ചെങ്കല്‍ സുധാകരന്‍
21. രാധയുടെ തുളസീസേവ
കാളിയമര്‍ദ്ദനകഥകേട്ട് ബഹുലാശ്വമഹാരാജാവ് ആനന്ദപുളകിതനായി. ഭഗവദ്ഭക്തിയില്‍ നിലീനചിത്തനായ രാജാവ് കൃഷ്ണലീലയില്‍ കൂടുതല്‍ തത്പരനായി. ഭക്തന്മാര്‍ എന്നും അങ്ങനെയാണല്ലോ. അദ്ദേഹം നാരദമഹര്‍ഷിയോടു ചോദിച്ചു: ”മഹര്‍ഷീശ്വരാ, മുമ്പ് ഭാണ്ഡീരവനത്തില്‍വച്ച് രാധാകൃഷ്ണസമാഗമമുണ്ടായല്ലോ? ബ്രഹ്മാവ് അവരുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. ശ്രീകൃഷ്ണന്‍ അപ്പോള്‍ത്തന്നെ ശിശുരൂപിയായി. അതില്‍ ദുഃഖിതനായി വിലപിച്ച രാധയ്ക്ക് ഒരശരീരി കേള്‍ക്കാനിടയായി. ‘രാധേ, നീ ദുഃഖിക്കരുത്. മനോഹാരിയായ വൃന്ദാവനത്തില്‍വച്ച്ച ശ്രീകൃഷ്ണന്‍ നിന്റെ മനോരഥം സാധിക്കും’ എന്ന ആ ദേവവാക്യം സത്യമായോ? ആയെങ്കില്‍ എവിടെ വച്ച്? എങ്ങനെ? വിശദമായി പറഞ്ഞു തന്നാലും.”
രാജാവിന്റെ ചോദ്യം നാരദരെ അത്യന്തം ആഹ്ലാദിപ്പിച്ചു. അദ്ദേഹം ബഹുലാശ്വനോടു പറഞ്ഞു: ‘ അങ്ങു ചോദിച്ചതു നന്നായി. ശ്രീകൃഷ്ണലീലാരഹസ്യം ഞാന്‍ അങ്ങയോടു പറയാം. രാധാകൃഷ്ണസംഗമം വീണ്ടുമുണ്ടാകാനിടയായ കഥ കേട്ടാലും.
ഒരിക്കലും, രാധാദേവിയുടെ ഇഷ്ടസഖികളായ ലളിതയും വിശാഖവും വൃഷഭാനൂഗൃഹത്തിലെത്തി, അവിടെ അവരുടെ പ്രാണസഖിയായ രാഥ ചിന്താഭരിതയായിരുന്നതുകണ്ട് അവര്‍, കാരണമന്വേഷിച്ചു. രാധ ആരെയാണ് ധ്യാനിച്ചിരിക്കുന്നതെന്ന് ചോദിച്ചു. അവള്‍ ശ്രീകൃഷണപ്രേമിയാണെന്നറിയാവുന്ന സഖിമാര്‍, യുവകോമളനായ ശ്രീകൃഷ്ണന്റെ ചിത്രം വരച്ചുകാണിച്ച് രാധയെ ഹര്‍ഷപുളകിതയാക്കി. രാധയാകട്ടെ, കൃഷ്ണദര്‍ശനമാത്രയില്‍ത്തന്നെ ആനന്ദമൂര്‍ച്ഛിതയായി. മയങ്ങിപ്പോയ രാധ പീതാംബരധാരിയായ ശ്രീകൃഷ്ണനെ മനസ്സില്‍ കണ്ടു. അവള്‍ ചാടിയെഴുന്നേറ്റ് കൃഷ്ണനെ പുല്‍കാനാഞ്ഞു. പക്ഷേ, ഉണര്‍ന്നപ്പോള്‍ കൃഷ്ണനെ കാണാന്‍ കഴിഞ്ഞില്ല. കൃഷ്ണസമാഗമം കൊതിച്ച് പൂര്‍വ്വാധികം ഖിന്നയായി. അതുകണ്ട് ആര്‍ദ്രഹൃദയയായ ലളിത പറഞ്ഞു:
‘കഥം ത്വം വിഹ്വലാ രാധേ
മൂര്‍ച്ഛിതാതിവൃഥാം ഗതാ
യദിച്ഛസി ഹരിം സുഭ്രു-
സ്തസ്മിന്‍ സ്‌നേഹം ദൃഢം കുരു’.
