തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 24)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
അതിഗഹനമദൈ്വത ദൈ്വതഭാവങ്ങള്‍ തന്‍
നിലമനിലനിര്‍ത്തും നിതംബം തൊഴുന്നേന്‍.
സച്ചിദാനന്ദസ്വരൂപനായ ശിവന്‍ മാത്രമേ സത്യമായുള്ളൂ. അല്ലാതെ രണ്ടാമതൊരു വസ്തു ഇല്ല. രണ്ടില്ലാത്ത അവസ്ഥയാണ് അദൈ്വതം. രണ്ടല്ലാത്ത ശ്രീമഹാദേവന്‍ തന്റെ തന്നെ ശക്തിയെ അംഗീകരിച്ച് പലതായി പ്രപഞ്ചമായി കാണപ്പെടുന്നു. പാല് തൈരായിത്തീരുന്ന പ്രകാരത്തിലുള്ള പരിണാമമല്ല ഇത്. രണ്ടില്ലാത്ത ശിവത്വം അങ്ങനെതന്നെ മാറ്റമില്ലാതെ കുടികൊള്ളവേ അനേകമായി ജീവന്മാര്‍ക്ക് അനുഭവപ്പെടുന്നതാണ്. ഇതിനു വിവര്‍ത്തം എന്ന് വേദാന്തികള്‍ പേരിട്ടിരിക്കുന്നു. ഈ പ്രപഞ്ചം സ്വപ്‌നതുല്യമാണെന്ന് സത്യദര്‍ശികള്‍ പറയുന്നത് അതുകൊണ്ടാകുന്നു. അജ്ഞാനത്തിന്റെ പിടിയില്‍ ഇരിക്കുവോളം ലോകം ഉണ്ട്, നാനാത്വം ഉണ്ട് എന്നു തോന്നും. എന്നാല്‍ എപ്പോഴാണോ അജ്ഞാനബന്ധം ഛിന്നഭിന്നമാകുന്നത് ആ നിമിഷം ലോകം ഇല്ലെന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാവില്ലെന്നും ഉണ്ടെന്നു നേരത്തേ തോന്നിയത് ഭ്രമകല്പിതം മാത്രമാണെന്നും മനസ്സിലാകും.
* സംസാരഃ സ്വപ്‌നതുല്യോഹി
രാഗദ്വേഷാദി സങ്കുലഃ
സ്വകാലേ സത്യവദ്ഭാതി
പ്രബോധേസത്യസദ് ഭവേത്.
ഇങ്ങനെ ദൈ്വതത്തെക്കടന്ന് അദൈ്വതാനുഭവത്തില്‍ ഓരോരോ ജീവന്മാരായി എത്തുമ്പോഴും മറ്റുള്ളവര്‍ നാനത്വം നിറഞ്ഞ പ്രപഞ്ചം അനുഭവിച്ചുകൊണ്ടേ ഇരിക്കും. മഹാത്മാക്കള്‍ മുക്തന്മാരായി ലോകകല്യാണാര്‍ത്ഥം സഞ്ചരിക്കുമ്പോള്‍ മറ്റുള്ളവര്‍ ബദ്ധന്മാരായി ദുഃഖിതരായി മരുവുന്നത് അതുകൊണ്ടാണ്. അദൈ്വതത്തിന്റെയും ദൈ്വതത്തിന്റെയും ഈ വിധമായതത്ത്വം അതിഗഹനമാണ്. ഗുരുകടാക്ഷം കൊണ്ടുമാത്രമേ അതു ഹൃദയത്തില്‍ തെളിഞ്ഞു പ്രകാശിക്കൂ. നിതംബദര്‍ശനം വ്യക്തമാക്കുന്നതും ഈ സത്യമാണ്. പാര്‍വതിയും ശിവനും അതായതു ശക്തിയും ശിവനും ഇവിടെ ഒരേസമയം രണ്ടാണ് എന്നാല്‍ രണ്ടല്ല. ഒന്നാണ്. അതാണു പൃഷ്ടം നിതംബം എന്നീ ഭേദങ്ങളില്ലാതെ നിതംബം ശിവനീതി കാണപ്പെട്ടതിലെ തത്ത്വം.
Discussion about this post