ചെങ്കല്‍ സുധാകരന്‍
19. ബ്രഹ്മമദാപഹരണം
അഘാസുരനില്‍നിന്നു രക്ഷപ്പെട്ട ഗോപാലന്മാര്‍ ശ്രീകൃഷ്ണനുമൊത്ത് യമുനാപുളിനത്തില്‍ വിഹരിച്ചു. വിശന്നപ്പോള്‍ ഏവരും ഒരുമിച്ചിരുന്ന്, തങ്ങളുടെ വിഭവങ്ങള്‍ പരസ്പരം കൈമാറി ഭക്ഷിച്ചു. ശ്രീകൃഷ്ണന്‍ ഈ സമൂഹഭക്ഷണക്രമത്തിനു നേതൃത്വം നല്‍കിയും സരസമായി സംഭാഷണം ചെയ്തും കൂട്ടുകാരെ രസിപ്പിച്ചു. ‘കോലും കോലക്കുഴലുമിയലും ബാലഗോപാലരൂപം’ നയനാഭിരാമമായിരുന്നു. ‘കാഞ്ചിപൂഞ്ചേലമാലാ’ രമ്യമായ കൃഷ്ണരൂപം കണ്ട് ദേവന്മാരും വിസ്മിതരായി നോക്കിനിന്നു.
ഇതിനിടയില്‍ പശുക്കള്‍ കിടാങ്ങളുമൊത്ത് മേഞ്ഞുമേഞ്ഞ് അകലേക്കുപോയി. ലീലാലോലരായ ഗോപാലകുമാരന്മാര്‍, കാലികള്‍ കാണാഞ്ഞ്, വിഷാദിച്ചു. അവരെ സമാധാനിപ്പിച്ച്, ശ്രീകൃഷ്ണഭഗവാന്‍ പശുക്കളെ തേടി, പലേടം സഞ്ചരിച്ചു. വള്ളിക്കുടിലുകള്‍ക്കിടയിലും ഗുഹാന്തരങ്ങളിലും കയറിയിറങ്ങി. കൂട്ടരൊത്ത് ഭക്ഷിക്കാനിരുന്ന് ചോറുരുള കൈയിലേന്തിയ കൃഷ്ണന്‍, അങ്ങനെതന്നെ ഗോക്കളെ അന്വേഷിച്ചു നടന്നു.
അപ്പോള്‍ ബ്രഹ്മാവ് അവിടെയെത്തി. കുട്ടികളുടെ മദ്ധ്യത്തില്‍ ലീലാലോലനായിക്കണ്ട, അവരോടൊത്തിരുന്നു ഭക്ഷിക്കുന്ന, സാധാരണ ഗോപാലനെപ്പോലെ ഗോക്കളെ തിരഞ്ഞലയുന്ന കൃഷ്ണനെക്കണ്ട്, അദ്ദേഹം സന്ദേഹത്തിലാണ്ടു.
ബ്രഹ്മാവ് ഇപ്രകാരം കരുതി. ‘ഗോപാലകുമാരന്മാരുമൊരുമിച്ചിരുന്ന് ഭക്ഷിക്കുന്ന ഈ ബാലന്‍, നന്ദനന്ദനന്‍ മാത്രമാണ്. തീര്‍ച്ചയായും ദേവദേവനായ കൃഷ്ണനല്ല.’ ഭഗവന്മായ ബ്രഹ്മാവിനെ ബാധിച്ചു. അദ്ദേഹത്തിന്റെ മനസ്സ് ഭ്രമിച്ചു. മായാബദ്ധനായ പിതാമഹന്‍ പശുക്കളെയും കിടാങ്ങളെയും ഒളിപ്പിച്ചു. കൃഷ്ണന്‍ അവയെത്തിരഞ്ഞുനടന്നപ്പോള്‍, ബ്രഹ്മാവ് ഗോപകുമാരന്മാരെയും മായയാല്‍ മറച്ചു. കാലികളെക്കാണാതെ തിരിച്ചെത്തിയ കൃഷ്ണന് തന്റെ കൂട്ടുകാരെയും കാണാന്‍ കഴിഞ്ഞില്ല. ഉള്‍ക്കണ്ണുകൊണ്ടു നോക്കിയപ്പോള്‍, ബ്രഹ്മാവിന്റെ പണിയാണെല്ലാമെന്നു മനസ്സിലായി. തന്റെ മായാവൈഭവം ബ്രഹ്മാവിനെ ബോദ്ധ്യപ്പെടുത്തണമെന്ന് ഭഗവാനും തോന്നി. അദ്ദേഹം പശുക്കളായും കിടാങ്ങളായും പശുപാലകരായും മാറി. ഗോക്കളുടെ നിറവും തരവും ഒട്ടും മാറ്റമില്ല. ബാലന്മാരുടെ വസ്ത്രങ്ങളും അവരുടെ നിറവും തരവും ആകൃതിയും മുമ്പത്തേതുപോലെതന്നെ. ഏവരുടെയും ശീലഗുണങ്ങള്‍ക്കുപോലും മാറ്റമുണ്ടായില്ല. എന്നിട്ട്, താന്‍ തന്നെയായ ഗോക്കളോടും കിടാങ്ങളോടും ബാലന്മാരോടുമൊത്ത് ഗോകുലത്തിലെത്തി. ഗോക്കള്‍ തങ്ങളുടെ ആലകളില്‍ കയറിനിന്നു. ആര്‍ക്കും സംശയം തോന്നിയില്ല. ഉടമസ്ഥര്‍ അവയെ പരിലാളിച്ചു. ഗോപികമാര്‍ പേരുചൊല്ലി വിളിച്ചു. അവ, അനുസരണയോടെ അവരുടെ അടുത്തെത്തി. ദോഹനത്തിന് ഇണക്കത്തോടെ നിന്നുകൊടുത്തു. ബാലന്മാര്‍ മാതാക്കളോടും ധാത്രികളോടും പരസ്പരസ്‌നേഹത്തോടെ കഴിഞ്ഞു. മുമ്പെന്നപോലെ കൃഷ്ണരാമന്മാര്‍ ബാലന്മാരുമൊത്ത് പൈക്കളെ മേയ്ക്കുവാന്‍ പോയി. ഈ രീതി നിത്യവും തുടര്‍ന്നു.
ഒരു വര്‍ഷം കഴിഞ്ഞു. ഇതിനിടയില്‍, ബലരാമന്‍ ചില മാറ്റങ്ങള്‍ ശ്രദ്ധിച്ചു. മുമ്പില്ലാത്ത സ്‌നേഹം പശുക്കള്‍ക്കും കിടാങ്ങള്‍ക്കും തമ്മിലുണ്ടെന്നു മനസ്സിലാക്കി. ഗോപാലബാലന്മാര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും മുമ്പത്തേക്കാള്‍ സ്‌നേഹമുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. കാരണമെന്താവാമെന്നാലോചിച്ചു. ഇതാരുടെയോ മായയാണ്. ദേവഗന്ധര്‍വന്മാരിലാരുടെയെങ്കിലുമാണോ? ആയിരിക്കില്ല. അപ്പോഴിത് കൃഷ്ണന്റെ മായതന്നെയാകണം. അങ്ങനെയാകാനേ തരമുള്ളൂ എന്ന് തീര്‍ച്ചപ്പെടുത്തി. വിശദമായി ശ്രദ്ധിച്ചപ്പോള്‍, പശുക്കളും കിടാങ്ങളും ഗോപാലന്മാരും കൃഷ്ണരൂപം പൂണ്ടു നില്‍ക്കുന്നതായി ബലരാമന്‍ കണ്ടു.
തന്റെ മായാപ്രയോഗത്താല്‍ കൃഷ്ണന്‍ എങ്ങനെ വലയുന്നു എന്നറിയാന്‍ ബ്രഹ്മാവെത്തി. വിശിഷ്ടമായ കാഴ്ചയാണ് ബ്രഹ്മാവ് കണ്ടത്. താന്‍ അപഹരിച്ച് ഗുപ്തമായി സൂക്ഷിച്ച പശുക്കളും കിടാങ്ങളും ഗോപാലന്മാരും ശ്രീകൃഷ്ണഭഗവാനോടൊപ്പമുണ്ട്. അതെങ്ങനെ ബ്രഹ്മാവിന് അദ്ഭുതമായി. താന്‍ പശുക്കളെയും കിടാങ്ങളെയും ഒളിപ്പിച്ചുവച്ചിരുന്ന സ്ഥലത്തെത്തി പരിശോധിച്ചു. അവിടെ അവ സുരക്ഷിതരാണെന്നു കണ്ടു. മടങ്ങി വ്രജത്തിലെത്തി. അവിടെയും അവയെക്കണ്ടു. ബ്രഹ്മാവ് കുഴങ്ങി.
