Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഗര്‍ഗ്ഗഭാഗവതസുധ – ആസുര്യുപാഖ്യാനം

by Punnyabhumi Desk
Apr 10, 2013, 10:54 pm IST
in സനാതനം

ചെങ്കല്‍ സുധാകരന്‍
24. ആസുര്യുപാഖ്യാനം

ശ്രീഗര്‍ഗ്ഗന്‍ നിബന്ധിച്ചിട്ടുള്ള ഉപാഖ്യാനങ്ങളില്‍ ഏറെ ചിന്താബന്ധുരമാണ് ആസുരീകഥ. അതാകട്ടെ, മഹാരാസലീലയോടനുബന്ധമായി ചേര്‍ത്തിട്ടുള്ളതുമാണ്. വൃക്ഷലതാദികളും പക്ഷിമൃഗാദികളും ഗിരിശൃംഗങ്ങളും നദീവൃന്ദങ്ങളും സാരസങ്ങളും മനുഷ്യരും രാസവിലാസത്തില്‍ ഏകഭാവത്തില്‍ മുഴുകി ആനന്ദഭരിതരായി. ശ്രീഹരിഗോപീവൃന്ദങ്ങളുമൊത്ത് യമുനാതീരത്തെത്തി. രാധാകൃഷ്ണദര്‍ശനവേളയില്‍ നദീതീരസ്ഥങ്ങളായ വൃക്ഷലതാദികള്‍ സുന്ദരീമണികളായി മാറി. അവരും ഭഗവാനോടൊത്തുല്ലസിച്ചു. ആനന്ദപുളകാംഗികളായ ഗോപികമാര്‍ പാടിത്തിമിര്‍ത്തു. ആനന്ദമൂര്‍ച്ഛയില്‍, യോഗിനിമാരെപ്പോലെ നിശ്ചേഷ്ടരായി. ധ്യാനനിമഗ്നരായി. ആസുരി, കൃഷ്ണഭക്തനായ ഒരു മഹാമുനിയായിരുന്നു. ശ്രീഭഗവാനും ഗോപികമാരും രാസലീലാലോലരായിരുന്നപ്പോള്‍, അദ്ദേഹം,

‘നാരദാദ്രൗ തപസ്‌തേപേ
ഹരൗ ധ്യാനപരായണഃ
ഹൃത്പുണ്ഡരീകേ ശ്രീകൃഷ്ണം
ജ്യോതിര്‍മ്മണ്ഡലമാസ്ഥിതം.’