(രാധേ, നീ വിരഹമൂര്‍ച്ഛിതയായി അധികം വൃഥിതയാകുന്നതെന്തിന്? ശ്രീഹരിയേ പ്രാപിക്കണമെങ്കില്‍ അങ്ങോട്ടുള്ള സ്‌നേഹം ദൃഢതരമാക്കുക)
ലളിതയുടെ വാക്കുകേട്ട്, രാധ ഹരിപ്രേമം വര്‍ദ്ധിപ്പിക്കാന്‍ മാര്‍ഗമെന്താണെന്ന് ആരാഞ്ഞു. കൃഷ്ണദര്‍ശനം സാദ്ധ്യമായില്ലെങ്കില്‍ താന്‍ ജീവിച്ചിരിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.
ലളിത കാളിന്ദീതീരത്തിലെത്തി ശ്രീകൃഷ്ണഭഗവാനെ കണ്ടു. രാധാ ദുഃഖം അദ്ദേഹത്തെ അറിയിച്ചു. രാധയ്ക്കു തന്നോടുള്ളതുപോലെ തനിക്കങ്ങോട്ടും പ്രേമമുണ്ടെന്ന് കൃഷ്ണന്‍ അറിയിച്ചു. വളരെ വൈകാതെ രാധയുടെ മനോരഥം സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലളിത ഈ സന്തോഷവാര്‍ത്ത രാധയെ അറിയിക്കുകയും ചെയ്തു. അകൈതവമായ ഭക്തികൊണ്ടുമാത്രമേ കൃഷ്ണനെ പ്രാപിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ലളിത രാധയോടുപറഞ്ഞു. കൃഷ്ണഭക്തി വര്‍ദ്ധിപ്പിക്കാന്‍ എന്താണ് മാര്‍ഗ്ഗമെന്നാരാഞ്ഞ രാധയോട് ചന്ദ്രാനന എന്ന മറ്റൊരു സഖി തുളസീസേവ ചെയ്യാന്‍ ഉപദേശിച്ചു.
‘പരം സൗഭാഗ്യദം രാധേ,
മഹാപുണ്യം വരപ്രദം
ശ്രീകൃഷ്ണസ്യാപി ലബ്ധ്യര്‍ഥം
തുളസീസേവനം മതം’
(രാധേ, സൗഭാഗ്യദായകവും പുണ്യകരവും ശ്രീകൃഷ്ണപ്രാപ്തികരവുമാണ് തുളസീസേവനം) തുടര്‍ന്ന് ചന്ദ്രാനന, രാധയെ, തുളസീസേവനമാര്‍ഗങ്ങള്‍ വിശദമായി പറഞ്ഞുകേള്‍പ്പിച്ചു. ‘തുളസീസ്പര്‍ശം, ധ്യാനം, കീര്‍ത്തനം, നട്ടുവളര്‍ത്തല്‍, പൂജ ഇവയെല്ലാം കൃഷ്ണപ്രാപ്തികരമാണെന്നും അറിയിച്ചു. തുളസിയുടെ ശാഖോപശാഖകള്‍ വര്‍ധിക്കുന്നതനുസരിച്ച്, സേവനം ചെയ്യുന്നയാള്‍ക്ക് മേല്‍ക്കുമേല്‍ അഭിവൃദ്ധയുണ്ടാകും!’
‘തുളസീസേവ ചെയ്യുന്നയാള്‍ മാത്രമല്ല, അയാളുടെ വംശജന്മാരും സ്വര്‍ഗ്ഗം നേടും. സര്‍വ്വപുഷ്പങ്ങളും പത്രങ്ങളും കൊണ്ടുള്ള പൂജയാല്‍ നേടുന്ന ഫലം തുളസീദളം കൊണ്ടുമാത്രം ലഭിക്കുന്നതാണ്. തുളസീവനം സ്ഥിതിചെയ്യുന്ന ഗൃഹം തീര്‍ത്ഥസ്ഥലമാണ്. തുളസീസര്‍വ്വാപാപഹരയാണ്. ഇഷ്ടകാമപ്രദയും, പുഷ്‌കരാദിതീര്‍ത്ഥങ്ങളും ഗംഗ മുതലായ പുണ്യനദികളും വാസുദേവന്‍ മുതലായ ദേവന്മാരും തുളസിയില്‍ ആവസിക്കുന്നു. തുളസീ മാഹാത്മ്യം പറഞ്ഞാലവസാനിക്കുകയില്ല. പറഞ്ഞു തീര്‍ക്കാന്‍ ബ്രഹ്മാവിനോ വിഷ്ണവിനോ സാദ്ധ്യമല്ല. ഹേ ദേവീ, നീ വേഗം തുളസീസേവ ആരംഭിക്കുക എന്നാല്‍, നിനക്കുടന്‍തന്നെ ശ്രീകൃഷ്ണനെ പ്രാപിക്കാനിടയാകും’.