‘അഹോ വിചിത്രം യേ സര്‍വ്വേ
കുത്ര സ്ഥാനാത് സമാഗതാഃ
ക്രീഡന്തോ പൂര്‍വ്വവച്ചാത്ര
സാകം കൃഷ്‌ണേന ക്രീഡനൈഃ’
(ഇതുവലിയ അദ്ഭുതംതന്നെ. ഇവര്‍ എവിടെ നി്ന്നാണെത്തിയത്? മുമ്പത്തെപ്പോലെ) ബ്രഹ്മാവ് പലവട്ടം അങ്ങോട്ടുമിങ്ങോട്ടും നടന്നു. എങ്ങും കൃഷ്ണരൂപികളായ ബാലരെയും പശുക്കളെയും അദ്ദേഹം കണ്ടു. വിശ്വമോഹനനായ ഭഗവാനെ മോഹിപ്പിക്കാന്‍ ശ്രമിച്ചതിലെ നിസ്സാരതയോര്‍ത്ത് ബ്രഹ്മാവ് ലജ്ജിച്ചു. എന്തുചെയ്യണമെന്നറിയാതുഴന്നു. എല്ലായിടത്തും കൃഷ്ണരൂപമാര്‍ന്ന പശുക്കളെയും കിടാങ്ങളെയും ഗോപാലന്മാരെയും കണ്ട് അദ്ദേഹം പരിഭ്രമിച്ചു. പ്രജാപതിയുടെ വിഷമാവസ്ഥകണ്ട് പ്രപഞ്ചാധിപതിക്ക് സഹതാപം തോന്നി. അദ്ദേഹം മായ പിന്‍വലിച്ച്, ഗോപാലരൂപത്തില്‍, ഗോക്കളെ തിരയുന്നമട്ടില്‍ പ്രത്യക്ഷനായി.
തന്റെ അവിവേകത്തില്‍ ബ്രഹ്മാവ് പശ്ചാത്തപിച്ചു. ലജ്ജിതനായി, വാഹനത്തില്‍ നിന്നിറങ്ങി, ശ്രീഹരിയെ നമസ്‌കരിച്ചു. ചെയ്ത അപരാധത്തിന് മാപ്പപേക്ഷിച്ചു. ശ്രീകൃഷ്ണഭഗവാന്‍ ബ്രഹ്മാവിനെ ആശ്വസിപ്പിച്ചു. ബ്രഹ്മാവാകട്ടെ അകശുദ്ധിയോടെ, വിനയാവനമ്രനായി-
‘വരം ഹരിം ഗുണാകരം
സുമുക്തിദം പരാത്പരം
രമേശ്വരം ഗുണേശ്വരം
വ്രജേശ്വരം നമാമ്യഹം‘
എന്നിങ്ങനെ സ്തുതിച്ചു. മായയകറ്റിയ കൃഷ്ണന്‍, ബ്രഹ്മാവിനെ അനുഗ്രഹിച്ച്, ബ്രഹ്മാവ് ഒളിപ്പിച്ചശേഷം മുന്നിലെത്തിച്ച പശുക്കളെയും കിടാങ്ങളെയും തെളിച്ച്, യഥാര്‍ത്ഥഗോപാലരുമൊത്ത്, സ്വസ്വഗൃഹങ്ങളിലെത്തി. ബ്രഹ്മാവും ബലരാമനുമൊഴികെ മറ്റാരും മായാമാധവനായ മാധവന്റെ ലീലാവിലാസം മനസ്സിലാക്കിയില്ല.
‘മായാം തു പ്രകൃതിം വിദ്യാ-
ന്മായിനം ച മഹേശ്വരം’ –
എന്നതാണ് സത്യം. സര്‍വമായയും ഭഗവാന്റേതാണ് എന്നിരിക്കേ പലരും തങ്ങളുടെ വൈഭവമാണ് ലോകം നിലനിര്‍ത്തുന്നതെന്ന് കരുതുന്നു. ആലോചനാരഹിതമായ ഇത്തരം ചിന്ത വ്യക്തികളെ അഹങ്കാരികളാക്കുന്നു. തങ്ങള്‍ ചെന്നെത്തിയിരിക്കുന്ന മായാവലയത്തെപ്പറ്റി അവര്‍ അറിയുന്നതേയില്ല. ‘മായാമയനായ നാരായണന്‍ തന്റെ ലീലാവിലാസങ്ങളാര്‍ക്കറിഞ്ഞീടാവൂ?’ ഒന്നിന്റേയും കര്‍ത്താവ് താനല്ലാതിരിക്കേ, താനാണേതിനുമധികാരിയെന്നു കരുതുന്ന പാവം മാനവഹൃദയത്തെപ്പറ്റി എന്തുപറയാനാണ്?
