറിച്ചു നടുകയായിരുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസം നെടുമങ്ങാട്ടും നേമത്തുമായി നടന്നു. അച്ഛന്റെയും അമ്മയുടെയും സ്‌നേഹ വാത്സല്യങ്ങള്‍ അനുഭവിക്കാന്‍ യോഗമില്ലായിരുന്ന അയ്യപ്പനില്‍ വായനയില്‍ ആശ്വാസം കണ്ടെത്തി. പിന്നീട്‌ വായനപരമായി മാറി. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തു തന്നെ അയ്യപ്പനില്‍ സാഹിത്യ വാസനമുളപൊട്ടി. അങ്ങിനെ കഥകള്‍ എഴുതിത്തുടങ്ങി. പഠനകാലത്ത്‌ എഴുതിയ ആദ്യ കൃതിയാണ്‌ `ഓണക്കാഴ്‌ച’ എന്ന കഥാസമാഹാരം. കൂട്ടുകാര്‍ ചേര്‍ന്നാണ്‌ ഈ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌. കഥാ ലോകത്ത്‌ വ്യാപരിച്ചിരുന്ന അയ്യപ്പന്‍ പിന്നീട്‌ കവിതയെഴുത്തിലേയ്‌ക്ക്‌ വഴിമാറുകയായിരുന്നു. എങ്ങിനെ കവിതയില്‍ കടന്നുവന്നു വെന്ന ചോദ്യത്തിന്‌ കവിക്കു തന്നെ ഉത്തരമില്ലായിരുന്നു.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസനന്തരം ട്യൂട്ടോറിയല്‍ കോളേജ്‌ അദ്ധ്യാപകനായും സി.പി.ഐയുടെ പ്രസിദ്ധീകരണമായ `നവയുഗ’ ത്തിന്റെ പ്രൂഫ്‌ റീഡറായും ജോലി ചെയ്‌തു. കമ്മ്യൂണിസ്റ്റ്‌ നേതാവായ ആര്‍.സുഗതനുമായി അയ്യപ്പന്‍ അടുത്തതും ഈ അവസരത്തിലാണ്‌. ഒരു വേള സുഗതന്റെ സെക്രട്ടറിയായും അയ്യപ്പന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ മുതല്‍ക്കാണ്‌ അയ്യപ്പന്‍ ഇടതുപക്ഷ ചിന്താഗതിക്കാരനായി മാറിയത്‌. കെ.ബാലകൃഷ്‌ണന്റെ `കൗമുദി’ യിലാണ്‌ അയ്യപ്പന്റെ ആദ്യകവിത അച്ചടിച്ചുവന്നത്‌. തുടര്‍ന്ന്‌ ചന്ദ്രിക സോപ്പിന്റെ ഉടമ സി.ആര്‍.കേശവന്‍ വൈദ്യര്‍ ഇരിങ്ങാലക്കുട നിന്നും പ്രസിദ്ധീകരിച്ചിരുന്ന `വിവേകോദയം’ മാസികയില്‍ തുടര്‍ച്ചയായി കവിതകള്‍ പ്രസിദ്ധീകരിച്ചു. പിന്നീട്‌ മലയാളത്തിലെ എല്ലാ മുന്‍നിര പ്രസിദ്ധീകരണങ്ങളിലും അയ്യപ്പന്റെ കവിതകള്‍ക്ക്‌ പ്രമുഖസ്ഥാനം ലഭിച്ചു.
