ന്യൂയോര്‍ക്ക്: പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന കൊക്കോകോള പരസ്യങ്ങള്‍ക്ക് യുകെയില്‍ വിലക്കേര്‍പ്പെടുത്തി. കോളയിലെ കലോറികള്‍ എളുപ്പത്തില്‍ എരിച്ചുകളയാമെന്ന തരത്തില്‍ അവതരിപ്പിക്കുന്ന പരസ്യമാണ് നിരോധിച്ചത്.
വളര്‍ത്ത് പട്ടിയെയും കൊണ്ട് നടക്കുക, ഡാന്‍സ് ചെയ്യുക, ചിരിക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികള്‍ക്ക് ഒരു കോക്കിലെ 139 കലോറികള്‍ എരിച്ചു കളയാമെന്നാണ് പരസ്യത്തില്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ 139 കലോറികള്‍ എരിച്ച് കളയാന്‍ വേണ്ട എല്ലാ പ്രവൃത്തികളെയും പറ്റി പരസ്യത്തില്‍ പറയുന്നില്ലെന്ന് യുകെയിലെ പരസ്യങ്ങള്‍ നിയന്ത്രിക്കുന്ന അഡ്വെര്‍റ്റൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിട്ടി നിരീക്ഷിച്ചു. പരസ്യത്തിനെതിരെ പരാതി നല്‍കിയ ചില ആളുകള്‍ പരസ്യത്തില്‍ കാണിക്കുന്ന പ്രവൃത്തികള്‍ ചെയ്താല്‍ മാത്രം കോളയിലെ കലോറി എരിച്ചു കളയാമെന്ന് തെറ്റിദ്ധരിച്ചു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൊക്കോകോള പോലുള്ള മധുരപാനീയങ്ങള്‍ പൊണ്ണത്തടിക്ക് വഴി വെക്കുമെന്ന ആരോപണങ്ങള്‍ കൊക്കോ കോള വില്‍പ്പനയെ ബാധിക്കുന്നുണ്ട്.
പ്രസ്തുത പരസ്യം ആദ്യം പുറത്തിറങ്ങിയത് യുഎസിലാണ്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍ കോള കുടിക്കുന്നവര്‍ ആരോഗ്യം കാത്ത് സൂക്ഷിക്കാനുള്ള പ്രവൃത്തികള്‍ ചെയ്യുന്നതായി കാണിക്കുന്നു.
കുറഞ്ഞ നിരക്കിലുള്ള കലോറികള്‍ മാത്രമേ കോക്കില്‍ അടങ്ങിയിട്ടുള്ളു എന്ന തരത്തിലുള്ള, 2 മിനിട്ട് ദൈര്‍ഘ്യമുള്ള പരസ്യവും നേരത്തെ കൊക്കോകോള യുഎസിലും യുകെയിലും പുറത്തിറക്കിയിരുന്നു. ഈ പരസ്യത്തിനെതിരായും പരാതികള്‍ ഉണ്ടായിരുന്നുവെങ്കിലും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അധികൃതര്‍ പരസ്യം നിരോധിച്ചില്ല.













Discussion about this post