ഇത്തരമൊരുഭാവമാണ് ബ്രഹ്മാവിനുണ്ടായത്. ബ്രഹ്മാവ് സ്രഷ്ടാവാണല്ലോ? സൃഷ്ടി രജോഗുണപ്രധാനമാണ്. അഹമ്മതിയും തജ്ജന്യമായ കര്‍ത്തൃത്വാഭിമാനവും രജോഗുണത്തിന്റെ ഫലങ്ങളാണ്. താന്‍ സൃഷ്ടിച്ചതാണീ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുമെന്ന ചിന്ത ബ്രഹ്മാവിനുണ്ടായി. ഒന്നിനാലും തുലിതമാകാത്ത ശ്രീകൃഷ്ണമായാശക്തിപോലും വലുതാണെന്നു കരുതാന്‍ ബ്രഹ്മാവിനു കഴിഞ്ഞില്ല. സ്വയം കര്‍ത്താവെന്നു വിചാരിക്കുന്നവരുടെ സ്വഭാവമിതാണ്. തന്നേക്കാള്‍ വലിയവരായി മറ്റാരെയും സങ്കല്പിക്കാന്‍ അവര്‍ക്കാവില്ല. ശ്രീമഹാവിഷ്ണുവിന്റെ നാഭീകമലത്തില്‍ നിന്നാണ് ബ്രഹ്മാവ് ജനിച്ചത്. ആ വിഷ്ണുവിനെയാണ്, ശ്രീകൃഷ്ണനെയാണ് അദ്ദേഹം പരീക്ഷിക്കാനൊരുമ്പെടുന്നത്. (ഗര്‍ഗ്ഗഭാഗവതപ്രകാരം ശ്രീകൃഷ്ണനാണ് സര്‍വതിന്നുമധികാരി-ഗോലോകനാഥന്‍). മായാബദ്ധനായാല്‍ ആരുടെയും അവസ്ഥ ഇതാണ്. ഊനാതിരിക്തഭേദം നഷ്ടമാകും. അഹങ്കാരത്താല്‍ പുഷ്‌കരന്‍ നളനെക്കാള്‍ കേമനെന്നു ഭാവിച്ചു. ദുര്യോധനന്‍ യുധിഷ്ഠരനെക്കാള്‍ മികച്ചവനെന്നു കരുതി. സമൂഹത്തിലും ഏറെപ്പേര്‍ ഇങ്ങനെയാണ്.
‘വിശ്വം വിഷ്ണുര്‍ വഷട്കാരോ ഭൂതഭവ്യഭവത്പ്രഭുഃ’ എന്നാണ് വിഷ്ണുസഹസ്രനാമം ആരംഭിക്കുന്നത്. വിശ്വംതന്നെ ബ്രഹ്മം. അതുതന്നെ വിഷ്ണു. അപ്പോള്‍ സര്‍വ്വവും വിഷ്ണുതന്നെയാണെന്നു ബോദ്ധ്യമാകും. ബ്രഹ്മാവുള്‍പ്പെടെ എല്ലാം. എന്നിട്ടും, ആ പ്രപഞ്ചകര്‍ത്താവിനെ മനസ്സിലാക്കാന്‍ ബ്രഹ്മാവിനും കഴിയാതെ പോയി. ഇത് സക്ഷാല്‍ ഗോലോകകൃഷ്ണനല്ല, നന്ദഗോപപുത്രന്‍മാത്രം എന്ന് ബ്രഹ്മാവിനു തോന്നിയതും മറ്റൊരു കാരണത്താലല്ല.
