വാഷിങ്ടണ്‍: ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ധീരതയ്ക്കുള്ള അന്താരാഷ്ട്ര അവാര്‍ഡ് നല്‍കി ആദരിക്കുന്നു. ലോക വനിതാ ദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ അമേരിക്കയുടെ പ്രഥമ വനിത മിഷേല്‍ ഒബാമയും സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ചേര്‍ന്ന് മരണാനന്തര ബഹുമതിയായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് സമര്‍പ്പിക്കും.
ലോകത്താകമാനമുള്ള വനിതകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്തു വനിതകള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപന വേളയില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞത് ഇന്ത്യയിലെ കോടികണക്കിന് വരുന്ന സ്ത്രീകള്‍ക്ക് നീതിക്കായുള്ള പോരാട്ടത്തിന് ദില്ലി പെണ്‍കുട്ടിയുടെ ആര്‍ജ്ജവം പ്രജോദനമായെന്നാണ്. ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ചു കൊണ്ടിരുന്നപ്പോഴും കുറ്റവാളികളായവര്‍ക്കെതിരെ രണ്ട് മൊഴികള്‍ കൊടുക്കുകയും തനിക്ക് ജീവിക്കണമെന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്തു. അവളുടെ മരണശേഷം ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം ഉയരുകയും ശക്തമായ നിയമ നിര്‍മ്മാണത്തിന് ആവശ്യം ഉയരുകയും ചെയ്തതായി യുഎസ് ഔദ്യോഗികമായി പുറത്തിറക്കിയ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറയുന്നു.
2007ലാണ് അമേരിക്ക ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ കൊടുത്തു തുടങ്ങിയത്. 45 വിവിധ രാജ്യങ്ങളില്‍ നിന്നായി ഇതു വരെ 67 സ്ത്രീകളെ അമേരിക്ക അവാര്‍ഡ് നല്‍കി അദരിച്ചിട്ടുണ്ട്.
Discussion about this post