തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 26)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
അഖിലഗുണജാലങ്ങളുരുകി വടിവാര്‍ന്നെഴും
ഭുവനതലപാര്‍ശ്വം പുറവടിതൊഴുന്നേന്‍
മഹനീയമായ ഗുണങ്ങളെല്ലാം ഒന്നായി ഉരുവംകൊണ്ട് ഭുവനതല പാര്‍ശ്വമായി വിലസുന്ന പുറവടി (ഉപ്പൂറ്റി) യാണു ശ്രീ മഹാദേവനുളളത്. പവിത്രമായ ഉപ്പൂറ്റിയെ സ്‌തോത്രകാരന്‍ നമിക്കുന്നു. നിരന്തരമായ ചലനമാണ് പ്രപഞ്ചം. പക്ഷേ നിശ്ചലമായ ഒരാധാരത്തെ ആശ്രയിച്ചുമാത്രമേ ചലനം സാദ്ധ്യമാവുകയുള്ളൂ. പ്രപഞ്ചചലനത്തിനാസ്പദം നിശ്ചലമായ പരമാത്മാവ് അഥവാ സച്ചിദാനന്ദ സ്വരൂപനായ ശിവനാണ്. അതില്‍നിന്നാണ് ചലനം ആരംഭിക്കുന്നത്. അതിനാല്‍ താണ്ഡവം ചെയ്യുന്ന ശിവനില്‍ ഒരേ സമയം നിശ്ചലതയും ചലനാത്മകതയുമുണ്ട്. വലതുകാല്‍ നിലത്തുറപ്പിച്ചും ഇടത്തുകാലുയര്‍ത്തിചലിപ്പിച്ചും ശോഭിക്കുന്ന താണ്ഡവ ശിവന്റെ രൂപം ഈ തത്ത്വത്തെയാണു പ്രതിനിധീകരിക്കുന്നത്. പ്രപഞ്ചോപരിതലത്തില്‍ ദൃശ്യമാകുന്ന ചലനത്തിനാധാരമായ നിശ്ചലതയാണ് ശിവന്റെ ഉപ്പൂറ്റി അതിന്റെ ദര്‍ശനം പ്രപഞ്ചതത്ത്വത്തെ പ്രസ്ഫുടീകരിക്കുന്നു. നിരന്തരം നടക്കുന്ന കര്‍മ്മകോലാഹലങ്ങളില്‍ അകര്‍മ്മത്തെയും അകര്‍മ്മത്തില്‍ കര്‍മ്മകലാപങ്ങളെയും കാണാനാവുകയെന്നത് ബുദ്ധിമാന്മാര്‍ക്കുമാത്രമേ സാദ്ധ്യമാകൂ.
*കര്‍മ്മണ്യകര്‍മ്മയുപശ്യേദ്
അകര്‍മ്മണി ച കര്‍മ്മയഃ
സബുദ്ധിമാന്‍ മനുഷ്യേഷു
സയുക്തഃ കൃത്സനകര്‍മ്മകൃത് – ശ്രീമദ് ഭഗവദ്ഗീത
യോഗികള്‍ക്കു ലഭ്യമായ പ്രസ്തുതകര്‍മ്മ രഹസ്യമാണ് ശിവന്റെ പുറവടികളുടെ സന്ദേശം.
Discussion about this post