ശ്രീകൃഷ്ണനെ ഹൃദയപദ്മത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് (ആസുരി) നാരദാദ്രിയില്‍ തപസ്സുചെയ്യുകയായിരുന്നു. പെട്ടെന്ന് ഒരു മാറ്റമുണ്ടായത് മാമുനി അറിഞ്ഞു. രാധായുക്തനായി തന്റെ മനോമണ്ഡലത്തില്‍ വിളങ്ങിയിരുന്നു ഭഗവാന്‍ അപ്രത്യക്ഷനായതായി ആസുര കണ്ടു! ധ്യാനപരനായിരുന്നിട്ടും ഭഗവാനെക്കാണാഞ്ഞ് കുണ്ഠിതനായ മുനി എഴുന്നേറ്റ് അന്വേഷണമാരംഭിച്ചു. ആദ്യം ബദര്യാശ്രമത്തിലേക്കാണ് പോയത്. അവിടെ ശ്രീനാഥനെ കാണാനായില്ല. പലേടം തിരഞ്ഞു. പലരോടും ചോദിച്ചു. ഈശ്വരപാര്‍ഷദന്മാര്‍ക്കുപോലും കൃഷ്ണന്‍ എവിടെയെന്നറിയില്ലായിരുന്നു. തുടര്‍ന്ന് ശ്വേതദീപം, വൈകുണ്ഠം, ഗോലോകം എന്നിവിടങ്ങളിലെല്ലാം നടത്തിയ അന്വേഷണം വിഫലമായി. ഒരിടത്തും ഭഗവാനെ കാണാന്‍ കഴിഞ്ഞില്ല. പിന്നീട് കൈലാസത്തിലെത്തി. മഹാദേവനോടന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘മഹര്‍ഷീന്ദ്രാ! സമുദ്രത്തില്‍ തപസ്സനുഷ്ഠിക്കുന്ന ഹംസമുനിക്ക് മോക്ഷം നല്‍കിയശേഷം ശ്രീഹരി, വൃന്ദാവനത്തില്‍ സഖിമാരുമൊത്ത് ഇപ്പോള്‍ രാസലീലയാടുകയാണ്. ആ ഭഗവാനെ കാണ്മാന്‍ ഞാന്‍ പോകുന്നു. ആഗ്രഹമുണ്ടെങ്കില്‍ അങ്ങും കൂടെ പോന്നുകൊള്ളുക’.
ഭക്താഗ്രണിയായ ആസുരി മഹാദേവനോടൊപ്പം പോയി. അവര്‍ വ്രജമണ്ഡലത്തിലെത്തി. യമുനാതടസ്ഥമായ രാസരംഗത്തേക്ക് അവര്‍ കടക്കാന്‍ ശ്രമിച്ചു. അപ്പോള്‍, കൈയില്‍ ചൂരല്‍വടിയുമായി നിന്ന രണ്ടു ഗോപികമാര്‍ അവരെ തടഞ്ഞു. ശ്രീപരമേശ്വരന്‍ തങ്ങളുടെ ആഗമനോദ്ദേശ്യമവരെ അറിയിച്ചു. അതുകേട്ട ഗോപികമാര്‍ പറഞ്ഞു. ‘രാസരംഗം കാക്കുന്ന കോടികോടി ഗോപികമാരില്‍ ഇരുവരാണ് ഞങ്ങള്‍. ഇവിടെ ഗോപികമാരല്ലാതെ ശ്രീകൃഷ്ണന്‍ മാത്രമേ ഉള്ളൂ. മറ്റു പുരുഷന്മാര്‍ക്കു പ്രവേശമില്ല.’

‘ചേദ്ദിദൃക്ഷു യുവാം തസ്യ
സ്‌നാനം മാനസരോവരേ
കുരുതം തത്ര ഗോപിത്വം
പ്രാപ്യാശു വ്രജതം മുനി’
(നിങ്ങള്‍ക്ക് ശ്രീകൃഷ്ണദര്‍ശനം നിര്‍ബന്ധമാണെങ്കില്‍ മാനസസരസ്സില്‍ കുളിച്ച് ഗോപികമാരായി വരുക). അല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.

കേള്‍ക്കേണ്ടതാമസം ശ്രീമഹാദേവനും ആസുരിമുനിയും മാനസമരസ്സില്‍ സ്‌നാനം ചെയ്തു. അദ്ഭുതം! ഇരുവരും ഗോപികകളായി മാറി! വേഷം മാറിയ മഹാദേവനും ആസൂരിയും രാസരംഗത്തില്‍ പ്രവേശിച്ചു. അവരെ ആരും തടഞ്ഞില്ല.

യമുനാജലശീകരമാര്‍ന്ന സുഗന്ധസഹിതമായ വായുവീശികുളിര്‍ത്ത രാസരംഗത്തില്‍ രാധാസമേതനായ കൃഷ്ണന്‍ ഗോപീവൃന്ദങ്ങളുമായി മേളിച്ചുല്ലസിക്കുന്നത് ശ്രീശംഭുവും ആസുരിമുനിയും കണ്ടു കണ്‍കുളിര്‍പ്പിച്ചു. കദംബങ്ങള്‍ തണല്‍ വിരിച്ച ഭൂപ്രദേശം വാസന്തചന്ദ്രികയാല്‍ വെള്ളിപൂശി ഭൂരിശോഭവഹിച്ചു. വിവിധതരം വല്ലീഗൃഹങ്ങളും നാനാതരം വൃക്ഷജാലങ്ങളും നിറഞ്ഞ യമുനാതീരഭൂമണ്ഡലം ഗാനരാഗതാളങ്ങളില്‍ സ്വര്‍ഗ്ഗീയസുഖം പുലര്‍ത്തി! അവിടെ സുന്ദരീമണികളാലാവൃതയായ രാധാദേവിയോടൊത്ത് കന്ദര്‍പ്പകോടിസുന്ദരനായി, ശോഭിക്കുന്ന വ്രജനാഥനെ ദൂരെ നിന്നു കണ്ടപ്പോള്‍ത്തന്നെ, ശിവനും ആസൂരിയും കൈകൂപ്പിക്കൊണ്ട്, ഉറക്കെ സ്തുതിക്കാന്‍ തുടങ്ങി.

