ശ്രീ നീലകണ്ഠ വിശ്വഗുരോ മഹാപ്രഭോ
തവ ചരണം നിത്യം മമ ശരണം
സാത്വിക സന്ന്യാസ മൂര്‍ത്ത രൂപമേ
ആത്മാരാമനാം ശ്രീ ഹനുമദ് ഭാവമേ
ലോകമൊന്നാകെ ഏക കുടുംബം
എന്നാകും ശാന്തി സന്ദേശത്തിനായ്
നിത്യശുദ്ധമാം തന്‍ ജീവിതമാകെ
സമര്‍പണമേകീ നീ കൃപാവാരിധേ
വേളിമലയിലും മഠവൂര്‍ ഗുഹയിലും
കഠിനതപം ചെയ്യും നാളുകളില്‍
ആത്മാന്വേഷണവീഥിയിലൂടെ
പരമമാം ഉണ്‍മയെ പുല്‍കി
നീകാമക്രോധാദി സമസ്ത ദോഷങ്ങളും
ശ്രീരാമനാമ തീര്‍ത്ഥകണങ്ങളാല്‍
നിര്‍മുക്തമാക്കി നിത്യാനന്ദനായ് വാഴ്കവേ
ശ്രീ സത്യാനന്ദനെ ശിഷ്യനുമാക്കി നീ.
ശ്രീരാമദാസ ഭാവേനയുള്ള നിന്‍
തിരുവാരാധന നയനാനന്ദം, പ്രഭോ
കര്‍പ്പൂരത്തട്ടവുമായ് തിരുനടനം ചെയ്യവേ
താവക മുഖകാന്തി സൂര്യോപമം.
കരുണാമയനാം നിന്നുടെ സവിധം
അശരണര്‍ക്കാനന്ദ സന്നിധാനം
നിന്‍തൃപ്പാദത്തില്‍ വീഴും സലിലം
പാവനതീര്‍ത്ഥമായ് പരിണമിപ്പൂ
നിന്‍തൃക്കയ്യാലേകിയ നൈവേദ്യം
അമൃതായ് ഭുജിച്ചോരു ഭക്തര്‍ക്കെല്ലാം
സംസാരമാം ദുഃഖസാഗരം താണ്ടുവാന്‍
വിഘ്‌നങ്ങളെള്ളോളം ഭവിച്ചില്ലല്ലോ.
പരിപാവനമാം നിന്‍ദിവ്യലീലകള്‍
വര്‍ണിപ്പാനെളുതല്ല മാലോകര്‍ക്ക്
താവകാനുഗ്രഹ സുഗന്ധവിഭൂതിയാല്‍
നിത്യവുമീയെന്നില്‍ കൃപചൊരിയൂ
നിദ്രയെപ്പോലും ഉല്ലംഘിച്ചൊരു
ഗുഡാകേശനാം ഗുരുനാഥാ
ഇനിയൊരു ജന്മം വീണ്ടുമടിയനെ
നിന്‍ പ്രിയഭക്തനാകാനനുഗ്രഹിക്കൂ.
– ദിനേഷ് മാവുങ്കാല്‍
(ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 48-ാം മഹാസമാധി ദിനത്തില്‍ സമര്‍പ്പിച്ചത്.)
Discussion about this post