കര്‍ണാടകയില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗംചെയ്തു കൊന്ന കേസിലെ രണ്ടു പ്രതികളുടെ ദയാഹര്‍ജികൂടി തള്ളിക്കൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇക്കാര്യത്തില്‍ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. ചുമതലയേറ്റ് പതിമൂന്ന് മാസത്തിനുള്ളില്‍ പതിനൊന്ന് ഹര്‍ജികളിലായി പതിനേഴുപേരുടെ വധശിക്ഷയാണ് രാഷ്ട്രപതി ശരിവച്ചത്. ഇതോടെ രാഷ്ട്രപതിയുടെ മുന്നിലുണ്ടായിരുന്ന എല്ലാ ദയാഹര്‍ജികളിലും തീര്‍പ്പായി. മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിന്റെയും പാര്‍ലമെന്റ്് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ഗുരുവിന്റെയും ദയാഹര്‍ജികള്‍ തള്ളിയതും പ്രണബ് മുഖര്‍ജിയാണ്. ഇതിനുമുമ്പ് പതിനാല് ദയാഹര്‍ജികള്‍ തള്ളിയത് ഡോ. ശങ്കര്‍ദയാല്‍ ശര്‍മ്മ രാഷ്ട്രപതിയായിരുന്നപ്പോഴാണ്.
രാഷ്ട്രപതിമാരുടെ മുമ്പിലെത്തുന്ന ദയാഹര്‍ജികളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്. രാഷ്ട്രീയത്തിന്റെയും മറ്റ് പല ഘടകങ്ങളുടെയും പേരിലാണ് ദയാഹര്‍ജികള്‍ തീരുമാനമെടുക്കാത്തത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രണബ് മുഖര്‍ജിയുടെ നിലപാട് തികച്ചും അഭിനന്ദനാര്‍ഹമാണ്. ദയാഹര്‍ജികളില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിമാര്‍ തീമുമാനങ്ങളെടുക്കാറുള്ളത്. എന്നാല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി മാനുഷിക പരിഗണനയുടെ പേരില്‍ ദയാഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കാനും രാഷ്ട്രപതിക്ക് വിവേചനാധികാരമുണ്ട്.
വധശിക്ഷയെക്കുറിച്ച് ഭാരതത്തിലും ലോകവ്യാപകമായിത്തന്നെയും ചര്‍ച്ച ഉയരുന്ന കാലമാണിത്. വധശിക്ഷ നിര്‍ത്തലാക്കിയ പല രാജ്യങ്ങളുമുണ്ട്. എന്നാല്‍ വധശിക്ഷ നിലനിന്നിട്ടുപോലും ഭാരതത്തില്‍ ക്രൂരമായ ബലാല്‍സംഗങ്ങളും മറ്റും കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ വധശിക്ഷ വേണ്ടെന്നുവയ്ക്കാനാവില്ല. മാത്രമല്ല, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രമാണ് വധശിക്ഷ വിധിക്കാറുള്ളത്. ആ പ്രതികള്‍ ഒരിക്കലും മാനുഷിക പരിഗണന അര്‍ഹിക്കുന്നവരല്ല. അത്തരക്കാരെ ഏതെങ്കിലും പരിഗണനയുടെ പേരില്‍ വധശിക്ഷയില്‍നിന്നൊഴിവാക്കിയാല്‍ അത് തെറ്റായ സന്ദേശമാകും നല്‍കുക. മാത്രമല്ല കുറ്റം ചെയ്യാനുള്ള പ്രേരണ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ജീവന്‍ നല്‍കിയത് ഈശ്വരനാണെങ്കില്‍ അത് തിരിച്ചെടുക്കുന്നതിനുള്ള അവകാശവും ഈശ്വരനേയുള്ളു: ഈ വാദമുയര്‍ത്തിയാണ് പലരും വധശിക്ഷയ്‌ക്കെതിരെ രംഗത്തുവന്നിട്ടുള്ളത്. എന്നാല്‍ ഈശ്വരനുപോലും സഹിക്കാത്തവണ്ണം മനുഷ്യജീവന്‍ കവര്‍ന്നെടുക്കുന്നവര്‍ക്ക് കൊലക്കയര്‍ അല്ലാതെ മറ്റെന്താണ് നല്‍കാന്‍ കഴിയുക? പരിഷ്‌കൃത സമൂഹം എന്ന നിലയില്‍ വധശിക്ഷ തെറ്റാണെന്നു വാദിക്കുന്നവരോട് മറുചോദ്യവും ചോദിക്കാനുണ്ട്. അത്തരമൊരു സമൂഹത്തില്‍ എങ്ങനെയാണ് പെണ്‍കുട്ടികളെ അതി ക്രൂരമായി മാനംഭംഗപ്പെടുത്തി കൊലപ്പെടുത്തുന്നത്?
സ്ത്രീയെ ദേവിയായും അമ്മയായുമൊക്കെ ആരാധിക്കുന്ന സനാതന സംസ്‌കാരത്തിന്റെ മണ്ണാണ് ഭാരതം. അവിടെയാണ് ചിന്തിക്കാന്‍ കഴിയാത്ത രീതിയില്‍ സ്ത്രീയുടെ ജീവന്‍ കവര്‍ന്നെടുക്കുന്നത്. അധര്‍മ്മത്തിനെതിരെ കുരുക്ഷേത്രത്തില്‍ യുദ്ധം നടത്തിയപ്പോള്‍ മരിച്ചുവീണത് ലക്ഷങ്ങളാണ്. ധര്‍മ്മം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാം എന്നതിനു തെളിവാണിത്. അധര്‍മ്മികള്‍ ഒരിക്കലും ദയ അര്‍ഹിക്കുന്നില്ല. ആ നിലയില്‍ ധര്‍മ്മസംരക്ഷണം എന്ന ദൗത്യം തന്നെയാണ് ദയാഹര്‍ജികള്‍ തള്ളിക്കൊണ്ട് രാഷ്ട്രപതി നിര്‍വഹിച്ചിരിക്കുന്നത്.
Discussion about this post