പണ്ഡിതരത്നം ഡോ. കെ. ചന്ദ്രശേഖരന്‍ നായര്‍
ആത്മജ്ഞാനം ഉണ്ടാകാത്തതിന്റെ കാരണമാണ് ഈ ദൃഷ്ടാന്തത്തില്‍ വിവരിക്കുന്നത്.
ശൈവലപടലൈരിവാംബുവാപീസ്ഥം (വിവേകചൂഡാമണി 149)
ജലത്തില്‍നിന്നുതന്നെ ഉണ്ടായ പായല്‍ ആ ജലാശയത്തെ തന്നെ മറയ്ക്കുന്നതുപോലെ. ആത്മാവിനെ ആവരണം ചെയ്തിരിക്കുന്ന അഞ്ച് കോശങ്ങള്‍ ഉണ്ട്. അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം, എന്നിവയാണ് അവ. ഈ കോശങ്ങള്‍ മൂന്നുതരത്തിലുള്ള ശരീരമായാണ് ഇരിക്കുന്നത്. സ്ഥൂലശരീരം അന്നമയകോശമാണ്. പ്രാണമയകോശവും മനോമയകോശവും വിജ്ഞാനമയകോശവും ചേര്‍ന്നതാണ് സൂക്ഷ്മശരീരം. ആനന്ദമയകോശം കാരണശരീരം ആണ്. പഞ്ചകോശങ്ങളും ആത്മാവില്‍ നിന്നുതന്നെ ഉത്പന്നമായവയാണ്. അപ്രകാരമുളള അവ ആത്മാവന്റെ തന്നെ തിരസ്‌കരിണിയായി വര്‍ത്തിക്കുന്നു. ഇവിടെ ധാര്‍മ്മികമായ ഒരു അസാംഗത്യം ഉണ്ട്. ആത്മാവിന്റെ തന്നെ സൃഷ്ടിയായ പഞ്ചകോശങ്ങള്‍ ആത്മജ്ഞാനത്തെ തടയുന്നു എന്നതാണ് ആ അസാംഗത്യം. ഇത് ജന്യം തന്നെ ജനകത്തിനു വിനയാകുന്നതുപോലെ ഇരിക്കുന്നു.
ഈ പ്രതിഭാസം സമൂഹമനസ്സാക്ഷിയെ ഉണര്‍ത്തുന്നതും നന്മയിലേക്കുനയിക്കുന്നതുമാകണമല്ലോ ആദ്ധ്യാത്മികകാര്യങ്ങള്‍. എന്നാല്‍ പ്രകൃതത്തിലുള്ള ആദ്ധ്യാത്മിക പ്രതിഭാസമായ ജന്യം ജനകത്തിനു വിനയാകുന്നു.
ഇത് ധര്‍മ്മവിരോധം പോലെ ഇരിക്കുന്നു. ആകട്ടെ എന്നാലും ഇത് ഒരു പ്രാപഞ്ചികസത്യം കൂടിയാണ്. പ്രകൃതിയിലും ജന്യം ജനകത്തെ ബാധിക്കാറുണ്ട്. ഇതൊരു അപ്രിയസത്യം മറിച്ചുവെച്ചിട്ടും കാര്യമില്ല. അപ്രിയസത്യങ്ങളുടെ പ്രതിഫലനത്തില്‍ ആവശ്യമുണ്ടെങ്കില്‍ രക്ഷതേടിക്കൊള്ളണം എന്നുമാത്രം.
ഒരു സര്‍വ്വസാധാരണകാര്യത്തിലൂടെ ഈ ആദ്ധ്യാത്മികകാര്യം വ്യക്തമാക്കുന്നതിനോടൊപ്പം ഇവിടെ വന്നു ചേര്‍ന്നിട്ടുള്ള ദുഷ്യവശങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നതുകൂടി ആചാര്യന്‍ സമര്‍ത്ഥിച്ചിരിക്കുകയാണ്.
വെള്ളം പുറത്തുകാണാന്‍ സാധിക്കാത്ത തരത്തില്‍ കുളത്തില്‍ പായല്‍ നിറഞ്ഞിരിക്കുന്നത് നാം കാണാറുണ്ട്. കുളത്തിലെ വെള്ളത്തെ മൊത്തമായി മൂടിയിരിക്കുന്ന ആ പായല്‍ ആ വെള്ളത്തിന്റെ തന്നെ സൃഷ്ടിയാണ്. പായലിന്റെ മറമാറ്റിയാല്‍ വെള്ളം വ്യക്തമായി കാണാനും സാധിക്കും. ഇവിടെ പായല്‍ ജന്യവും വെള്ളം ജനകവും തന്നെ. ജന്യമായ പായലാകുന്ന കോശങ്ങള്‍ ജനകമായ വെള്ളമാകുന്ന ആത്മജ്ഞാനത്തെ മറക്കുന്നു എന്നാണ് ശ്രീ ശങ്കരന്‍ പറയുന്നത്. പായലിന്റെ മറമാറ്റിയാല്‍ വെള്ളം കാണാന്‍ സാധിക്കുന്നതുപോലെ കോശങ്ങളുടെ മറ മാറ്റിയാല്‍ ബ്രഹ്മജ്ഞാനം ഉണ്ടാകും എന്നാണ് ഈ ദൃഷ്ടാന്തത്തിലൂടെ സമര്‍ത്ഥിക്കുന്നത്.
