യോഗാചാര്യ എന്‍. വിജയരാഘവന്‍
സ്വാധിഷ്ഠാന ചക്രം
സ്വന്തം അധിഷ്ഠാനം അഥവാ ‘സ്ഥാനം’ എന്നാണ് ഈ വാക്കിനര്‍ത്ഥം. ഈ ചക്രത്തിലാണ് കുണ്ഡലിനീ ശക്തിയുടെ ശരിയായ അധിവാസമെന്നും നിദ്രാവസ്ഥയിലാകുമ്പോള്‍ മാത്രമാണ് മൂലാധാരത്തില്‍ കുണ്ഡലിനീ ശക്തി വിശ്രമിക്കുന്നതെന്നും പറയപ്പെടുന്നു. ശരീരസ്ഥാനമനുസരിച്ച് നോക്കുമ്പോള്‍ Prostatic – Plexus അഥവാ Utero – Vaginal Plexus ന്റെ സ്ഥാനത്താണ് സ്വാധിഷ്ഠാനചക്രസ്ഥാനം. ഈ ചക്രത്തിന് ഓറഞ്ച് – ചുവപ്പ് നിറത്തിലുള്ള ആറു ദളങ്ങളാണുള്ളത്. ഓരോ ദളങ്ങളിലായി ബം ഭം മം യം രം ലം എന്നിങ്ങനെ ആറുലിപികളും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. സ്വാധിഷ്ഠാനചക്രത്തില്‍ കാണുന്ന വെളുത്ത മുതലയുടെ രൂപം അബോധമണ്ഡലത്തിലുള്ള എല്ലാ മായികരൂപങ്ങളെയും തൃഷ്ണകളെയും കര്‍മ്മഫലങ്ങള്‍ക്ക് കാരണമായ എല്ലാ അടിയൊഴുക്കുകളെയും സൂചിപ്പിക്കുന്നു.
വ്യാനവായുവിന്റെ സ്ഥാനമായ സ്വാധിഷ്ഠാനത്തില്‍ ധ്യാനിക്കുന്നവര്‍ അസൂയ, ദേഷ്യം, അത്യാര്‍ത്തി തുടങ്ങിയ മനസ്സിന്റെ വികലതകളില്‍നിന്നും എളുപ്പം മോചിപ്പിക്കപ്പെടുന്നതു കൂടാതെ വാക്പ്രഭാവവും അജ്ഞതയില്‍നിന്നുള്ള മോചനവും അവര്‍ക്കു കൈവരുന്നു.
കുണ്ഡലിനീയോഗസിദ്ധാന്തപ്രകാരം കുണ്ഡലിനീശക്തിക്ക് സ്വാധിഷ്ഠാന ചക്രത്തെ ഭേദിച്ചുകടക്കാന്‍ നിരവധി തടസ്സങ്ങളുണ്ടെന്നു പറയപ്പെടുന്നു. ജന്മജന്മാന്തരങ്ങളായുള്ള കര്‍മ്മസംസ്‌കാരങ്ങളുടെ കേന്ദ്രവും അബോധമണ്ഡലവുമായ സ്വാധിഷ്ഠാനചക്രം ഉണരുമ്പോള്‍ സാധകന്‍ ആകെക്കൂടി ആശയക്കുഴപ്പത്തിലാകുന്നു. മാനസിക രോഗമെന്നു പലപ്പോഴും സമൂഹം തെറ്റിദ്ധരിച്ചേക്കാവുന്ന ഈ അവസ്ഥയെ ശരിയായ മാര്‍ഗ്ഗത്തിലൂടെ തരണം ചെയ്യുന്നതിന് അനുഭവസമ്പന്നനായ ഒരു ഗുരുവിന്റെ സഹായം ആവശ്യമാണ്. സ്വാധിഷ്ഠാനവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍
ഭൂതം – ജലം
ബീജമന്ത്രം – വം
ദേവന്‍ – വിഷ്ണു
ദേവി – കാകിനി
ലോകം – ഭുവഃ (ഭുവര്‍ലോകം)
തന്മാത്ര – രസം
ജ്ഞാനേന്ദ്രിയം – നാവ്
കര്‍മേന്ദ്രിയം – ലൈഗികാവയവം
വായു – വ്യാനന്‍
കോശം പ്രാണമയം
Discussion about this post