ന്യൂഡല്‍ഹി: കൂടംകുളം ആണവനിലയത്തിന് ഉപാധികളോടെ സുപ്രീംകോടതിയുടെ പ്രവര്‍ത്തനാനുമതി. ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ആണവനിലയത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ തൃപ്തികരമാണെന്ന് പറഞ്ഞ കോടതി രാജ്യത്തിന്റെ ദീര്‍ഘകാല ആവശ്യത്തിന് ആണവോര്‍ജ്ജം അത്യാവശ്യമാണെന്നും വ്യക്തമാക്കി.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ആണവനിലയത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. ആണവനിലയത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍, ആണവമാലിന്യങ്ങളുടെ സംസ്‌കരണം, ആണവനിലയത്തിന് സമീപം താമസിക്കുന്നവരുടെ സുരക്ഷ, പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ കോടതി വിശദമായി പരിശോധിച്ചു. ആണവനിലയത്തിന്റെ പ്രവര്‍ത്തനത്തിനായി കോടതി 15 ഇന മാര്‍ഗേ രേഖ മുന്നോട്ട് വച്ചിട്ടുണ്ട്.
ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. ആണവനിലയം ആരംഭിച്ചതിന് ശേഷം സുരക്ഷ ഘട്ടംഘട്ടമായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കോടതി ആണവനിലയം ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ടോ എന്ന് സമയാസമയങ്ങളില്‍ പരിശോധിക്കണമെന്നും വ്യക്തമാക്കി. ആണവനിലയത്തിനെതിരെ സമരം നടത്തിയവര്‍ക്കെതിരെയെടുത്ത ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണം. ആണവനിലയം സുരക്ഷിതമാണെന്ന് കാട്ടി ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡും ആണവോര്‍ജ്ജ കോര്‍പ്പറേഷനും സത്യവാങ് മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
രണ്ട് ഭാഗമായിട്ടാണ് സുപ്രീംകോടതി വിധി പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ ആണവനിലയത്തിന്റെ സുരക്ഷ സംബന്ധിച്ച വിശദീകരണങ്ങളും കോടതി നിഗമനങ്ങളുമാണ് വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം ഭാഗത്തിലാണ് ആണവനിലയം കമ്മീഷന്‍ ചെയ്യുന്നതിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ്. വിശാലമായ പൊതുതാല്‍പ്പര്യവും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും ഊര്‍ജ്ജ ആവശ്യവും പരിഗണിച്ചാണ് കൂടംകുളത്തിന് അനുമതി നല്‍കുന്നതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
വിധി കേന്ദ്രസര്‍ക്കാരിന് അനുകൂലമായതിനാല്‍ ഈ മാസം അവസാനത്തോടെ ആണവ നിലയത്തില്‍ വൈദ്യുതി ഉത്പാദനം ആരംഭിക്കും. ആയിരം മെഗാ വാട്ട് വീതം ശേഷിയുള്ള രണ്ട് പ്ലാന്റുകളാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുക.
മൂന്ന് മാസം നീണ്ട വാദത്തിനിടെ ആണവനിലയത്തില്‍ ഇന്ധനം നിറക്കുന്നത് തടയണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ആണവ നിലയത്തില്‍ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്നും പാരിസ്ഥിതിക അനുമതിയില്ലാതെയാണ് നിലയത്തിന്റെ നിര്‍മ്മാണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
എന്നാല്‍ കേന്ദ്രസര്‍ക്കാരും തമിഴ്‌നാട് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനും ഹര്‍ജിക്കാരുടെ വാദത്തെ കോടതയില്‍ എതിര്‍ക്കുകയാണ് ചെയ്തത്. ആണവ നിലയം സുരക്ഷിതമാണെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. പ്രകൃതി ദുരന്തം, തീവ്രവാദി ആക്രമണം എന്നിവ ചെറുക്കാന്‍ ആണവ നിലയത്തില്‍ സംവിധാനമുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകില്ലെന്ന് ആണവ നിലയം പാരിസ്ഥിക പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
Discussion about this post