ആര്‍.സുഗതനുമായിട്ടുണ്ടായിരുന്ന ബന്ധമാണ്‌ പില്‍ക്കാലത്ത്‌ അയ്യപ്പനെ `അക്ഷരം’ മാസിക ആരംഭിക്കാന്‍ പ്രചോദനമായത്‌. തന്റെ 25-ാം വയസ്സിലാണ്‌ 1972-ല്‍ മലയാളത്തിലെ ശ്രദ്ധേയമായ അക്ഷരം മാസികയുടെ പ്രസിദ്ധീകരണം തുടങ്ങിയത്‌. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരെല്ലാം തന്നെ അക്ഷരത്തിലെ എഴുത്തുകാരായിരുന്നുവെങ്കിലും 10 ലക്കത്തോളം ഇറക്കിക്കഴിഞ്ഞപ്പോള്‍ മാസിക നിലച്ചുപോയി. എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധീകരിക്കാത്തത്‌ വേദ കുറിപ്പോടെ തിരിച്ചയച്ചു കൊടുക്കാനും അയ്യപ്പന്‍മറന്നില്ല. തുടര്‍ന്ന്‌ ഒരുതരം അജ്ഞാതവാസമായിരുന്നു കവിയുടേത്‌. ജീവിതം തന്നെ തലകീഴ്‌ മറഞ്ഞ ഒരു തരം അരാജകവാദിയായി തീര്‍ന്നതിവിടെ വച്ചാണ്‌. മലയാളത്തിലെ മേല്‍വിലാസം നഷ്‌ടപ്പെട്ട കവിയായി അയ്യപ്പന്‍ വീണ്ടും പുനഃജ്ജനിക്കുകയായിരുന്നു. മികച്ച പ്രതിഫലം കവിത പ്രസിദ്ധീകരണങ്ങളില്‍ നിന്നും ലഭിച്ചപ്പോഴും നാളേയ്‌ക്കുവേണ്ടി കവി ഒന്നും കരുതി വച്ചില്ല. നാളയെക്കുറിച്ചുള്ള ചിന്ത അയ്യപ്പനില്ലായിരുന്നു. ഇന്നില്‍ മാത്രം ജീവിക്കുന്ന കവിയായി അയ്യപ്പന്‍ കേരളത്തിലുടനീളം ഒഴുകിനടന്നു. കുടുംബമില്ലാത്ത ജീവിതത്തില്‍ ഒറ്റയാനായി അലഞ്ഞുനടക്കുന്നതിലാണ്‌ അയ്യപ്പന്‍ ജീവിത സുഖം കണ്ടെത്തിയത്‌. കേരളത്തിലെ മഹാനായ കവി ചങ്ങമ്പുഴയിലും ഇത്തരമൊരു അവസ്ഥ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്‌. ചങ്ങമ്പുഴയും മദ്യത്തിന്‌ അടിമയായിരുന്നു. കള്ളായിരുന്നു ചങ്ങമ്പുഴയുടെ ഹോബി. കവി കുഞ്ഞിരാമന്‍ നായരും കള്ളിന്റെ ഉപാസകനായിരുന്നു. തമ്പാനൂര്‍ റെസ്റ്റ്‌ ഹൗസില്‍ കുഞ്ഞിരാമന്‍ നായര്‍ താമസിക്കുന്ന അവസാനകാലത്ത്‌ ഈ ലേഖകന്‍ കുഞ്ഞിരാമന്‍നായര്‍ക്ക്‌ ഒരു കുപ്പികള്ളു വാങ്ങിക്കൊടുത്തിട്ടുണ്ട്‌. ആ കാലത്ത്‌ ഈ ലേഖകനും മദ്യം സേവിക്കുന്ന പതിവുണ്ടായിരുന്നു. ഈ കാലത്താണ്‌ ഞാന്‍ പ്രസിദ്ധീകരിച്ച `ഉത്തരായണം’ മാസിക കവി കുഞ്ഞിരാമന്‍ നായര്‍ പ്രകാശനം നടത്തിയതും. ഈ കവികളെല്ലാം പ്രസിദ്ധരും അയ്യപ്പന്റെ പിന്‍ഗാമികളുമായിരുന്നു. അയ്യപ്പനും അതേ ശീലം തന്നെ പിന്തുടര്‍ന്നു. ഈ അമിത മദ്യപാനത്തില്‍ നിന്നും അകറ്റാന്‍ വേണ്ടിയായിരുന്നു പ്രശസ്‌ത നടനായ നരേന്ദ്രപ്രസാദ്‌ മുന്‍ കൈയെടുത്ത്‌ കവി അയ്യപ്പനെ ഡല്‍ഹിയിലേയ്‌ക്ക്‌ പറിച്ച്‌ നട്ടത്‌. ഡല്‍ഹിയില്‍ ഇടമറുകിന്റെ ഇന്ത്യന്‍ എത്തീസ്റ്റ്‌ പബ്ലിക്കേഷനിലേയ്‌ക്കായിരുന്നു 1983ലെ ഈ പറിച്ചു നടീല്‍. ഇ.എം.കേവൂരിന്റെ സമ്പൂര്‍ണ്ണ കൃതിയുടെ പ്രൂഫും, കോപ്പി എഡിറ്റിംഗും അയ്യപ്പന്‍ നിര്‍വ്വഹിച്ചു കഴിയുമ്പോള്‍ ഒരു സ്ഥലത്ത്‌ സ്ഥിരമായി താമസിക്കുന്നതില്‍ മടുപ്പുളവായ അയ്യപ്പന്‍ ഈ യാന്ത്രിക ജീവിതം തനിക്ക്‌ പറ്റുകയില്ലെന്ന്‌ പറഞ്ഞ്‌ യാത്രപോലും ചോദിക്കാന്‍ നില്‌ക്കാതെ തിരുവനന്തപുരത്തേയ്‌ക്ക്‌ വണ്ടികയറിയത്‌.