‘കൃഷ്ണ കൃഷ്ണ മഹായോഗിന്‍
ദേവ ദേവ ജഗത്പതേ
പുണ്ഡരീകാക്ഷ! ഗോവിന്ദ!
ഗരുഡധ്വജ! തേ നമഃ

മഹാദേവന്റെയും മഹര്‍ഷിയുടെയും സ്തുതിയില്‍ ശ്രീകൃഷ്ണഭഗവാന്‍ പ്രസീദനായി. അദ്ദേഹം ഘനഗംഭീരസ്വരത്തില്‍ ഇങ്ങനെ പറഞ്ഞു: ‘നിങ്ങള്‍, അറുപതിനായിരം കൊല്ലമായി, എന്നെ തപസ്സു ചെയ്യുന്നു. നിങ്ങളുടെ അകൈതവഭക്തിയാലാണ്, എന്നെ ദര്‍ശിക്കാന്‍ കഴിഞ്ഞത്. നിങ്ങള്‍ ഇഷ്ടമായ വരം ചോദിച്ചുകൊള്ളുക!” ഭഗവത്പ്രീതിയില്‍ ആസുരിയും മഹാദേവനും സന്തോഷിച്ചു. മനസ്സില്‍ ഭക്തി നിറഞ്ഞ്, അവര്‍ അവാച്യാനന്ദമനുഭവിച്ചു. കോള്‍മയില്‍ക്കൊണ്ട് ശരീരത്തോടെ അവര്‍ പറഞ്ഞു: ‘ശ്രീരാധാകൃഷ്ണപാദപദ്മങ്ങള്‍ക്കു നമസ്‌കാരം. ഈ വൃന്ദാവനത്തില്‍, അവിടത്തെ, സ്ഥിരമായി ദര്‍ശിക്കാനുള്ള ഞങ്ങളുടെ ആഗ്രഹം സഫലമാക്കിത്തരണേ! അതുമാത്രമേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂ.” ”അങ്ങനെ തന്നെ ഭവിക്കും” എന്നു പറഞ്ഞ് ഭഗവാന്‍ അവരെ അനുഗ്രഹിച്ചു. കാളിന്ദീതടത്തിലെ രാസമണ്ഡപാര്‍ശ്വത്തിലായി ആ ഭക്താഗ്രണികളെ പാര്‍പ്പിച്ചു.

ഗോപികമാര്‍, രാത്രി കടന്നുപോയതേ അറിഞ്ഞില്ല. അവര്‍ പരമപുരുഷനോടൊത്ത് സംഗമിച്ച് പൂര്‍ണ്ണമനോരഥം നേടി. അരുണോദയമായപ്പോള്‍ ഏവരും സ്വസ്വഗൃഹങ്ങളിലേക്കുപോയി. ശ്രീകൃഷ്ണന്‍ നന്ദഗൃഹത്തിലേക്കും രാധ വൃക്ഷഭാനൂമന്ദിരത്തിലേക്കും മടങ്ങി. മഹാരാസംകൊണ്ട് ഭൂമിയും വാനവും നിര്‍വൃതിയിലാണ്ടപോലെ നിശ്ചലം നിന്നു. മഹാദേവന്റെയും ആസുരിയുടെയും ക്ഷേത്രങ്ങള്‍, ഇന്നും വൃന്ദാവനത്തിലുണ്ടത്രേ!