ചന്ദ്രാനന നിര്‍ദേശിച്ച പ്രകാരം രാധ തുളസീസേവനമാരംഭിച്ചു. ശ്രീഗര്‍ഗ്ഗാചാര്യ നിര്‍ദേശപ്രകാരമുള്ള ചിട്ടയോടെ പല വിശിഷ്ട ദ്രവങ്ങളും തുളസിയില്‍ അഭിഷേചിച്ചു. അനേകംപേരെ അന്നമൂട്ടി. വിശിഷ്ഠബ്രാഹ്മണര്‍ക്ക് ദക്ഷിണനല്‍കി. വസ്ത്രഭൂഷണാദികള്‍ സമ്മാനിച്ചു. പരമഭക്തിയോടെ ചെയ്ത തുളസീസേവനം കണ്ടവര്‍ക്കെല്ലാം ആനന്ദമുണ്ടായി. സംതൃപ്തരായ ദേവന്മാര്‍ ദുന്ദുഭിഘോഷം മുഴക്കി. പുഷ്പവൃഷ്ടി നടത്തി. അപ്‌സരസ്സുകള്‍ നൃത്തം ചെയ്തു. ആ അവസരത്തില്‍.
‘തദാവിരാസിത്തുളസി ഹരിപ്രിയാ
സുപര്‍ണപൃഷ്‌ടോപരിശോഭിതാസനാ
ചതുര്‍ഭുജാ പദ്മവിശാലവീക്ഷണം
ശ്യാമസ്ഫുരദ്ധേമകിരീടകുണ്ഡലാ’
(ഹരിപത്‌നിയായ തുളസി കിരീലകുണ്ഡാദികളണിഞ്ഞ് ഗരുഡവാഹനത്തില്‍ അവിടെ പ്രതൃക്ഷപ്പെട്ടു.) രാധയെ സ്‌നേഹപൂര്‍വ്വം ആശ്ലേഷിച്ചു. നിന്റെ എല്ലാ മനോരഥങ്ങളും സഫലമാകും എന്നുപറഞ്ഞ് അനുഗ്രഹിച്ച് മറഞ്ഞു. പ്രസന്നയായ രാധ നിര്‍വൃതിയോടെ സ്വഗൃഹത്തില്‍ വസിച്ചു.
തുളസീസേവയിലൂടെ തന്നെ പ്രാപിക്കാനാഗ്രഹിച്ച രാധയുടെ പ്രേമം ശ്രീഹരി അറിഞ്ഞു. അദ്ദേഹം പ്രേമപരീക്ഷയ്ക്കായി ഒരു സുന്ദരീവേഷം ധരിച്ച് രാധാമന്ദിരത്തിലെത്തി. ഗൃഹവും പരിസരവും രാധാകീര്‍ത്തനം നിറഞ്ഞുനില്‍ക്കുന്നതായി കൃഷ്ണന് അനുഭവപ്പെട്ടു. പരിചരണോദ്യതരായ പല പല സഖിമാരോടൊപ്പം ലസിച്ചിരിക്കുന്ന രാധയെ ലതാകുഞ്ജവാസിനിയായി കണ്ട് മായാവേഷം പൂണ്ട ബഘവാന്‍ ആനന്ദിച്ചു. രാധ സ്വഗൃഹത്തിലെത്തിയ അസുലഭലാവണ്യവതിയായ ആ ഗോപികയെ ആശ്ലേഷിച്ചു. ‘ഭവതിയുടെ കടാക്ഷങ്ങളും വാക്കുകളും പുഞ്ചിരിയും നടത്തവുമെല്ലാം എന്നെ അത്യധികം ആനന്ദിപ്പിക്കുന്നു. നന്ദനനല്ലാതെ മറ്റാരും ഇതുപോലെ, എന്നെ ആകര്‍ഷിച്ചിട്ടില്ല’. എന്നിങ്ങനെ പ്രശംസിച്ച് ഗോപികയെ സ്വീകരിച്ചു. പല പല ചാടുവാക്യങ്ങളാല്‍ രസിച്ച് ഇരിവരും, വളരെനേരം കഴിഞ്ഞുകൂടി. സന്ധ്യയായപ്പോള്‍ ഗോപിക യാത്ര പറഞ്ഞുപോയി. പിറ്റേന്നു രാവിലെ തന്നെ എത്തിക്കൊള്ളാമെന്ന വാഗ്ദാനത്തോടെ, കൃഷ്ണനെ പിരിയുന്നതുപോലുള്ള ദുഃഖമാണ് രാധയ്ക്കപ്പോഴുണ്ടായത്. അവള്‍ മൂര്‍ച്ഛിച്ചുവീണു. സഖിമാരുടെ ശുശ്രൂഷയാലുണര്‍ന്ന രാധയെ സമാധാനിപ്പിച്ച് ഗോപിക അന്തര്‍ദ്ധ്വാനം ചെയ്തു.
