പാറ്റ്ന: ബീഹാറിലെ ബോധ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലുണ്ടായ സ്ഫോടന പരമ്പരയില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ആദ്യ സ്ഫോടനം നടന്നത്. പിന്നാലെ മിനിറ്റുകളുടെ ഇടവേളയില്‍ എട്ടു സ്ഫോടനങ്ങള്‍ കൂടി ഉണ്ടാകുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില അതീവഗുരുതരമാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം സ്ഫോടനം തീവ്രവാദി ആക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. ക്ഷേത്രത്തിന് പുറത്തുനിന്ന് പൊട്ടാതെ കിടന്ന രണ്ടു ബോംബുകളും കണ്ടെടുത്തിട്ടുണ്ട്. താരതമ്യേന വീര്യം കുറഞ്ഞ ബോംബുകളാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നതിനാലാണ് ആളുകളുടെ ജീവന്‍ നഷ്ടപ്പെടാഞ്ഞതെന്ന് അധികൃതര്‍ അറിയിച്ചു. സ്ഫോടന സമയത്ത് ക്ഷേത്രത്തിനുള്ളില്‍ നിരവധി പേരുണ്ടായിരുന്നു. മ്യാന്‍മറില്‍ നിന്നുള്ള ഒരു ബുദ്ധസന്യാസിയും ഒരു തീര്‍ഥാടകനും രണ്ടു സുരക്ഷാ ജീവനക്കാരും പരിക്കേറ്റവരില്‍ ഉള്‍പ്പെടും.
സ്ഫോടനത്തില്‍ ക്ഷേത്രത്തിനു തകരാറുകള്‍ ഉണ്ടായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ബുദ്ധമത വിശ്വാസികളുടെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് മഹാബോധി. സ്ഫോടനത്തെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ സമീപപ്രദേശങ്ങളില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. പൊട്ടാതെ കണ്ടെത്തിയ ബോംബുകള്‍ നിര്‍വീര്യമാക്കിയതായി പോലീസ് അറിയിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. എന്‍ഐഎയുടെയും എന്‍എസ്ജിയുടെയും സംഘങ്ങളും ഇവിടേക്ക് തിരിച്ചിട്ടുണ്ട്. ബിഹാര്‍ പോലീസിലെ സ്പെഷല്‍ ടാസ്ക് ഫോഴ്സിനാണ് ബോധ്ഗയ ക്ഷേത്രത്തിന്റെ സുരക്ഷാചുമതല. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്ക് സുരക്ഷാചുമതല കൈമാറിയത്. പാറ്റ്നയില്‍ നിന്നും 130 കിലോമീറ്റര്‍ തെക്കുമാറിയാണ് ബോധ്ഗയ. ജപ്പാന്‍, ചൈന, തായ്ലന്‍ഡ്, ശ്രീലങ്ക, മ്യാന്‍മര്‍ തുടങ്ങിയിടങ്ങളില്‍ നിന്നുള്ള ബുദ്ധവിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണിവിടെ.
Discussion about this post