‘ഹരിര്യദിസ്യാദ് ബഹുകുത്സിതാനേ
കഥം രതോ വാ വ്രജഗോപബാലൈഃ’
(ഹരിയാണെങ്കില്‍ ഈ ഗോപാലന്മാരുമൊത്ത് നിസ്സാരഭക്ഷണം കഴിച്ചിരിക്കുമോ?) രജോഗുണസംബന്ധമായ ഭേദബുദ്ധി ബ്രഹ്മാവിനുണ്ടായി. അതുകൊണ്ടാണ് ഇങ്ങനെ തോന്നിയത്. ലോകരെ മാനസികമായി ഭ്രമിപ്പിക്കുന്നതില്‍ വലിയ പങ്കാണ് ത്രിഗുണങ്ങള്‍ക്കുള്ളത്. സത്യത്തില്‍ നിന്നകറ്റാന്‍ രജസ്തമോ ഗുണങ്ങള്‍ക്കു കഴിയും പ്രകൃത്യാമദമാണ്ടയാളെ ഇന്ദ്രിയാര്‍ത്ഥങ്ങളില്‍ ഭ്രമിപ്പിച്ച് സത്യദൃഷ്ടി മറച്ച് വലയ്ക്കുവാന്‍ അവയ്ക്കു സാമര്‍ത്ഥ്യമുണ്ട്. രജോഗുണം ബ്രഹ്മാവിനെ സത്യത്തില്‍നിന്ന് പതിന്മടങ്ങ് അകലെയാക്കി. അടിതെറ്റിയാല്‍ ആനയും പതിക്കുമല്ലോ.
ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ബ്രഹ്മാവിന് പുനശ്ചിന്തയുണ്ടായത്. കൃഷ്ണന് എന്തുസംഭവിച്ചു എന്നറിയാന്‍ ശ്രമിച്ചത്. എന്തു സംഭവിക്കാനാണ്? കാലസ്വരൂപന് മാറ്റം വരുകയില്ല. പക്ഷേ, മറ്റെല്ലാവയ്ക്കും മാറ്റം സ്വാഭാവികം. ശ്രീകൃഷ്ണന്‍ മുമ്പത്തെപ്പോലെ കാലികളെ മേച്ചും ഗോപാലരോട് മേളിച്ചും ലസിച്ചു. ‘ഏകോf ഹം ബഹുധാസ്യാത്’ എന്ന വൈദികവാക്യം അനുസ്മരിപ്പിക്കുമാറ്, ഗോക്കളായും വത്സങ്ങളായും ഗോപാലന്മാരായും ‘തദനുപ്രവിശദ്ധരിഃ’ ശ്രീകൃഷ്ണനെ യഥാപൂര്‍വ്വം കണ്ട ബ്രഹ്മാവ് ഉഴന്നുപോയി. താന്‍ ഗൂഢമായി സൂക്ഷിച്ചിരുന്ന ഗോക്കളും വത്സങ്ങളും ഗോപാലന്മാരുമാണോ കൃഷ്ണനോടൊപ്പമുള്ളതെന്ന് പരിശോധിച്ചു. അല്ല, അവ സൂക്ഷിച്ചേടത്തുതന്നെയുണ്ട്. വേവലാതിയോടെ നാലുപാടും നോക്കിയപ്പോള്‍ എങ്ങും ശ്രീകൃഷ്ണനെയാണ് ബ്രഹ്മാവുകണ്ടത്. ഗോക്കളിലും വത്സങ്ങളിലും ഗോപാലരിലുമൊക്കെ!
തത്കാലീനമായുണ്ടായ ഒരു വ്യത്യാസം ബലരാമന്‍ കണ്ടു. അതിസ്‌നേഹം കാട്ടിയ ധേനു-വത്സങ്ങള്‍! ഗോപീ-ബാലന്മാര്‍! ഈ മാറ്റം ഏതുമായയാലാണ്? രാമന്‍ ചിന്തിച്ചു. മാധവന്റെ മായയാണെന്നറിയാന്‍ ഭദ്രബലനായ (സ്ഥിതപ്രജ്ഞനായ) സീരിക്കു കഴിഞ്ഞു. മായയെ നീക്കി മായിയെ കാണാന്‍ സ്ഥിതപ്രജ്ഞനേ കഴിയൂ. എന്നാണ് ഇവിടെ ഗര്‍ഗ്ഗാചാര്യന്‍ വ്യക്തമാക്കുന്നത്.
