കൊച്ചി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രഥമ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് നീറ്റിലിറക്കി. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡില്‍(സിഎസ്എല്‍) പ്രതിരോധമന്ത്രി എ.കെ. ആന്റണി മുഖ്യാതിഥിയായ ചടങ്ങില്‍ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിയാണ് കപ്പല്‍ നീറ്റിലിറക്കിയത്. കേന്ദ്രഷിപ്പിംഗ് മന്ത്രി ജി.കെ. വാസന്‍ അധ്യക്ഷത വഹിച്ചു. അഡ്മിറല്‍ ഡി.കെ. ജോഷി, വൈസ് അഡ്മിറല്‍ ആര്‍.കെ. ധവാന്‍, നേവല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ യുദ്ധക്കപ്പലാണിത്. സ്വന്തമായി യുദ്ധക്കപ്പല്‍ നിര്‍മ്മിക്കുന്ന എട്ടാമത്തെ രാജ്യവും സ്വയം രൂപകല്‍പ്പന ചെയ്ത് യുദ്ധക്കപ്പല്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ രാജ്യവും എന്ന ഖ്യാതി ഇന്ത്യയ്ക്ക് സമ്മാനിച്ചാണ് വിക്രാന്ത് നീരണിയുന്നത്. 40,000 ടണ്‍ ആണ് ശേഷി. അമേരിക്ക, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളേ ഇത്രയും ഭാരം വഹിക്കാവുന്ന യുദ്ധക്കപ്പല്‍ നിര്‍മ്മിച്ചിട്ടുള്ളൂ. ആയുധങ്ങളടക്കം പ്രതിരോധ സാമഗ്രികളില്‍ 65 ശതമാനത്തോളം ഇറക്കുമതി ചെയ്തു കൊണ്ടിരിക്കുന്ന ഇന്ത്യക്കു സ്വന്തം വഴി വെട്ടി തുറക്കുക കൂടിയാണ് ഈ കപ്പലിന്റെ നിര്‍മാണത്തിലൂടെ സാധ്യമായിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അത്യാധുനിക ആയുധ-കപ്പലോട്ട സാങ്കേതിക വിദ്യകളാണു കപ്പലില്‍ സന്നിവേശിപ്പിച്ചിട്ടുള്ളത്. പന്ത്രണ്ട് മിഗ് 29 വിമാനങ്ങള്‍, എട്ടു തേജസ് എയര്‍ക്രാഫ്റ്റുകള്‍, 10 ഹെലികോപ്റ്ററുകള്‍ എന്നിവയെ ഉള്‍ക്കൊള്ളാനുള്ള വലുപ്പം വിമാനവാഹിനിക്കുണ്ട്. 160 ഓഫീസര്‍മാരും 1,400 നാവികരും കപ്പലിലുണ്ടാകും. 2001-02 ലാണ് ഇതിന്റെ രൂപകല്പന തുടങ്ങിയത്. റഷ്യന്‍ സ്ഥാപനമായ എന്‍ഡിബിയാണു കപ്പലോട്ട സാങ്കേതിക വിദ്യ സംഭാവന ചെയ്തിരിക്കുന്നത്. കപ്പലിന്റെ നിര്‍മാണത്തില്‍ 90 ശതമാനവും കപ്പലോട്ടത്തില്‍ 30 ശതമാനവും യുദ്ധശേഷിയില്‍ 30 ശതമാനവും ഇന്ത്യന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. നീറ്റിലിറക്കിയ ശേഷമായിരിക്കും കപ്പലിന്റെ ഉള്‍ഭാഗവും പങ്കകളും പണിയുന്നതും ഘടിപ്പിക്കുന്നതും.
തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും മികച്ച ഉരുക്ക് ഉപയോഗിച്ചാണ് കപ്പല്‍ ഭാഗങ്ങള്‍ പണിതിരിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍(ഡിഎന്‍ഡി) ആണ് കപ്പലിന്റെ രൂപകല്പന ചെയ്തത്. രണ്ട് എന്‍ജിന്‍ മുറികളിലായി നാലു ഗ്യാസ് ടര്‍ബോ എന്‍ജിനാണ് കപ്പലില്‍ ഘടിപ്പിക്കുന്നത്. ഇതു കൂടാതെ കപ്പലിലേക്ക് ആവശ്യമായ വൈദ്യുതിക്കായി 24 കിലോവാട്ട് ശേഷിയുള്ള നാലു ജനറേറ്റും ഉണ്ട്. ഒമ്പതു ഡെക്കുകളായി നിര്‍മിച്ചിട്ടുള്ള വിക്രാന്തിന്റെ ഉയരം 25 മീറ്റര്‍ ആണ്. മൂന്നു ഘട്ടങ്ങളായിട്ടാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണം നടക്കുന്നത്. ഇപ്പോള്‍ ആദ്യഘട്ടം നിര്‍മാണമാണു പൂര്‍ത്തിയായിട്ടുള്ളത്. എക്യുപ്മെന്റ് അലൈന്‍മെന്റ്, ബാലന്‍സിംഗ് എന്നിവയാണു രണ്ടാം ഘട്ടത്തില്‍ നടക്കുന്നത്. മൂന്നാംഘട്ടത്തില്‍ ആയുധങ്ങള്‍ വിന്യാസിപ്പിച്ചു കമ്മീഷനിംഗ് നടക്കും. 2018 ആകുമ്പോള്‍ വിക്രാന്ത് പൂര്‍ണ സജ്ജമാകും.
Discussion about this post