ഭക്തിമഹാത്മ്യവും ഗോപീശബ്ദരഹസ്യവും വിശദമാക്കുന്ന കഥയാണിത്. എന്താണു മഹാരാസമെന്നും ആര്‍ക്കാണതില്‍ ഭാഗഭാക്കാകാനുള്ള അര്‍ഹതയെന്നും ഈ ഉപാഖ്യാനം വിശദമാക്കുന്നു. ആസുരിമഹര്‍ഷി അറുപതിനായിരം വര്‍ഷം തപസ്സു ചെയ്ത മഹാമുനിയാണ്. ഹൃത്തടത്തില്‍ രാധാസമേതനായ കൃഷ്ണന്‍ സദാ വിളങ്ങുമായിരുന്നു. പക്ഷേ, ഒരു സന്ദര്‍ഭത്തില്‍ ആ ദിവ്യരുപാമൃതാനുഭവം ആ മഹാമുനിക്കു നഷ്ടമായി. ബ്രഹ്മാനന്ദമനുഭവിച്ചിരുന്ന ഋഷിപ്രൗഢന് അസ്വസ്ഥത വര്‍ദ്ധിക്കാന്‍ മറ്റെന്തുവേണം? ബ്രഹ്മതത്ത്വമറിഞ്ഞ് ലയമാര്‍ന്ന മനസ്സ് ഉത്കണ്ഠാകുലമാവുകയും നഷ്ടമായ ദര്‍ശനസൗഭാഗ്യം പുനര്‍ലബ്ധമാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകുയം ചെയ്യുന്നു. ആസുരി ഭഗവാനെ അന്വേഷിച്ചലഞ്ഞതിലെ രഹസ്യമിതാണ്. ഈശ്വരദര്‍ശനം നേടി അതില്‍ ആനന്ദമനുഭവിക്കുന്ന മനസ്സിനെ മറ്റൊന്നിനാലും തൃപ്തിപ്പെടുത്തുവാന്‍ സാദ്ധ്യമല്ല. സര്‍വത്ര ബ്രഹ്മതേജസ്സിനെ കണ്ടനുഭവിക്കാന്‍ കഴിയുന്ന മനസ്സിന് മോഹമെവിടെ? ശോകമെവിടെ?
ശോകമോഹങ്ങളകന്ന് സച്ചിദാനന്ദമയനായിരുന്ന ആസുരി ഹൃത്പുണ്ഡരീകവിലാസിയായ ദേവനെത്തിരഞ്ഞ് ലോകമെങ്ങും നടന്നു. ശ്വേതദ്വീപിലും വൈകുണ്ഠത്തിലും ഗോലോകത്തിലും കാണാത്തതിനാല്‍ ആ മുനിവര്യന്‍ കൈലാസത്തിലെത്തി. മഹാദേവസംഗമം അപ്പോഴാണുണ്ടായത്. മഹാദേവന്‍ ദേവദേവനാണ്. വേദാന്തഃസ്ഥിതനാണ്. ജിജ്ഞാസുനിഷ്ഠയോടെ ഈശ്വരാന്വേഷണം നടത്തിയാല്‍, പരീക്ഷണങ്ങള്‍ക്കുശേഷം, ഭഗവാന്‍ അനുകൂലനാകും. അതിന്റെ ആദ്യപടിയായിട്ടാണ് മഹത്സംഗമം ഉണ്ടാകുന്നത്. ഒരു മഹാനുമായുള്ള സംഗമം! മഹാദേവ ആസൂരിസംഗമത്തെ അങ്ങനെ വേണം കാണാന്‍. ജിജ്ഞാസുവിന് ഗുരുവിനെ ലഭിച്ചു എന്നു സാരം. ജ്ഞാനാഗ്നി മൂന്നാം കണ്ണില്‍ ജ്വലിച്ചനിലയില്‍ ധരിച്ചിട്ടുള്ള ശ്രീപരമേശ്വരനെക്കാള്‍ സര്‍വ്വജഗന്മയനായി മറ്റൊരു ഗുരുനാഥനുണ്ടോ?