രജോഗുണപ്രേരണ ബ്രഹ്മാവിനെ മതിഭ്രമത്തിലെത്തിച്ചു. തുടര്‍ന്ന് വീണ്ടുവിചാരമായി. താനാരാണെന്ന അന്വേഷണം! തന്റേതെന്ന ഉത്പത്തിക്കു നിദാനമേതെന്ന അന്വേഷണത്തിനും അത് വഴിതെളിക്കും. ‘അപ്രാപ്യമനസാ സഹ വാചം നിവര്‍ത്തിതമാകുന്നത്’ അപ്പോഴാണ്. അചിന്ത്യവൈഭവമായ ബ്രഹ്മത്തെ ചിന്തിച്ച് വിവേകമാര്‍ജ്ജിക്കാനും കഴിയാതാകും. ക്രമേണ ഭ്രമം മാറും. കൃഷ്ണനെ കാണുന്നതുവരെ (ബ്രഹ്മസാക്ഷാത്കാരമുണ്ടാകുന്നതുവരെ) ആ ചിന്ത തുടരും. ഭക്തന്റെ ഭാഗധേയം അവനെ കൃഷ്ണസന്നിധിയിലെത്തിക്കും. വിശ്വരൂപനും വിശ്വംഭരനുമാണീശ്വരനെന്ന തിരിച്ചറിവിലെത്തുന്ന ജീവന്‍, ‘നരാഖ്യമങ്ങേനര്‍ത്തകഗണമതില്‍ ഞാനുമൊരല്പാംഗം’ എന്ന ഭാവത്തിലേക്കു വളരും! അതോടെ അഹം നശിച്ചു. ‘ത്വദ്ദാസദാസോfസ്മ്യഹം’ എന്ന ഭക്തഭാവത്തിലെത്തും!
ബ്രഹ്മാവും ആ വിധത്തിലായി. ‘പുല്ലിലും പുഴുവിലും കൂടിത്തന്‍ ഗുരുവിനെക്കണ്ട്’ തന്റെ നിസ്സാരതയില്‍ ലജ്ജിതനായി. ഭഗവദ്ദാസഭാവമാര്‍ന്ന മനസ്സോടുകൂടിയ ഭക്തന്‍ (ബ്രഹ്മാവ്) ബ്രഹ്മാണ്ഡനായകനുമുമ്പില്‍ ബദ്ധാഞ്ജലിയായി. ആ മഹാശക്തിയെ സ്തുതിക്കാതെ ഭക്തന് മനഃശാന്തിയുണ്ടാവില്ല. അതു തെളിയിക്കുന്നതാമ് ഈ കഥാന്തത്തിലെ ബ്രഹ്മസ്തുതി.
‘കൃഷ്ണസ്തു സാക്ഷാല്‍ പുരുഷോത്തമഃ സ്വയം
പൂര്‍ണ്ണഃ പരേശ പ്രകൃതേഃ പരോഹരിഃ
യസ്യാവതാരാംശകലാ വയം സുരാഃ
സൃജാ വിശ്വം ക്രമതഃ സ്വശക്തിഭിഃ’
എന്നിങ്ങനെയുള്ള പ്രശസ്തിശ്ലോകങ്ങള്‍ അഹം നഷ്ടപ്പെട്ട ഭക്തന്റെ ആര്‍ജ്ജവബുദ്ധി വെളിവാക്കുന്നു. ‘അമ്മ മകന്റെ തെറ്റു പൊറുക്കുന്നപോലെ എന്നോട് അങ്ങു പൊറുക്കണം. ഞാന്‍ അങ്ങയുടെ നാഭികമലത്തില്‍ ജനിച്ചവനല്ലേ?’ എന്നു പറഞ്ഞ് മാപ്പപേക്ഷിച്ചു.
ഈശ്വരമഹിമ തിരിച്ചറിഞ്ഞ ഭക്തന്‍ ‘സര്‍വ്വം ഖല്വിദം ബ്രഹ്മഃ’ എന്ന തത്ത്വമറിഞ്ഞ് നമ്രശിസ്‌കനാകുന്നു. ആ ശിരോനമനം ഭഗവാനെ അംഗീകരിക്കലാണ്. പ്രപഞ്ചപുരുഷന്റെ മുന്നില്‍ ‘ഞാനുമൊരുല്പാംഗം’ എന്നു ചിന്തിക്കത്തക്കവിധം പരിണമിച്ച ഭക്തനായിത്തീരലാണത്. മദം ശമിച്ച ബ്രഹ്മാവിനെ അനുഗ്രഹിച്ച്, ശ്രീകൃഷ്ണന്‍, സത്യലോകത്തേക്കയച്ചു.
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-
ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.
തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.
വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013,
മൊബൈല്‍: 9447089049
പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.
കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,
മാളുബന്‍ പബ്ലിക്കേഷന്‍സ്
ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-
MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: [email protected]
Discussion about this post