പണ്ഡിതരത്നം ഡോ. കെ. ചന്ദ്രശേഖരന്‍ നായര്‍
മായാഗ്രസ്തനായ ഒരുവനിലുള്ള ദുഃഖത്തിന്റെ കാഠിന്യം ഈ ഉദാഹരണത്തിലൂടെ വ്യക്തമാക്കുകയാണ് ശ്രീ ശങ്കരന്‍.
വ്യഥയതി ഹിമത്സംത്സാവായുരുഗ്രോ യഥൈതാന്‍
(വിവേകചൂഡാമണി 143)
ഏകീഭവിച്ച കാര്‍മേഘത്താല്‍ സൂര്യന്‍ മറയ്ക്കപ്പെട്ടിരിക്കുന്ന ദുര്‍ദിനത്തില്‍ തണുത്ത കാറ്റും മഴയും കലര്‍ന്ന കൊടുങ്കാറ്റ് വഴിയാത്രക്കാരെ കഷ്ടപ്പെടുത്തുന്നപോലെ.
അജ്ഞാനത്തിന്റെ രണ്ടു ശക്തികളാണ് ആവരണശക്തിയും വിക്ഷേപശക്തിയും എന്ന് പറഞ്ഞല്ലോ. മനുഷ്യര്‍ അജ്ഞാനത്തിന്റെ കൂരിരുട്ടില്‍ ആണ്ടുപോകുമ്പോള്‍ സത്യങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം തിരശ്ശീലയ്ക്കുപിന്നിലായി മാറുന്നു. ഈ അജ്ഞാനതിമിരംകൊണ്ട് വിഡ്ഢികളായിത്തീര്‍ന്ന അവര്‍ അനുഭവിക്കുന്ന യാതനകള്‍ തെല്ലൊന്നുമല്ല. ലൗകികങ്ങളായ ബന്ധങ്ങളുടെ ബന്ധനത്തില്‍ അവര്‍ തളയ്ക്കപ്പെടുകയാണ്. ഈ അവസ്ഥയില്‍ അവര്‍ അനുഭവിക്കേണ്ടിവരുന്ന വേദനാജനകങ്ങളായ കഷ്ടപ്പാടുകളുടെ ബീഭത്സരൂപം ഈ ഉദാഹരണത്തിലൂടെ വെളിവാക്കുകയാണ് ആചാര്യന്‍.
ഇടിയും മിന്നലും കൊടുങ്കാറ്റും ചേര്‍ന്നുള്ള പേമാരിയുണ്ടാകാറുണ്ട്. ഈ സമയത്ത് വഴിയാത്രക്കാര്‍ കുഴങ്ങിയതുതന്നെ. അവര്‍ അത്യന്തം കഷ്ടപ്പാടുകളിലേക്ക് തള്ളിവിടപ്പെടും.
ഇരിക്കാനോ നില്ക്കാനോ പോകാനോ സാദ്ധ്യമാകാത്ത ഒരു അവസ്ഥ ഈ സമയത്ത് സംജാതമായെന്നുവരാം. വഴിതിരിച്ചറിയുന്നതിനോ കുണ്ടും കുഴിയുമൊക്കെ കാണുന്നതിനോ ഒന്നും പറ്റാതെ വരുന്നു. ഇത്തരത്തില്‍ ഉണ്ടാകുന്ന പേമാരിയിലും വെള്ളപ്പൊക്കത്തിലും അനേകം മനുഷ്യരും പ്രാണിവര്‍ഗ്ഗങ്ങളും ചത്തുപോയെന്നും വരാം.
വീടുകള്‍ നിലംപൊത്തുകയും വൃക്ഷങ്ങള്‍ കടപുഴകി വീഴുകയും ചെയ്യാം. ഇത്തരത്തിലുള്ള ഒരവസ്ഥയില്‍ കുടിവെള്ളം ഭക്ഷണം ഇവയുടെ ക്ഷാമമുണ്ടാകയും ചെയ്യും.
ഈ വേളയില്‍ ആരോഗ്യമല്ലാത്തവരുടെ അത്യന്തം ദയനീയമായതുതന്നെ. മൊത്തത്തില്‍ ഇത്തരം സന്ദര്‍ഭത്തില്‍ വീടും കുടിയും ഇല്ലാതാവുകയും കൃഷി നശിക്കുകയും ചെയ്യും. തുടര്‍ന്ന് പട്ടിണിമരണംകൊണ്ടും സാംക്രമികരോഗം മൂലവും അനേകംപേര്‍ ചത്തൊടുങ്ങും. ഇപ്രകാരം അത്യന്തം ഭയാനകമായ ഒരു അവസ്ഥാവിശേഷമാണ് പ്രകൃതിയുടെ നൃശംസമായ ഈ പ്രവൃത്തികൊണ്ട് ജനങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നത്. ഈ പ്രകൃതിക്ഷോഭത്തിന്റെ ഉദാഹരണം മായയാല്‍ വലയം ചെയ്യപ്പെട്ട ഒരുവന്റെ ദുഃഖത്തിന്റെ പ്രതീകമായാണ് ശ്രീശങ്കരന്‍ അവതരിപ്പിക്കുന്നത്.
അജ്ഞാനാന്ധകാരത്തില്‍ പെട്ടവന്റെ സ്ഥിതി മേല്‍വിവരിച്ച പ്രകൃതി ക്ഷോഭത്തില്‍പ്പെട്ടുപോയവന്റേതിനു തുല്യമാണെന്നാണ് ശ്രീശങ്കരമതം. വാസ്തവത്തില്‍ അജ്ഞാനം ഗ്രസിച്ചവന്റെ ദുഃഖം വാക്കുകള്‍കൊണ്ട് വെളിപ്പെടുത്താവുന്നതിലും ഉപരിയാണ്. ഒരു സൂചകമെന്നോണം പ്രകൃതിക്ഷോഭത്തെ എടുത്തുകാട്ടുന്നു എന്നു മാത്രം.
അജ്ഞാനത്തിന്റെ കരാളഹസ്തത്തില്‍പ്പെട്ട് അഴലില്‍ ഉഴലാതിരിക്കുവാന്‍ വിവേകപൂര്‍വ്വം ജീവിതം നയിക്കുവാനും വിജ്ഞാനത്തെ പരിരംഭണം ചെയ്യാനുമാണ് ശ്രീ ശങ്കരന്‍ ഉപദേശിക്കുന്നത്.
Discussion about this post