യോഗാചാര്യന്‍ എന്‍. വിജയരാഘവന്‍
യോഗനിദ്രാ പരിചയം
യോഗനിദ്ര വളരെ ലളിതമായ ഒരു പരിശീലനമാണ്. ശവാസനത്തില്‍ കിടക്കുകയും ശരീരംമുഴുവന്‍ അയച്ചിടുകയും ചെയ്യുക. മനസ്സിനെ ബലം പ്രയോഗിച്ച് ഏകാഗ്രപ്പെടുത്താന്‍ ശ്രമിക്കാതെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുകയും അവയെ മനസ്സുകൊണ്ട് അനുസരിക്കുകയും മാത്രമാണ് വേണ്ടത്. എന്നാല്‍ ഉറങ്ങിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ദ്ദേശങ്ങള്‍ യോഗവിദ്യാ പരിശീലന സമയത്ത് യോഗാദ്ധ്യാപകന്‍ നേരിട്ടു നല്‍കുന്നതാണ് ഉത്തമം. എന്നാല്‍ അതിന് സൗകര്യമില്ലാത്തപ്പോള്‍ യോഗനിദ്രാ നിര്‍ദ്ദേശങ്ങള്‍ സിഡി പ്ലെയര്‍ ഉപയോഗിച്ച് കേട്ടുകൊണ്ട് ചെയ്യാവുന്നതാണ്. ഓരോ ശബ്ദങ്ങളെ ശ്രദ്ധിക്കാന്‍ അനുവദിക്കുക. അപ്പോള്‍ മനസ്സ് പുറമേയുള്ള ഓരോ ശബ്ദങ്ങളെ കുറിച്ച് ചിന്തിക്കുകയും ചെയ്തുകൊണ്ടിരിക്കും. കുറേക്കഴിഞ്ഞാല്‍ മനസ്സിനെ ഇങ്ങനെ ശബ്ദങ്ങളെ ശ്രദ്ധിക്കാനുള്ള താല്‍പര്യം ഇല്ലാതാകുകയും തുടര്‍ന്ന് മനസ്സ് ശാന്തമാകുകയും ചെയ്യും. മനസ്സിനെ ശാന്തമാക്കുന്ന പ്രക്രീയയാണ് അന്തര്‍മൗനം എന്നറിയപ്പെടുന്നത്. നിങ്ങള്‍ക്കിഷ്ടമുള്ള ഒരു സങ്കല്പവാക്യം മനസ്സില്‍പറയാം. വാക്യം വളരെ ചെറുതും വ്യക്തവുമായിരിക്കണം. ‘ഞാന്‍ പൂര്‍ണ ആരോഗ്യവാനാകും.’ ‘ഞാന്‍ എന്റെ ആത്മീയശക്തിയെ ഉണര്‍ത്തും ചെയ്യുന്ന കാര്യങ്ങളിലെല്ലാം ഞാന്‍ വിജയിക്കും. ഇങ്ങനെ ഏതെങ്കിലും ഒരു നല്ല സങ്കല്പവാചകം നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് തിരഞ്ഞെടുത്താല്‍ അത് ഫലപ്രാപ്തിയിലെത്തുന്നതുവരെ മാറ്റരുത്. നിങ്ങളുടെ സങ്കല്പവാചകം ചിലപ്പോള്‍ പെട്ടെന്നുതന്നെ യാഥാര്‍ത്ഥ്യമായേക്കാം. ചിലപ്പോള്‍ കുറേക്കാലത്തിനുശേഷമായിരിക്കും ഫലം ലഭിക്കുക. നിങ്ങളുടെ സങ്കല്പവാചകം എത്രത്തോളം ആഴത്തിലിറങ്ങിച്ചെന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇത്.
യോഗനിദ്രാ പരിശീലനസമയത്ത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ് വേണ്ടത്.
- 1. പരിശീലനം ബോധപൂര്‍വ്വമായിരിക്കണം.
- 2. നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കണം.
- 3. നിര്‍ദ്ദേശങ്ങള്‍ക്കനസുരിച്ച് മനസ്സിനെ സ്വതന്ത്രമായി ചലിപ്പിക്കാന്‍ അനുവദിക്കണം.
യോഗാദ്ധ്യാപകന്‍ വലതുകൈയിലെ പെരുവിരല്‍ എന്നു പറയുകയാണെങ്കില്‍ നിങ്ങള്‍ മനസ്സില്‍ ആ വാക്ക് ആവര്‍ത്തിക്കാം. പെരുവിരലിന്റെ രൂപം മനസ്സില്‍ കാണുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക. അടുത്തതായി പറയാന്‍പോകുന്ന ഭാഗത്തെക്കുറിച്ച് ചിന്തിക്കരുത്. എല്ലാ പ്രവര്‍ത്തനങ്ങളും ഉപബോധമനസ്സിലൂടെയാണ് ചെയ്യേണ്ടത്. യോഗനിദ്രാ പരിശീലനത്തില്‍ മനസ്സിനെ ശരീരഭാഗങ്ങളിലൂടെ ചലിപ്പിക്കുന്നത് ഒരു പ്രത്യേകരീതിയിലായിരിക്കണം. വലതുകൈയിലെ പെരുവിരല്‍ തുടങ്ങി വലതുകാല്‍ ചെറുവിരലില്‍ അവസാനിപ്പിക്കുക. പിന്നീട് അതുപോലെ ഇടതുകൈ പെരുവിരലില്‍ തുടങ്ങി ഇടതുകാല്‍ ചെറുവിരലില്‍ അവസാനിപ്പിക്കുക. അതുപോലെതന്നെ തലയിലും മുഖത്തിന്റെ വിവിധഭാഗങ്ങളിലും തുടങ്ങി കാലില്‍ അവസാനിപ്പിക്കുക. തലയുടെ പിന്‍ഭാഗം മുതല്‍ കാലിന്റെ ഉപ്പൂറ്റിവരെ.