സത്യവാക്കായ ഗോപിക പിറ്റേന്നു രാവിലതന്നെ വൃക്ഷഭാനുമന്ദിരത്തിലെത്തി. രാധയോടൊത്ത് സല്ലാപമധുരമായി സമയം കഴിച്ചു. രാധയുടെ പ്രേമം പരീക്ഷിക്കാന്‍ ഗോപദേവത, കൃഷ്ണനെ നിന്ദിച്ചു പറഞ്ഞു. കൃഷ്ണഭഗവാന്റെ മാഹാത്മ്യം പുകഴ്ത്തി. വാക്ചാതുരിയോടെ കൃഷ്ണപ്രവൃത്തികളെ ന്യായീകരിച്ചു. അവസാനം അവര്‍ ഒരു പന്തയം വച്ചു. ‘ഭക്തിപരായണനാണ് ഭഗവാനെങ്കില്‍, ഭക്തയായ രാധയുടെ മുന്നില്‍ ഉടന്‍ പ്രതൃക്ഷപ്പെടട്ടെ’. ഗോപിക ഇങ്ങനെ പറഞ്ഞപ്പോള്‍ രാധ ആ വാക്കുകള്‍ ഏറ്റു പറഞ്ഞു. അവള്‍ ധ്യാനമഗ്നയായി യോഗാസനത്തിലിരുന്നു. വിയര്‍ത്തൊലിച്ച് കണ്ണീരോലിപ്പിച്ച്ച ഉള്‍ക്കണ്ഠാകുലയായിരുന്ന രാധയുടെ മുന്നില്‍, കപലവേഷമുപേക്ഷിച്ച് സാക്ഷാല്‍ കൃഷ്ണപാദങ്ങളില്‍ വീണു നമസ്‌കരിച്ചു. ഭക്തവത്സലനായ ഭഗവാന്‍ രാധയെ ആശ്ലേഷിച്ച് ആനന്ദിപ്പിച്ചു. തുളസീസേവകൊണ്ട് ഭഗവത്പ്രീതിയുണ്ടായതില്‍ സന്തോഷിച്ച് രാധ ധന്യചിത്തയായി ശ്രീഹരിയോടൊത്തു രമിച്ചു.’
ഭക്തിഭാവം നിറഞ്ഞ ഒരു കഥയാണ് തുളസീസേവനം! രാധയുടെ അകളങ്കമായ ഭക്തി കൃഷ്ണലബ്ധിയിലെത്തിച്ച അനന്യസാധാരണമായ കഥയാണിത്. ഭക്തനും ഭഗവാനും എന്ന നിലയില്‍ രാധയെയും ശ്രീകൃഷ്ണനെയും കണ്ടാല്‍, ഭക്തിമയമായ ഈ കഥയുടെ പൊരുള്‍ വ്യക്തമാകും. ഈശ്വരപ്രാപ്തിക്കായി അനുസ്യൂതം യത്‌നിക്കുന്ന ഒരു മഹാഭക്തനെ രാധയില്‍ കാണാം. കൃഷ്ണപ്രാപ്തിയില്ലെങ്കില്‍ താന്‍ ജീവിച്ചിരിക്കില്ല എന്ന രാധാവചനങ്ങളുടെ സാരമതാണ്. രാധാകൃഷ്ണന്മാരെ വെറും കാമുകീകാമുകന്മാരായി കാണാന്‍ അദ്ധ്യാത്മ ദൃഷ്ടിയുള്ളവര്‍ക്കാര്‍ക്കും സാധ്യമല്ല. ധാരാഭക്തിക്കുടമയാണാ വൃഷഭാനുപുത്രി! ഏതുസമയവും ഈശ്വരദര്‍ശനം കൊതിക്കുന്നത് ഭക്തന്റെ ലക്ഷണമാണ്. ഈശ്വരനോടുള്ള പരമാനുരക്തിയാണല്ലോ ഭക്തി!