കേരളത്തില്‍ ഒട്ടേറെ സുഹൃത്തുക്കള്‍ അയ്യപ്പനുണ്ടായിരുന്നു. ജോണ്‍ എബ്രഹാമും, നരേന്ദ്ര പ്രസാദും, കടമ്മനിട്ടയുമെല്ലാം അയ്യപ്പന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളായിരുന്നു. അവരെല്ലാം തന്നെ അയ്യപ്പന്റെ ഉന്നതിയില്‍ സഹായിച്ചവരുമായിരുന്നു. പക്ഷെ കവി അയ്യപ്പന്റെ സ്വഭാവത്തില്‍ മാറ്റം ഉണ്ടായി കണ്ടില്ല. ഒരു സ്ഥലത്തും സ്ഥിരമായി നില്‌ക്കുന്ന സ്വഭാവം ഇല്ലായിരുന്നു. തന്റെ കവിതകളും ചിന്തകളുമായി ഇങ്ങനെ അലഞ്ഞു നടക്കണം. സമ്പന്നന്‍ മുതല്‍ ദരിദ്രന്‍ വരെ അയ്യപ്പന്റെ സുഹൃത്തുക്കളാണ്‌. ചെങ്കല്‍ ചൂളയില്‍ പോലും അയ്യപ്പന്‌ സുഹൃത്തുക്കളും പേരുകളുമുണ്ടായിരുന്നു. എവിടെ പോയാലും അയ്യപ്പന്‍ സെക്രട്ടറിയേറ്റിനു മുന്നിലെത്തി കൈവരിയില്‍ മണിക്കൂറുകളോളം കുത്തിയിരുന്‌ നഗരമുഖം കണ്ട്‌ ആസ്വദിക്കുന്നതില്‍ ഒരു മടിപ്പും തോന്നാറില്ലായിരുന്നു. തനിക്ക്‌ വിശ്രമിക്കാന്‍ പറ്റിയ സ്ഥലം സെക്രട്ടറിയേറ്റിന്റെ കൈവരിയാണ്‌.
ബാല്യത്തില്‍ തന്നെ അച്ഛനും, അമ്മയും നഷ്‌ടപ്പെട്ടതിന്റെ നോവും വേവുമായിരുന്നു അയ്യപ്പന്‍ എന്നും അനുഭവിച്ചിരുന്നത്‌. അതുകൊണ്ടാണ്‌ അഗാധമായ ജീവിത വിഷാദത്തിന്റെ കവിതകള്‍ മാത്രം ആ വിരല്‍ തുമ്പിലൂടെ ഒഴുകിയെത്തിയിരുന്നത്‌.
ഒന്നുമില്ലാത്തൊരുവന്‌
ആരെന്ന്‌ പേരിടുക?
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീ കാണുക…..