മനസ്സിനെ ശരീരത്തിന്റെ വിവിധഭാഗങ്ങളിലൂടെ കൊണ്ടുപോയതിനുശേഷം ശരീരത്തെമുഴുവന്‍ അയച്ചിട്ട് വിശ്രമം നല്‍കുക. എന്നിട്ട് ശ്രദ്ധയെ ശ്വാസഗതിയിലേക്ക് കൊണ്ടുവരിക. സാധാരണ ശ്വാസഗതിയെ ശ്രദ്ധിക്കുകമാത്രമാണ് ഈ അവസരത്തില്‍ ചെയ്യേണ്ടത്. അല്ലാതെ ശ്വാസഗതിക്ക് മനപ്പൂര്‍വ്വമായി ഒരു മാറ്റവും വരുത്തേണ്ടതില്ല. മൂക്കിന്റെ ഉള്‍ഭാഗം, ശ്വാസകോശം, ശ്വാസനാളം എന്നീ ഭാഗങ്ങളില്‍ ശ്രദ്ധിക്കുകയും ഓരോ ശ്വാസം എടുക്കുമ്പോഴും വിടുമ്പോഴും എണ്ണുകയും ചെയ്യാവുന്നതാണ്. ശ്വാസഗതിയെ ഇങ്ങനെ ശ്രദ്ധിക്കുന്നതുമൂലം ശരീരത്തിനുവിശ്രമം ലഭിക്കുന്നതോടൊപ്പം ശരീരത്തിലെ ശക്തി സ്രോതസ്സുകളെ ഉണര്‍ത്തുകയും ആ ശക്തിപ്രവാഹത്തെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കുകയും ചെയ്യുന്നു. അടുത്തതായി വികാരങ്ങള്‍ക്ക് വിശ്രമം നല്‍കുകയാണ് ചെയ്യുന്നത്.
മാനസികമോ ശാരീരികമോ ആയി നമുക്ക് വളരെയധികം വെറുപ്പുള്ളതോ ഇഷ്ടമുള്ളതോ ആയ കാര്യങ്ങള്‍ നമ്മളെ മനസ്സില്‍ വന്നു എന്നുവരാം. യോഗനിദ്രാ പരിശീലനസമയത്ത് ഇത്തരം ഓര്‍മ്മകളെ ഒഴിവാക്കേണ്ടതാണ്.
ഇതിനുവേണ്ടി വിപരീത സ്വഭാവത്തോടുകൂടിയ അനുഭവങ്ങളെ മനസ്സില്‍ സങ്കല്പിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. ഉദാഹരണമായി ചൂടും തണുപ്പും ഭാരമുള്ളതും ഭാരമില്ലാത്തതും സ്‌നേഹവും വെറുപ്പും സുഖവും ദുഃഖവും ഇങ്ങനെ വിപരീതവികാരങ്ങളെ മനസ്സില്‍ കാണുമ്പോള്‍ അതു നമ്മുടെ തലച്ചോറിന്റെ ഇടതും വലതുമുള്ള രണ്ട് അര്‍ത്ഥഗോളങ്ങളുടെയും പ്രവര്‍ത്തനം സന്തുലിതമാക്കുകയും അതിലൂടെ നമുക്ക് വികാര വിചാരങ്ങളെ സന്തുലിതമാക്കാന്‍ സാധിക്കുകയും ചെയ്യും.
യോഗനിദ്രയിലെ അവസാനഘട്ടമാണ് രൂപദര്‍ശനം. ഇതിലൂടെ മനസ്സിനെ പൂര്‍ണ്ണവിശ്രമം ലഭിക്കുന്നു. യോഗാദ്ധ്യാപകന്‍ പറയുന്നവസ്തുക്കളുടെ രൂപം പരിശീലകന്‍ മനസ്സില്‍കാണുന്നു. ഇത്തരം ദൃശ്യങ്ങള്‍ ആഗോളവ്യാപകമായി അംഗീകരിക്കപ്പെട്ടതായിരിക്കും. ഉദാഹരണം സമുദ്രങ്ങള്‍, പര്‍വ്വതങ്ങള്‍, ചക്രങ്ങള്‍, സ്വര്‍ണ്ണഗോളങ്ങള്‍ തുടങ്ങിയവ.
ശാന്തിയും സമാധാനവും തരുന്ന ഏതെങ്കിലും രൂപദര്‍ശനത്തോടുകൂടിയാണ് ഈ പരിശീലനക്രമം സാധാരണായായി അവസാനിപ്പിക്കാറുള്ളത്. ഇത് മനസ്സിനെ കൂടുതല്‍ ഉറപ്പ് നല്‍കുന്നതോടുകൂടി ശുഭാപ്തിവിശ്വാസം ജനിപ്പിക്കുകയും ചെയ്യും. മാനസികമായ ഉറക്കത്തില്‍നിന്ന് പതുക്കെ മനസ്സിനെ ഉണര്‍ത്തുന്നതോടെ യോഗനിദ്രാ പരിശീലനം അവസാനിക്കുന്നു.
Discussion about this post