വിശാഖ, ലളിത എന്നീ തോഴിമാര്‍ ഭക്തിയായ രാധയെ പ്രോത്സാഹിപ്പിക്കുന്ന ജ്ഞാനവൈരാഗ്യങ്ങളാണ്. വൈരാഗ്യമാണ് ഭക്ത്യുന്നതിക്ക് കാരണമാകുന്നത്. നന്ദജന് പ്രീതിയുണ്ടാകാന്‍ കഠിനമായി യത്‌നിക്കണമെന്ന് രാധയെ ഉപദേശിച്ചത് ലളിതയാണ്. അഹൈതുകീഭക്തി കൊണ്ടേ കൃഷ്ണന്‍ വരഗനാകൂ എന്ന ലളിതോപദേശം ശ്രദ്ധേയമാണ്. വിരാഗിയല്ലാത്തൊരാള്‍ക്ക് നീര്‍ഹേതുകഭക്തി ഉണ്ടാവുകയില്ല.
തുളസീസേവനമാണ് ഹരിപ്രീതിക്ക് ആവശ്യമെന്നുപദേശിക്കുന്നത് ചന്ദ്രാനന എന്ന തോഴിയാണ്. അവളെ വിവേകത്തിന്റെ പ്രതീകമായി വേണം കാണാന്‍. വിവേകമാണ് വസ്തുജ്ഞാനമുണ്ടാക്കുന്നത്. എന്തു ചെയ്യണമെന്നറിയാതുഴലുന്ന മനസ്സിന് ലക്ഷ്യമുണ്ടാക്കുന്നതും അതുതന്നെ. ഗര്‍ഗ്ഗാചാര്യരില്‍നിന്ന് തനിക്കറിയാന്‍ കഴിഞ്ഞ തുളസ്യൂപാസനാരീതികളാണ് ചന്ദ്രാനന അറിയിച്ചത്. ആചാര്യോപദേശത്തിലൂടെ നേടുന്ന പരിപാകപ്രജ്ഞയാണ് വിവേകം! സദസദ്ഭാവങ്ങള്‍ തിരിച്ചറിഞ്ഞ് കരണീയം ഏതെന്നുറയ്ക്കുന്നത് വിവേകനിഷ്ഠകൊണ്ടാണ്.
തുളസീപൂജയെന്ന ധര്‍മ്മം ഭാവിശ്രേയസ്‌കരമാണെന്നും കൃഷ്ണപ്രീതികരമാണെന്നും ചന്ദ്രാനന (വിവേകം) അറിയിച്ചു. അങ്ങനെ നോക്കുമ്പോള്‍ വിശാഖലളിതാചന്ദ്രാനനമാര്‍, യഥാക്രമം ജ്ഞാനം, വൈരാഗ്യം, വിവേകം എന്നിവയുടെ പ്രതീകങ്ങളാണെന്നു മനസ്സിലാകും. ഈ സഖീത്രയമാണ് ആരെയും ഭക്തിസമ്പന്നരാക്കുന്നത്. രാധ, അസാധാരണഭക്തിയാല്‍ ധന്യത തേടി. തുളസീപൂജയിലൂടെ, അതുല്യമായ ഭക്തിയാണ് തുളസീസേവ പ്രതിനിധീകരിക്കുന്നത്. തുല(ള)സി എന്ന പേരുതന്നെ അതു വ്യക്തമാക്കുന്നു. ‘തുലാ അസ്യതി ഇതി’ = തുലനാസ്തീതി = തുലനയില്ലാത്തത് എന്നാണര്‍ത്ഥം. ലോകത്തെ ഒരു വസ്തുവും ഇതിന് തുല്യമില്ലാത്തതിനാല്‍ തുളസി! ഹേതുരഹിതമായ ഭക്തിക്കു തുല്യം മറ്റൊന്നുമില്ലതന്നെ. അത്ര ദുര്‍ലഭമായ ഭക്തിയാണ് ശ്രീകൃഷ്ണപ്രേമിയായ രാധയ്ക്കുണ്ടായത്. വൃഷഭാനുസുതയ്ക്ക് ഇത് സര്‍വ്വഥാ യോഗ്യം!
