തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 28)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
മതികലകളഞ്ചായ് പകുത്തുതീര്‍ത്തുള്ളതാം
നഖരനിര പഞ്ചദ്വയം കൈതൊഴുന്നേന്‍.
ചന്ദ്രക്കലകള്‍ അഞ്ചായി പങ്കുവച്ച് സൃഷ്ടിച്ചിരിക്കുന്ന പത്തു നഖങ്ങളാണ് അടുത്തതായി കണ്ണിനു ഗോചരമാകുന്നത്. അവയെയും കൈതൊഴുന്നു. നഖങ്ങളുടെ ആകൃതിയും ആകര്‍ഷണീയമായ ശോഭയും ഇവിടെ വ്യഞ്ജിക്കുന്നു. ഭക്തജനങ്ങളുടെ അഭയസ്ഥാനമാണ് ശ്രീമഹാദേവന്റെ പാദങ്ങളിലെ നഖങ്ങള്‍. സമസ്ത ജീവരാശിയും ദേവന്റെ പാദങ്ങളിലെ നഖങ്ങള്‍. സമസ്ത ജീവരാശിയും ശരീരം വെടിയുമ്പോള്‍ എത്തിച്ചേരുന്നത് അവരവരുടെ കര്‍മ്മാനുസൃതമായ മണ്ഡലങ്ങളിലാണ്. പരമാത്മസാക്ഷാത്കാരം നേടിയ മഹാത്മക്കള്‍ ഉപരി ലോകങ്ങളേക്കുയര്‍ന്നുചെന്ന് ആദിത്യമണ്ഡലത്തെ പ്രാപിക്കുന്നു. അനന്തരം ആദിത്യമണ്ഡലത്തെയുമതിലംഘിച്ച് പരമപദം പൂകുന്നു. ഞാന്‍ ശിവന്‍തന്നെ എന്ന് അനുഭവിച്ചറിഞ്ഞ് ശിവനില്‍ ലയിക്കുന്ന ഉദാത്തമായ ഈ അവസ്ഥയാണു മോക്ഷം. അതു നേടിയവര്‍ക്കു വീണ്ടും തിരിച്ചുവരേണ്ടിവരുന്നില്ല. മഹായോഗികളുടെ ഈ പ്രയാണത്തിനു ഉത്തരായനമെന്നുപേര്. എന്നാല്‍ അധികംപേരും ശരീരമാണു താനെന്നു തെറ്റിദ്ധരിക്കുന്നവരും ശാരീരിക സൗഖ്യങ്ങളില്‍ ഭ്രമിക്കുന്നവരുമാണ്. അത്തരക്കാര്‍ വൈവിദ്ധ്യമാര്‍ന്ന അഗ്രഹങ്ങള്‍ക്കടിപ്പെട്ട് കര്‍മ്മാദികളില്‍ വൈവിദ്ധ്യമാര്‍ന്ന ആഗ്രഹങ്ങള്‍ക്കിടപ്പെട്ട് കര്‍മ്മാദികളില്‍ വ്യാപരിച്ച് നാനാമുഖമായ കര്‍മ്മബന്ധങ്ങള്‍ നേടിവയ്ക്കുന്നു. ശരീരമുപേക്ഷിക്കുന്ന ഘട്ടത്തിലും അവര്‍ക്ക് അതിനോടുള്ള മമത കൈവെടിയാനാകുന്നില്ല. ജീവിതകാലമുടനീളം യാതൊന്നാണോ ആഗ്രഹിച്ചും നേടാനായി ചിന്തിച്ചും പരിശ്രമിച്ചും കഴിഞ്ഞത് അതുമാത്രമേ മരണകാലത്ത് ഹൃദയത്തില്‍ സ്ഫുരിക്കുകയുള്ളൂ. തന്മൂലം ദേവയാനം അഥവാ ഉത്തരായനം അവര്‍ക്ക് അപ്രാപ്യമായിത്തീരുന്നു. അവള്‍ പിന്‍തുടരുന്നത് പിതൃയാനമാണ്. അതു ജീവനെ കര്‍മ്മബന്ധാനുരൂപമായ പുതിയ ജന്മങ്ങളിലേക്കുനയിക്കുന്നമാര്‍ഗ്ഗമാണ്. ശരീരം വെടിഞ്ഞ് കര്‍മ്മ സദൃശമായ സുഖദുഃഖാദ്യനുഭവങ്ങള്‍ നേടിക്കഴിഞ്ഞാല്‍ അവര്‍ എത്തിച്ചേരുന്നത് ചന്ദ്രമണ്ഡലത്തിലാണ്. അതാണു പ്രാണികള്‍ക്കു പുനര്‍ജന്മമേകുന്ന ശിവന്റെ നഖങ്ങള്‍. യഥായോഗ്യം ചന്ദ്രകിരണങ്ങളോടൊപ്പം ജീവന്‍ ഭൂമിയിലേക്കു പതിക്കുകയും തന്റെ യോഗ്യതയനുസരിച്ചുള്ള ശരീരത്തിന്റെ അവകാശിയായി അതിനു ചേര്‍ന്ന പിതാവില്‍ പ്രവേശിക്കുകയും ചെയ്യും. പിതാവില്‍നിന്നു രേതസ്സിലൂടെ മാതൃഗര്‍ഭപാത്രത്തിലേക്കും കാലമാകുമ്പോള്‍ ഈ പ്രപഞ്ചത്തിലേക്കും ജീവന്‍ കടന്നുവരുന്നു.
* സമ്പാതിവാക്യം, അദ്ധ്യാത്മരാമായണം.
ഇങ്ങനെ ജന്മങ്ങളും പുനര്‍ജന്മങ്ങളും കര്‍മ്മബന്ധം തീരുവോളം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. സുഖദുഃഖമയമായ അനുഭവങ്ങളില്‍ കൂടി പ്രാപഞ്ചികസുഖങ്ങളുടെ നശ്വരതയും നിസ്സാരതയും ബോദ്ധ്യപ്പെടുമ്പോള്‍ ജീവന്മാര്‍ക്കു ഭാഗ്യോദയമുണ്ടാകുന്നു. സദ്ഗുരുവിനെ സമാശ്രയിച്ച് മോക്ഷോപായം സ്വായത്തമാക്കാനുള്ള പരിശ്രമമാരംഭിക്കുന്നത്. അന്നുമുതല്ക്കാണ്. അതിനുവഴിയൊരുക്കുന്നതും ഇതേനഖങ്ങള്‍തന്നെ. ഇങ്ങനെ ജീവന്മാര്‍ക്കു ഭുക്തിയും മുക്തിയും പ്രദാനം ചെയ്കയാല്‍ ശിവന്റെ പാദനഖങ്ങള്‍ നമസ്‌കാരമര്‍ഹിക്കുന്നു.
Discussion about this post