ഈ കവിത വായിച്ചാല്‍ ആ നൊമ്പരത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ പറ്റും. തീഷ്‌ണവും തീവ്രവുമായ വാക്കുകളിലൂടെ സ്വന്തം ജീവിതം തന്നെ വരച്ചു കാട്ടുകയാണ്‌ അയ്യപ്പന്‍ എന്ന കവി. അയ്യപ്പന്റെ ആദ്യ കവിതാ സമാഹാരം `മഴക്കാറുകള്‍’ ആണ്‌. അന്ന്‌ അയ്യപ്പന്‌ വയസ്സ്‌ പതിനാറ്‌. അവിടെ നിന്നും തുടക്കം കുറിച്ച കവിതാ രചനയില്‍ `മുളന്തണ്ടിന്‌ രാജയേഷ്‌മാവ്‌ `യജ്ഞം’ `എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്‌’ `വെയില്‍ തിന്നുന്ന പക്ഷി’ , `ഗ്രീഷ്‌മേ സഖീ’ , `കറുപ്പ്‌’ , `ബുദ്ധനും ആട്ടിന്‍കുട്ടിയും’ , ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍,’ `മാളമില്ലാത്ത പാമ്പ്‌’ , `ഗ്രീഷ്‌മവും കണ്ണീരും’ , `തെറ്റിയോടുന്ന സെക്കന്റ്‌ സൂചി’ , `കല്‍ക്കരിയുടെ നിറമുള്ളവര്‍’ , `സുമംഗലി’ തുടങ്ങിയ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അതുപോലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകള്‍ അയ്യപ്പന്‍ എഴുതിയിട്ടുണ്ട്‌. ഇതില്‍ `വെയില്‍ തിന്നുന്ന പക്ഷി’ എന്ന കവിതാ സമാഹാരത്തിന്‌ കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചിരുന്നു. തുടര്‍ന്ന്‌ പല പുരസ്‌കാരങ്ങളും അയ്യപ്പനെ തേടിയെത്തി. 2010-ലെ ആശാന്‍ സാഹിത്യ പുരസ്‌കാരം കവി അയ്യപ്പനായിരുന്നു. ആ പുരസ്‌കാരം സ്വീകരിക്കാന്‍ ചെന്നൈയില്‍ പോകാന്‍ യാത്ര തിരിക്കുന്തിനു മുന്‍പാണ്‌ ഒക്‌ടോബര്‍ 21ന്‌ തമ്പാനൂര്‍ വൈശാഖ്‌ തിയേറ്ററിന്റെ കൗണ്ടറിനു സമീപം അയ്യപ്പനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്‌. ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നു. പക്ഷെ തിരിച്ചറിയാനാകാതെ അനാഥ പ്രേതമായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.
തൊട്ടടുത്ത ദിവസം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേയ്‌ക്ക്‌ പോസ്റ്റ്‌ മോര്‍ട്ടത്തിനയയ്‌ക്കാന്‍ പുറത്തെടുത്തപ്പോഴാണ്‌ അത്‌ കവി അയ്യപ്പനാണെന്ന്‌ തിരിച്ചറിഞ്ഞത്‌. മരണത്തില്‍ പോലും അനാഥത്വം പേറാനായിരുന്നു അയ്യപ്പന്റെ വിധിയെങ്കിലും സംസ്ഥാന സാംസ്‌കാരിക വകുപ്പ്‌ പ്രശസ്‌തനായിരുന്ന കവി അര്‍ഹിക്കുന്ന തരത്തില്‍ സംസ്ഥാന ബഹുമതികളോടെ തൈയ്‌ക്കാട്‌ ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. മൃതദേഹത്തിന്റെ കൈമടക്കില്‍ നിന്നും അയ്യപ്പന്‍ അവസാനമായി ഒരു തുണ്ടു കടലാസില്‍ കുത്തിക്കുറിച്ച ഒരു കവിതാ ശകലം കണ്ടെത്തുകയുണ്ടായി. ചെന്നൈയില്‍ ആശാന്‍ പ്രൈസ്‌ ഏറ്റുവാങ്ങുന്ന ചടങ്ങില്‍ വായിക്കാന്‍ തയ്യാറാക്കിയതാണെന്ന്‌ ഊഹിക്കുന്നു. പല്ല്‌ എന്ന്‌ പേരിട്ട ആ കവിത ഇങ്ങനെ:
അമ്പ്‌ ഏതു നിമിഷവും
മുതുകില്‍ തറയ്‌ക്കാം
പ്രാണനും കൊണ്ട്‌ ഓടുകയാണ്‌
വേടന്റെ കൂര കഴിഞ്ഞ്‌ റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്‌
അഞ്ചെട്ടു പേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്‌
ഒരു ഗര്‍ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക്‌ ഞാനിരയായി…….
മരണം മുന്നില്‍ കണ്ട്‌ കവി എഴുതിയതു പോലെയാണ്‌ ഈ കവിത `അമ്പ്‌ ഏതു നിമിഷവും മുതുകില്‍ തറയ്‌ക്കാം പ്രാണനും കൊണ്ട്‌ ഓടുകയാണ്‌’ പ്രാണനും കൊണ്ട്‌ ഓടുമ്പോഴായിരുന്നു കാലന്റെ അമ്പ്‌ വന്ന്‌ തറച്ച്‌ കവി അയ്യപ്പന്‍ താഴെ വീണുപോയത്‌. ആധുനിക മലയാള കവിതയ്‌ക്ക്‌ അവദൂത മുഖം നല്‍കിയ കവി അങ്ങിനെ നമ്മളില്‍ നിന്നും അകന്നുപോയി ഒരിക്കലും മരിക്കുകയില്ലെന്ന ഓര്‍മ്മപ്പെടുത്തലുമായി.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies