അധ്യായം – 1
ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി
(തുടര്‍ച്ച)
അവിനാശിയും സത്യസ്വരൂപവുമായ ബ്രഹ്മസങ്കല്‌പം കര്‍മമുക്തമായ ജ്ഞാനം കൊണ്ടുമാത്രമേ ലഭിക്കുകയുള്ളൂ. അതിനുവേണ്ടി മോക്ഷേച്ഛുവായ സാധകന്‍ ബ്രഹ്മനിഷ്‌ഠനും ശ്രോതിയനുമായ ഗുരുവിനെ ശരണം പ്രാപിക്കണമെന്നാണ് അഭിജ്ഞമതം.
ജിവാത്മപരമാത്മൈക്യഭാവനയ്‌ക്കടിസ്ഥാനമായ ജ്ഞാനത്തെ പ്രദാനം ചെയ്യുന്നതിന് ശിഷ്യനെ പരാവിദ്യ ശീലിപ്പിക്കേണ്ട ചുമതല ഗുരുവിനുള്ളതാണ്. ഉപനിഷത്തുകളില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഗുരുസങ്കല്‌പം പ്രകൃതിയിലെ നാനാത്വങ്ങളെ മുഴുവന്‍ സംഗ്രഹിച്ചും സമന്വയിച്ചും ഏകത്വം ചര്‍ച്ചചെയ്‌ത് സമര്‍ത്ഥിക്കുന്നവയാണ്.
“ശ്രേത്രിയം ബ്രഹ്മനിഷ്‌ഠം സ്വഗുരം ഗച്ഛേദ്യഥാവിധി
ഗുരുസ്‌തസ്‌മൈ പരാംവിദ്യാം ദദ്യാത് ബ്രഹ്മാത്മബോധിനി”.
മുമുക്ഷുവായ പുരുഷന്‍ ബ്രഹ്മനിഷ്‌ഠനും ശ്രോതിയനുമായ ഗുരുവിനെ ശരണം പ്രാപിക്കണം. ആ ഗുരു അവന് ജീവാത്മ-പരമാത്മ ഐക്യം ബോധിപ്പിക്കുന്ന പരാവിദ്യയെ പ്രദാനം ചെയ്യണം.
രുദ്രഹൃദയോപനിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ഈ മന്ത്രത്തില്‍ ബ്രഹ്മവിദ്യാപ്രാപ്‌തിക്ക് ഗുരുസങ്കല്‌പം അത്യന്താപേക്ഷിതമാണെന്ന പ്രസ്‌താവമാണ് സാരമായി കാണുന്നത്.
“യോഗജ്ഞ: സദൈകാഗ്ര്യ ഭക്ത്യാ സേവാ ഹരേര്‍ ഗുരോ:
അഹിംസാ തു തപോയജ്ഞേ വാങ്‌മന: കായകര്‍മഭി:”
എല്ലായ്‌പോഴും ഏകാഗ്രതയോടെ ഭക്തിപൂര്‍വം യോഗജ്ഞനായ ഭഗവാനേയും ഗുരുവിനേയും സേവിക്കണം. മനസാ വാചാ കര്‍മണാ അഹിംസയാകുന്ന തപോയജ്ഞത്തെ അനുഷ്‌ഠിക്കണം.
ഏകാഗ്രചിത്തനായി സഭാഭക്തിയോടുകൂടി ഭഗവാനേയും ഗുരുവിനേയും സേവിക്കണം. മനോവാക്കായങ്ങള്‍കൊണ്ട് സദാനേരവും അഹിംസയാകുന്ന തപോയജ്ഞങ്ങള്‍ അനുഷ്‌ഠിക്കണം. ഭഗവാനും ഗുരുവിനും തുല്യസ്ഥാനം നല്‍കികൊണ്ടാണ് ഏകാഗ്രചിത്തനായി ഉപാസനയിലേര്‍പ്പെടേണ്ടതെന്ന ഉപനിഷന്നിര്‍ദേശം ഭാരതത്തിന്റെ സാംസ്‌കാരിക സങ്കല്‌പത്തില്‍ ഗുരുവിനുള്ള പ്രാധാന്യത്തെ ആവര്‍ത്തിച്ചുറപ്പിക്കുന്നു.
ഗുരുവിനുണ്ടായിരുന്ന മഹനീയസ്ഥാനം ആധുനികകാലഘട്ടത്തിലെ വിദ്യാഭ്യാസസമ്പ്രദായത്തില്‍ ശമ്പളംപറ്റുന്ന അദ്ധ്യാപകന്റേതായി അധഃപതിച്ചു. പല വിദേശരാജ്യങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കു അദ്ധ്യാപനം രുചിച്ചില്ലെങ്കില്‍ അദ്ധ്യാപകനെ മര്‍ദ്ദിക്കുന്നതുവരെ സാധാരണസംഭവമാണ്. ഇക്കാര്യത്തിന് ദൃക്‌സാക്ഷികളും അനുഭവസ്ഥരും ധാരാളമുണ്ട്. അത്തരമൊരു സൂഹത്തിന് വിദ്യാഭ്യാസാനന്തരം സൂക്ഷിക്കാന്‍ കഴിയുന്ന ഗുരുത്വത്തിന്റെ മാനദണ്ഡം എന്താണെന്ന് എടുത്തുപറയേണ്ട കാര്യമില്ല. എന്നാല്‍ ഭാരതത്തിന്റെ വിദ്യാഭ്യാസവും ഗുരുസങ്കല്‌പവും മേല്‌പറഞ്ഞരീതിയില്‍ വിഭാഗീയവും അധ:പതിച്ചതും വികാരജന്യവുമായിരുന്നില്ല. വിദ്യാഭ്യാസകാലഘട്ടം കഴിഞ്ഞാലും ഗുരുവിന് സങ്കല്‌പച്ചിരുന്ന സ്ഥാനവും മഹിമയും, സമൂഹത്തിന് നിയന്ത്രണവും വ്യക്തികള്‍ക്ക് ആത്മസംയമനവും നല്‍കുന്നതിന് പ്രേരകമായിരുന്നു. വിദ്യാഭ്യാസാനന്തരരമായാലും ഗുരുവിനെ നിന്ദിക്കുന്നവനെ സമൂഹം നിഷേധിച്ചിരുന്നു. അക്കൂട്ടരില്‍ നിന്നുള്ള ആഹാരംപോലും നന്മ ആഗ്രഹിക്കുന്നവര്‍ സ്വീകരിക്കരുതെന്നായിരുന്നു സമൂഹസങ്കല്‌പം. സന്യാസിമാര്‍ ഗുരുനിന്ദകന്റെ ദര്‍ശനമോ അന്നമോ ആഗ്രഹിക്കരുതെന്നും നിഷ്‌കര്‍ഷിച്ചിരുന്നു. താഴെപ്പറയുന്ന ഉപനിഷന്മന്ത്രം മേല്‌പറഞ്ഞ വിശ്വാസങ്ങളെ സമര്‍ത്ഥിക്കുന്നു.
“അദ്ധ്യാപിതാ യേ ഗുരു ം നാദ്രിയന്തേ
വിപ്രാ വാചാ മനസാ കര്‍മണാ വാ
യഥൈവ തേന ന ഗുരുര്‍ഭോജനീയസ്‌ത
ഥൈവ ചാന്നം ന ഭുനക്തി ശ്രുതം തത്”.
– `വിദ്യാഭ്യാസം നേടിയതിനു ശേഷവും മനസാ വാചാ കര്‍മണാ ഗുരുജനങ്ങളെ ആദരിക്കാത്തവരുടെ ആഹാരം നന്മയെ ആഗ്രഹിക്കുന്നവര്‍ സ്വീകരിക്കുന്നില്ല. അതുപോലെതന്നെ സന്യാസിയും ആ കൃതഘ്‌നന്റെ അന്നം സ്വീകരിക്കുന്നില്ല എന്നാണ് ശ്രുതി.
യജ്ഞസാധനമായും സര്‍വഭൂതങ്ങളുടേയും ഉല്‌പത്തിക്ക് നിദാനമായും നിലകൊള്ളുന്ന അന്നത്തിനുള്ള പ്രാധാന്യം സാധകനും സാധാരണക്കാരനും ഒരേപോലെ അറിയേണ്ടതാണ്.
“അന്നം ന നിന്ദ്യാത്” എന്ന് തൈത്തിരീയോപനിഷത്തില്‍ കൊടുത്തിരിക്കുന്ന നിര്‍ദേശം അന്നസങ്കല്‌പത്തെ എത്ര മഹത്തരമായി കരുതുന്നുവെന്ന് ശ്രദ്ധിക്കേണ്ടതാണ്. ഗുരനിന്ദ ചെയ്യുന്നവന്റെ ആഹാരം സ്വീകരിക്കുന്നത് അന്നത്തെ നിന്ദിക്കുന്നതിന് തുല്യമാണെന്ന് വരുന്നു. നിത്യ ജീവിതത്തില്‍ പ്രാത:സ്‌മരണീയനായി പൂജിക്കപ്പെടുന്നവാനാണ് ഗുരു. ബ്രഹ്മ സങ്കല്‌പത്തിലധിഷ്‌ഠിതമായ സംസ്‌കാരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിന് ഉപനിഷത്ത് പരിശ്രമിച്ചിരിക്കുന്നത് ഗുരുശിഷ്യബന്ധത്തെ വര്‍ണ്ണിച്ചുകൊണ്ടാണ്.
“ഗുരുശിഷ്യാദിഭേദേന ബ്രഹ്മൈവ പ്രതിഭാസതേ”
-`ഗുരു, ശി/ഷ്യന്‍ എന്നിങ്ങനെയുള്ള വ്യത്യാസത്തിലും ബ്രഹ്മം തന്നെയാണ് പ്രതിഭാസിക്കുന്നത്’. എന്ന് ആത്മോപനിഷത്തില്‍ വര്‍ണിച്ചിരിക്കുന്നതിലൂടെ ബ്രഹ്മത്തിന്റേയും ഗുരുശിഷ്യബന്ധത്തിന്റേയും പ്രതിഭയേയും പ്രതിഭാസത്തേയും കൂട്ടിയിക്കുകയാണല്ലോ ചെയ്യുന്നത്.
അജ്ഞാനതിമിരം ബാധിച്ച വ്യക്തിക്ക് സംഭവിക്കുന്ന ജരാമരണാദികളും ശരീരാഭിമാനചിന്തയും ദു:ഖഹേതുകവും ആവര്‌ത്തനജന്മാവകാശം ഉള്ളതുമാണല്ലോ. സുര്യനുദിക്കുമ്പോള്‍ നിദ്രയില്‍ നിന്നുണരുന്നതുപോലെ അജ്ഞാനാന്ധകാരത്തില്‍ ആണ്ടുപപോയ മനസ്സിനെ രാജസതാമസഗുണങ്ങളില്‍ നിന്ന് വിമുക്തമാക്കുന്നതിനും അജ്ഞാനതമസ്സിനെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനും പ്രയോജനപ്പെടുന്ന ആത്മജ്ഞാനം സദ്‌ഗുരുവില്‍ നിന്നു മാത്രം പ്രാപ്യമായ മഹാവ്‌ക്യോപദേശത്തില്‍ നിന്ന് ലഭ്യമാകുന്നു. ആത്മസ്വരൂപമാകുന്ന സൂര്യന്റെ ഉദയത്താല്‍ നിദ്രക്ക് ഭംഗം വരികയും ചെയ്യുന്നു. അനാത്മവസ്‌തുക്കളില്‍ ശ്രദ്ധയും ആത്മവൃത്തിയില്‍ അശ്രദ്ധയും ജനിക്കുന്നതുമൂലമുണ്ടാകുന്ന മോഹാത്മബുദ്ധി ഇഹലോകത്തും പരലോകത്തും ഒരേപോലെ ദു:ഖകാരണമായിത്തീരും. ഈ ദു:ഖത്തിന്റെ നിവൃത്തി ആത്മസൂര്യന്റെ ഉദയം മാത്രമാണ്. ഗുരൂപദേശം തന്നെയാണ് അവിടെയും ആശ്രയമായുള്ളത്.
“അനാത്മദൃഷ്‌ടേരവിവേകനിദ്രാ-
മഹം മമ സ്വപ്‌നഗതിം ഗതോfഹം
സ്വരൂപസൂര്യോfഭ്യുദിതേ സ്‌ഫുടോക്തേര്‍
ഗുരോര്‍മഹാവാക്യപദൈ: പ്രബുദ്ധ:”.
– `ആത്മാവല്ലാത്ത വസ്‌തുവില്‍ ആത്മബുദ്ധിയുണ്ടായതുകൊണ്ട് ഞാന്‍ അവിവേകമാകുന്ന നിദ്രയില്‍ സ്വപ്‌നഗതിയെ പ്രാപിച്ചിരിക്കുന്നു. ഗുരുവിന്റെ മഹാവക്യോപദേശത്താല്‍, ആത്മസ്വരൂപമാകുന്ന സൂര്യന്റെ ഉദയം നിമിത്തം എനിക്ക് നിദ്രാഭംഗം സംഭവിച്ചിരിക്കുന്നു’.
വേദശാസ്‌ത്രങ്ങളഭ്യസിക്കുന്നതുകൊണ്ടും ഇതരയോഗമാര്‍ഗങ്ങളനുവര്‍ത്തിക്കുന്നതുകൊണ്ടും ഒരു സാധകന് ആത്മജ്ഞാനമുണ്ടാകണമെന്നില്ല. മറിച്ച് ബ്രഹ്മജ്ഞനായ ഗുരുവിനെ ശരണം പ്രാപിക്കുകയും ഉപദേശാനുസരണം പ്രവര്‍ത്തിക്കുകയും വേണം. ശുഭാശുഭചിന്തകളെ അടിസ്ഥാനമാക്കി സങ്കല്‌പങ്ങളെ സൃഷ്‌ടിക്കരുത്. ഗുരുവിന്റെ വചനങ്ങള്‍ അതേപടി പിന്‍തുടരുകയാണാവശ്യം. വര്‍ണാശ്രമധര്‍മങ്ങള്‍. മറ്റനുഷ്‌ഠാനക്രമങ്ങള്‍ ഇവയൊന്നും നിര്‍വഹിച്ചില്ലെങ്കിലും ഗുരുശുശ്രൂഷയും അനുസരണയുമൊന്നുകൊണ്ടുമാത്രം യഥാര്‍ത്ഥമായ ജ്ഞാനം സമ്പാദിക്കാനാവും. ബ്രഹ്മവിദ്യോപനിഷത്ത് ഗുരുസങ്കല്‌പത്തിന്റെ പ്രാധാന്യത്തെ വര്‍ണിക്കുന്നത് ഇപ്രകാരമാണ്.
“വേദശാസ്‌ത്രാണി ചാന്യാസി പാദപാംസുമിവ ത്യജേത്
ഗുരുഭക്തിം സദാ കുര്യാത് ശ്രേയസേ ഭൂയസേ നര:”
വേദശാസ്‌ത്രാദികളെ പദപാംസുക്കളെന്നവണ്ണം ത്യജിച്ച് സദാഗുരുശുശ്രൂഷയില്‍ നിരതനായിരുന്നാല്‍ യഥാര്‍ത്ഥമനുഷ്യന് നന്മകൈവരും.
(തുടരും)
Discussion about this post