ഏതായാലും പായല്‍ കൊണ്ടുള്ള വെള്ളത്തിന്റെ മറവ് ആഴത്തിലുള്ളതല്ല. മാറ്റാന്‍ സാധിക്കുന്നതുമാണ്. ആ അവസ്ഥയില്‍ ഈ ദൃഷ്ടാന്താനുസാരിയായി നോക്കുമ്പോള്‍ കോശങ്ങള്‍ കൊണ്ടുള്ള ആത്മാവിന്റെ മറയും പ്രയത്‌നം കൊണ്ട് നിവാരണം ചെയ്യാന്‍ കഴിയുന്നതാണെന്ന് ധരിക്കണം. പായല്‍ മറഞ്ഞിരിക്കുന്ന വെള്ളത്തിന്റെ കാര്യം ഒരു പ്രതീകമെന്നോണം ഇക്കാര്യം ധരിപ്പിച്ചുതരുന്നു.
പായല്‍ മൂടിയിരിക്കുന്ന ജലാശയത്തില്‍ കുളിക്കാന്‍ ഇറങ്ങുന്ന ഒരാള്‍ തന്റെ കൈകള്‍കൊണ്ട് പായലിനെ ഇരുവശത്തേക്കും തള്ളിമാറ്റിയശേഷം വെള്ളത്തില്‍ മുങ്ങുന്നു. ആ ആള്‍തന്നെ അപ്രകാരം ചെയ്തിട്ടു സോപ്പുതേയ്ക്കാന്‍ പടിക്കു മുകളില്‍ കയറുന്നു എന്നിരിക്കട്ടെ. അതിനുശേഷം മുങ്ങാന്‍ ഒരുമ്പെടുമ്പോള്‍ ജലം വീണ്ടും പായല്‍ മൂടിയിരിക്കുന്നതായി കാണുന്നു. ഇത് നേരത്തെ പായലിനെ മാറ്റിയത് വേണ്ടും വിധം ആകാത്തതുകൊണ്ടാണ് എന്ന സത്യം മനസ്സിലാക്കണം.
പായല്‍ മുഴുവന്‍ കുളത്തില്‍ നിന്നു നിര്‍മ്മാര്‍ജ്ജനം ചെയ്യുകയോ അല്ലെങ്കില്‍ കയര്‍ കെട്ടി അകറ്റി നിറുത്തുകയോ ചെയ്താലേ അവ ജലാശയത്തെ വീണ്ടും മൂടിക്കളയാതിരിക്കുകയുള്ളൂ. ഇതുപോലെതന്നെയാണ് ആത്മാവിന്റെയും കാര്യം. പഞ്ചകോശരൂപമായ ആത്മാവിന്റെ തിരസ്‌കരിണിയിെ വേണ്ടും വിധം മാറ്റിയില്ലെങ്കില്‍ ആത്മജ്ഞാനം സ്ഥിരമായി കിട്ടുകയില്ല.
ഒരിക്കല്‍ നിവാരണം ചെയ്താലും അവ വീണ്ടും വന്ന് ആത്മജ്ഞാനത്തെ മറയ്ക്കും. ഈ ഉദാഹരണത്തില്‍ ആത്മാവിനെ വെള്ളത്തോടും പഞ്ചകോശരൂപമായ മറയെ പായലിനോടും ഉപമിച്ചിരിക്കുന്നു. ബ്രഹ്മജ്ഞാനരൂപമായ ആത്യന്തിക മോചനം ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ സാദ്ധ്യമാണെന്ന യാഥാര്‍ത്ഥ്യം കൂടി ശ്രീശങ്കരന്‍ ഈ ഉദാഹരണത്തിലൂടെ കാണിച്ചുതരുകയാണ്.
ഒരിക്കല്‍ ജ്ഞാനത്തിലേയ്ക്കുള്ള ഒരു പന്ഥാവ് തുറന്നു കാട്ടിയാലും അവധാനതയോടെ അത് സംരക്ഷിച്ചുവെങ്കില്‍ അത് നഷ്ടപ്പെട്ടുപോകാന്‍ ഇടയുണ്ടെന്ന കാര്യം ഈ പായലിന്റെ ദൃഷ്ടാന്തം വെളിവാക്കുന്നുണ്ട്. ഒരിക്കല്‍ മാറ്റിയപായല്‍ വീണ്ടും ഒന്നുചേരുന്നതും ജലത്തെ മറയ്ക്കുന്നതും നാം കണ്ടതാണല്ലോ.
Discussion about this post