ജനാധിപത്യ രാഷ്ട്രമായ ഭാരതത്തില്‍ പൗരന്റെ അറിയാനുള്ള അവകാശത്തെ ഊട്ടിയുറപ്പിച്ചതാണ് വിവരാവകാശ നിയമം. ഈ നിയമത്തെക്കുറിച്ച് ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും സാമാന്യ ജ്ഞാനംപോലുമില്ലെങ്കിലും അതിന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി ഒട്ടേറെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. രാജ്യരക്ഷയെയും ആഭ്യന്തരസുരക്ഷയെയും സംബന്ധിച്ചും ശാസ്ത്രമേഖലയെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ ഒഴിച്ച് മിക്ക കാര്യങ്ങളും വിവരാവകാശത്തിലൂടെ പൗരന് ലഭിക്കാന്‍ നിയമപരമായി അവസരമുണ്ട്. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികളെ ഈ നിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്താന്‍ ദേശീയവിവരാവകാശ കമ്മിഷന്‍ ഉത്തരവ് ഇറക്കിയതോടെ അവര്‍ അതു മറികടക്കാനുള്ള ശ്രമവും തുടങ്ങി. ഈ മാസം പതിനഞ്ചിനകം എല്ലാ രാഷ്ട്രീയപാര്‍ട്ടികളും വിവരാവകാശ ഓഫീസര്‍മാരെ നിയമിക്കണമെന്നാണ് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതിനെതിരെ ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍മാത്രമല്ല പ്രാദേശികപാര്‍ട്ടികളും രംഗത്തുവന്നിരുന്നു. ഇതിനോട് ആദ്യം അനുഭാവം പ്രകടിപ്പിച്ച ബി.ജെ.പിയും പിന്നീട് ചുവടുമാറ്റി.
ദേശീയപാര്‍ട്ടി പദവിയുള്ള ആറ് പാര്‍ട്ടികളെയാണ് ഉത്തരവില്‍ കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സര്‍ക്കാറിന്റെ സൗജന്യങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുസ്ഥാപനമാണെന്നും പൗരന്മാര്‍ ആവശ്യപ്പെടുന്നവിവരങ്ങള്‍ നല്‍കാന്‍ അവര്‍ ബാദ്ധ്യസ്ഥരാണെന്നുമാണ് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ഇതു നടപ്പിലാവുകയാണെങ്കില്‍ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിനെ സംബന്ധിച്ച് ജനങ്ങളോട് കണക്കുപറയേണ്ടിവരും. ഇത് അനധികൃതമായി വന്‍കിട കുത്തകകളില്‍നിന്നും മറ്റും ലഭിക്കുന്ന ഫണ്ടിനെക്കുറിച്ച് വിവരം പുറത്താകുന്നതിന് ഇടയാക്കും. തിരഞ്ഞെടുപ്പ് ഫണ്ട് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തങ്ങളുടെ തത്ത്വശാസ്ത്രങ്ങള്‍ ബലികഴിപ്പിച്ചുകൊണ്ടാണ് പിരിക്കാറുള്ളത്. ഇതിലൂടെ പാര്‍ട്ടികള്‍ പണം തരുന്നവര്‍ക്ക് വിധേയരാവുകയും അധികാരത്തിലെത്തുന്ന പാര്‍ട്ടികള്‍ സംഭാവന തന്നവരുടെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യേണ്ടിവരുന്നു. ഭാരതത്തിലെ അഴിമതി വര്‍ദ്ധിക്കാന്‍ പ്രധാനകാരണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് എത്രയോ കാലംമുമ്പുതന്നെ ഈ രംഗത്ത് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവരാവകാശ നിയമം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ബാധകമാക്കിയാല്‍ ഒരുപക്ഷേ തിരഞ്ഞെടുപ്പ് രംഗം സംശുദ്ധമാക്കുന്നതിനും അതിലൂടെ ഭരണരംഗത്തെ അഴിമതി ഒരൂ പരിധിവരെയെങ്കിലും കുറയ്ക്കുന്നതിനും സഹായകമാകും. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികളെ ഇതില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
വിവരാവകാശത്തിന്റെ പരിധിയില്‍നിന്ന് രാഷ്ട്രീയപാര്‍ട്ടികളെ ഒഴിവാക്കാന്‍ നിയമഭേദഗതിക്കാണ് ആലോചിക്കുന്നത്. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് നീക്കം. എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ ഇക്കാര്യത്തില്‍ അവര്‍ എല്ലാവരും ഒറ്റക്കെട്ടാണ്. അഴിമതി വിമുക്തമായ രാഷ്ട്രീയവും ഭരണക്രമവും ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനവും വിവരാവകാശ നിയമത്തില്‍നിന്ന് ഒഴിവാവാന്‍ ശ്രമിക്കരുത്. ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍. ആ നിലയില്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെ മറികടക്കാനുള്ള ശ്രമത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍തിരിയണം.
Discussion about this post