താനും ശ്രീകൃഷ്ണഭഗവാനെ തിരയുകയാണെന്നും യമുനാതടത്തില്‍ മഹാരാസലീലയാടുന്ന ഭഗവാനെ കാണാന്‍ പോവുകയാണെന്നും ശ്രീപരമേശ്വരന്‍ ആസുരിയോടു പറഞ്ഞു. അസുരിയേയും കൂട്ടി രാസമണ്ഡലത്തിലെത്തി. ഭഗവത്തത്ത്വമന്വേഷിക്കുന്ന വ്യക്തിക്ക് നേരാം വഴി കാട്ടുന്നത് ഗുരുനാഥനാണ്. ആ മാര്‍ഗ്ഗനിര്‍ദേശം സത്യദര്‍ശത്തിന് ശിഷ്യനെ സഹായിക്കുന്നു. ആസുരീമുനിയുമൊത്ത് യമുനാതടത്തിലെ രാസമണ്ഡലത്തിലെത്തിയ മഹാദേവന്റെ കഥ മേല്‍ക്കാണിച്ച തത്ത്വമാണ് വിശദമാക്കുന്നത്.

രാസരംഗത്തേക്കു പ്രവേശിക്കാന്‍ തുടങ്ങിയ മഹാദേവനെയും ആസുരിയേയും രണ്ടുഗോപികമാര്‍ തടഞ്ഞു. പ്രവേശിക്കാനാഗ്രഹിക്കുന്ന പക്ഷം മാനസസരസ്സില്‍ സ്‌നാതരായി ഗോപീവേഷത്തിലെത്തണമെന്നവര്‍ അറിയിച്ചു. ഈ സന്ദര്‍ഭം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രവേശം രാസരംഗത്തേക്കാണ്. അതൊരു സാധാരണ സ്ഥലമല്ല. അനവദ്യമായ ആദ്ധ്യാത്മികരസം നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷം! രാസേശ്വരനായ ശ്രീകൃഷ്ണനും രാസേശ്വരി രാധയും ഗോപികളും അദ്വയാനന്ദാനുഭൂതിയില്‍ ലയംകൊണ്ട സമയം. അവിടേക്കുള്ള പ്രവേശനമാണ് തടയപ്പെട്ടിരിക്കുന്നത്. രാസരംഗത്തേക്കു പ്രവേശിക്കാന്‍ അവര്‍ക്ക് അനുവാദം കിട്ടി, ഒരു ഉപാധിയിന്മേല്‍. മാനസസരസ്സില്‍ സ്‌നാനം ചെയ്ത് ഗോപീവേഷം ധരിച്ച് എത്തണമെന്ന ഉപാധി! രാസമണ്ഡലത്തില്‍ ഗോപികള്‍ക്കേ പ്രവേശമുള്ളൂ. സര്‍വ്വേന്ദ്രിയങ്ങളാലും ഈശ്വരാമൃതം നുകരുന്നവരാണ് ഗോപികമാര്‍! അത്തരക്കാര്‍ക്കേ രാസരംഗത്തില്‍ പ്രവേശിക്കാനര്‍ഹതയുള്ളൂ. പ്രപഞ്ചമാസകലം ആദ്ധ്യാത്മികാനന്ദലയംകൊണ്ടിരിക്കുമ്പോള്‍ ‘ഗോപി’യല്ലാത്തൊരാള്‍ക്ക് അവിടെ പ്രവേശിക്കാനര്‍ഹതയുണ്ടാവില്ലല്ലോ?

