കാരക്കാസ്: വെനിസ്വലന്‍ പ്രസിഡന്റായി നിക്കോളാസ് മദുരോ തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ നേതാവായ ഹെന്റിക് കാപ്രിലാസിനെയാണ് പരാജയപ്പെടുത്തിയത്. ഹ്യൂഗോ ഷാവേസിന്റെ അനുയായിയായ മദുരോ നിലവില്‍ ആക്ടിംഗ് പ്രസിഡന്റാണ്. നേരിയ ഭൂരിപക്ഷത്തിനാണ് മദുരോയുടെ വിജയം. 50.76 ശതമാനം വോട്ടുകളാണ് മദുരോക്ക് ലഭിച്ചത്. കാപ്രിലസ് 49.07 ശതമാനം വോട്ടു നേടി.
ഷാവേസ് ക്യാന്‍സര്‍ രോഗ ചികിത്സയ്ക്കായി ക്യൂബയിലേക്ക് പോകുന്നതിനു മുന്‍പ് രാഷ്ട്രീയ ജീവിതത്തിലെ സഹയാത്രികനായ നിക്കോളാസ് മദുരോയെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്നു. കാരക്കാസിലെ ബസ്ഡ്രൈവര്‍മാരുടെ യൂണിയന്റെ നേതാവായാണ് മദുരോ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 2005ല്‍ സ്പീക്കറായും 2006ല്‍ വിദേശകാര്യമന്ത്രിയായും 2012ല്‍ വൈസ് പ്രസിഡന്റായും മദുരോ തെരഞ്ഞെടുക്കപ്പെട്ടു.
ഞായറാഴ്ചയാണ് വെനിസ്വേലയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 19 ദശലക്ഷം പേര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു. തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനു വിവിധ രാജ്യങ്ങളില്‍ നിന്നും ഐക്യരാഷ്ട്ര സംഘടനയില്‍ നിന്നുമായി നൂറു കണക്കിനു തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ എത്തിയിരുന്നു. കനത്ത സുരക്ഷ സന്നാഹത്തിനു നടുവിലായിരുന്നു തെരഞ്ഞെടുപ്പ്.
Discussion about this post