പണ്ഡിതരത്നം ഡോ. കെ. ചന്ദ്രശേഖരന്‍ നായര്‍
ആദി ഇല്ലാത്തതായ അവിദ്യയുടെ നാശമാണ് ഈ ഉദാഹരണത്തിലൂടെ ശ്രീശങ്കരന്‍ വ്യക്തമാക്കുന്നത്.
പ്രബോധേസ്വപ്‌നവത് സര്‍വം
സര്‍വമൂലം വിനശ്യതി.
(വിവേകചൂഡാമണി. 199)
ജ്ഞാനം ഉണ്ടായിക്കഴിഞ്ഞാല്‍ സ്വപ്‌നത്തില്‍നിന്ന് ഉണര്‍ന്നതുപോലെ മുന്‍പ് ഉണ്ടായിരുന്ന സകല അനുഭവങ്ങളും നശിക്കുന്നു.
അവിദ്യ എന്ന് ആരംഭിച്ചെന്നു പറയാന്‍ സാദ്ധ്യമല്ല. ഈ അവിദ്യ കാരണമായി ഉണ്ടായിട്ടുള്ള അയഥാര്‍ത്ഥജ്ഞാനവും എന്ന് ഉണ്ടായി എന്നു പറയാന്‍ സാദ്ധ്യമല്ല. അവിദ്യയെപ്പോലെ അജ്ഞാനത്തിനും ഒരു തുടക്കമില്ല. അതുകൊണ്ട് അവിദ്യയും തജ്ജന്യമായ അജ്ഞാനവും അനാദിതന്നെ. എന്നാല്‍ വിദ്യ (ബ്രഹ്മജ്ഞാനം) ഉണ്ടായിക്കഴിയുമ്പോള്‍ അവിദ്യയും തജ്ജന്യമായ അജ്ഞാനവും പൂര്‍ണ്ണമായി നശിക്കും. നിഗൂഢമായ അജ്ഞാനത്തിന് അന്ത്യം സംഭവിക്കുന്ന നിഗൂഢവേദാന്തതത്ത്വമാണ് സ്വപ്‌നത്തിന്റെ ദൃഷ്ടാന്തത്തിലൂടെ ആചാര്യന്‍ ഇവിടെ അവതരിപ്പിക്കുന്നത്. അവിദ്യയ്ക്ക് തുടക്കമില്ലാത്തതുകൊണ്ട് അവസാനം ഇല്ലെന്ന് പറഞ്ഞാല്‍ ജീവികള്‍ക്ക് സംസാരദുഃഖത്തില്‍ നിന്നു മോചനം അസാദ്ധ്യമായിത്തീരും.
ജീവഭാവവും ഈ വ്യാവഹാരിക പ്രപഞ്ചത്തിന്‍റെ അസ്തിത്വബോധവുമെല്ലാം അവിദ്യാജന്യം തന്നെയാണ്. ഇതിന് തുടക്കമില്ലെങ്കിലും ഒരു അസ്തമനം ഉണ്ടായേതീരൂ. ആ അസ്തമനമാണ് ജീവഭാവം ഉള്‍ക്കൊണ്ടവരുടെ മുക്തി. തുടക്കമില്ലാത്ത അവിദ്യയ്ക്ക് അന്ത്യം പറയുന്നത് ശരിയാകുമോ എന്നു സംശയിക്കാം. ആ സംശയം അസ്ഥാനത്താണ്. തുടക്കമില്ലാത്തതിന് അന്ത്യം ഉണ്ടാകാം. ഒരു ഉദാഹരണംകൊണ്ട് ഇത് സമര്‍ത്ഥിക്കാം. നമ്മുടെ മുമ്പില്‍വച്ച് ഇപ്പോള്‍ ഒരു മണ്‍കുടം ഉണ്ടാക്കുന്നതിനുമുമ്പ് അത് ഇല്ലാത്തതായിരുന്നു. ഇതിനെ പ്രാഗഭാവം (മുമ്പുള്ള അഭാവം) എന്നാണ് പറയാറ്. കുടത്തിന്റെ മുമ്പുള്ള ഈ അഭാവം എന്നുണ്ടായി എന്ന് ആര്‍ക്കും പറയാന്‍ സാദ്ധ്യമല്ല. അതുകൊണ്ട് ഈ ‘മുമ്പുള്ള ആഭാവം’ അനാദിയാണ്. എന്നാല്‍ നമ്മുടെ മുന്നില്‍ കുടം ഉണ്ടായിക്കഴിക്കുമ്പോള്‍ ആ മുമ്പുള്ള അഭാവം ഇല്ലാതായി. അതായതു തുടക്കം ഇല്ലാതിരുന്ന ഒന്നിന്റെ അവസാനം സംഭവിച്ചു. ഇപ്രകാരം അനാദിയായതിനും അന്ത്യം ഉണ്ടാകാം എന്ന് ഈ ഉദാഹരണം വക്യക്തമാക്കുന്നു. ഇതുപോലെ അനാദിയായ അവിദ്യയ്ക്കും അന്ത്യം ഉണ്ടെന്നാണ് ശ്രീശങ്കരന്‍ പറയുന്നത്. ബ്രഹ്മജ്ഞാനം ഉണ്ടാകുന്നതോടുകൂടി ആദി ഉണ്ടായിരുന്നില്ലെങ്കിലും അവിദ്യ നശിക്കുന്നു. അതോടൊപ്പം അവിദ്യാജന്യമായ അജ്ഞാനവും ഇല്ലാതാകുന്നു. അന്നുവരെ അവിദ്യയിലും അവിദ്യാജന്യമായ അജ്ഞാനത്തിലും ആണ്ടുകിടന്നിരുന്ന ഒരുവന്‍ അതെല്ലാം തെറ്റാണെന്ന് മനസ്സിലാക്കിക്കൊണ്ടു വിജ്ഞാനത്തെ പരരംഭണം ചെയ്യുന്നത് എങ്ങനെയാണ് എന്നകാര്യം ഈ സ്വപ്‌ന ദൃഷ്ടാന്തം വ്യക്തമാക്കുന്നു.
സ്വപ്‌നം കാണുന്ന ഒരാള്‍ അതെല്ലാം കാണുകയും അറിയുകയും അനുഭവിക്കുകയും ചെയ്യുമെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സ്വപ്‌നദശയില്‍ ഒരുവന് അവയെല്ലാം സത്യംതന്നെയാണ്. എന്നാല്‍ സ്വപ്‌നത്തില്‍ നിന്ന് ഉണര്‍ന്നാലുള്ള സ്ഥിതി എന്താണ്? താന്‍ തൊട്ടുമുമ്പ് അനുഭവിച്ചതും അറിഞ്ഞതും കണ്ടതുമെല്ലാം വെറും അയഥാര്‍ത്ഥം തന്നെ എന്ന ബോധം ഉണ്ടായി. ഇതുപോലെയാണ് ബ്രഹ്മജ്ഞാനം ആര്‍ജ്ജിച്ചവന്റെ കാര്യവും. ഈ ജ്ഞാനപ്രാപ്തിക്കുമുമ്പുണ്ടായിരുന്ന കാഴ്ചകളും അറിവും അനുഭവവുമെല്ലാം തികച്ചും അയഥാര്‍ത്ഥം തന്നെ എന്ന് അയാള്‍ക്ക് ബോദ്ധ്യം വരും.
Discussion about this post