മാനസസരസ്സില്‍ കുളിച്ചെത്തുകയെന്ന ഉപാധിയും ആലോചനാമൃതമാണ്. ഈശ്വരാമൃതം നുകരാനുള്ള അര്‍ഹത, മാനസസരസ്സില്‍ മുങ്ങുകതന്നെ. ഈശ്വരസാക്ഷാത്കാരം കൊതിക്കുന്നയാള്‍ക്ക് കൊതിമാത്രം പോരാ. പ്രവൃത്തിയും വേണം. മാനസസരസ്സില്‍ മുങ്ങുകയെന്നാല്‍ തപസ്സുചെയ്യുകയെന്നാണ്. അന്തര്‍മുഖനായി ഭക്തിയാം ജലത്തില്‍ മുങ്ങിയിരുന്ന് ഈശ്വരാന്വേഷണം നടത്തുകയെന്നാണ്. ആ അന്വേഷണം ‘ഏകാന്തഭക്തി അകമേ വന്നുദിക്കുന്നതിന്’ സഹായിക്കും. ഭക്ത്യുദയം അഥവാ വിവേകം സദസദ്‌വിവേചനത്തിന് സഹായിക്കും. സര്‍വ്വവും ഈശ്വരമയമെന്നുറയ്ക്കാന്‍, ആവിധം മനനം ചെയ്യുന്ന ആള്‍ക്ക് കഴിയും. സര്‍വ്വഭൂതാന്തരസ്ഥിതനാണീശ്വരനെന്നറിയുന്നതോടെ തന്റെ ഇന്ദ്രിയങ്ങളെ ഈശ്വരനിലേക്കു തിരിച്ചുവിടുന്നു. അങ്ങനെയാണ് ഗോപീത്വം സാര്‍ത്ഥകമാകുന്നത്. സര്‍വ്വതോക്ഷിശിരോമുഖനായ ഭഗവാനെ ദര്‍ശിക്കാന്‍ ഗോപിക്കേ കഴിയൂ!

രാസരംഗത്തേക്കു പ്രവേശിച്ച മഹാദേവനും മുനിയും രാസലീലാലോലനായ ശ്രീകൃഷ്ണഭഗവാനെ കണ്ടു. കണ്ട് നിര്‍വൃതിയടഞ്ഞു. ആനന്ദക്കണ്ണീരണിഞ്ഞ് ഭഗവദ്രൂപാമൃതം നുകര്‍ന്ന് പരിസരം മറന്നു. ഇത് ജിജ്ഞാസുവിന്റെ ജന്മസാഫല്യമാണ്. ഭക്തന്റെ ആഗ്രഹസാഫല്യമാണ്! ഭക്താഗ്രണികളായിത്തീര്‍ന്ന മഹാദേവ-ആസുരിമാര്‍ ഭഗവാനോടു ചോദിച്ചവരം ഇത്തരുണത്തില്‍, വിശേഷശ്രദ്ധയര്‍ഹിക്കുന്നതാണ്. വൃന്ദാവനത്തില്‍ നിന്നുകൊണ്ട് സ്ഥിരമായി ഭഗവദ്ദര്‍ശനം അനുഭവിക്കാന്‍ ഭവിക്കുമെന്ന ഭഗവാന്‍ അനുഗ്രഹിക്കുകയും ചെയ്തു. അചഞ്ചലഭക്തിയാല്‍ ഭക്തന്മാര്‍, ഈശ്വരനെ ദര്‍ശിച്ചുകൊണ്ടിരിക്കും. ഏതുരൂപമായാലും അതിനെ ഭഗവദ്രുപമായിക്കാണാന്‍ അവര്‍ക്കുകഴിയും. പരമഭക്തന്മാര്‍ സദാ-

‘വംശീവിഭൂഷിതകരാന്നവ നീരദാഭാത്
പീതാംബരാദരുണബിംബകലാധരോഷ്ഠാത്
പൂര്‍ണ്ണേന്ദു സുന്ദരമുഖാദരവിന്ദനേത്രാത്
കൃഷ്ണാത്പരം കിമപി തത്ത്വമഹം ന ജാനേ’

എന്നുപറയുന്നവരായിരിക്കും. ‘യാതൊന്നതൊക്കെ ഹരിനാരായണായ നമഃ’ എന്നു നമസ്‌കരിക്കുന്നവന്‍! ഭഗവത്പ്രാപ്തി കൊതിക്കുന്നവരൊക്കെ മാനസസരസ്സില്‍ മുങ്ങി ഗോപീവേഷധാരികളായി വേണം മഹാരാസരംഗത്തേക്കു പ്രവേശിക്കാന്‍. അങ്ങനെ പ്രവേശിച്ചാല്‍ പരബ്രഹ്മലയമാര്‍ന്ന മഹാരാസം നിത്യവുമനുഭവിക്കാന്‍ കഴിയും. ഈ മഹാശയമാണ് ഗര്‍ഗ്ഗാചാര്യര്‍ ആസുരീകഥയിലൂടെ വിശദമാക്കുന്നത്.
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013,

മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: [email protected]

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies