ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റിലായ ഏഴ് പ്രതികളുടെ വിചാരണ നടപടികള്‍ പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ പുതിയ ഭീകരവിരുദ്ധ കോടതിയിലേക്ക് മാറ്റി. റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയിലായിരുന്നു നേരത്തേ വിചാരണ നടന്നത്. കേസ് മാറ്റാനുളള പ്രോസിക്യൂഷന്റെ ആവശ്യം റാവല്‍പിണ്ടി കോടതിയില്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ഹബീബ് ഉര്‍ റഹ്മാന്‍ അംഗീകരിക്കുകയായിരുന്നു. ഇസ്ലാമാബാദ് കോടതിയില്‍ ജഡ്ജി കൌസര്‍ അബ്ബാസ് സെയ്ദിയായിരിക്കും ഇനി കേസ് പരിഗണിക്കുക. മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെതിരേ തീവ്രവാദ വിരുദ്ധ നിയമപ്രകാരം ഫയല്‍ ചെയ്ത ഒരു കേസ് പരിഗണിക്കുന്നതിനാണ് ഇസ്ലാമാബാദിലെ പ്രത്യേക ഭീകരവിരുദ്ധ കോടതി രൂപീകരിച്ചത്. നേരത്തെ എല്ലാ തീവ്രവാദ വിരുദ്ധ കേസുകളും പരിഗണിച്ചിരുന്നത് റാവല്‍പിണ്ടി കോടതിയിലാണ്. പുതിയ കോടതിയിലേക്ക് കേസ് മാറ്റിയതോടെ നടപടിക്രമങ്ങള്‍ ഇനിയും വൈകുമെന്ന് ഉറപ്പായി. പുതുതായി കേസ് പരിഗണിക്കുന്ന ജഡ്ജി കേസിന്റെ വിശദാംശങ്ങള്‍ പഠിച്ച ശേഷമാകും നടപടികളിലേക്ക് കടക്കുക. ലഷ്കര്‍ കമാന്‍ഡര്‍ സഖി ഉര്‍ റഹ്മാന്‍ ലഖ്വി ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. ഈ കേസ് വേഗത്തിലാക്കണമെന്ന് പാക്കിസ്ഥാനോട് ആദ്യം മുതല്‍ ഇന്ത്യ ആവശ്യപ്പെടുന്നുണ്ടെങ്കിലും പാക്കിസ്ഥാന്‍ ഇതുവരെ ഇതിനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഇതിനിടയിലാണ് കോടതിമാറ്റവും വന്നിരിക്കുന്നത്.
Discussion about this post