യോഗാചാര്യ എന്‍.വിജയരാഘവന്‍
ഷഡാധാരങ്ങള്‍
പ്രാണശക്തിയുടെ അനന്തവും അപരിമേയവുമായ ശക്തിയെ മനസ്സിലാക്കുകയും ഭൗതിക മണ്ഡലത്തിലും ആത്മീയ തലത്തിലും ഉപയോഗപ്പെടുത്തുകയും ചെയ്ത ലോകത്തിലെ പ്രാചീന സംസ്‌ക്കാരം ഭാരതത്തിലേതായിരുന്നു. ബി.സി.5000 വര്‍ഷങ്ങള്‍ക്കു മുമ്പുപോലും ചികിത്സാരംഗത്തും, ധ്യാനത്തിലും എന്തിനേറെ യുദ്ധത്തില്‍പോലും ഭാരതത്തില്‍ പ്രാണശക്തിയെ ഉപയോഗപ്പെടുത്തിയിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും ഇന്ദ്രിയ ഗ്രാഹ്യമല്ലാത്ത പ്രസ്തുത സൂക്ഷ്മ മണ്ഡലത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ശാസ്ത്രത്തിന്റെ പിന്‍ബലത്തോടുകൂടിയ ഒരു മറുപടിക്കുവേണ്ട ലോകം കാത്തുനില്‍ക്കുകയായിരുന്നു.
പില്‍ക്കാലത്ത് ജപ്പാനിലെ ഡോക്ടര്‍ ഹിരോഷിമോട്ടോയാമ എന്ന ശാസ്ത്രജ്ഞന്‍ ശരീരത്തിലെ പ്രാണശക്തിയെ അളക്കാനുപയോഗിക്കുന്ന ഒരു യന്ത്രം കണ്ടുപിടിച്ചത് ഈ രംഗത്ത് ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചു. അതിന്നുശേഷം കണ്ടു പിടിക്കപ്പെട്ട ചക്രമെഷീന്‍ എന്ന ഉപകരണംകൊണ്ട് ഷഡാധാരങ്ങളില്‍നിന്നു പ്രസരിക്കുന്ന സ്പന്ദനങ്ങളെ രേഖപ്പെടുത്താമെന്നും വന്നു. എങ്കിലും കൂടുതല്‍ സ്ഥിരീകരിക്കപ്പെട്ട ഒരു ശാസ്ത്രീയാഭിപ്രായം പ്രസ്തുത മണ്ഡലത്തില്‍ ഇനിയും ഉരുത്തിരിയേണ്ടിയിരിക്കുന്നു.
യോഗസിദ്ധാന്ത പ്രകാരം ശരീരത്തില്‍ പ്രാണസ്പന്ദനം ഏറ്റവും കൂടുതലുള്ള ആറു കേന്ദ്രങ്ങള്‍ ഉണ്ട്. ഇവയെ ചക്രങ്ങള്‍ അഥവാ ആധാരങ്ങള്‍ എന്നു പറയുന്നു. വളരെ സൂക്ഷ്മതലത്തിലുള്ള പ്രസ്തുത ചക്രങ്ങള്‍ ശരീരം കീറിമുറിച്ചു നോക്കിയാല്‍ കാണുന്നവിധം സ്ഥൂലഭാഗത്തിലല്ല സ്ഥിതിചെയ്യുന്നത്. എന്നിരുന്നാലും സമീപകാലത്ത് നടന്ന നിരവധി പരീക്ഷണങ്ങള്‍ യോഗശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിവരിച്ചിരുന്ന ഷഡാധാരങ്ങളുടെ അസ്തിത്വത്തെ പൂര്‍ണ്ണമായും അംഗീകരിക്കുന്നതായിരുന്നു.
നട്ടെല്ലിലെ വിവിധ സ്ഥാനങ്ങളിലാണ് ഈ കേന്ദ്രങ്ങളെന്ന് പറയപ്പെടുന്നു. എന്നാല്‍ ഈ കേന്ദ്രങ്ങളെല്ലാം നമ്മുടെ മസ്തിഷ്‌കത്തിലാണെന്നും അവ വളരെ സൂക്ഷ്മകേന്ദ്രങ്ങളായതിനാല്‍ അവിടെ പ്രസ്തുത കേന്ദ്രങ്ങളെ സങ്കല്പിക്കുന്നത് പ്രായോഗികമല്ലാത്തതുകൊണ്ട് ഈ കേന്ദ്രങ്ങളെ ഉണര്‍ത്താന്‍ സഹായകമായവിധം 6 കേന്ദ്രങ്ങളെ നട്ടെല്ലില്‍ സങ്കല്പിച്ചിരിക്കുകയാണെന്നുള്ള ഒരു അഭിപ്രായവും നിലവിലുണ്ട്.
ശാസ്ത്രദൃഷ്ട്യാ വീക്ഷിച്ചാല്‍ ഈ ഒരു കാഴ്ചപ്പാടിന്നാണ് കൂടുതല്‍ അംഗീകാരമുള്ളത്. പ്രസ്തുത ചക്രങ്ങളില്‍ മൂലാധാരത്തിന് ദളങ്ങളും, മണിപൂരത്തിന് ദളങ്ങളും വിശുദ്ധിക്ക് ദളങ്ങളും ആജ്ഞയ്ക്ക് ദളങ്ങളും ഉള്ളതായി ചിത്രീകരിച്ചിരിക്കുന്നത് കാണാം. ഈ ദളങ്ങള്‍ അതതു കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട നാഡികളുടെ എണ്ണത്തെയാണ് സൂചിപ്പിക്കുന്നത്.
Discussion about this post