തുളസീസേവനം കൊണ്ടുണ്ടാകുമെന്നു പറഞ്ഞ പലങ്ങളെല്ലാം ഭക്തിക്കും യോഗ്യമാണ്. സേവചെയ്യുന്ന ആള്‍ക്കും കുലത്തിനും അഭിവൃദ്ധിയുണ്ടാകുമെന്നൊരു ഫലശ്രുതി ഈ കഥയില്‍ ഉണ്ട്. ഭക്തിക്ക് അതും യോജിക്കുന്നു. ഭക്തന്‍, സ്വയം ആനന്ദമഗ്നനാകുന്നതോടൊപ്പം മറ്റുള്ളവരെയും ആനന്ദത്തില്‍ ആറാടിക്കുന്നു. സംസാരദുഃഖം മറന്ന് ബ്രഹ്മാനന്ദനുഭവിക്കുന്ന ഭക്തന്‍ മറ്റുള്ളവരിലേക്കും നിര്‍വൃതി പകരുന്നു. ഭൗതിക യാതനകളൊന്നും ഭക്തന്‍ അറിയുകയേ ഇല്ല! തുളസീവനമുള്ള ഗൃഹം തീര്‍ത്ഥസ്ഥലമാണ്. ആരിലാണോ തുളസീ (ഭക്തി) വസിക്കുന്നത് ആ ഭക്തഹൃദയം തീര്‍ത്ഥംപോലെ പരിശുദ്ധമായിരിക്കുമെന്നു സാരം! തീര്‍ത്ഥാടനം ഭക്തസംഗമമുണ്ടാക്കുന്നു. അത് ആരിലും പ്രീതി വര്‍ദ്ധിപ്പിക്കുന്നു. ഒപ്പം മോക്ഷരുചി-സദാനന്ദം-പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഭക്തന്‍ ചിരിച്ചും ഭജിച്ചും ഭാഷിച്ചും അനുഭാവപൂര്‍വ്വമെടുക്കുന്നവര്‍ക്ക് ശാന്തി ലഭിക്കും. ‘സന്തതം ശാന്തിയേ കാമസുരഭികേള്‍’ എന്ന് എഴുത്തച്ഛന്‍ പറഞ്ഞതും ഇവിടെ ഓര്‍ക്കണം. എന്തും നേടാന്‍ സഹായിക്കുന്ന കാമധേനുവാണ് ശാന്തി! അസ്വസ്ഥതകള്‍ നീങ്ങി മനഃശാന്തിയുണ്ടാകുന്നത് ഭക്തനു മാത്രമാണ്. തുളസീസേവയുടെ പരമാര്‍ത്ഥഫലം ശ്രീകൃഷ്ണപ്രാപ്തിയാണ്. ശ്രീകൃഷ്ണലബ്ധ്യര്‍ത്ഥം തുളസീസേവ ചെയ്യുന്ന ഭക്തന്‍ ഇഹപരങ്ങളില്‍ ആദരിക്കപ്പെടും.
രാധ തുളസീസേവനം തുടര്‍ന്നപ്പോള്‍ പരിസരത്തിനും മാറ്റം വന്നു. കണ്ടവരെല്ലാം ആനന്ദമൂര്‍ച്ഛയിലാണ്ടു. ദേവന്മാര്‍ ദുന്ദുഭി മുഴക്കി. പുഷ്പവൃഷ്ടി നടത്തി. ദേവസ്ത്രീകള്‍ നൃത്തം ചെയ്തു. തുളസീദേവി പ്രതൃക്ഷപ്പെട്ടു. സംശുദ്ധഭക്തിയുടെ ലക്ഷണങ്ങളാണിവയെല്ലാം. ഭക്തിപാരമ്യമാണിവിടെ കാണപ്പെട്ടത്. ഭക്തന്‍ ആനന്ദനിര്‍വൃതി അനുഭവിച്ചു. നിറഞ്ഞ ഭക്തി കാഴ്ചക്കാരിലും ഭക്തിയുളവാക്കും. ദേവന്മാരുടെ ദുന്ദുഭിയും പുഷ്പവൃഷ്ടിയും ഭക്തിയാലാനന്ദമത്തരാകുന്ന മനസ്സുകളാണ്. തുളസീദേവിയുടെ പ്രതൃക്ഷപ്പെടലാകട്ടെ, ഭക്തന്റെ ആഗ്രഹസിദ്ധിയെയാണ് കാണിക്കുന്നത്.
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-
ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.
തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.
വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013,
മൊബൈല്‍: 9447089049
പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.
കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,
മാളുബന്‍ പബ്ലിക്കേഷന്‍സ്
ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-
MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: [email protected]
Discussion about this post